വെറുപ്പ് വോട്ടായപ്പോൾ

യോഗി ആദിത്യനാഥ് അതികാരത്തിലെത്തിയ 2017 ൽ മുൻ വർഷത്തേക്കാൾ അഞ്ച് മടങ്ങായാണ് യു.പിയിലെ വംശീയ അതിക്രമങ്ങൾ വർധിച്ചത്

Update: 2022-09-21 14:09 GMT
Click the Play button to listen to article

ഇംഗ്ലീഷ് മാധ്യമമായ ദി ക്വിന്റ് കഴിഞ്ഞ വർഷങ്ങളിൽ ഉത്തർ പ്രദേശിൽ മുസ്‌ലിംകൾക്കെതിരെ നടന്ന വംശീയ അതിക്രമങ്ങളെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. 2015 മുതൽ 418 ഇത്തരം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ 2017 ൽ മുൻ വർഷത്തേക്കാൾ അഞ്ച് മടങ്ങായാണ് വംശീയ അതിക്രമങ്ങൾ വർധിച്ചത്.

" മോദിയുടെ ഭരണത്തിന് മുൻപ് ഏതെങ്കിലും ആലിയമാർക്കും മാലിയമാർക്കും ജമാലിയമാർക്കും ഇന്ത്യയിൽ പ്രവേശിക്കുമായിരുന്നു" കഴിഞ്ഞ മാസം നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയിൽ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതാണീ വാക്കുകൾ. അമിത് ഷായുടെ വാക്കുകളെ കേട്ടുകൊണ്ടിരുന്ന ജനം ആവേശത്തോടെയാണ് സ്വീകരിച്ചത്. ( പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇത്തരം പ്രസംഗങ്ങൾക്കും സമാനമായ പ്രതികരണമാണ് ലഭിക്കാറ്‌)

ഈ വോട്ടർമാരെ ആവേശഭരിതരാകുന്നത് വെറും ഇസ്‌ലാം വിരുദ്ധത അല്ല, ശക്തവും വ്യക്തവുമായ വെറുപ്പാണ്. ഉത്തർ പ്രദേശിലെ തൊഴിലില്ലായ്മയുടെ, ദാരിദ്ര്യത്തിന്റെ ഭാവന രാഹിത്യത്തിന്റെ മുറിവുകളെ ഉണക്കാനുള്ള മാന്ത്രിക മരുന്നാണ് ഈ വെറുപ്പ്.


കോവിഡ് മഹാമാരി രാജ്യത്ത് വിനാശകരമായി വ്യാപിക്കുന്നതിന് മുൻപ്, 2019 ന്റെയും 2020 ന്റെയും ശൈത്യകാലത്ത് പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത നൂറുകണക്കിന് വിദ്യാർഥികളെയും മുസ്‌ലിംകളെയും ആദിത്യനാഥ് സർക്കാർ ജയിലിലടക്കുകയുണ്ടായി. പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം ഏറ്റവും ശക്തമായിരുന്ന 2019 നവംബറിൽ ഉത്തർ പ്രദേശിൽ മാത്രം ഇരുപതിൽ താഴെ ജീവനുകളാണ് നഷ്ടപ്പെട്ടത്. അയ്യായിരത്തിലധികം പേരെ , അതിലേറെയും മുസ്‌ലിംകളെ കസ്റ്റഡിയിലെടുത്തു. ഇതിൽത്തന്നെ ഡസൻകണക്കിന് പേർക്കെതിരെ ദേശ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. ഇത് പ്രതിഷേധക്കാരെ പ്രത്യേക നിയമസഹായം ഒന്നുമില്ലാതെ ജയിലിലടക്കാൻ ബി.ജെ.പി യെ സഹായിക്കുകയും മുസ്‌ലിംകൾക്കെതിരെയുള്ള ഭീകരമായ അതിക്രമങ്ങൾക്ക് അരങ്ങൊരുക്കുകയും ചെയ്തു.

പ്രതിപക്ഷം

ബദലുകളിൽ തനിക്ക് തീരെ പ്രതീക്ഷ ഇല്ലെന്ന് ഉത്തർ പ്രദേശിലെ ലാൽഗഞ്ചിൽ നിന്നുള്ള മൻഹർ യാദവ് പറയുന്നു. സംസ്ഥാനത്ത് ദുരിതങ്ങൾ പെയ്യുമ്പോൾ മുൻ മുഖ്യമന്ത്രി കൂടി ആയ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ എവിടെയും കാണാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷത്തിൽ താഴെ സമയമുള്ളപ്പോൾ മാത്രമാണ് അദ്ദേഹം പൊതു ഇടത്തിൽ സജീവമായത്. എന്നാൽ മത്സരപ്പരീക്ഷ എഴുതാതെ തന്നെ തന്റെ സഹോദരിക്ക് സ്‌കൂൾ അധ്യാപികയായി ജോലി ലഭിച്ചെന്നും മൻഹർ പറഞ്ഞു. അഖിലേഷിന് മദ്രസകൾ നിർമിക്കാം- അദ്ദേഹം തുടർന്നു. ക്ഷേമ രാഷ്ട്ര നിർമിതിയും പിന്നോക്ക ജാതിയുടെ ഉന്നമനവുമാണ് സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നിരുന്നാലും മുസ്‌ലിം അനുകൂല പാർട്ടി ആയാണ് കാലങ്ങളായി കണക്കാക്കപ്പെടുന്നത്. ഉത്തർ പ്രദേശിലെ മുസ്‌ലിം വോട്ടർമാരും സമാജ്‌വാദി പാർട്ടിക്കാണ് വോട്ട് ചെയ്യുന്നത് എന്നതാണ് ഇതിന് കാരണം.

മുസ്‌ലിംകൾക്ക് നേരെ വർഷങ്ങളായി നടക്കുന്ന അതിക്രമങ്ങളിൽ കാര്യമായി ഒന്നും പ്രതിക്കാതിരുന്നിട്ട് കൂടിയാണ് ഈ വിശേഷണം. കഴിഞ്ഞ കുറെ ആഴ്ചകളായി ഹിജാബ് ധരിക്കുന്നത് വിലക്കിയും അത് ധരിച്ച പെൺകുട്ടികളെ ആക്രമിക്കുകയും നടത്തി ദേശീയ തലത്തിൽ തന്നെ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ബി.ജെ.പി യുടെ ശ്രമങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ, ഉത്തർ പ്രദേശിൽ ബി.ജെ.പിയുടെ മുഖ്യ എതിരാളി കൂടി ആയ സമാജ്‌വാദി പാർട്ടി ഈ അതിക്രമങ്ങൾക്കെതിരെ നിലപാട് എടുക്കാൻ തയ്യാറായില്ല.


ഈ സംഭവങ്ങളിൽ അഖിലേഷ് മൗനം പാലിച്ചപ്പോൾ നരേന്ദ്ര മോദിയുടെ ബി.ജെ.പി വർഗീയ ധ്രുവീകരണം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു. കഴിഞ്ഞ മാസം അവസാനം തെരഞ്ഞെടുപ്പ് നടക്കവേ ഒരു പതിറ്റാണ്ട് മുൻപ് ഗുജറാത്തിൽ നടന്ന സ്‌ഫോടനത്തിൽ പ്രതി ചേർക്കപ്പെട്ട 38 മുസ്‌ലിംകൾക്ക് എതിരെ വധശിക്ഷ വിധിക്കുകയുണ്ടായി. വിധി വന്ന സമയത്തിൽ വ്യാപക വിമർശനമുയർന്നിരുന്നു. എന്നാൽ മോദിയുടെ പാർട്ടിക്ക് ഒരു തെറ്റിദ്ധാരണയും ഉണ്ടായില്ല. 'സത്യമേവ ജയതേ' എന്ന തലക്കെട്ടോടു കൂടി മുസ്‌ലിം ചെറുപ്പക്കാരെ തൂക്കു കയറിൽ നിൽക്കുന്ന ചിത്രം ഗുജറാത്ത് ബി.ജെ.പിയുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പ്രൊഫൈലുകളിൽ പോസ്റ്റ് ചെയ്തു.

നരേന്ദ്ര മോദി തന്നെ വധശിക്ഷ വിധി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിച്ചു. ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഉത്തർ പ്രദേശിൽ നിന്നും ഇല്ലാതാക്കിയത് യഥാക്രമം മുസ്‌ലിം ദലിത് വോട്ടുകൾ കൈവശം വെച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും ബി.എസ്.പിയെയുമാണ്. ബി.എസ്.പി പ്രചാരണത്തിൽ എവിടെയും ഉണ്ടായിരുന്നില്ലെങ്കിൽ കോൺഗ്രസ് ഒരു ഘട്ടത്തിലും ബി.ജെ.പിക്ക് ഒരു വെല്ലുവിളി ആയിരുന്നില്ല. മുഖ്യ എതിരാളിയായ അഖിലേഷ് യാദവ് ഒട്ടും തയ്യാറെടുപ്പുകൾ നടത്തിയില്ലെന്ന് മാത്രമല്ല, ഒരു പ്രതിപക്ഷ മുന്നണി രൂപീകരിക്കുന്നതിൽ പരാജയവുമായിരുന്നു.

ഭാവിയെന്ത് ?

യോഗി ആദിത്യനാഥിന്റെ ഉത്തർ പ്രദേശിൽ മാത്രമല്ല ബി.ജെ.പി ജയിച്ച് കയറിയത്. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഗോവയിലും ബി.ജെ.പി അധികാരത്തിലേക്ക് എത്തി. ബി.ജെ.പിയുടെ തേരോട്ടത്തെ ചെറുത്ത ഏക സംസ്ഥാനം പഞ്ചാബ് ആണ്. വർഗീയ ധ്രുവീകരണ വിഷയങ്ങളിൽ അവസരവാദ നിലപാട് എടുത്ത അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയാണ് പഞ്ചാബിൽ അധികാരത്തേരിലേറിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചതിനെ അവർ അനുകൂലിക്കുകയുണ്ടായി. ഡൽഹിയിൽ മുസ്‌ലിംകൾക്കെതിരെ വംശീയ അതിക്രമം നടക്കുമ്പോഴും പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയ മുസ്‌ലിം വിദ്യാർത്ഥി നേതാക്കളെ ജയിലിടച്ചപ്പോഴും അവർ കണ്ട ഭാവം നടിച്ചില്ല.

ഈ ഫലങ്ങൾ നമ്മൾക്ക് 2024 ലെ പൊതു തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് എന്ത് പ്രതീക്ഷയാണ് നൽകുന്നത്?

ഇന്ത്യയിലെ 225 ദശലക്ഷം മുസ്‌ലിംകളെ ഒരു വംശഹത്യയുടെ ഭീതിയിൽ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരുന്ന ഇക്കാലമത്രയും പ്രതിപക്ഷ കക്ഷികൾ മൗനത്തിലായിരുന്നു. ഇത് നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ നേതൃത്വത്തെയും ശാക്തീകരിക്കുകയും ചെയ്തു. 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ മോദിക്ക് ഒരു വെല്ലുവിളിയുണ്ടെങ്കിൽ അത് പാർട്ടിക്ക് അകത്ത് നിന്ന് മാത്രമാണ്. അത് യോഗി ആദിത്യനാഥ് തന്നെയാണ്; മോദി നേടിയെടുത്തത് പോലെ വൻ തെരഞ്ഞെടുപ്പ് ഫലം നേടിയെടുത്ത സന്യാസി.


മോദിയെ പോലെ തന്നെ യോഗിയും ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരു യോഗി - മോദി ആഖ്യാനം നമുക്ക് മുഖ്യധാരാ മാധ്യമങ്ങളിൽ കാണാൻ കഴിയില്ല. എന്നാൽ അങ്ങനൊരു പോര് ബി.ജെ.പിക്ക് അകത്ത് നടക്കുന്നുണ്ട്. മോദി - ഷാ കൂട്ടുക്കെട്ടിന് കനത്ത വെല്ലുവിളിയാണ് യോഗി ഉയർത്തുന്നത്. ഈ പോരിൽ ആര് വിജയിച്ചാലും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളാണ് അനുഭവിക്കേണ്ടി വരിക. ഇന്ത്യൻ ജനാധിപത്യത്തിന് ഭയക്കാൻ ഇനിയും ഏറെയുണ്ട്.

(അവസാനിച്ചു )

വിവർത്തനം : അഫ്സൽ റഹ്മാൻ സി.എ


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - റാണാ അയ്യൂബ്

contributor

ഇന്ത്യന്‍ പത്രപ്രവര്‍ത്തകയും Gujarat Files: Anatomy of a Cover Up എന്ന പുസ്തകത്തിന്റെ രചയിതാവുമാണ് റാണാ അയ്യൂബ്

Similar News