സംഘ്പരിവാറും പ്രൊപഗണ്ട സിനിമകളും

എണ്‍പതുകളില്‍ തുടങ്ങിവെച്ച രാമായണ-മഹാഭാരത സീരിയലുകളിലൂടെ ഇന്ത്യന്‍ മനസ്സിനെ തീവ്ര ഹിന്ദുത്വ അജണ്ടകള്‍ക്കായി പാകപ്പെടുത്തിയത് നാം കണ്ടതാണ്. അതേ മാതൃകയില്‍ സിനിമയിലൂടെ അവശേഷിക്കുന്ന അജണ്ടകള്‍കൂടി നടപ്പാക്കാനുള്ള പരീക്ഷണങ്ങളാണ് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Update: 2022-12-02 13:59 GMT
സംഘ്പരിവാറും പ്രൊപഗണ്ട സിനിമകളും
AddThis Website Tools

ഗോവയില്‍ നടന്ന അന്‍പത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളനമാണ് വേദി. ജൂറി തലവനും ഇസ്രയേലി ചലച്ചിത്രകാരനുമായ നദവ് ലാപിഡ് പ്രസംഗിച്ചു തുടങ്ങുകയാണ്. കശ്മീര്‍ ഫയല്‍സ് എന്ന സിനിമ മത്സര വിഭാഗത്തില്‍ വന്നു. ഇതെന്തൊരു അശ്ലീലമാണ്. ഇത്രയും വിഖ്യാതമായ മേളയുടെ മത്സരവിഭാഗത്തില്‍ ഇങ്ങനെയൊരു സിനിമ. പ്രൊപഗണ്ട സ്വഭാവമുള്ള ചിത്രം കലാപരമായ ചിത്രങ്ങള്‍ മത്സരിക്കുന്ന വിഭാഗത്തില്‍ എത്തപ്പെട്ടതില്‍ ജൂറി അംഗങ്ങള്‍ക്ക് നടുക്കവും രോഷവും ഉണ്ടായി. മത്സരിക്കാനെത്തിയ 15 സിനിമയില്‍ മറ്റെല്ലാം മികച്ച നിലവാരമുള്ള സിനിമകളായിരുന്നു.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുര്‍ അടക്കമുള്ള വേദിയിലാണ് ലാപിഡ് ഇങ്ങനെ തന്റെ നിലപാട് തുറന്നു പറഞ്ഞത്. പ്രൊപഗണ്ട സിനിമയുടെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു കശ്മീര്‍ ഫയല്‍സ്. സംഘ്പരിവാര്‍ തങ്ങളുടെ അജണ്ടകള്‍ അരിച്ച് ചേര്‍ത്ത് ചരിത്രമെന്ന ലേബലൊട്ടിച്ച് നമുക്ക് തന്നെ വിറ്റുകൊണ്ടിരിക്കുന്നതിന്റെ ഉദാഹരണം. സത്യം ഇതാണെന്ന് കളവിനെ എത്ര പൊതിഞ്ഞ് അവതരിപ്പിച്ചാലും മാറ്റമുണ്ടാവുമോ?


കശ്മീര്‍ ഫയല്‍സെന്ന അപകടം

കശ്മീരിലെ സംഭവവികാസങ്ങള്‍ സംഘ്പരിവാര്‍ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ചിത്രം ബി.ജെ.പി സഹയാത്രികനായ വിവേക് അഗ്‌നിഹോത്രിയാണ് സംവിധാനം ചെയ്തത്. ബി.ജെ.പി ഭരണമുള്ള സംസ്ഥാനങ്ങളില്‍ നികുതി ഇളവോടെയാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. കടുത്ത മുസ്‌ലിം വിരുദ്ധത കുത്തിനിറച്ച ചിത്രം മേളയില്‍ മത്സരവിഭാഗത്തില്‍ ഇടംനേടിയതില്‍ നേരത്തെ വിമര്‍ശം ഉയര്‍ന്നിരുന്നു. സിംഗപ്പുര്‍ മേളയില്‍നിന്ന് ചിത്രം ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍, ലാപിഡിന്റെ വിമര്‍ശനത്തിന് പിന്നാലെ കശ്മീര്‍ ഫയല്‍സിന് തുടര്‍ച്ചയുണ്ടാകുമെന്ന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി പറഞ്ഞു. 'ദ കശ്മീര്‍ ഫയല്‍സ്: അണ്‍ റിപ്പോര്‍ട്ടഡ്' എന്ന പേരിലായിക്കും രണ്ടാം ഭാഗം ഒരുക്കുകയെന്നാണ് വിവേക് അഗ്‌നിഹോത്രി പറഞ്ഞത്.

കശ്മീരിനെ കുറിച്ച് സംഘ്പരിവാര്‍ ഇക്കാലമത്രയും മുന്നോട്ടുവെച്ച മുഴുവന്‍ അസത്യങ്ങളെയും അര്‍ധസത്യങ്ങളെയും ആധികാരികമായ വസ്തുതകളായി പരിഗണിച്ച് അവതരിപ്പിച്ചു എന്നതാണ് സിനിമ മുന്നോട്ട് വെച്ച വലിയ അപകടം. 'ഞങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ നിര്‍മിച്ച ഞങ്ങളുടെ സിനിമയാണ്' കശ്മീര്‍ ഫയല്‍സ് എന്ന സംഘപരിവാര്‍ തിരിച്ചറിവാണ് ഹിന്ദുത്വ കേന്ദ്രങ്ങളില്‍ നിന്ന് അഭൂതപൂര്‍വമായ പിന്തുണ സിനിമക്ക് ലഭിക്കുന്നതിന്റെ ഒരു കാരണം.


ഈയടുത്ത് കാലത്ത് റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളില്‍ ബി.ജെ.പി സര്‍ക്കാരുകളില്‍ നിന്നും ഇത്രയേറെ പിന്തുണ ലഭിച്ച ചിത്രവും വേറെയുണ്ടാവില്ല. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും സിനിമയെ നികുതി വിമുക്തമാക്കി. മധ്യപ്രദേശ് സര്‍ക്കാര്‍ സിനിമ കാണാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി വരെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരും ചിത്രം കാണണമെന്ന് ആഹ്വാനം ചെയ്തു. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരില്‍ ഒരു വിഭാഗം മുസ്‌ലിംകള്‍ക്കെതിരായി തിയറ്ററില്‍ വെച്ച് കൊലവിളികള്‍ വരെ ഉയര്‍ത്തി.

ഭഗവധ്വജുമായി ആര്‍.എസ്.എസ്

'എനിക്ക് നിങ്ങള്‍ക്ക് മുന്നില്‍ ഒരു സത്യം പറയാനുണ്ട്. മൂന്നോ നാലോ വര്‍ഷം മുന്‍പു വരെ എനിക്ക് ആര്‍.എസ്.എസിനെക്കുറിച്ച് കാര്യമായൊന്നും അറിയില്ലായിരുന്നു. എന്നാല്‍, നാല് വര്‍ഷം മുന്‍പ് ചിലര്‍ എന്നോട് ആര്‍.എസ്.എസിനെക്കുറിച്ച് ഒരു തിരക്കഥ എഴുതാന്‍ ആവശ്യപ്പെട്ടു. അതിന് പ്രതിഫലവും നല്‍കി. ഞാന്‍ നാഗ്പൂരില്‍ പോയി മോഹന്‍ ഭഗവതിനെ കണ്ടു. ഒരു ദിവസം അവിടെ താമസിച്ച്, ആര്‍,എസ്,എസ് എന്താണെന്ന് ഞാന്‍ ആദ്യമായി മനസ്സിലാക്കി. ഇത്രയും മഹത്തരമായ ഒരു സംഘടനയെക്കുറിച്ച് നേരത്തേ മനസ്സിലാക്കാതിരുന്നതില്‍ എനിക്ക് ഒരുപാട് പശ്ചാത്താപം തോന്നി' രാജമൗലിയുടെ അച്ഛനും ബാഹുബലിപോലുള്ള ബ്രഹ്മാണ്ഡ സിനിമകളുടെ തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദിന്റെ വാക്കുകകളാണിത്.


ഇന്ത്യന്‍ സിനിമ കാവിയില്‍ മുക്കിയെടുക്കുകയാണ്

ആര്‍.എസ്.എസ് ഇല്ലായിരുന്നെങ്കില്‍ കശ്മീര്‍ ഉണ്ടാകുമായിരുന്നില്ല എന്നും അത് പാകിസ്താനുമായി ലയിക്കുമായിരുന്നുവെന്നും ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ മരിക്കുമായിരുന്നുവെന്നും വിജയേന്ദ്ര പ്രസാദ് ഇതിനോട് ചേര്‍ത്ത് പറഞ്ഞു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ആര്‍.എസ്.എസ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത് ഭഗവധ്വജ് എന്നാണ.് വിജയേന്ദ്ര പ്രസാദ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആര്‍.എസ്.എസിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രമാണെന്നാണ് തിരക്കഥാകൃത്ത് പറഞ്ഞതും. ഇല്ലാത്ത ചരിത്രം ഉണ്ടാക്കാന്‍ വിജയേന്ദ്ര പ്രസാദ് മിടുക്കാനാണല്ലോ.

കാവി കലര്‍ന്ന ബോളിവുഡ്

സിനിമാ എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ പല ഭരണകൂടങ്ങളും സംഘടനകളും അവ പ്രൊപഗണ്ട ഉപകരണമായി പല കാലങ്ങളില്‍ ഉപയോഗിച്ചിട്ടുമുണ്ട്. നാസി ജര്‍മനിയും സോവിയറ്റ് റഷ്യയുമെല്ലാം തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി സിനിമകളെ കൂട്ടുപിടിച്ചിരുന്നു. ഇതിലേക്കാണ് സമീപകാലത്ത് നമ്മുടെ രാജ്യം പതുക്കെ പതുക്കെ ചുവട് വെക്കുന്നത്.

ഭരണകൂടവും അവര്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും സിനിമാ രൂപമായി പരിണമിക്കുന്നതാണ് നിലവിലെ ഇന്ത്യന്‍ സിനിമ. ഹിന്ദി സിനിമ ഇന്ത്യന്‍ സിനിമ എന്നത് ആദ്യകാലം മുതല്‍ക്കെ പറഞ്ഞ് വരുന്ന വാ മൊഴിയാണ്. നിലവില്‍ വലിയ മുതല്‍ മുടക്കില്‍ വിരിയിച്ചെടുക്കുന്ന ബോളിവുഡ് പ്രൊപഗണ്ട സിനിമകള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയാണ്. കൊട്ടിഘോഷിച്ചെത്തിയ സാമ്രാട്ട് പൃഥ്വിരാജ് നിലം തൊട്ടില്ലെന്നതാണ് ബോളിവുഡ് വിശേഷം. എന്നിട്ടും ഇത്തരം സിനിമകള്‍ക്ക് പണം മുടക്കാനും സംവിധാനം ചെയ്യാനും ആളുകളുണ്ട്. അവരുടെ പ്രൊഫൈല്‍ അന്വേഷിച്ച് പോയാലാണ് പിന്നിലെ സംഘ് ബന്ധം വ്യക്തമാവുക.


കാവി തൂലികയില്‍ ചരിത്രം മാറ്റിയെഴുതിയ തിരക്കഥകള്‍

വിവിധ രീതിയിലാണ് ഇന്ത്യന്‍ സിനിമയില്‍ തങ്ങളുടെ അജണ്ട ഇവര്‍ കുത്തിനിറക്കുന്നത്. അതിലൊന്ന് ചരിത്രത്തെ തങ്ങള്‍ക്ക് അനുകൂലമായി വളച്ചൊടിക്കുന്നതും മാറ്റി എഴുതുന്നതുമാണ്. നൂറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ച മുഗളന്‍മാരെ മോശക്കാരായി ചിത്രീകരിക്കുകയും ഹിന്ദു രാജക്കന്‍മാര്‍ക്ക് വീര പരിവേശവും രാജ്യത്തെ വീണ്ടെടുത്തവരുമായി ചിത്രീകരിക്കുകയും ചെയ്യുന്നു. നാട്ടു രാജ്യങ്ങളായി തമ്മിലടിച്ച് നിലനിന്നിരുന്ന ഒരു ഭൂപ്രദേശമായിരുന്നു എന്നതുകൂടി ഓര്‍ക്കണം. നോക്കൂ, സാമ്രാട്ട് പൃഥ്വിരാജ് അടക്കം അടുത്തിടെ എത്തിയത് എത്ര ചിത്രങ്ങളാണ്. ബോളിവുഡ് ചരിത്ര സിനിമകള്‍ ബ്രാഹ്മണ-രജപുത്ര-മറാത്താ മേല്‍ക്കോയമയുടെ ആഘോഷങ്ങള്‍ മാത്രമായി മാറിക്കൊണ്ടിരിക്കുന്നതാണ് മറ്റൊരു രീതി. വലിയ മുതല്‍ മുടക്കില്‍ പ്രമുഖ അഭിനേതാക്കളും മാര്‍ക്കറ്റിങ്ങുമായാണ് ഇത്തരം ചിത്രങ്ങള്‍ എത്തുന്നത്. കേരളത്തില്‍ രാമസിംഹന്‍ ചിരിത്രം വളച്ചൊടിച്ച് പുഴ കടത്താനുള്ള ശ്രമം നടത്തുന്നതാണ് മറ്റൊന്ന്.

തന്‍ഹാജ്

ഓം റൗട്ട് സഹ രചനയും സംവിധാനവും നിര്‍വഹിച്ച 2020 ലെ ചരിത്ര സിനിമയായിരുന്നു 'താന്‍ഹാജി - ദ അണ്‍ സംങ് വാരിയര്‍'. ''മുഗള്‍ സാമ്രാജ്യത്തെ വിറപ്പിച്ച സര്‍ജിക്കല്‍ സ്ട്രൈക്ക്''എന്നായിരുന്നു ചിത്രത്തിന്റെ ട്രെയിലറിലെ ടാഗ് ലൈന്‍.''സര്‍ജിക്കല്‍ സ്‌ട്രൈക്ക്'' ഉപമയിലൂടെ മറാത്തകളും മുഗളന്മാരും തമ്മിലുള്ള യുദ്ധത്തെ ഹിന്ദു-മുസ്‌ലിം യുദ്ധമെന്ന നരേറ്റീവ് നല്‍കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമം നടത്തിയത്. സിനിമയിലെ 1670ലെ കൊന്ദാന യുദ്ധം മതാധിഷ്ഠിതമായിരുന്നില്ല. ഛത്രപതി ശിവജിയുടെ ജനറല്‍ ആയിരുന്ന താനാജി മലൂസരേയും രജപുത്ര കമാന്‍ഡര്‍ ആയിരുന്ന ഉദയ്ഭാന്‍ സിങ് റാത്തോഡ് ഉം തമ്മിലായിരുന്നു യുദ്ധം. എന്നാല്‍, ആ യുദ്ധത്തെ 'നന്മയും തിന്മയും' തമ്മിലുള്ള സംഘര്‍ഷമായി, മറ്റൊരര്‍ഥത്തില്‍ ഇന്ത്യന്‍ ദേശീയതയും വിദേശ അധിനിവേശവും തമ്മിലുള്ള കലഹമായി സിനിമാ നിര്‍മാതാക്കള്‍ ബോധപൂര്‍വം അവതരിപ്പിച്ചു.


പാനിപ്പത്ത്

സഞ്ജയ് ദത്ത്, അര്‍ജുന്‍ കപൂര്‍, കൃതി സനോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി 2019 ഡിസംബര്‍ 6 ന് തിയറ്ററിലെത്തിയ മറ്റൊരു ചരിത്ര സിനിമയായിരുന്നു പാനിപ്പത്ത്. മൂന്നാം പാനിപ്പത്ത് യുദ്ധത്തില്‍ നടന്ന സംഭവങ്ങളായിരുന്നു സിനിമക്കാധാരം. ചരിത്രത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെ ''ഇന്ത്യയെ സംരക്ഷിക്കാന്‍'' വേണ്ടിയായിരുന്നു യുദ്ധം എന്ന് പൊലിപ്പിച്ചു അതിദേശീയത വില്‍ക്കാനുള്ള ശ്രമമായിരുന്നു ചിത്രത്തിലൂടെ നടത്തിയത്. സിനിമ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. ചിത്രം റിലീസ് ചെയ്തത് തന്നെ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തിലായിരുന്നു എന്നതാണ് മറ്റൊരു വസ്തുത.


സഞ്ജയ് ലീലാ ബന്‍സാലിയുടെ 2015ല്‍ പുറത്തിറങ്ങിയ ബാജിറാവു മസ്താനിയും 2018ല്‍ പുറത്തിറങ്ങിയ പത്മാവതിന്റെയും അതേ അച്ച് തന്നെയാണ് തന്‍ഹാജിയും പാനിപ്പത്തും ഉപയോഗിച്ചത്. യുദ്ധം ചിത്രീകരിച്ചിരിക്കുന്നത് പോലും ഒരു പോലെ ഹൈന്ദവ ദേശീയതയും മുസ്‌ലിം വില്ലനും ഈ സിനിമകളിലൊക്കെയും ഒരേ തരത്തില്‍ സ്ഥാനം പിടിച്ചു.

പത്മാവത്

അലാവുദ്ദീന്‍ ഖില്‍ജിയുടെ ചരിത്രത്തെയാണ് പത്മാവത് പൂര്‍ണമായും വളച്ചൊടിച്ചത്. ക്രൂരനും കാമവെറിയനും വഞ്ചകനുമായിട്ടാണ് ഖില്‍ജിയെ ചിത്രത്തില്‍ കാണിച്ചത്. മറുവശത്ത് മാറാത്തകള്‍ മാന്യരും ധീരരും. വാസ്തവത്തില്‍ അസാമാന്യ മികവ് പുലര്‍ത്തിയ ഭരണാധികാരിയായിരുന്നു ഖില്‍ജി.


ബാജിറാവു മസ്താനി

ഹിന്ദു ദേശീയതയെ കൃത്യമായി അടയാളപ്പെടുത്തുന്നതിന്റെ മറ്റൊരു വലിയ ഉദാഹരണമാണ് ബാജിറാവു മസ്താനി. ഒരു പ്രണയ കഥയാവേണ്ടിയിരുന്ന ഈ സിനിമയുടെ ഗതി തന്നെ മാറ്റിയാണ് അവര്‍ അജണ്ട തുന്നിച്ചേര്‍ത്തത്.


വായുവില്‍ നിന്നെടുക്കുന്ന ജീവചരിത്രം

ആര്‍.എസ്.എസ് നേതാക്കന്‍മാര്‍ക്ക് പുതിയ ജീവചരിത്രം എഴുതുക എന്നതാണ് മറ്റൊരു രീതി. വീരന്‍മാരായി ചിത്രീകരിക്കുക, ഇല്ലാത്ത ചരിത്രം സൃഷ്ടിക്കുക. ഇവര്‍ ഇങ്ങനെയായിരുന്നുവെന്ന് പുറം ലോകത്തോട് കളവ് പറയുക. വരുന്ന തലമുറയോട് സത്യം ഇതാണെന്ന് പറയാതെ പറയുക. പ്രധാനമന്ത്രിക്കായി പി.എം നരേന്ദ്ര മോദി, ഗോഡ്‌സയെ വെള്ളപൂശി വൈ ഐ കില്‍ഡ് ഗാന്ധി, സവര്‍ക്കറെ വീരപുരുഷനാക്കി പുറത്തിറങ്ങുന്ന വീര സവര്‍ക്കര്‍ തുടങ്ങിയവയാണ് ഇന്ത്യയിലെ സംഘ് അനുകൂല ബയോഗ്രഫി ജോണര്‍ സിനിമകളുടെ പട്ടികയിലെ ചില പേരുകള്‍.

'അവഗണിക്കപ്പെട്ടവന്റെ കഥ പറയാന്‍ പറ്റുന്ന സമയാണിതെന്നും ചിത്രം ചരിത്രത്തിലെക്കുള്ള തിരിഞ്ഞുനോട്ടമായിരിക്കുമെന്നാണ് 'സ്വതന്ത്ര വീര സവര്‍ക്കര്‍' സിനിമയുടെ സംവിധായകനായ മഹേഷ് മഞ്‌ജ്രേക്കര്‍ പറഞ്ഞത്. ഇതാണ് സമയമെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് നല്ല ധാരണയുണ്ട്. ഒരുവശത്ത്, ഗാന്ധിജിയുടെ ചരമവാര്‍ഷികം അഹിംസക്കും സമാധാനത്തിനും വേണ്ടി ആചരിക്കുമ്പോഴാണ് മറുവശത്ത് ഗാന്ധിയെ കൊന്ന ഗോഡ്‌സയെ വെള്ളപൂശി ചിത്രം ഒരുക്കിയത്. വെടിവെച്ചിട്ടും പിന്നെയും പിന്നെയും ഗാന്ധിയെ കൊന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ.


അരിച്ച് ചേര്‍ക്കുന്ന അജണ്ട-രാമയണം സിനിമകളാവുന്ന കാലം

മാസ് എന്റ്ര്‍ടൈമെന്റ് ചിത്രങ്ങളില്‍ തങ്ങളുടെ അജണ്ട ഒളിച്ചു കടത്തുക എന്നതാണ് മറ്റൊരു രീതി. രാമനെയും കൃഷ്ണനും മഹാഭാരതവും മിത്തുകളും സിനിമയുട കഥയുമായി ഒരു ബന്ധവുമില്ലെങ്കിലും ഉള്‍പ്പെടുത്തുന്നു. അടുത്തിടെ പുറത്തിറങ്ങിയ ആര്‍.ആര്‍.ആര്‍ എന്ന ചിത്രം തന്നെ ഉദാഹരണം. കഥയില്‍ അങ്ങനെയൊന്നിന്റെ ഒരു ആവശ്യമില്ലാതിരുന്നിട്ടും നായകന്‍ രാമനായതും നായിക സീതയാവുന്നതും സിനിമയില്‍ കാണാനാവും.

രാമായണം രാജമൗലി സിനിമയാക്കണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളില്‍ സംഘ് ഗ്രൂപ്പുകളുടെ ബഹളമായിരുന്നു. രാജമൗലി മെയ്ക്ക് രാമയണ്‍ ഹാഷ്ടാഗുകളാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായത്. ബാഹുബലി പോലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായി രാമായണം ഒരുക്കണമെന്നും ശ്രീരമാനായി ജൂനിയര്‍ എന്‍.ടി.ആര്‍ മതിയെന്ന ആവശ്യവുമായാണ് അവര്‍ രംഗത്തെത്തിയത്. രാമക്ഷേത്ര നിര്‍മാണത്തെ തുടര്‍ന്ന് നിരവധി നിര്‍മാതാക്കളാണ് രാമായണത്തെ ആസ്പദമാക്കി സിനിമ ചെയ്യുന്നത്. ബോളിവുഡിലും അല്ലാതെയും രാമായണത്തില്‍ നിന്നും രാമനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സിനിമകള്‍ നിര്‍മിക്കുന്നുണ്ട്. അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമാവുന്ന രാമസേതു എന്ന ചിത്രത്തിന്റെയും ചിത്രീകരണം പുരോഗമിക്കുകയാണ്.


സൗത്ത് ഇന്ത്യയെ കണ്ടു പഠിക്കൂ

സൗത്ത് ഇന്ത്യ ബോളിവുഡിനോട് കണ്ട് പഠിക്കാന്‍ പറയുന്നതും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ മറ്റൊരു തമാശയാണ്. തെലുങ്കില്‍ ആര്‍.ആര്‍.ആറും ബാഹുബലിയും അഖണ്ഡയും ഹിന്ദുത്വ ബിംബങ്ങളെ നന്നായി ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് സംഘ് ഗ്രൂപ്പുകള്‍ ബോളിവുഡിനെ പഠിപ്പിക്കാന്‍ ഇറങ്ങിയത്. ആര്‍.ആര്‍.ആറിലെ രാംചരണിന്റെ ശ്രീരാമനെ ഓര്‍മിപ്പിക്കുന്ന രൂപവും ഇതിനൊപ്പം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. തെലുങ്കു സിനിമകളാണ് ഭാരതീയ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നതെന്നാണ് ഇവരുടെ ഭാഷ്യം.

എണ്‍പതുകളില്‍ തുടങ്ങിവെച്ച രാമായണ-മഹാഭാരത സീരിയലുകളിലൂടെ ഇന്ത്യന്‍ മനസ്സിനെ തീവ്ര ഹിന്ദുത്വ അജണ്ടകള്‍ക്കായി പാകപ്പെടുത്തിയത് നാം കണ്ടതാണ്. അതേ മാതൃകയില്‍ സിനിമയിലൂടെ അവശേഷിക്കുന്ന അജണ്ടകള്‍കൂടി നടപ്പാക്കാനുള്ള പരീക്ഷണങ്ങളാണ് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അലി കൂട്ടായി

contributor

Similar News