പഴങ്കഥയായി സിംഹള വീര്യം
രാഷ്ട്രീയമായും സാമ്പത്തികമായും ഭരണപരമായും പ്രതിസന്ധിയുടെ നിലയില്ലാ കയത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയുടെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ചുമതലയേറ്റതാണ് ഏറ്റവും പുതിയ വാർത്തകൾ.
ഗോട്ട ഗോ ഹോം. ..ഗോട്ട ഹൊറ ഹൊറ.. (ഗോട്ടബായ വീട്ടിലേക്ക് പോകുക. .. ഗോട്ടബായ കള്ളൻ... കള്ളൻ...) കൊളംബോ അടക്കമുള്ള ശ്രീലങ്കൻ തെരുവുകളിൽ ഇപ്പോൾ മുഴങ്ങിക്കേൾക്കുന്ന മുദ്രാവാക്യങ്ങളാണിത്. ശ്രീലങ്കയുടെ എക്കാലത്തെയും ആഭ്യന്തര ശത്രുവും സ്വതന്ത്ര രാജ്യത്തിനായി പൊരുതുകയും ചെയ്തിരുന്ന എൽ.ടി.ടി.ഇ യെ 2009 ൽ നടത്തിയ സൈനിക നീക്കത്തിലൂടെ സിംഹള വീര്യം മറികടന്നുവെങ്കിലും ആനുകാലിക വാർത്തകൾ ഈ വീര്യത്തെ പഴങ്കഥയാക്കിയിരിക്കുന്നു. 1948 ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും പ്രക്ഷോഭങ്ങളിലൂടെയാണ് സിംഹള രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധിയുടെ കാരണം കേവലം സാമ്പത്തിക മേഖലയുടെ തകർച്ചയിൽ മാത്രമൊതുങ്ങിനിൽക്കുന്നതെങ്കിലും രാജ്യം ഭരിക്കുന്ന രജപക്സെ കുടുംബത്തിന്റെ കെടുകാര്യസ്ഥതയും വികല നയങ്ങളും പക്വതയില്ലാത്ത തീരുമാനങ്ങളും കൂടിച്ചേർന്നതാണ് എന്ന് വിലയിരുത്തേണ്ടി വരും.
വർധിച്ചുവരുന്ന ജനരോഷത്തിന്റെയും പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവെച്ചതോടെ പ്രതിഷേധങ്ങളുടെ രൂപം ആദ്യന്തം കലാപത്തിലേക്ക് എത്തിയതായി പുതിയ വാർത്തകൾ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയോടൊപ്പം നിരവധി ക്യാബിനറ്റ് മന്ത്രിമാരും രാജിവെച്ചതായി വാർത്തകൾ ഉണ്ട്. വർധിത സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തിൻറെ നിയന്ത്രണം സൈന്യം ഏറ്റെടുത്തെങ്കിലും സ്ഥിതിഗതികൾ അതീവ ഗുരുതരമായി തന്നെ നീങ്ങുകയാണ്. സർക്കാർ അനുകൂലികളും പ്രതിഷേധക്കാരും തെരുവിൽ ഏറ്റുമുട്ടി കലാപാന്തരീക്ഷം തീർത്തിരിക്കുകയാണ് തലസ്ഥാനമായ കൊളംബോയിൽ പോലും. അതിനിടയിൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥക്കെതിരെ ആംനസ്റ്റി പോലുള്ള നിരവധി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും രാജ്യങ്ങളും രംഗത്ത് വന്നിട്ടുണ്ട്. രാജ്യനിയന്ത്രണം സൈന്യത്തെ ഏൽപ്പിച്ചതും അടിയന്തിരാവസ്ഥയും നിലവിലെ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുവാൻ മാത്രമേ സഹായിക്കുകയുള്ളൂവെന്ന് യൂറോപ്യൻ യൂണിയനും ശ്രീലങ്കയിലെ അമേരിക്കൻ - കനേഡിയൻ സ്ഥാനപതികളും അഭിപ്രായപ്പെട്ടിട്ടുണ്ട്. നിരവധി സർക്കാർ സ്ഥാപനങ്ങളും ഭരണ കക്ഷി അംഗംങ്ങളുടെ ഔദ്യോഗിക വസതികളും ഓഫീസുകളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി അക്ഷരാർത്ഥത്തിൽ ലങ്കൻ മണ്ണിപ്പോൾ കലാഭൂമിയാണ്.
കലാപം നടത്തുന്നവർക്കെതിരെ ഉത്തരവില്ലാതെ വെടിവെക്കാൻ സൈന്യത്തിന് അധികാരം നൽകുന്ന വിധി സർക്കാർ പാസ്സാക്കിയിട്ടുണ്ട്. ഇതെഴുതുമ്പോൾ വിവിധ അക്രമങ്ങളുടെ ഭാഗമായി ഒമ്പത് പേർ മരിക്കുകയും മുന്നൂറിലധികം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധശബ്ദങ്ങൾ ഭയന്ന് രാജിവെച്ച പ്രധാനമന്ത്രിയും കുടുംബവും നാവിക ആസ്ഥാനത്ത് അഭയം തേടിയ വാർത്തകൾ ഉണ്ട്. ചൈനയുടെ നിയന്ത്രണത്തിലുള്ള ഹംബൻ തോട്ട തുറമുഖത്തിനടുത്തുള്ള രജപക്സെയുടെ കുടുംബ വീടിനു പ്രതിഷേധക്കാർ തീവെച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതിനിടെ പ്രധാനമന്ത്രിപദം രാജിവെച്ച മഹിന്ദ രാജ്യം വിടുന്നത് കോടതി പ്രത്യേക ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട്. കൂടാതെ 15 ഭരണപക്ഷ അംഗങ്ങൾക്കും ഈ വിലക്ക് ബാധകമാണെന്ന് കോടതി കൂട്ടിച്ചേർത്തു.
രാജ്യത്തിൻറെ ഇത്തരുണത്തിലുള്ള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരെ ഭരണപക്ഷ അനുകൂലികൾ കായികമായി നേരിട്ടതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് സാഹചര്യമൊരുക്കിയത് എന്ന് നിരീക്ഷകർ വിലയിരുത്തുന്നു. നാലുമാസമായി തുടർന്നുവരുന്ന പ്രതിഷേധങ്ങൾ മറ്റൊരു തലത്തിലേക്ക് മാറിയപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ വന്ന പ്രധാനമന്ത്രിയും നിരവധി ക്യാബിനറ്റ് മന്ത്രിമാരും രാജിക്കൊരുങ്ങുകയായിരുന്നു. രാഷ്ട്രീയമായും സാമ്പത്തികമായും ഭരണപരമായും പ്രതിസന്ധിയുടെ നിലയില്ലാ കയത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയുടെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ചുമതലയേറ്റതാണ് ഏറ്റവും പുതിയ വാർത്തകൾ.സർക്കാർ രൂപവത്കരിക്കാനുള്ള നിലവിലെ പ്രസിഡന്റിന്റെ അഭ്യർത്ഥന സ്വീകരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയെങ്കിലും ഉടനെത്തന്നെ ഗോട്ടബായ രാജിവെച്ചൊഴിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുകയുണ്ടായി. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന വൻ പ്രതിസന്ധി സത്വര വേഗത്തിൽ പരിഹരിക്കാനും ദിനേന വർധിച്ചു വരുന്ന ജനങളുടെ പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാനും സർക്കാർ സമ്പൂർണമായ അഴിച്ചുപണിയും രജപക്സെ കുടുംബവാഴ്ചയുടെ ശുദ്ധീകരണവും അനിവാര്യമാണെന്ന് പ്രതിപക്ഷതോടൊപ്പം നിയുക്ത പ്രധാനമന്ത്രിക്കും ശക്തമായ അഭിപ്രായമുണ്ട്.അതുകൊണ്ട് തന്നെയാണ് പ്രസിഡന്റിന്റെ രാജിക്കായി ഇവർ മുറവിളി കൂട്ടുന്നത്.
73 വർഷങ്ങൾക്കിടയിൽ ഏറ്റവും വലിയ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ശ്രീലങ്ക കടന്നുപോയ്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ശ്രീലങ്കയുടെ വിദേശ കടബാധ്യത 750 കോടി ഡോളറാണ്. എന്നാൽ വിദേശ പണനീക്കിയിരുപ്പ് 2.3 ബില്യൺ ഡോളർ മാത്രമാണ് താനും. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും വിനോദസഞ്ചാര മേഖലയുടെ തകർച്ചയും വിദേശസ വരുമാനത്തിന്റെ പെട്ടെന്നുള്ള ഇടിവും തലതിരിഞ്ഞ ഇറക്കുമതി നയങ്ങളും ആഭ്യന്തര ഉത്പാദനത്തിൽ വന്ന സത്വര മാറ്റവും രജപക്സെ സർക്കാരിന്റെ ബുദ്ധിശൂന്യമായ തീരുമാനങ്ങളും ഇന്നത്തെ പ്രതിസന്ധിക്ക് കാരണമായി വർത്തിച്ചിട്ടുണ്ട്. കൂടാതെ, ചൈന ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കടമെടുപ്പും ഉത്പാദന ക്ഷമമല്ലാത്ത പദ്ധതികളിലെ നിക്ഷേപമിറക്കലും ഈ പ്രതിസന്ധിക്ക് ആക്ക് കൂട്ടിയിട്ടുണ്ട്. ചൈന പോലുള്ള രാജ്യങ്ങളുടെ ഭൗമ രാഷ്ട്രീയ താല്പര്യങ്ങളും ഇതിനോട് കൂട്ടി വായിക്കപ്പെടേണ്ടതുണ്ട് താനും.
തീവ്ര സിംഹള ദേശീയതക്ക് പ്രാമുഖ്യം നൽകി തമിഴ്ജനതയെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും എതിരെയുള്ള നയനിലപാടുകളുമായി തുടക്കം മുതൽ തന്നെയുള്ള രജപക്സെ സർക്കാരിന്റെ നിലപാടുകൾ ശ്രീലങ്കൻ മണ്ണിൽ വിഭാഗീയ ചിന്താഗതികൾക്കും അസമത്വങ്ങൾക്കും വഴിവെച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. 2004 ലെ സുനാമി ദുരിതാശ്വാസ ഫണ്ട് ഫലപ്രദമായി ചെലവഴിക്കാതെ തിരിമറികൾ നടത്തിയതും 2009 ലെ ആഭ്യന്തര യുദ്ധത്തിനായുള്ള സൈനിക ഉപകരണങ്ങൾ വാങ്ങിയ ഇടപാടുകളിലെ അഴിമതിയും സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകളും മൂലം രജപക്സെ കുടുംബം മറ്റൊരു " മാർക്കോസ് കുടുംബ " മായിട്ടാണ് വിളിക്കപ്പെടുന്നത്. ആഭ്യന്തര യുദ്ധത്തിന്റെ അവസാന കാലഘട്ടങ്ങളിൽ മഹിന്ദ ഭരണകൂടം നടത്തിയ അതിക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങൾ യു.എൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
ശ്രീലങ്ക നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് സത്വര പരിഹാരം കണ്ടില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ജനത നേരിടേണ്ടി വരുമെന്ന് സെൻട്രൽ ബാങ്ക് ഗവർണർ താക്കീത് നൽകുകയുണ്ടായി. വിദേശ പണവിനിമയത്തിലെ സാരമായ ഇടിവ് ഇന്ധനം വാങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നു. ഇത് അടുത്ത പത്ത് ദിവസത്തിനുള്ളിൽ രാജ്യത്ത് പത്ത് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ വൈദ്യുതി മുടങ്ങാൻ കാരണമാക്കും. ഇതിന്റെ പ്രത്യാഘാതങ്ങൾ സർവ്വമേഖലയിലും വ്യാപിക്കുമെന്നതിന് ഉദാഹരണങ്ങൾ തേടിപ്പോകേണ്ടതില്ല.ഇത് ജനരോഷം ആളിക്കത്തിക്കുമെന്നുറപ്പാണ്. കൂടാതെ റഷ്യ - യുക്രൈൻ യുദ്ധം എണ്ണവിലയുയർത്തിയതും ശ്രീലങ്കയുടെ എണ്ണശേഖരത്തെ സാരമായി ബാധിച്ചിട്ടുണ്ട് താനും. ഇത് വൈദ്യുതി പ്ലാന്റുകളുടെ പ്രവർത്തനത്തെ താളം തെറ്റിക്കും. ചുരുക്കത്തിൽ കരുതലോടെ മുന്നോട്ട് പോയില്ലെങ്കിൽ ശ്രീലങ്കൻ മണ്ണ് വരുതിയിൽ നിന്ന് വറചട്ടിയിലെത്തുമെന്ന് സാരം. ശ്രീലങ്കയിലെ നിരവധി ബിസിനസ് ഗ്രൂപ്പുകൾ ഇതിനോടകം തന്നെ നിലവിലെ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടതായി വാർത്തകൾ ഉണ്ട്.
നിലവിലെ പ്രതിസന്ധികളിൽ നിന്നും കരകയറാൻ ഐ.എം.എഫുമായി ചർച്ചകൾ തുടങ്ങിയതുമായുള്ള വാർത്തകൾ നിലവിലെ സാഹചര്യത്തിൽ ശുഭസൂചകങ്ങളാണ്. മരതക മണ്ണിൽ സമാധാന പൂർവമായ ജീവിതത്തിനായി അന്താരാഷ്ട്ര സമൂഹം ശുഭാപ്തിയോടെ കാത്തിരിക്കുന്നു.