പതിനൊന്നാമത്തെ വളയം

നാണയ സമ്പദ് വ്യവസ്ഥയുടെ വികാസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ബെര്‍നാഡ് ല്യായ്റ്റെയുടെ 'ദ ഫ്യൂച്ചര്‍ ഓഫ് മണി' എന്ന പുസ്തകത്തില്‍ നിന്ന്.

Update: 2024-08-14 17:25 GMT
Advertising

ബെല്‍ജിയന്‍ സാമ്പത്തിക വിദഗ്ധനും സിവില്‍ എഞ്ചിനീയറും ഗ്രന്ഥകാരനുമായ ബെര്‍നാഡ് ല്യായ്റ്റെ (Bernard Lietaer) തന്റെ 'ദ ഫ്യൂച്ചര്‍ ഓഫ് മണി' എന്ന പുസ്തകത്തില്‍ നാണയ സമ്പദ്വ്യവസ്ഥ വികസിച്ചുവന്നതിനെക്കുറിച്ച് അതിരസകരമായ ഒരു കഥ പറയുന്നുണ്ട്. ആ കഥ ഇങ്ങനെയാണ്: 

പണ്ടൊരിടത്ത്, ഒരു ഗ്രാമത്തോടു ചേര്‍ന്ന ഒഴിഞ്ഞ പ്രദേശത്ത് ആഴ്ച ചന്തകള്‍ കൂടാറുണ്ടായിരുന്നു. ആളുകള്‍ തങ്ങള്‍ക്കാവശ്യമുള്ളവ പരസ്പരം കൈമാറ്റം ചെയ്താണ് ആ ഗ്രാമത്തില്‍ ജീവിച്ചുപോന്നത്. കോഴികള്‍, ഉണക്കിയ പന്നിമാംസം, മുട്ട തുടങ്ങിയ എന്തും ഇത്തരത്തില്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. നീണ്ടുനില്‍ക്കുന്ന വിലപേശലുകള്‍ക്കൊടുവില്‍ തങ്ങളുടെ കൈവശമുള്ള വസ്തുക്കള്‍ക്ക് ലഭ്യമാകാവുന്ന ഏറ്റവും ഉയര്‍ന്ന മൂല്യം ഉറപ്പുവരുത്തിയിട്ടായിരുന്നു കൈമാറ്റങ്ങള്‍ നടന്നിരുന്നത്. വിളവെടുപ്പുപോലുള്ള സുപ്രധാന വേളകളില്‍ തങ്ങളുടെ വീടുകള്‍ മേച്ചുകെട്ടുന്നതിനോ, കളപ്പുരകള്‍ വൃത്തിയാക്കുന്നതിനോ മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളിലും ആളുകള്‍ പരസ്പരം സഹായിച്ചുപോന്നു. എന്തെങ്കിലും അടിയന്തിര സഹായം ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ ആളുകള്‍ സഹായത്തിനെത്തുമെന്ന ഉറപ്പ് ഗ്രാമീണര്‍ക്കുണ്ടായിരുന്നു.

അത്തരമൊരു ആഴ്ച ചന്തദിവസങ്ങളിലൊന്നില്‍, അപരിചിതനായ, തിളങ്ങുന്ന കാലുറയും ഭംഗിയുള്ള വെളുത്ത തൊപ്പിയും ധരിച്ച ഒരു യുവാവ് ആ ഗ്രാമത്തിലേക്ക് വന്നു. ചന്തയിലെ ജനങ്ങളുടെ പ്രവര്‍ത്തികള്‍ അയാള്‍ അല്‍പം പരിഹാസ്യോദ്യോതകമായ ചിരിയോടുകൂടി വീക്ഷിച്ചുപോന്നു.

ഒരു കര്‍ഷകന്‍ തന്റെ ആറോളം വരുന്ന കോഴികളുമായി പന്നിമാംസം വാങ്ങിക്കാനായി അങ്ങുമിങ്ങും ഓടിനടക്കുന്നതുകണ്ട് അയാള്‍ക്ക് ചിരിയടക്കാനായില്ല. 'പാവങ്ങള്‍', 'അപരിഷ്‌കൃതര്‍', യുവാവിന്റെ പ്രതികരണം അല്‍പം ഉറക്കെയായിപ്പോയി.

കര്‍ഷകന്റെ ഭാര്യ ഇത് കേള്‍ക്കാനിടയായി.

''ഇതിനേക്കാള്‍ നന്നായി ഇവ കൈകാര്യം നിങ്ങള്‍ക്കാകുമോ?' എന്ന് അവര്‍ യുവാവിനെ വെല്ലുവിളിച്ചു.

'കോഴികളെയോ? ഇല്ല. എന്നാല്‍, ഈ ബഹളങ്ങളൊന്നും കൂടാതെ ഇക്കാര്യങ്ങള്‍ നടത്താനുള്ള നല്ല വഴി വേറെയുണ്ട്''. യുവാവ് മറുപടി നല്‍കി.

''അതെങ്ങിനെ?'' സ്ത്രീ ചോദിച്ചു.

'' ശരി. ആ മരം കാണുന്നില്ലേ?, ഞാന്‍ അവിടെ കാത്തിരിക്കാം. നിങ്ങളിലൊരാള്‍ വലിയൊരു പശുത്തോലുമായി അവിടെ വരിക. ചന്ത അവസാനിച്ചതിനുശേഷം ഈ ഗ്രാമത്തിലെ എല്ലാവരോടും അവിടേക്കെത്താന്‍ പറയുക. ഞാന്‍ വിശദമാക്കിത്തരാം''. അപരിചിതന്‍ ഉത്സാഹത്തോടെ മറുപടി പറഞ്ഞു.

യുവാവിന്റെ നിര്‍ദ്ദേശമനുസരിച്ച് ആളുകള്‍ മരത്തിനുചുറ്റും കൂടി. യുവാവ് പശുത്തോല്‍ വളരെ കൃത്യമായി വൃത്താകൃതിയില്‍ മുറിച്ച് ചെറുചെറു കഷണങ്ങളാക്കി ഓരോ വളയത്തിനും മനോഹരമായ മുദ്രയും നല്‍കി. ഓരോ കുടുംബത്തിനും പത്തു വളയങ്ങള്‍ വീതം നല്‍കിക്കൊണ്ട് ഒരു വളയത്തിന്റെ വില ഒരു കോഴിയാണെന്ന് വിശദീകരിച്ചു. ''ഇനിമുതല്‍ ഈ വളയങ്ങള്‍ നല്‍കി നിങ്ങള്‍ക്ക് ആവശ്യമുള്ളവ വാങ്ങാം. കോഴികളും പന്നികളുമായി അങ്ങുമിങ്ങും ഓടേണ്ടതില്ല''.

ഇത് വളരെ ശരിയാണല്ലോ. ആളുകള്‍ യുവാവിന്റെ ബുദ്ധിയെ പ്രശംസിച്ചു. തിളങ്ങുന്ന കാലുറയും മനോഹരമായ തൊപ്പിയുമുള്ള അപരിചിതനെക്കുറിച്ച് എല്ലാവരുടെയുള്ളിലും മതിപ്പുനിറഞ്ഞു.

''അതിനിടയില്‍ ഒരു കാര്യം''. എല്ലാ കുടുംബത്തിനും പത്തുവീതം വളയങ്ങള്‍ നല്‍കിക്കഴിഞ്ഞപ്പോള്‍ യുവാവ് പറഞ്ഞു.

''അടുത്ത ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇതേ മരത്തിന്റെ കീഴില്‍ ഞാനുണ്ടാകും. എല്ലാ കുടുംബവും അന്ന് പതിനൊന്ന് വളയങ്ങളുമായി ഇവിടേക്ക് വരണം. ഈയൊരു സൂത്രം വികസിപ്പിച്ചുതന്നതിനുള്ള പ്രത്യുപകാരമായി പതിനൊന്നാമത്തെ വളയം നിങ്ങളെനിക്ക് തരണം''.

''പക്ഷേ, പതിനൊന്നാമത്തെ വളയം എവിടെനിന്നു കണ്ടെത്തും?'' ഒരു കര്‍ഷകന്‍ സംശയം പ്രകടിപ്പിച്ചു.

'' നിങ്ങള്‍ക്ക് കാണാം''. യുവാവ് ഉത്തമബോദ്ധ്യത്തോടെ മറുടി പറഞ്ഞു.

അടുത്ത വര്‍ഷം വന്നെത്തി. ഗ്രാമത്തിലെ ജനസംഖ്യയും ഉല്‍പാദനവും അതേ അളവിലാണെന്ന് കരുതുക. എന്തുസംഭവിച്ചുവെന്നാണ് നിങ്ങള്‍ കരുതുന്നത്? ഓര്‍ക്കുക, പതിനൊന്നാമത്തെ വളയം ഒരിക്കലും നിര്‍മിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഓരോ പതിനൊന്നാമത്തെ കുടുംബവും തങ്ങളുടെ എല്ലാ വളയങ്ങളും നഷ്ടപ്പെടുത്തേണ്ടതുണ്ടായിരുന്നു!.

തങ്ങളുടെ 10 വളയങ്ങള്‍ സംരക്ഷിക്കുന്നതിനും 11ാമത്തെ വളയം നേടുന്നതിനുമായി ഗ്രാമീണര്‍ക്ക് അങ്ങേയറ്റം കാര്യക്ഷമതയോടെ നില്‍ക്കേണ്ടതുണ്ടായിരുന്നു. ഫലമോ? ജനങ്ങള്‍ ഉദാരമതികളായി പരസ്പരം സഹകരിച്ചുകൊണ്ടിരുന്നത് പതുക്കെ ഇല്ലാതായി. പുതുതായി കൈവന്ന സൗകര്യങ്ങള്‍ അവരുടെ ബോധതലങ്ങളെ സ്വാധീനിക്കാന്‍ തുടങ്ങിയിരുന്നു. ഗ്രാമീണര്‍ക്കിടയില്‍ ബോധപൂര്‍വ്വമല്ലാത്ത മത്സരസ്വഭാവം പടരാന്‍ ആരംഭിച്ചിരുന്നു. മത്സരം, അരക്ഷിതാവസ്ഥ, ആര്‍ത്തി എന്നിവ അവരുടെ ദൈനംദിന ജീവിതത്തിലേക്ക് കടന്നുവന്നു.

ബെര്‍ണാഡ് ല്യായ്റ്റെയുടെ കഥ ഇവിടെ അവസാനിക്കുന്നു. നാണയ സമ്പദ് വ്യവസ്ഥ മനുഷ്യന്റെ തലവര മാറ്റിവരക്കുവാനാരംഭിക്കുകയും ചെയ്യുന്നു. 



 



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കെ. സഹദേവന്‍

Writer

Similar News