ഇ.ഡിയുടെ കുരുക്കഴിക്കാന്‍ തോമസ് ഐസ്‌ക് പിണറായിയെ കൂട്ടുപിടിക്കുമ്പോള്‍
സി.എം.ആര്‍.എല്‍ കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസാണ് അന്വേഷണവുമായി രംഗത്തുവന്നിരിക്കുന്നത്. ഇത് കേന്ദ്രവുമായുള്ള പോരാട്ടത്തില്‍ പിണറായി വിജയനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
തങ്ങള്‍ക്ക് വഴങ്ങാത്ത പാര്‍ട്ടികളെയും വ്യക്തികളെയും അന്വേഷണ ഏജന്‍സികളെ വിട്ട് വേട്ടയാടുക എന്ന തന്ത്രമാണ് കഴിഞ്ഞ കുറച്ച് കാലമായി കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും സ്വീകരിച്ചുപോരുന്നത്. ഈ വേട്ടയാടലിലെ പ്രധാന ടൂള്‍ ആണ് ഇ.ഡി. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും രാഷ്ട്രീയ പോരിലും ഇ.ഡി യഥേഷ്ടം ഇറങ്ങിക്കളിക്കുന്നുണ്ട്. കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരെയും ഇ.ഡി സജീവമായി രംഗത്തുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ കിഫ്ബി മസാല ബോണ്ട് വിഷയത്തില്‍ ഇപ്പോള്‍ ഇ.ഡി വീണ്ടും തോമസ് ഐസക്കിന് നോട്ടീസ് അയച്ചിരിക്കുകയാണ്.
തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്താണ് കിഫ്ബി ബോണ്ട് വിഷയം ഉയര്‍ന്നു വരുന്നത്. കിഫ്ബിയുമായുള്ള തന്റെ ബന്ധം രണ്ടര വര്‍ഷം മുന്നേ അവസാനിച്ചതാണെന്നും കിഫ്ബിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ ഒറ്റക്കെടുത്ത തീരുമാനമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാന്‍ ആയിട്ടുള്ള ഡയറക്ടര്‍ ബോര്‍ഡ് ആണെന്നുമാണ് തോമസ് ഐസക് പ്രതികരിച്ചിരിക്കുന്നത്. തോമസ് ഐസക്കിന്റെ ഈ വിശദീകരണത്തില്‍ മറ്റു രാഷ്ട്രീയമാനങ്ങളുണ്ട് എന്നവിലയിരുത്തലുകള്‍ ഉണ്ട്. കാരണം, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അന്വേഷണങ്ങളിലും കേന്ദ്രം കാണിക്കുന്ന ഉദാരത തനിക്കും കിട്ടണമെന്ന ധ്വനി തോമസ് ഐസക്കിന്റെ പ്രസ്താവനയില്‍ നിന്ന് വായിച്ചെടുക്കാം.
തന്നെ ചുറ്റിപ്പറ്റിയുളള ഇ.ഡി അന്വേഷണങ്ങളോട് കടുത്ത രീതിയിലാണ് തോമസ് ഐസ്‌ക് നാളിതുവരെ പ്രതികരിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ലഭിച്ച ഇ.ഡി നോട്ടീസിനോടുള്ള പ്രതികരണത്തില്‍ തോമസ് ഐസക് മുഖ്യമന്ത്രിയെ കൂടി കൂട്ടുപിടിച്ചത് ഒറ്റക്ക് നേരിടുന്നതിനേക്കാള്‍ ലഭിക്കാവുന്ന സുരക്ഷിതത്വം മുന്നില്‍ കണ്ടുകൊണ്ട് തന്നെയായിരിക്കാം. സി.എം.ആര്‍.എല്‍ കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്കതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസാണ് അന്വേഷണവുമായി രംഗത്തുവന്നിരിക്കുന്നത്. ഇത് കേന്ദ്രവുമായുള്ള പോരാട്ടത്തില്‍ പിണറായി വിജയനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒടുവിലത്തെ കേരള സന്ദര്‍ശനത്തിലെ പിണറായിയുടെ സമീപനവും ശരീരര ഭാഷയും ഇതിനോട് ചേര്‍ത്തുവെച്ചുകൊണ്ടുള്ള വിലയിരുത്തലുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ ഘട്ടത്തിലാണ് തോമസ് ഐസക് ഇ.ഡി കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ പിണറായിയെ കൂട്ടുപിടിക്കുന്നത്. ഹൈകോടതിയുടെ ഇടപെടലിന് ശേഷം ഇ.ഡി രണ്ട് നോട്ടീസുകള്‍ അയച്ചതിനാലാണ് ഐസക് വീണ്ടും കോടതിയിലേക്ക് തന്നെ പോവുന്നത്. അതേസമയം, ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തന്നെയാണ് ഐസക്കിന്റെ തീരുമാനം.
എന്താണ് കിഫ്ബി മസാല ബോണ്ട്
സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കാനുള്ള സംസ്ഥാനത്തിന്റെ ധനകാര്യ കോര്‍പറേറ്റ് ബോര്‍ഡ് ആണ് കിഫ്ബി (KERALA INFRASTRUCTURE INVESTMENT FUND BOARD). 1999 ലാണ് കിഫ്ബി നിലവില്‍ വന്നത്. 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, പാലങ്ങള്‍ എന്നിങ്ങനെ 821 പ്രൊജക്ടുകള്‍ക്കായി 60,000 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. 2019 മെയ് 17 നാണ് കേസിനാസ്പദമായ മസാല ബോണ്ടുകള്‍ വിതരണം ചെയ്തത്. മസാല ബോണ്ടുകള്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വിറ്റഴിച്ചത് വഴി 2150 കോടി രൂപയാണ് നേടിയത്. പിന്നീട് ബോണ്ട് വിറ്റഴിച്ചതില്‍ ക്രമക്കേടുണ്ടെന്ന് സി.എ.ജി കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് ഇ.ഡി വിദേശ വിനിമയവുമായി ബന്ധപ്പെട്ട ഫെമ നിയമ ലംഘനത്തിന് കേസെടുക്കുകയായിരുന്നു.
കിഫ്ബി പോലെ കോര്‍പ്പറേറ്റ് ബോര്‍ഡ് നിര്‍മിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് വായ്പയെടുക്കാന്‍ കേരളത്തിന് അധികാരമില്ല. കേന്ദ്രത്തിന് ഒരു ഫെഡറല്‍ സംവിധാനം നിലനില്‍ക്കുമ്പോള്‍ അത്തരം അവകാശങ്ങള്‍ ഉള്ളത് കേന്ദ്രത്തിനാണ്. കേരളം നേരിട്ട് വായ്പ എടുത്തിടത്താണ് ഫെമ നിയമലംഘനം നടന്നിട്ടള്ളത്. എന്നാല്‍, കേന്ദ്ര നിയമപ്രകാരം വായ്പയെടുക്കാന്‍ പറ്റുമെന്നാണ് കേരളത്തിന്റെ വാദം. ഇന്ത്യയുടെ ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക അധികാരം വഴി വ്യക്തികള്‍ക്കും ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് വായ്പയെടുക്കാം. ഈയൊരു അവകാശമാണ് കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.
കേന്ദ്ര സര്‍ക്കാര്‍ ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ പകപോക്കലുകളാണ് കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി വീണ്ടും പദ്ധതിയിടുന്നത്. അതുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം പോലും പാലിക്കാതെ കിഫ്ബിയുമായുള്ള ബന്ധം രണ്ടര വര്‍ഷം മുന്നേ അവസാനിപ്പിച്ച തോമസ് ഐസകിന് ഇ.ഡി നോട്ടീസ് അയച്ചത്. കേരള സര്‍ക്കാര്‍ ഇതിനെ നിയമപരമായി നേരിടും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിനുള്ളില്‍ തന്നെ സെക്യൂരിറ്റി വായ്പയെടുക്കണമെങ്കില്‍ കേരളം പ്രത്യേക നിയമ നിര്‍മാണം നടത്തണം. നിലവില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന ആരോപണം നിലനില്‍ക്കേ കേരളത്തിന്റെ ഭാഗത്തുനിന്ന് തെറ്റുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിഞ്ഞാല്‍ കേന്ദ്രം കടുത്ത സമ്മര്‍ദത്തിലാവും. കേന്ദ്രം ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണം ശരിവെക്കുകയും ചെയ്യും. മറിച്ചാണെങ്കില്‍ കേരളം വയ്പയെടുത്തതിന്റെ മൂന്ന് ഇരട്ടി (6000 കോടിയിലധികം രൂപ) പിഴയടക്കേണ്ടി വരും. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടി തന്നെയായിരിക്കും. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കെ കിഫ്ബിക്കെതിരെ ശക്തമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ പ്രതിപക്ഷം ഇത് സര്‍ക്കാരിനെതിരെയുളള വലിയൊരു ആയുധമായി എടുക്കുകയും ചെയ്യും.