റഷ്യ ഇളകി മറിയുന്നതും മുസ്‌ലിംകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതും

അഖിലറഷ്യാ മുസ്‌ലിംകോണ്‍ഗ്രസ് ചേരുന്നത് ഭരണാധികാരികള്‍ വിലക്കി. സംഘാടകര്‍ സമ്മേളനം ഒരു കപ്പലിലേക്ക് മാറ്റി. കപ്പല്‍ വോള്‍ഗാ നദിയിലായിരുന്നു. നീങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ വെച്ചാണ് റഷ്യന്‍ മുസ്‌ലിംകളുടെ ആദ്യത്തെ കോണ്‍ഗ്രസ് ചേര്‍ന്നത്. | ചുവപ്പിലെ പച്ച - ഭാഗം 04

Update: 2022-11-08 05:58 GMT
Click the Play button to listen to article

1881 ലാണ് റഷ്യന്‍ ഭാഷയിലെ ആദ്യത്തെ മുസ്‌ലിം പത്രമായ കാസ്പീജ് പുറത്തിറങ്ങിയത് എന്ന് പറഞ്ഞല്ലോ. അസര്‍ബൈജാനിയായ അലി മര്‍ദാന്‍ ആണ് പത്രാധിപര്‍. രാഷ്ട്രീയത്തിലേക്ക് ഉറ്റുനോക്കി ഇരിക്കുന്ന യുവബുദ്ധിജീവി. സമ്പന്ന വ്യാപാരിയായ സൈനുലാബ്ദീന്‍ തഖിയേവ് ആണ് ഭൗതിക സഹായങ്ങള്‍ ഒരുക്കിയത്. 1883ല്‍ തർജുമൻ എന്ന പത്രവും പുറത്തുവന്നു. ജദീദുകള്‍ എന്നറിയപ്പെട്ട

മുസ്‌ലിം നവോത്ഥാന പ്രസ്ഥാനക്കാരുടേതാണ് തർജുമന്‍. ആ വാക്കിന് വിശദീകരിച്ചുതരുന്നയാള്‍ എന്നും അര്‍ഥമുണ്ട്.

1890 ലാണ് കമ്മ്യൂണിസ്റ്റുകാരുടെ പത്രം പുറത്തു വരുന്നത്. ഇസ്‌ക്ര. തീപ്പൊരി. അച്ചടിച്ചിരുന്നത് റഷ്യയിലല്ലെങ്കിലും റഷ്യന്‍ പത്രമാണ്. പത്രങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ആശയങ്ങള്‍, പ്രസ്ഥാനങ്ങള്‍, പ്രക്ഷോഭങ്ങള്‍ അങ്ങനെയങ്ങനെ റഷ്യ ഇളകിമറയാന്‍ തുടങ്ങുകയാണ്. അതു കണ്ടുകൊണ്ടാണ് 1900 കണ്ണുതുറന്നത്.

ജര്‍മനിയിലെ മ്യൂണിക്കില്‍ ആയിരുന്നല്ലോ ഇസ്‌ക്രയുടെ അച്ചടി. 1902 ല്‍ അത് ലണ്ടനിലേക്ക് മാറ്റി. പൊലീസിന്റെ ശല്യംതന്നെ പ്രധാന കാരണം. പത്രത്തിന്റെ ആസ്ഥാനം മാറ്റാനായി ലെനിന്‍ ലണ്ടനിലെത്തി. അവിടെ മാര്‍ക്‌സ് വായിക്കുകയും പഠിക്കുകയും ചെയ്തിരുന്ന ബ്രിട്ടീഷ് ലൈബ്രറിയില്‍ ലെനിനും സ്ഥിരക്കാരനായി.

അതിനടുത്തവര്‍ഷം, 1903 ല്‍ ജൂലൈ മാസത്തില്‍ റഷ്യന്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ് ചേര്‍ന്നു. റഷ്യയിലല്ല, ലണ്ടനിലാണ് ചേര്‍ന്നത്. തൊഴിലാളി വര്‍ഗത്തിന്റേതു മാത്രമായ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ സമയമായി എന്ന് വാദിക്കുന്ന ലെനിനും ആ വാദത്തെ എതിര്‍ക്കുന്നവരും തമ്മിലുള്ള ഭിന്നത തെളിഞ്ഞുകണ്ട സമ്മേളനമാണത്. കോണ്‍ഗ്രസ് കഴിഞ്ഞതോടെ ഫലത്തില്‍ പാര്‍ട്ടി രണ്ടായി. ലെനിന്റെ പക്ഷത്തിനായിരുന്നു ഭൂരിപക്ഷം. അവര്‍ അങ്ങനെതന്നെ അറിയപ്പെട്ടു. റഷ്യന്‍ ഭാഷയില്‍ ബോള്‍ഷേവിക്. എതിരാളികള്‍ ന്യൂനപക്ഷമായിരുന്നു. അവര്‍ മെന്‍ഷേവിക്കുകള്‍ എന്ന് അറിയപ്പെട്ടു. 'രാഷ്ട്രീയ ചിന്താധാരയും രാഷ്ട്രീയ പാര്‍ട്ടിയും എന്ന നിലക്ക് ബോള്‍ഷേവിസം 1903 മുതല്‍ക്കേ നിലനില്‍ക്കുന്നുണ്ട് ' - എന്ന് ലെനിന്‍ പില്‍ക്കാലത്ത് എഴുതിയിട്ടുണ്ട്.


                                                                                 ബോള്‍ഷെവിക് പാര്‍ട്ടി മീറ്റിങ് -1920

1905 ആയതോടെ സാര്‍ സാമ്രാജ്യത്തിന്റെ അടിത്തറ ഇളകിത്തുടങ്ങി. സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്, വാഴ്‌സാ, ലോഡ്‌സ്, ബക്കു, ഒഡേസ തുടങ്ങിയ നഗരങ്ങളിലൊക്കെ വമ്പന്‍ പണിമുടക്കുകള്‍ അരങ്ങേറി. 1905 ജനുവരി ഒന്‍പതിന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് നഗരത്തിലൂടെ തൊഴിലാളികളുടെ ചോര ചാലിട്ടൊഴുകി. സാര്‍ ചക്രവര്‍ത്തിക്ക് നിവേദനം കൊടുക്കാന്‍ പ്രകടനമായി മുന്നേറിയ തൊഴിലാളികള്‍ക്ക് നേരെ പട്ടാളം വെടിവെച്ചതാണ്. നൂറുക്കണക്കിന് തൊഴിലാളികള്‍ തെരുവില്‍ പിടഞ്ഞു മരിച്ചു. ആ വര്‍ഷത്തില്‍ തന്നെയാണ് പട്ടാളക്കാര്‍ക്കിടയിലും വിപ്ലവം മുളപൊട്ടുന്നത്. കരിങ്കടല്‍ തീരത്ത് നങ്കൂരമിട്ട് കിടന്ന പൊതംകീന്‍ എന്ന യുദ്ധക്കപ്പലിലെ നാവികര്‍ പണിമുടക്കി കലാപത്തിന്നൊരുങ്ങി. അവരുമായി ബന്ധപ്പെടാന്‍ ലെനിന്‍ ഒരു ദൂതനെ അയച്ചിരുന്നു. എം.ഐ വസീലിയോവിനെ. പക്ഷേ, ദൂതന്‍ എത്തുംമുമ്പേ കപ്പല്‍ തീരംവിട്ട് റുമേനിയയിലേക്ക് പോയിക്കഴിഞ്ഞിരുന്നു.

1905 ല്‍ തന്നെയാണ് റഷ്യന്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ മൂന്നാം കോണ്‍ഗ്രസ് ചേര്‍ന്നത്. ലണ്ടനില്‍. രണ്ടായി തിരിഞ്ഞിരുന്നെങ്കിലും ലെനിന്‍ പക്ഷക്കാരായ ബോള്‍ഷേവിക്കുകള്‍ മെന്‍ഷേവിക്കുകളെ ക്ഷണിച്ചിരുന്നു. എന്നാല്‍, ഒരുമിച്ച് ഇരിക്കാന്‍ അവര്‍ തയ്യാറായില്ല. രണ്ടു പാര്‍ട്ടികളായി രണ്ടു വഴിക്ക് പോയി. 1905 മുതല്‍ 1907 വരെയുള്ള കാലയളവ് ഒന്നാം റഷ്യന്‍വിപ്ലവത്തിന്റെ കാലമായാണ് കണക്കാക്കുന്നത്. ' 1905 ലെ ഗ്രീഷ്മം ഉണ്ടായിരുന്നില്ലെങ്കില്‍ 1917ലെ വസന്തം ഉണ്ടാകുമായിരുന്നില്ല' എന്ന് ലെനിന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.

ആ വര്‍ഷം തന്നെയാണ് റഷ്യയില്‍ മുസ്‌ലിംകളുടെ ആദ്യത്തെ പൊതുവേദി രൂപം കൊള്ളുന്നത്. 1905 ല്‍. ഇതിഫാഖ്. ഇതിഫാഖുല്‍ മുസ്‌ലിമൂന്‍ അല്‍ റഷ്യ. അഥവാ, റഷ്യന്‍ മുസ്‌ലിംകളുടെ കൂട്ടായ്മ.

വ്യത്യസ്ത വംശീയ വിഭാഗങ്ങളില്‍ പെടുന്നവരാണ് റഷ്യയിലെ മുസ്‌ലിംകള്‍. റഷ്യയില്‍ വോള്‍ഗ നദീതീരത്തുള്ള താര്‍ത്താരികള്‍ വോള്‍ഗാ താര്‍താറുകള്‍ എന്നാണ് അറിയപ്പെടുന്നത്. കാസാനിലെ താര്‍താറുകള്‍ എന്നും പറയും. എന്നാല്‍, യുക്രൈനിലുള്ളവര്‍ ക്രീമിയന്‍ താര്‍താറുകളാണ്. ചെച്‌നിയയിലുള്ള മുസ്‌ലിംകള്‍ ഇതിലൊന്നും പെടുന്നതല്ല. 1860 ലെ അധിനിവേശത്തില്‍ റഷ്യയോട് കൂട്ടിച്ചേര്‍ക്കപ്പെട്ട മധ്യേഷ്യന്‍ പ്രവിശ്യകളില്‍ ഇവരൊന്നുമല്ല ഉള്ളത്. അസര്‍ബൈജാന്‍, ഖസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ മധ്യേഷ്യന്‍ പ്രവിശ്യകളിലുള്ളവര്‍ക്ക് മുസ്‌ലിം ലോകത്തെ മറ്റു പല വംശങ്ങളോടും പാരമ്പര്യ ബന്ധമുണ്ട്. മംഗോളിയന്‍ വംശജരുമുണ്ട്, തുര്‍ക്ക്‌മെന്‍ വംശജരുണ്ട്. പലരുടേയും മാതൃഭാഷയും വ്യത്യസ്തമാണ്. നബിയുടെ കാലശേഷം വന്ന ഖലീഫമാരുടെ ഭരണകാലം മുതല്‍ ഇസ്‌ലാം പ്രചരിച്ച പ്രദേശങ്ങള്‍ വരെ ഇതിലുണ്ട്. അറേബ്യന്‍, പേര്‍ഷ്യന്‍, ഏഷ്യന്‍, തുര്‍ക്കിക്ക് വംശജരൊക്കെയുണ്ട്.



                                                                                            വോള്‍ഗാ താര്‍ത്താരികള്‍                                           courtesy: wikiwand.com                                                                  

എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള, എല്ലാ വംശത്തിലുംപെട്ട, എല്ലാവിധ തൊഴിലിലുമേര്‍പ്പെട്ട മുസ്‌ലിംകളെ മുഴുവന്‍ വിളിച്ചുചേര്‍ത്തുകൊണ്ടാണ് ഇതിഫാഖിന് തുടക്കമിട്ടത്. മതപണ്ഡിതനായി ജീവിതമാരംഭിച്ച് സാമൂഹ്യപ്രവര്‍ത്തകനായി മാറിയ അബ്ദുറഷീദ് ഇബ്രാഹീമോവാണ് മുന്‍കൈയ്യെടുത്തത്.

സൈബീരിയയില്‍, ഇപ്പോഴത്തെ ഒമ്‌സ്‌ക്ക് ഒബ്‌ളാസ്റ്റില്‍ 1857 ലാണ് അബ്ദുറഷീദ് ഇബ്രാഹീമോവിന്റെ ജനനം. പിതാവും പിതാമഹനും മതപണ്ഡിതരായിരുന്നു. ഉമ്മയുടെ ഉപ്പയും ഖാദിയായിരുന്നു. മദ്രസകളിലെ വിദ്യാഭ്യാസത്തിന് ശേഷം 1878-79 കാലത്ത് മദ്രസാ അധ്യാപകനായാണ് ഇബ്രാഹീമോവ് പൊതുജീവിതം ആരംഭിക്കുന്നത്. അതിനിടയില്‍ മതപഠനം പൂര്‍ത്തീകരിക്കാനായി ഇസ്താംബൂള്‍, മക്ക, മദീന എന്നീ നഗരങ്ങളിലൊക്കെ പോകുന്നുണ്ട്. ഇടക്കിടെയുള്ള ഇസ്താംബൂള്‍ യാത്രക്കിടയില്‍ തുര്‍ക്കി രാഷ്ട്രീയത്തില്‍ താല്‍പര്യം വരുന്നുമുണ്ട്. യാത്രകളെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ താരാ നഗരത്തിലെ പ്രധാന ജുമാമസ്ജിദിലെ ഖാദിയായി. പിന്നാലെ ഓറന്‍ബര്‍ഗ് മുസ്‌ലിം കൂട്ടായ്മയുടെ സംയുക്ത ഖാദിയായി തെരഞ്ഞെടുക്കപ്പെട്ടു.



                                                                                                     ഇബ്രാഹീമോവ്

1900 ല്‍ ഇബ്രാഹീമോവ് പ്രവര്‍ത്തനം സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് മാറ്റി. അവിടെ ഒരു പ്രസ്സും പ്രസിദ്ധീകരണവും എല്ലാം ഉണ്ടായിരുന്നു. 1902 ആയപ്പോഴേക്ക് ഇബ്രാഹീമോവിനെ തുര്‍ക്കി സുല്‍ത്താന്‍ അനഭിമതനായി പ്രഖ്യാപിച്ചു. ഒട്ടോമന്‍ തുര്‍ക്കിയുടെ മണ്ണിലേക്ക് കടക്കരുതെന്ന് വിലക്ക് പുറപ്പെടുവിച്ചു. റഷ്യയിലെ സാര്‍ ഭരണകൂടവും ഇബ്രാഹീമോവിനെ എതിരാളിയായി കണ്ടുതുടങ്ങിയിരുന്നു.

1903 ല്‍ ഇബ്രാഹീമോവ് ജപ്പാന്‍ സന്ദര്‍ശിച്ചു. ടോക്കിയോവില്‍ എത്തിയപ്പോള്‍ റഷ്യന്‍ നയതന്ത്രപ്രതിനിധിയുടെ അഭ്യര്‍ഥനപ്രകാരം ജപ്പാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത് ഇസ്താംബൂളിലേക്ക് കയറ്റിവിട്ടു. അവിടെ ഇറങ്ങിയപ്പോള്‍ അറസ്റ്റ് ചെയ്ത് റഷ്യയ്ക്ക് കൈമാറി. അങ്ങനെ തടവിലായി. ഒഡേസയിലായിരുന്നു ശിക്ഷ അനുഭവിച്ചത്. 1905ലാണ് തടവില്‍ നിന്ന് പുറത്തു വന്നത്. ആ വര്‍ഷം തന്നെ ഇതിഫാഖ് അഥവാ കൂട്ടായ്മ വിളിച്ചു കൂട്ടി.

ജദീദ് എന്നറിയപ്പെട്ടിരുന്ന മുസ്‌ലിം നവോഥാന പ്രസ്ഥാനം ഇബ്രാഹീമോവിനേയും ചെറിയമട്ടില്‍ സ്വാധീനിച്ചിരുന്നു. അച്ചടി, പത്രങ്ങള്‍ തുടങ്ങിയ ആധുനിക ആശയവിനിമയ ഉപാധികള്‍ ഉപയോഗിച്ചിരുന്ന ജദീദുകള്‍ പരമ്പരാഗത പുരോഹിതന്മാരെ ശത്രുക്കളായാണ് കണ്ടിരുന്നത്. ജദീദ് നേതാവ് ഇസ്മാഈല്‍ ഗാസ്പിരാലി ഉള്‍പ്പടെയുള്ള പരിഷ്‌കര്‍ത്താക്കളേയും പരമ്പരാഗത മുല്ലമാരെയും ഇബ്രാഹീമോവ് കത്തയച്ച് ക്ഷണിച്ചിരുന്നു.

വോള്‍ഗാ നദിയുടെ തീരത്തുള്ള നിഷ്‌നി നവ്ഗരോദ് നഗരത്തിലാണ് യോഗം വിളിച്ചത്. അവിടെ വര്‍ഷാവര്‍ഷം നടന്നുവരാറുള്ള വസന്തോത്സവം പ്രശസ്തമാണ്. 1905 ലെ വസന്തോത്സവം ആഗസ്റ്റ് മാസത്തിലാണ്. ഉത്സവസമയത്ത് എല്ലാവര്‍ക്കും അവിടെ എത്തിപ്പെടാന്‍ എളുപ്പമായിരിക്കും എന്ന കാര്യം കണക്കിലെടുത്താണ് സമ്മേളനം അവിടെയാക്കിയത്. അഖിലറഷ്യാ മുസ്‌ലിംകോണ്‍ഗ്രസ് എന്നാണ് ഈ സമ്മേളനം അറിയപ്പെട്ടത്. എന്നാല്‍, വസന്തോത്സവ നഗരിയിലോ, നഗരത്തിലോ സമ്മേളനം ചേരുന്നത് ഭരണാധികാരികള്‍ വിലക്കി. സംഘാടകര്‍ സമ്മേളനം ഒരു കപ്പലിലേക്ക് മാറ്റി. കപ്പല്‍ വോള്‍ഗാ നദിയിലായിരുന്നു. നീങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ വെച്ചാണ് റഷ്യന്‍ മുസ്‌ലിംകളുടെ ആദ്യത്തെ കോണ്‍ഗ്രസ് ചേര്‍ന്നത്.

ഫത്തീഹ് കരീമി, ഇസ്മയില്‍ ഗാസ്പിരാലി, അലി മര്‍ദാന്‍, യൂസഫ് അക്കുറ തുടങ്ങിയവരാണ് അബ്ദുര്‍റഷീദ് ഇബ്രാഹീമോവിന് പുറമെ കോണ്‍ഗ്രസ്സിന്റെ സംഘാടകരായി ഉണ്ടായിരുന്നത്.



                                                                                                             യൂസഫ് അക്കുറ

ആദ്യ കോണ്‍ഗ്രസ്സില്‍ പത്തുമണിക്കൂര്‍ ചര്‍ച്ച ചെയ്തിട്ടും കൂട്ടായ്മയുടെ സ്വഭാവത്തെക്കുറിച്ച് ധാരണയുണ്ടായില്ല. കച്ചവടക്കാരും ബുദ്ധിജീവികളും കര്‍ഷകരും പരമ്പരാഗത പണ്ഡിതരും നവോത്ഥാനക്കാരും, താര്‍താറുകളും തുര്‍ക്ക്‌മെനുകളും ഏഷ്യന്‍ വംശജരും എല്ലാം ചേര്‍ന്നതായിരുന്നുവല്ലോ ആലോചനായോഗം. ഇതിഫാഖ് ഒരു പാര്‍ട്ടിയാണോ, അതോ നിരവധി സംഘങ്ങളുടെ ഒരു വലിയ കൂടാരമാണോ എന്ന ചോദ്യമാണ് ഒടുവില്‍ ബാക്കിയായത്. ആദ്യമുയര്‍ന്ന ആ ചോദ്യം 1917 ല്‍ ബോള്‍ഷേവിക് വിപ്ലവം നടക്കുന്നതുവരേയും ഇതിഫാഖിനെ അലട്ടിക്കൊണ്ടിരുന്നു. മുസ്‌ലിംകള്‍ എന്ന നിലയ്ക്കുള്ള ഐക്യമാണോ അതോ രാഷ്ട്രീയ നിലപാടുകളാണോ പ്രധാനം എന്ന ചോദ്യം പലപ്പോഴും പൊന്തിവന്നു.

1905 ഒന്നാം റഷ്യന്‍ വിപ്ലവത്തിന്റെ വര്‍ഷമാണ് എന്ന് പറയുന്നത് പലതരത്തിലും കൃത്യമാണ്. ആ വര്‍ഷത്തില്‍ തന്നെയാണ് റഷ്യയില്‍ പാര്‍ലമെന്റ് പ്രഖ്യാപിക്കപ്പെടുന്നത്. തൊഴിലാളി പ്രക്ഷോഭങ്ങളേയും തുടര്‍ന്നുവന്ന രാഷ്ട്രീയ ചലനങ്ങളേയും തണുപ്പിക്കാന്‍ ചക്രവര്‍ത്തിയുടെ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയതായിരുന്നു എങ്കിലും അത് ഒരു വലിയ മാറ്റം തന്നെയായിരുന്നു.

1905 ഡിസംബറിലാണ് പാര്‍ലമെന്റ് രൂപീകരിക്കുമെന്ന പ്രഖ്യാപനം വന്നത്. അതിനാല്‍, ഇതിഫാഖിന്റെ രണ്ടാം കോണ്‍ഗ്രസ് പെട്ടെന്നുതന്നെ വിളിച്ചുകൂട്ടേണ്ടി വന്നു. വോള്‍ഗാ മേഖലയിലെ പ്രധാന പ്രവിശ്യയായ കസാനിലെ ജദീദുകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തയ്യാറെടുത്തതാണ് അടിയന്തര കാരണം. പുതിയ പാര്‍ട്ടി, അതായത് ഇതിഫാഖ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് പങ്കെടുക്കുമെന്ന് ജദീദുകള്‍ പ്രഖ്യാപിച്ചു.

ലെനിന്റെ ബോള്‍ഷെവിക് പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആലോചിക്കുകയാണ്. എന്നാല്‍, കോണ്‍സ്റ്റിറ്റിയൂഷനല്‍ ഡമോക്രാറ്റിക് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാഡറ്റ് പാര്‍ട്ടി എന്നാണ് അവര്‍ അറിയപ്പെടുന്നത്. ജദീദുകളില്‍ പലര്‍ക്കും കാഡറ്റ് പാര്‍ട്ടിയോട് ആഭിമുഖ്യമുണ്ട്. തെരഞ്ഞെടുപ്പ് കാര്യം ചര്‍ച്ചചെയ്യാനായി യോഗം ചേര്‍ന്ന കാഡറ്റ് നേതാക്കളെ കാണാന്‍ ഇതിഫാഖ് നേതാക്കള്‍ എത്തി. ഇബ്രാഹീമോവും യൂസഫ് അക്കുറയുമാണ് രാഷ്ട്രീയ ദൗത്യവുമായി എത്തിയത്. കേഡറ്റ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി പിന്നീട് ചേര്‍ന്നപ്പോള്‍ ഇതിഫാഖ് നേതാക്കളും അതില്‍ പങ്കെടുത്തു. മുസ്‌ലിംകളുടെ പരമ്പരാഗത അവകാശങ്ങളെല്ലാം ആദരിക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ കാഡറ്റ് പാര്‍ട്ടിയുടെ പരിപാടിയില്‍ എഴുതിച്ചേര്‍ത്തു. മുഫ്തിയേറ്റുകള്‍ക്ക് സ്വയംഭരണാധികാരം ഉണ്ടാകും, കുട്ടികള്‍ക്ക് അതാതിടങ്ങങ്ങളിലെ മാതൃഭാഷകളില്‍ വിദ്യാഭ്യാസം നല്‍കാം. എന്നിവയൊക്കെ കാഡറ്റ് പാര്‍ട്ടി പരിപാടിയില്‍ വന്നു. അറബിക്, തുര്‍ക്കിക്ക്, അസര്‍ബൈജാനി, പേര്‍ഷ്യന്‍, താര്‍താര്‍ ഭാഷകളാണ് മുസ്‌ലിം പ്രദേശങ്ങളിലെ മാതൃഭാഷകളായി പ്രചാരത്തിലുള്ളത്.

കാഡറ്റ് പാര്‍ട്ടിയുടെ കസാന്‍ പ്രവിശ്യാ കമ്മിറ്റിയില്‍ ഇതിഫാഖ് നേതാവായ യൂസഫ് അക്കുറയെ അംഗമാക്കി. കാഡറ്റ് പാര്‍ട്ടി മത്സരിക്കുന്നിടത്തൊക്കെ ഇതിഫാഖ് അവരെ സഹായിക്കണമെന്നും പരസ്യമായി പ്രവര്‍ത്തിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഇത്രയൊക്കെ എത്തുംമുമ്പ് ഇബ്രാഹീമോവും അക്കുറയും ഇതിഫാഖിലെ മറ്റു നേതാക്കളോട് ഇക്കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ, ക്രീമിയന്‍ താര്‍താറുകളും മധ്യേഷന്‍ മേഖലയിലുള്ളവരും ഇതിഫാഖ് വോള്‍ഗാ മേഖലയിലെ താര്‍താറുകളുടെ മാത്രം പാര്‍ട്ടിയായി മാറാന്‍ പോവുകയാണ് എന്ന് കരുതി.

കാഡറ്റ് പക്ഷത്ത് നില്‍ക്കുന്നതിനോട് എതിര്‍പ്പുള്ളവരൊക്കെ ടങ്ങ് എന്ന പത്രത്തിന് ചുറ്റുംകൂടി. ടങ്ങ് എന്നാല്‍ പ്രഭാതം. അവിടെ കൂടിയവരൊക്കെയും കുറച്ചുകൂടി തീവ്രമായ രാഷ്ട്രീയ ചിന്ത പങ്കുവെക്കുന്നവരുമാണ്. ഭൂവുടമകളുടേയും മുതലാളിമാരുടേയും പ്രസ്ഥാനമായ കാഡറ്റ്പാര്‍ട്ടിയുമായി യോജിച്ചുപോകാന്‍ മുസ്‌ലിംതൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും കഴിയില്ലാ എന്ന് അക്കൂട്ടര്‍ വാദിച്ചു. അവര്‍ സോഷ്യലിസ്റ്റ് വിപ്ലവ ചിന്തകളിലേക്ക് ചാഞ്ഞു.

എന്തായാലും വോള്‍ഗാ മേഖലയിലെ താര്‍താറുകള്‍ തങ്ങളുടെ പരിപാടിയുമായി മുന്നോട്ടുപോയി. ഇതിഫാഖിന്റെ സംഘടനാ രൂപത്തിന് മുറുക്കംവന്നു. അതിനൊരു പാര്‍ട്ടിയുടെ കെട്ടുംമട്ടും കൈവന്നു. തെരഞ്ഞെടുപ്പുപരിപാടി പാര്‍ട്ടിയുടെ വാര്‍ഷികസമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു തുടങ്ങി.

ഇങ്ങനെയിരിക്കുമ്പോഴാണ് ഇതിഫാഖിന്റെ വിശാലയോഗം വീണ്ടും ചേരുന്നത്. മൂന്നാം അഖിലറഷ്യാ മുസ്‌ലിം കോണ്‍ഗ്രസ്. ഇത്തവണയും ഇബ്രാഹീമോവിന്റെ ചില നടപടികള്‍ വിവാദമായി. അദ്ദേഹം ഇതിനകം റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒരു കത്ത് നല്‍കിയിരുന്നു. സോഷ്യലിസം, അരാജകവാദം, പാന്‍ഇസ്‌ലാമിസം എന്നീ ആശയങ്ങളില്‍ നിന്ന് താന്‍ അകലം പാലിക്കുകയാണ് എന്നാണ് കത്ത്. കത്ത് ഇതിഫാഖിന്റെ പേരിലാണ് താനും.

വിവാദം പാര്‍ട്ടിയുടെ പരിപാടികള്‍ ചര്‍ച്ചയാക്കിയെടുക്കാനുള്ള അവസരമായാണ് ഇബ്രാഹീമോവ് ഉപയോഗിച്ചത്. എന്നാല്‍, ഇതിഫാഖിലെ സോഷ്യലിസ്റ്റ് പക്ഷക്കാര്‍ മറ്റൊരു തരത്തിലാണ് വിമര്‍ശനം ഉയര്‍ത്തിയത്. ജനങ്ങളുടെ വര്‍ഗപരമായ പ്രത്യേകതകള്‍ കണക്കിലെടുക്കാതെ പാര്‍ട്ടി രൂപീകരിക്കുന്നതിനെ അവര്‍ എതിര്‍ത്തു.

'വര്‍ഗപരമായ വ്യതിരിക്തതള്‍ക്കപ്പുറം ഐക്യപ്പെടാന്‍ ദേശീയത, വിശ്വാസ പാരമ്പര്യം, വംശീയത എന്നിവ കൊണ്ട് സാധിക്കും'- എന്നാണ് യൂസഫ് അക്കുറ അതിനു കൊടുത്ത മറുപടി. മതത്തിന്റെയും ദേശീയതയുടേയും അടിസ്ഥാനത്തില്‍ കൂടുതല്‍ ഐക്യമുള്ള പാര്‍ട്ടി രൂപീകരിക്കാനാകുമെന്ന് അക്കുറ വാദിച്ചു. ആസ്ട്രിയ, ഹംഗറി, ചെക്ക് നാടുകള്‍ എന്നിവിടങ്ങളിലൊക്കെ വംശീയ ഗ്രൂപ്പുകള്‍ക്ക് മികച്ച രീതിയില്‍ പാര്‍ലമെന്ററി പങ്കാളിത്തം വഹിക്കാന്‍ കഴിയുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് അക്കുറ തന്റെ വാദം സ്ഥാപിച്ചത്.

പാര്‍ട്ടിപരിപാടി തയ്യാറാക്കാനായി ഇതിഫാഖിന്റെ മൂന്നാം കോണ്‍ഗ്രസ് നിരവധി കമ്മീഷനുകള്‍ക്ക് രൂപം കൊടുത്തു. പക്ഷേ, അതിന്റെയൊന്നും ഫലം പെട്ടെന്ന് കണ്ടില്ല. അതേ സമയം പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഗ്രൂപ്പ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു.

1906 ഏപ്രില്‍ 21ന് ആദ്യത്തെ പാര്‍ലമെന്റ് നിലവില്‍ വന്നു. റഷ്യന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഡൂമ. 434 അംഗങ്ങളാണ് ആകെയുണ്ടായിരുന്നത്. അതിലേക്ക് 25 മുസ്‌ലിം അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ആദ്യം അവര്‍ കാഡറ്റ് പാര്‍ട്ടി അംഗങ്ങളോടൊപ്പമാണ് ഇരുന്നത്. സഖ്യത്തിന്റെ ധാരണ അങ്ങനെ ഇരിക്കാനാണ്. എന്നാല്‍, ജൂണ്‍ അവസാനത്തോടെ ഇതിഫാഖ് അംഗങ്ങള്‍ പ്രത്യേക ബ്‌ളോക്കായി ഇരിക്കാന്‍ തുടങ്ങി. എങ്കിലും പൂര്‍ണമായി ഒരു പാര്‍ട്ടിയുടെ രൂപം കൈവന്നുകഴിഞ്ഞിരുന്നില്ല. അതിനൊക്കെ മുമ്പ് ഒന്നാമത്തെ പാര്‍ലമെന്റിനെ പിരിച്ചുവിട്ടു. 1906 ജൂലായ് 22ന്.

പിരിച്ചുവിടലിന് ശേഷം കാഡറ്റ് പാര്‍ട്ടിയടക്കം ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തയ്യാറാക്കിയ സംയുക്ത പ്രസ്താവനയില്‍ ആറ് ഇതിഫാഖ് അംഗങ്ങളും ഒപ്പുവെച്ചിരുന്നു. റഷ്യന്‍ അതിര്‍ത്തിയിലെ നഗരമായ വൈബോര്‍ഗില്‍ യോഗം ചേര്‍ന്നാണ് അത് തയ്യാറാക്കിയത്. അതിനാല്‍ വൈബോര്‍ഗ് പ്രഖ്യാപനം എന്നാണത് അറിയപ്പെടുന്നത്. സാറ്റിസ്റ്റ് ഗവര്‍മെന്റിന്റെ നിലനില്‍പ്പിനെ തത്വത്തില്‍ നിരാകരിക്കുന്ന പ്രഖ്യാപനമായിരുന്നു അത്. അതില്‍ ഒപ്പുവെച്ചവര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് വിലക്കും വന്നു.

രണ്ടാം ഡൂമയിലേക്ക് 36 മുസ്‌ലിംകള്‍ തെരഞ്ഞെടുക്കപ്പെട്ടു. കാഡറ്റ് പാര്‍ട്ടിയുമായുള്ള സഖ്യത്തിന്റെ ഫലമായിരുന്നു അത്. അതില്‍ നിന്ന് അഞ്ചുപേര്‍ വിട്ടുപോയി 'തൊഴിലെടുക്കുന്ന മുസ്‌ലിംകള്‍ ' എന്ന പേരിലൊരു ഗ്രൂപ്പ് രൂപീകരിച്ചു. കൂടുതല്‍ വ്യക്തമായ കാര്‍ഷികനയം വേണം എന്നതായിരുന്നു അവരുടെ ആവശ്യം. അവര്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ മറ്റൊരു ഗ്രൂപ്പുമായി സഹകരിച്ചു. എങ്കിലും ഇതിഫാഖ് ചെയ്തതുപോലെ കേഡറ്റ് പാര്‍ട്ടിയോടൊപ്പം പ്രധാനമന്ത്രി പീറ്റര്‍ സ്റ്റോലിപിന്‍സിന് എതിരെ വോട്ടു ചെയ്തു. ഇതിഫാഖ് ഇതിനകം ഒരു പാര്‍ട്ടിയുടെ കെട്ടുംമട്ടുമൊക്കെ ആര്‍ജിച്ചുകഴിഞ്ഞു. ഡൂമ എന്ന പേരില്‍ പത്രം സ്ഥാപിച്ചു. അത് സോഷ്യല്‍ ഡമോക്രാറ്റുകള്‍ കയ്യടക്കി. അപ്പോള്‍ സ്ഥാപകര്‍ അതടച്ചുപൂട്ടി.

രണ്ടാം ഡൂമയും ഏറെ നിലനിന്നില്ല. 1907ല്‍ പ്രധാനമന്ത്രി സ്റ്റോലിപിന്‍സ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. 'റഷ്യന്‍ വികാരത്തെ ഉത്തേജിപ്പിക്കാനും റഷ്യാ രാജ്യത്തെ ശക്തിപ്പെടുത്താനുമാണ് പാര്‍ലമെന്റ് കൊണ്ട് ഉദ്ദേശിച്ചത്. പക്ഷേ, മറ്റ് ദേശീയതകളില്‍ പെട്ടവര്‍ കടന്നുകയറി റഷ്യന്‍ പ്രശ്‌നങ്ങളെ മറികടക്കുകയാണ് 'എന്ന് പറഞ്ഞു കൊണ്ടാണ് പിരിച്ചുവിട്ടത്. തെരഞ്ഞെടുപ്പുകള്‍ തല്‍ക്കാലത്തേക്ക് നിറുത്തിവെക്കുകയാണ് എന്നും പ്രഖ്യാപിച്ചു. അതോടൊപ്പം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും മാറ്റി. മധ്യേഷ്യന്‍ പ്രവിശ്യകളില്‍ നിന്നുള്ള

മുസ്‌ലിംകളുടെ വോട്ടവകാശം എടുത്തുകളഞ്ഞു. അതോടെ റഷ്യന്‍ പാര്‍ലിമെന്റില്‍ മുസ്‌ലിംകളുടെ ഉജ്ജ്വല കാലഘട്ടം അവസാനിച്ചു.

ഇതിഫാഖ് രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യുന്നതിനും വിലക്ക് വന്നു. നാലാം അഖില റഷ്യാ മുസ്‌ലിം കോണ്‍ഗ്രസ് വിളിക്കാനിരിക്കമ്പോഴായിരുന്നു ഇത്. അധികൃതരെ പ്രകോപിപ്പിക്കേണ്ട എന്ന് കരുതി കോണ്‍ഗ്രസ് തല്‍ക്കാലം മാറ്റിവെച്ചു. അതുകൊണ്ടൊന്നും ഫലമുണ്ടായില്ല.

മൂന്നാം ഡൂമയില്‍ മുസ്‌ലിംകള്‍ എട്ടുപേര്‍ മാത്രമായിരുന്നു. അവര്‍ക്ക്തന്നെ കാഡറ്റ് പാര്‍ട്ടിയുടെ ദേശീയാധീശത്ത പ്രവണകളോട് അടിച്ചുനില്‍ക്കേണ്ടിവന്നു. പതിയെപ്പതിയെ ഇതിഫാഖ് പ്രാദേശികതലത്തില്‍ ഒതുങ്ങി. മുസ്‌ലിം പത്രങ്ങള്‍ മാത്രമാണ് ദേശീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തത്.

ഈ രാഷ്ട്രീയ പരീക്ഷണങ്ങളിലൂടെയും നവോത്ഥാന സംരഭങ്ങളുടേയും ഇടയില്‍ ചുവന്നുവന്ന സോഷ്യലിസ്റ്റ് മുസ്‌ലിംകളുണ്ട്. ലെനിന്റെ ബോള്‍ഷെവിക് വിപ്ലവത്തിന്റെ കാലം അവരുടെയും കാലമാണ്. 1917 ലെ വിപ്ലവത്തിന്റെ ചരിത്രം അവരുടേയും ചരിത്രമാണ്. അത് അടുത്ത ലക്കത്തില്‍.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - പി.ടി നാസര്‍

contributor

Similar News