ഉവൈസി, ബി.ജെ.പിയുടെ ബി ടീം, ചാരന്‍, ജയ് ഫലസ്തീന്‍: ഇസ്‌ലാമോഫോബിയ - 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്

മുസ്‌ലിംകളെയും കീഴാളരെയും മുഖ്യധാരാ പാര്‍ട്ടികള്‍ പ്രാതിനിധ്യ അവകാശമുള്ള ജനവിഭാഗമായല്ല, കേവലം വോട്ട് ബാങ്കിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. പാര്‍ശ്വവല്‍കൃത സാമൂഹിക വിഭാഗങ്ങളുടെ രാഷ്ട്രീയ കര്‍തൃത്വനിരാസവും പ്രാതിനിധ്യ നിഷേധവുമാണ് ഈ ആരോപണങ്ങളുടെ കാതല്‍. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 04)

Update: 2024-07-12 05:22 GMT
Advertising

ആരോപണം ഒന്ന്: ബി.ജെ.പിക്ക് തുണ

18ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതിനിടയില്‍ ദി ഫോര്‍ത്ത് ന്യൂസ് ഒരു വീഡിയോ നിര്‍മിച്ച് ഷെയര്‍ ചെയ്തു. ഇന്‍ഡ്യാ മുന്നണിയുടെ ഹിന്ദുത്വ-ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിനും പോരാട്ടത്തിനും തുരങ്കംവയ്ക്കാന്‍ പ്രവര്‍ത്തിക്കുന്ന ദുഷ്ട ശക്തിയായാണ് വീഡിയോയില്‍ ഉവൈസിയെ അവതരിപ്പിച്ചത്. ഹിന്ദി ഹൃദയഭൂമിയില്‍ പലയിടത്തും ഇന്‍ഡ്യ മുന്നണിക്ക് തലവേദനയാണ് അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയെന്നും അവര്‍ മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുന്നത് ആര്‍ക്കുവേണ്ടിയെന്നുമുള്ള ചോദ്യമാണ് 'ഉവൈസിയുടെ രാഷ്ട്രീയം ബി.ജെ.പിക്ക് തുണയോ?' എന്ന ശീര്‍ഷകത്തിലുള്ള വീഡിയോ പരിശോധിച്ചത്. ഉവൈസി മുസ്‌ലിം വിഭാഗത്തോട് പകവീട്ടുകയാണോ അതോ മുസ്‌ലിം വിഭാഗത്തിനായി പോരാടാന്‍ കരുത്തുകൂട്ടുകയാണോ? രണ്ടായാലും ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍ ഗുണം ബി.ജെ.പിക്കാണെന്നും വീഡിയോ വിലയിരുത്തുന്നു: ഹിന്ദി ഹൃദയഭൂമിയിലേക്ക് കൂടുതല്‍ കടന്നുകയറുക, വോട്ട് ഷെയര്‍ കൂട്ടുക. അതാണ് അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം ലക്ഷ്യമിടുന്നത്. ആ ലക്ഷ്യത്തിനിടയില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കുന്നതോ ബി.ജെ.പിക്ക് ജയം എളുപ്പമാകുന്നതോ ഉവൈസിയുടെ പ്രശ്‌നമല്ല. തെലുങ്കാനയ്ക്കു പുറമെയുള്ള മുസ്‌ലിം ദലിത് പിന്നാക്ക വോട്ടുകളിലാണ് കണ്ണ്. ബിഹാര്‍, യു.പി ബെല്‍റ്റില്‍ 120 സീറ്റാണ് ഉള്ളത്-ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന മണ്ഡലങ്ങള്‍. ബി.ജെ.പി ആധിപത്യം മറികടന്ന് ഇന്‍ഡ്യ മുന്നണി വിജയം സ്വപ്നം കാണുന്നത് ചുരുക്കം സീറ്റുകളില്‍ മാത്രം. ഇത്തരം സീറ്റുകളില്‍ ഉവൈസിയുടെ പാര്‍ട്ടി ഒറ്റക്കോ സഖ്യമായോ മത്സരരംഗത്തുണ്ട്. ഇന്‍ഡ്യാ മുന്നണിയുടെ വോട്ടുകള്‍ വിഭജിച്ച് ബി.ജെ.പിയെ സഹായിക്കുകയാണ് ഉവൈസിയെന്ന ആരോപണം ശക്തമാണ്. ഉവൈസിയുടെ മുന്‍കാല ചെയ്തികള്‍ കാരണമാണ് ഇന്‍ഡ്യ മുന്നണി കൂടെക്കൂട്ടാത്തത്. ബി.ജെ.പിയുടെ ബി ടീമാണ് ഉവൈസിയുടെ പാര്‍ട്ടിയെന്ന ആരോപണം രാഹുലാണ് ഉന്നയിച്ചത്. ഇതോടെയാണ് കൂടുതല്‍ സീറ്റില്‍ മത്സരിക്കാന്‍ ഉവൈസിയും കരുക്കള്‍ നീക്കിയത്. ശിവസേനയെ കൂടെക്കൂട്ടിയവരാണ് തനിക്കെതിരേ ആരോപണമുന്നയിക്കുന്നതെന്നാണ് ഉവൈസിയുടെ മറുപടി. തന്റെ പാര്‍ട്ടിയില്‍ നിന്ന് ആരും ബി.ജെ.പിയിലേക്ക് പോയിട്ടില്ലെന്നും ഉവൈസി കോണ്‍ഗ്രസ്സിനെ കുത്തുന്നു. കഴിഞ്ഞ പല തെരഞ്ഞെടുപ്പിലും യു.പിയിലും ബീഹാറിലും ഉവൈസി ബി.ജെ.പി വിജയിച്ച സീറ്റുകളില്‍ അവരുടെ ഭൂരിപക്ഷത്തേക്കാള്‍ വോട്ട് പിടിച്ചു. ബി.ജെ.പിയുമായി പ്രത്യക്ഷത്തില്‍ കടുത്ത സംഘര്‍ഷം. ഉവൈസിയും കൂട്ടരും തെരഞ്ഞെടുപ്പുകളില്‍ സഹായിക്കുന്നത് ബി.ജെ.പിയെയാണ്. മതേതര വോട്ടുകളുടെ ഭിന്നിപ്പ് സംഘ്പരിവാറിന്റെ ലക്ഷ്യമാണ്. അതുകൊണ്ട് ഉവൈസിയെപ്പോലുള്ളവര്‍ നിലനില്‍ക്കേണ്ടതും വളരേണ്ടതും ബി.ജെ.പിയുടെകൂടി താല്‍പര്യമാണ്. (മെയ് 12, 2024, ദി ഫോര്‍ത്ത് ന്യൂസ്). പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരേ പ്രതികാര നടപടികള്‍ സ്വീകരിക്കുന്ന മോദി സര്‍ക്കാര്‍ ഉവൈസിക്കെതിരേ നടപടിയെടുക്കുന്നില്ലെന്ന രാഹുല്‍ഗാന്ധിയുടെ ചോദ്യം പ്രസക്തമാണെന്ന നിരീക്ഷണത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി മത്സരിച്ച ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ ഒരു ഘട്ടത്തില്‍ പോലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന തരത്തിലുള്ള ഇടപെടല്‍ ഉവൈസിയുടെ പാര്‍ട്ടിയോ അദ്ദേഹത്തിന്റെ സഖ്യകക്ഷികളോ നടത്തിയിട്ടില്ല എന്നതാണ് വസ്തുത. 2024 തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥികളില്ലാത്ത സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ ഉവൈസി ആഹ്വാനം ചെയ്തിരുന്നു.

ആരോപണം രണ്ട്: മുസ്‌ലിം വോട്ടുകള്‍ ചിതറിക്കുന്നു

ഫലപ്രഖ്യാപനത്തിന് രണ്ടാഴ്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ നികേഷ് കുമാര്‍ (മീറ്റ് ദി എഡിറ്റേഴ്സ്, തോല്‍പിച്ചത് ലീഗോ? 23 ജൂണ്‍ 2024) മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന കക്ഷിയായി ഉവൈസിയുടെ പാര്‍ട്ടിയുടെ പേര് ഒരു ചര്‍ച്ചക്കിടെ പരാമര്‍ശിച്ചിരുന്നു. മുസ്‌ലിം വോട്ടുകള്‍ ചിതറിക്കുക എന്ന അമിത് ഷായുടെ തന്ത്രമാണിതെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ഈ തീരുമാനത്തിനപ്പുറം പോയി മുസ്‌ലിംകള്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ക്ക് വോട്ടു ചെയ്തുവെന്നും പറയുന്നു. ഒപ്പം ബി.എസ്.പിയെയും നികേഷ് കുമാര്‍ പരാമര്‍ശിച്ചു.

ആരോപണം മൂന്ന്: ബി.ജെ.പി ചാരന്‍

ലോക്‌സഭയില്‍ സത്യപ്രതിജ്ഞക്കായി ഉവൈസി എഴുന്നേറ്റപ്പോള്‍ ബി.ജെ.പി എം.എല്‍.എമാര്‍ ജയ് ശ്രീറാം മുഴക്കിയാണ് അദ്ദേഹത്തോടുള്ള രോഷം തീര്‍ത്തത് (ജൂണ്‍ 25). ഫലസ്തീനും അംബേദ്കര്‍ക്കും തെലങ്കാനയ്ക്കുമൊക്കെ അഭിവാദ്യമര്‍പ്പിച്ചും അല്ലാഹു അക്ബറും വിളിച്ചാണ് ഉവൈസി സത്യപ്രതിജ്ഞാച്ചടങ്ങ് അവസാനിപ്പിച്ചത്. ജൂണ്‍ 28ാം തിയ്യതി ഉവൈസിയുടെ വീട് സംഘ്പരിവാര്‍ സംഘങ്ങള്‍ ആക്രമിച്ചു. ഈ സംഭവത്തെക്കുറിച്ച് മലയാളത്തിലെ യുട്യൂബര്‍ സുനിത ദേവദാസ് പറഞ്ഞത്, അദ്ദേഹം ബി.ജെ.പിയുടെ ചാരനാണെന്നും എല്ലാ ചാരന്മാരുടെയും ഗതി ഇതാണെന്നുമാണ്: സത്യപ്രതിജ്ഞക്കിടെ ഉവൈസി ജയ് ഫലസ്തീന്‍ മുദ്രാവാക്യം വിളിച്ചിരുന്നു. മറ്റു പല ബി.ജെ.പിക്കാരും ജയ് ഹിന്ദുരാഷ്ട്ര, ജയ് ഹെഡ്‌ഗേവാര്‍, ജയ് ശ്രീറാം എന്നൊക്കെ വിളിച്ചിരുന്നു. ചിലര്‍ മോദിക്കും ജയ് വിളിച്ചു. ആര്‍ക്കൊന്നും സംഭവിച്ചില്ല. ഇന്നലെ ഉവൈസിയുടെ വീട് ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഗേറ്റില്‍ അദ്ദേഹത്തിന്റെ പേരെഴുതിയതിനു മുകളില്‍ കരിയോയില്‍ ഒഴിച്ചു. ജയ് ശ്രീറാം വിളിച്ചു. മറുപടിയായി ഉവൈസി പറഞ്ഞു, ഒളിച്ചും പാത്തും പതുങ്ങിയുമുള്ള സവര്‍ക്കര്‍ പരിപാടി നിര്‍ത്തണം. നേര്‍ക്കുനേര്‍ വാ എന്ന് വെല്ലുവിളിച്ചു. മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ നിതീഷ് റാണെ ഉവൈസിയുടെ നാവറുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു.

ഉവൈസിയില്‍ ആളുകള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ട് പ്രത്യേകിച്ച് ആരും ഉവൈസിക്കു വേണ്ടി സംസാരിക്കുന്നില്ല. ഒരു ബഹളവുമുണ്ടാവുന്നില്ല. ഉവൈസി ബി.ജെ.പി ചാരനാണെന്ന് പൊതുവെ പരക്കെ സംസാരമുണ്ട്. അതുകൊണ്ട് മുസ്‌ലിംകളെ ഉവൈസിയെ ഒട്ടും പിന്തുണയ്ക്കുന്നില്ല. സംഘികള്‍ ഏതെങ്കിലും മുസ്‌ലിംകളെ പിന്തുണയ്ക്കുമോ-അതുകൊണ്ട് അവരുടെ പിന്തുണയും കിട്ടുന്നില്ല. സത്യം പറഞ്ഞാല്‍ ഇതിലൊരു മെജേസ് ഉണ്ട്. ബി.ജെ.പി തേനും പാലും വാഗ്ദാനം ചെയ്യുമ്പോള്‍ അതുകണ്ട് അങ്ങോട്ട് ചാഞ്ഞാല്‍ ഉവൈസിയുടെ അവസ്ഥ വരും. ഒരു പ്രശ്‌നം വരുമ്പോള്‍ കൂടെ നില്‍ക്കാന്‍ ആരുമുണ്ടാവില്ല. (സുനിത ദേവദാസ്, ജൂണ്‍ 29, 2024)


| പതിനെട്ടാം ലോക്‌സഭയില്‍ എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി.

വില്ലന്‍വേഷം: മായാവതിക്കും പ്രകാശ് അംബേദ്ക്കര്‍ക്കും

കേരളത്തില്‍ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഉവൈസിക്കെതിരേയുള്ള ആക്രമണത്തിനൊപ്പം രണ്ട് എതിരാളികളെക്കൂടി കണ്ടെത്തി-മായാവതിയും പ്രകാശ് അംബേദ്ക്കറും. ഇവര്‍ക്കെതിരേയുള്ള നിരവധി സാമൂഹികമാധ്യമ പ്രതികരണങ്ങളാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമുണ്ടായത്.

ഫലപ്രഖ്യാപനത്തിനു മുമ്പ് ഉവൈസിക്കെതിരേ വാര്‍ത്ത കൊടുത്ത ദി ഫോര്‍ത്ത് ന്യൂസ് ജൂണ്‍ നാലിന് ശേഷം മായാവതിയെയും പ്രകാശ് അംബേദ്ക്കറെയും പ്രതികളാക്കി. 'ആരാണ് ഇന്‍ഡ്യ മുന്നണിയെ യഥാര്‍ഥത്തില്‍ തോല്‍പ്പിച്ചതെന്നായിരുന്നു അവരുടെ ചോദ്യം?': ആരെല്ലാമാണ് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചത്. ബി.ജെ.പിക്കും ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തിനുമെതിരേ വാതോരാതെ സംസാരിക്കുന്ന മായാവതിയുടെ ബി.എസ്.പിയും പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയും സഹായിച്ചത് ബി.ജെ.പിയെത്തന്നെ. ബി.ജെ.പിയെ എതിര്‍ക്കുന്ന ഒട്ടുമിക്ക പാര്‍ട്ടികളും കൈകോര്‍ത്താണ് മത്സരിച്ചത്. എന്നാല്‍, ബി.ജെ.പിയെ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെട്ടിരുന്ന രണ്ട് പാര്‍ട്ടികള്‍ മറിച്ചൊരു നിലപാടെടുത്തു. അതാണ് ഈ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യയെ ഈ ഭരണത്തില്‍നിന്ന് അകറ്റി നിര്‍ത്തിയതും എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷത്തിന് വഴിയൊരിക്കിയതും. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും അംബേദ്ക്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്ക്കറുടെ പാര്‍ട്ടിയും. കഴിഞ്ഞ തവണ എട്ട് ഇടത്ത് എന്‍.സി.പി-കോണ്‍ഗ്രസ് സംഖ്യത്തെ വി.ബി.എ തോല്‍പ്പിച്ചു. ഇത്തവണ അഞ്ചിടത്തായി. ഇന്‍ഡ്യ മുന്നണിയില്‍ പങ്കെടുത്ത പ്രകാശ് അംബേദ്ക്കര്‍ അവസാന നിമിഷമാണ് സഖ്യത്തില്‍നിന്ന് പിന്‍മാറിയത്. എട്ട് സീറ്റെന്ന ആവശ്യം നിരസിച്ചതാണ് കാരണം. മുഖ്യപ്രതിപക്ഷമാവുമെന്ന വെല്ലുവിളിയോടെയാണ് ഒറ്റക്ക് മത്സരിച്ചത്. പിണങ്ങിപ്പോയത് വി.ബി.എക്ക് നഷ്ടമല്ലാതെ ഒന്നും സമ്മാനിച്ചില്ല. 25 മണ്ഡലങ്ങളില്‍ മത്സരിച്ച വി.ബി.എ മൂന്നാമതോ നാലാമതോ ആയി. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വിഹിതത്തില്‍ 64 ശതമാനത്തിന്റെ ഇടിവ്. പോരാത്തതിന് ബി.ജെ.പിയുടെ ബി ടീമെന്ന ചീത്തപ്പേരും ബാക്കിയായി. ഇന്‍ഡ്യക്കൊപ്പം ചേര്‍ന്നിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ ലോക്‌സഭയിലെത്തുകയും അവര്‍ക്ക് നിര്‍ണായക റോള്‍ തന്നെ ലഭിക്കുകയും ചെയ്യുമായിരുന്നു. (ഇന്‍ഡ്യയെ പിഴുതെറിഞ്ഞത് ഇവര്‍, ജൂണ്‍ 7, 2024, ദി ഫോര്‍ത്ത് ന്യൂസ്)

2013ല്‍ രജ്ദീപ് സര്‍ദേശായി എന്ന മാധ്യമ പ്രവര്‍ത്തകന്‍ മജ്ലിസിനും ഉവൈസിക്കും എതിരെ എഴുതിയ കുറിപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനു ഉവൈസി നല്‍കിയ പിന്തുണ സെക്കുലറിസത്തിന്റെ പരിധിയില്‍ വരില്ലെന്ന വിമര്‍ശനമുന്നയിച്ചിരുന്നു. അക്കാലത്ത് ആരുംതന്നെ അവരെ ബി.ജെ.പിയുടെ ബി ടീം എന്നു വിശേഷിപ്പിച്ചിരുന്നില്ല. 

സമാനമായ ആരോപണമാണ് മായാവതിക്കും ബി.എസ്.പിക്കുമെതിരേയും ഉയര്‍ത്തിയത്: മായാവതിയുടെ ചെയ്തി യു.പിയിലും മധ്യപ്രദേശിലും ഇന്‍ഡ്യാമുന്നണിയുടെ സാധ്യതയെ തല്ലിക്കെടുത്തി. യു.പിയില്‍ 14 ഇടത്തും മധ്യപ്രദേശില്‍ രണ്ടിടത്തും ബി.എസ്.പി വോട്ട് പിടിച്ചില്ലായിരുന്നെങ്കില്‍ ഇന്‍ഡ്യ മുന്നണിക്ക് പതിനെട്ട് സീറ്റുകള്‍ അധികം ലഭിക്കുമായിരുന്നു. ബി.ജെ.പിയുടെ സാധ്യതയും കുറയുമായിരുന്നു. വി.ബി.എയെപ്പോലെ ബി.എസ്.പിക്കും ഒറ്റക്കു മത്സരിക്കാനുള്ള തീരുമാനം തിരിച്ചടിയായി. കഴിഞ്ഞ തവണത്തേക്കാള്‍ ബി.എസ്.പിയുടെ വോട്ട് ചോര്‍ന്നുപോയി. അവര്‍ക്ക് പത്തു ശതമാനത്തിനും താഴെ വോട്ടാണ് ലഭിച്ചത്. ദലിത് വോട്ടുകള്‍ ബി.ജെ.പി സ്വാധീനം വ്യാപിച്ചതാണ് ബി.എസ്.പിക്ക് വിനയായത്. ബി.എസ്.പിയുടെ സിറ്റിങ് സീറ്റെല്ലാം ഇന്‍ഡ്യാ മുന്നണി പിടിച്ചെടുത്തു. മുസ്‌ലിംകള്‍ വോട്ട് ചെയ്യാതിരുന്നതാണ് പരാജയകാരണമെന്നാണ് മായാവതിയുടെ കണ്ടെത്തല്‍. വി.ബി.എയും ബി.എസ്.പിയും ഇന്‍ഡ്യക്കൊപ്പമായിരുന്നെങ്കില്‍ എന്‍.ഡി.എയുടെ സീറ്റ് 217ആയി ചുരുങ്ങുമായിരുന്നു. മോദിയെ പുറത്താക്കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതക്കും ചിറകു മുളച്ചേനെ. (ജൂണ്‍ 7, 2024, ഫോര്‍ത്ത് ന്യൂസ്)

ആരോപണത്തിലെ 'വസ്തുതകള്‍'

പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി മത്സരിച്ച ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ ഒരു ഘട്ടത്തില്‍ പോലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന തരത്തിലുള്ള ഇടപെടല്‍ ഉവൈസിയുടെ പാര്‍ട്ടിയോ അദ്ദേഹത്തിന്റെ സഖ്യകക്ഷികളോ നടത്തിയിട്ടില്ല എന്നതാണ് വസ്തുത. 2024 തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥികളില്ലാത്ത സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ ഉവൈസി ആഹ്വാനം ചെയ്തിരുന്നു.

ഉവൈസിക്കും പ്രകാശ് അംബേദ്ക്കര്‍ക്കുമെതിരേയുള്ള ആരോപണം പുതിയതല്ല. നേരത്തെയും ഇത് ഉയര്‍ന്നുവന്നിട്ടുണ്ട്. 2020 ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടിക്കെതിരേ ബി ടീം ആരോപണമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിയെപ്പോലുളളവരാണ് ഈ ആരോപണത്തിനു ചുക്കാന്‍ പിടിച്ചത്. എന്നാല്‍, 20 ഇടത്ത് മത്സരിച്ച് അഞ്ച് സീറ്റുകള്‍ നേടിയ ഉവൈസിക്കെതിരേയുള്ള ആരോപണങ്ങള്‍ക്ക് കണക്കുകളുടെ പിന്‍ബലമില്ലെന്ന് 2020ല്‍ നടത്തിയ വിശദമായ അന്വേഷണത്തിനുശേഷം ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു (നീല്‍ മാധവ്, അലിഷന്‍ ജാഫ്രി, ദി വയര്‍, നവംബര്‍ 22, 2020).  


| പ്രകാശ് അംബേദ്ക്കര്‍

 പ്രകാശ് അംബേദ്ക്കര്‍ക്കെതിരേയും ഇതേ ആരോപണം ആ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്നു. വഞ്ചിത് ബഹുജന്‍ അഘാഡിയെന്ന തന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സംവിധാനം ബി.ജെ.പിയുടെ ബി ടീമാണോയെന്ന പ്രചാരണത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടാവാം സഖ്യം വേണമോയെന്ന് തീരുമാനിക്കാനെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സഖ്യസാധ്യത തേടിയ കോണ്‍ഗ്രസ്സിനോട് പ്രകാശ് അംബേദ്കര്‍ തിരിച്ചടിച്ചു. (ഡൂള്‍ ന്യൂസ്, ജൂണ്‍ 4, 2019)

ഇവര്‍ക്കെതിരേ 18ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും സമാന ആരോപണം അഴിച്ചുവിട്ടു. പഴയ വിഭാഗങ്ങള്‍ത്തന്നെയാണ് ഇത്തവണയും ആരോപണവുമായി രംഗത്തുവന്നത്. തെലങ്കാനയില്‍ തങ്ങള്‍ മത്സരിക്കാത്ത സീറ്റുകളില്‍ ഇന്‍ഡ്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ ഉവൈസി, എ.ഐ.എം.ഐ.എം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത വാര്‍ത്ത (മെയ് 12, 2024, മഖ്തൂബ് മീഡിയ) പുറത്തുവന്നിട്ടും പ്രചാരകര്‍ നിലപാട് മാറ്റിയില്ല.

മായാവതിക്കും പ്രകാശ് അംബേദ്ക്കര്‍ക്കും ഉവൈസിക്കുമെതിരേ നടത്തിയ പ്രചാരണങ്ങള്‍ക്ക് കണക്കുകളുടെ പിന്‍ബലമില്ലെന്നതാണ് യാഥാര്‍ഥ്യം. ചുരുങ്ങിയത് അതൊരു വ്യാഖ്യാന പ്രശ്നമെങ്കിലുമാണ്. ഉദാഹരണത്തിന്, ഇക്കണോമിക്‌സ് ടൈംസിന്റെ കണക്കനുസരിച്ച് ബി.ജെ.പിക്ക് ലഭിച്ചിരുന്ന ദലിത് വോട്ടുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്-എസ്.പി മുന്നണിയുടെ വിജയസാധ്യത വര്‍ധിപ്പിച്ചതിനു പിന്നില്‍ ബി.എസ്.പിയാണ്. അവരുടെ വിശകലനം ഇങ്ങനെയാണ്: 2019 തെരഞ്ഞെടുപ്പില്‍ 17 എസ്.സി സംവരണ മണ്ഡലങ്ങളില്‍ 15 എണ്ണം ബി.ജെ.പിയും രണ്ട് എണ്ണം ബി.എസ്.പിയും നേടി. ഇത്തവണ ബി.ജെ.പിക്ക് എട്ട് സീറ്റിലേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. ബാക്കി ഏഴെണ്ണം എസ്.പിയും ഒരെണ്ണം കോണ്‍ഗ്രസ്സും നേടി. ബാക്കി ഒന്ന് ചന്ദ്രശേഖര്‍ ആസാദ് കരസ്ഥമാക്കി. 2019ല്‍ ബി.എസ.്പി നേടിയ സീറ്റാണ് ഇത്തവണ ചന്ദ്രശേഖര ആസാദ് പിടിച്ചെടുത്തത്. രണ്ടാമത്തെ സീറ്റ് എസ്.പിയും വിജയിച്ചു. ബി.ജെ.പിക്ക് ലഭിച്ച ദലിത് വോട്ടുകള്‍ ബി.എസ്.പി പിടിച്ചെടുത്തതുമൂലമാണ് എസ്.പി-കോണ്‍ഗ്രസ് മുന്നണിക്ക് ജയിക്കാന്‍ കഴിഞ്ഞതെന്നാണ് വിലയിരുത്തല്‍ (കുമാര്‍ അന്‍ഷുമാന്‍, ഇക്കണോമിക് ടൈംസ് ജൂണ്‍ 6, 2024). 


| മായാവതി

 ബി.ജെ.പിയുടെ ബി ടീം: നാള്‍വഴികള്‍

ഉവൈസിക്കെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളുടെ ഏറ്റവും സംഘടിത രൂപമാണ് ബി.ജെ.പിയുടെ ബി ടീം. ഈ പ്രയോഗത്തിന്റെ ചരിത്രം വ്യത്യസ്തമാണ്. 2012-ല്‍ അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ ബി.ജെ.പിയുടെ ടീം ബി (ബി.ജെ.പി'സ് ടീം ബി) എന്നു വിളിക്കുന്ന ഒരു ലേഖനം ധിരേന്ദ്ര കെ ഝാ എഴുതിയിരുന്നു (ഓപണ്‍ ദി മാഗസിന്‍, 9 ഫെബ്രുവരി 2012 ). കോണ്‍ഗ്രസ് അക്കാലത്ത് ഉവൈസിയുടെ പാര്‍ട്ടിയെ ബി.ജെ.പിയുടെ ബി ടീം എന്നു വിളിച്ചിരുന്നില്ല. 1998 മുതല്‍ 2012 വരെ കോണ്‍ഗ്രസിന്റെ കൂടെ പല രീതിയില്‍ സഖ്യ കക്ഷിയായിരുന്നു ഉവൈസി (ബര്‍ഖ ദത്ത്, ഡിവൈഡ് & വിന്‍, 25 ഒക്ടോബര്‍ 2014, ഹിന്ദുസ്ഥാന്‍ ടൈംസ്). 2013ല്‍ രജ്ദീപ് സര്‍ദേശായി എന്ന മാധ്യമ പ്രവര്‍ത്തകന്‍ മജ്ലിസിനും ഉവൈസിക്കും എതിരെ എഴുതിയ കുറിപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനു ഉവൈസി നല്‍കിയ പിന്തുണ സെക്കുലറിസത്തിന്റെ പരിധിയില്‍ വരില്ലെന്ന വിമര്‍ശനമുന്നയിച്ചിരുന്നു (വീ മസ്റ്റ് സ്പീകപ് നൗ, 11 ജനുവരി 2013, ഹിന്ദുസ്ഥാന്‍ ടൈംസ്). അക്കാലത്ത് ആരുംതന്നെ അവരെ ബി.ജെ.പിയുടെ ബി ടീം എന്നു വിശേഷിപ്പിച്ചിരുന്നില്ല.

2014 - ലാണ് ഉവൈസിയെ ബി.ജെ.പിയുടെ ബി ടീം എന്ന് ആക്ഷേപിച്ച് തുടങ്ങിയത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലാണ് സംഭവം. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന പ്രഥ്വിരാജ് ചവാനാണ് ഉവൈസിയെയും എം.ഐ.എം.ഐ.എമ്മിനെയും ബി.ജെ.പിയുടെ ബി ടീം എന്നു ആക്ഷേപിച്ചത് (ടൈംസ് ഓഫ് ഇന്ത്യ, 9 ഒക്ടോബര്‍ 2014). കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് താല്‍പര്യങ്ങളെ ഹനിക്കുന്നതാണ് മുഖ്യകാരണം. അക്കാലത്ത് കോണ്‍ഗ്രസ് നേതാവ് പ്രനിതി ഷിന്‍ഡെ മജ്ലിസിനെ നിരോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ബി.ജെ.പിയുടെ എ ടീം

ബി ടീം ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ് ഒഴികെയുള്ള എല്ലാ കക്ഷികളും പല സാഹചര്യത്തിലും നേരിട്ടു തന്നെ ബി.ജെ.പിക്ക് പിന്തുണ കൊടുത്ത കക്ഷികളാണ്. ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും തരാതരം അടുപ്പവും അകലവും പുലര്‍ത്തുന്ന പാര്‍ട്ടികളാണ് ഇവ. ഈ വിഭാഗത്തെയും കോണ്‍ഗ്രസ് നേതാക്കളുടെ ഹിന്ദുത്വ ചാഞ്ചാട്ടങ്ങളെയും കുറിക്കാനാണ് ഷര്‍ജീല്‍ ഉസ്മാനി 'ബി.ജെ.പിയുടെ എ ടീം' എന്ന പ്രയോഗം വികസിപ്പിച്ചത് ( Why I think Congress is the A team of BJP, സ്‌ക്രോള്‍, 19 ഡിസംബര്‍ 2018).

2014നു ശേഷം മഹാരാഷ്ട്രയിലെ മന്ത്രിമാരും എം.എല്‍.എമാരും അടക്കം നിരവധി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്നതാണ് വസ്തുത: രാധാകൃഷ്ണ വിക്ഹെ പാട്ടില്‍, ഹര്‍ഷവര്‍ധന്‍ പാട്ടില്‍, കളിദാസ് കൊലമ്പ്കര്‍, ജയ്കുമാര്‍ ഗോറെ തുടങ്ങിയവര്‍. അശോക് ചവാന്‍ എന്ന കോണ്‍ഗ്രസിന്റെ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി തന്നെ ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ഒരു പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പി വിരുദ്ധ നിലപാട് എടുക്കുന്നവരാണ്. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ബി. ജെ.പിയുടെ ഭാഗമായി മാറുന്നുണ്ട്.

പേരില്‍ ആള്‍-ഇന്ത്യ എന്നുണ്ടെങ്കിലും ഹൈദരാബാദ് കേന്ദ്രീകരിച്ച ഒരു പ്രാദേശിക പാര്‍ട്ടിയായിരുന്നു മജ്‌ലിസ്. ദരിദ്രരുടെ പാര്‍ട്ടിയായ മജ്ലിസിനെ റിക്ഷാവാലാ കി ജമാഅത്ത് (റിക്ഷ വലിക്കാരുടെ പാര്‍ട്ടി) എന്നാണ് വിളിച്ചിരുന്നത്. ഈ വിളിപ്പേര് പാര്‍ട്ടിയോടുള്ള മധ്യ/ഉപരിവര്‍ഗത്തിന്റെ പുച്ഛവുംകൂടി പ്രതിഫലിപ്പിച്ചിരുന്നു.

മുമ്പ് ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തിച്ച ശിവസേന മുതല്‍ ഇപ്പോള്‍ ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തിക്കുന്ന നിതീഷ് കുമാര്‍ വരെ ഉവൈസിയുടെ പാര്‍ട്ടിയെ ബി.ജെ.പിയുടെ ബി ടീം എന്നു വിളിച്ച ചരിത്രമുണ്ട്. 2014-ല്‍ നിയമസഭാ ഇലക്ഷന്‍ വിജയിച്ച ബി.ജെ.പി മഹരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത് ഇപ്പോള്‍ ഇന്‍ഡ്യ മുന്നണിയിലുള്ള എന്‍.സി.പി പിന്തുണയോടെയായിരുന്നു. മഹാരാഷ്ട്രയില്‍ 60 ലക്ഷം മുസ്‌ലിം വോട്ടാണ്. ഉവൈസി അഞ്ചര ലക്ഷം വോട്ട് നേടി. രണ്ടു സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 2014-ല്‍ മഹാരാഷ്ട്ര ഇലക്ഷനില്‍ ഉവൈസി വിജയപ്പോള്‍ ഒരു ഹിന്ദു വിരുദ്ധ ശക്തിയാണ് വിജയിച്ചതെന്നു പറഞ്ഞത് ഇപ്പോള്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാഗമായ ശിവസേന നേതാവ് ഉദ്ധവ് താക്കറേയായിരുന്നു (ഇന്‍ഡ്യ ടുഡേ, 11 നവംബര്‍ 2014). കോണ്‍ഗ്രസ് തന്നെ ബി.ജെ.പിയുടെ ബി ടീം എന്നു വിളിച്ച പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി (1 നവംബര്‍ 2022, ദി ഹിന്ദു). ഇപ്പോള്‍ അവരും ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാണ്. 2015-ല്‍ മുതല്‍ 2023 വരെയുള്ള കാലത്ത് ജെ.ഡി യുനൈറ്റഡ് നേതാവ് നിതീഷ് കുമാറും ബിഹാര്‍ ഇലക്ഷന്‍ കാലത്ത് ഉവൈസിയെ ബി.ജെ. പിയുടെ ബി ടീം എന്നു വിളിച്ചിരുന്നു (8 ഒക്ടോബര്‍ 2023, ടൈംസ് ഓഫ് ഇന്ത്യ). ബീഹാറില്‍ നിതീഷ് കുമാര്‍, കോണ്‍ഗ്രസ്, സി.പി.എം അടക്കമുള്ളവരുടെകൂടെ ആയ കാലത്താണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. 2021-ല്‍ ബംഗാള്‍ ഇലക്ഷന്‍ സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസും ഉവൈസിയെ ബി.ജെ.പിയുടെ ബി ടീം എന്നു വിമര്‍ശിച്ചു (11 നവംബര്‍ 2021, ട്രൈബ്യൂണ്‍ ഇന്ത്യ).

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് ഇന്‍ഡ്യാമുന്നണിയുമായി ചേര്‍ന്നല്ല മത്സരിച്ചത്. ഒരേ സീറ്റില്‍ തൃണമൂലും കോണ്‍ഗ്രസ്-സി.പി.എം ഇന്‍ഡ്യാ മുന്നണി സഖ്യവും ബി.ജെ.പിയും നേര്‍ക്കുനേര്‍ മത്സരിച്ചു. പലയിടങ്ങളിലും ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്തിയത് ഈ കൂട്ടുകെട്ടാണെന്ന് വസ്തുതയാണ്. ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ കണക്കനുസരിച്ച് 12 ശതമാനം വോട്ട് ഷെയര്‍ നേടിയ ഇവര്‍ 12 മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ തോല്‍വി ഉറപ്പുവരുത്തി. ഈ മണ്ഡലങ്ങളില്‍ തൃണമൂലാണ് വിജയിച്ചത്. എന്നാല്‍, മൂന്നു നാലിടത്ത് ബി.ജെ.പി വിജയത്തിന് കാരണമായത് കോണ്‍ഗ്രസ്-ഇടത് സ്ഥാനാര്‍ഥികളാണെന്ന് ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ ബംഗാളിലെ ബാലൂര്‍ഘട്ട്, റൈഗുഞ്ച്, മാല്‍ദാഹ ഉത്തര്‍ തുടങ്ങിയ സീറ്റുകളിലാണ് ഇതുണ്ടായത് (ഇന്ത്യന്‍ എക്‌സ്പ്രസ്, ജൂണ്‍ 6, 2024). ഉത്തര്‍പ്രദേശില്‍ സി. പി.എം, ഇന്‍ഡ്യ മുന്നണിക്കെതിരെ സ്ഥാനര്‍ഥികളെ നിറുത്തിയെന്ന് എം.കെ മുനീറും ആരോപിച്ചിരുന്നു (27 ജൂണ്‍ 2024, ചന്ദ്രിക). 


| അസദുദ്ദീന്‍ ഉവൈസി പിതാവ് സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഉവൈസിയോടൊപ്പം

ഔറംഗബാദ് സീറ്റില്‍ സിറ്റിങ് എം.പിയായിരുന്ന ഉവൈസിയുടെ പാര്‍ട്ടി നേതാവ് ഇംതിയാസ് ജലീല്‍ ഇത്തവണ പരാജയപ്പെട്ടു. ഇവിടെ വിജയിച്ചത് എന്‍.ഡി.എയാണ്. ഇംതിയാസ് രണ്ടാംസ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തെത്തിയത് ഇന്‍ഡ്യ മുന്നണിയാണ്. ഫലത്തില്‍ ഇവിടെ ബി.ജെ.പിയുടെ വിജയത്തിന് കാരണമായത് ഇന്‍ഡ്യ മുന്നണിയാണ് (കടപ്പാട്: മഖ്തൂബ് മീഡിയ എഡിറ്റര്‍ അസ്‌ലഹ് കയ്യലകത്ത്, ജൂണ്‍ 7, 2024, എഫ്.ബി).

മറ്റൊരു സ്ഥലം കേരളമാണ്. കേരളത്തില്‍നിന്ന് എന്‍.ഡി.എ വിജയിച്ച ഏക സീറ്റായ തൃശൂരില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയത് ഇന്‍ഡ്യ മുന്നണിയിലെ അംഗങ്ങളായ ഇടതുപക്ഷവും കോണ്‍ഗ്രസ്സുമാണ്. തീര്‍ച്ചയായും ഹിന്ദുത്വവിരുദ്ധരുടെ വോട്ടുകള്‍ വിഭജിച്ചത് തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം എളുപ്പമായി.

ആള്‍ ഇന്ത്യ മജ്ലിസെ - ഇത്തിഹാദുല്‍ മുസ്‌ലിമീന്‍: ഉവൈസിയുടെ പാര്‍ട്ടി

1948ല്‍ ഹൈദരാബാദ് സ്റ്റേറ്റില്‍ നടന്ന പട്ടാള ആക്ഷനില്‍ വന്‍ തോതില്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു. അതോടൊപ്പം മുസ്‌ലിംകളെ വ്യാപകമായി സര്‍ക്കാര്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ഭരണകൂട ഹിംസ, തൊഴിലില്ലായ്മ, ദാരിദ്യം, കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്ന ഈ ഘട്ടത്തിലാണ് 1957ല്‍ സലാഹുദ്ദീന്‍ ഉവൈസി ആള്‍ ഇന്ത്യ മജ്ലിസെ- ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (മജ്ലിസ് എന്ന ചുരുക്ക പേരില്‍ ഹൈദരാബാദില്‍ അറിയപ്പെടുന്നു) രൂപീകരിക്കുന്നത്. 1956ല്‍ ആന്ധ്രപ്രദേശ് രൂപീകരിച്ചതോടെ ഒരു മതന്യൂനപക്ഷം മാത്രമല്ല, തെലുഗു സംസാരിക്കുന്ന സംസ്ഥാനത്ത് ഉറുദു സംസാരിക്കുന്ന മുസ്‌ലിംകളില്‍ ഒരു വിഭാഗം ഭാഷാന്യൂനപക്ഷവുമായി മാറി.

ദക്ഷിണേന്ത്യയില്‍ മുസ്‌ലിം ലീഗ് രൂപീകരിച്ചപ്പോള്‍ നിലനിന്ന അതേ എതിര്‍പ്പുകള്‍ മജ്ലിസിനെതിരെയും രൂപപ്പെട്ടു. സ്വാതന്ത്ര്യത്തിനും മുമ്പു സ്വീകരിച്ച നിലപാടുകള്‍ നോക്കി സെപറേറ്റിസ്റ്റ് എന്നവരെ മുദ്രകുത്തിയത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സായിരുന്നു. എന്നാല്‍, ഹിന്ദു മഹാസഭയുമായും സവര്‍ക്കറുമായും ഒക്കെ ബന്ധം സ്ഥാപിച്ച, കൊളോണിയല്‍കാല ചരിത്രമുള്ള കോണ്‍ഗ്രസിനു പക്ഷേ, ഭൂതകാലത്തിന്റെ പരിമിതികള്‍ ബാധകമല്ലായിരുന്നു. അതു ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തിന്റെ കാര്യത്തിലേ പരിശോധിക്കാറുള്ളൂ.

പേരില്‍ ആള്‍-ഇന്ത്യ എന്നുണ്ടെങ്കിലും ഹൈദരാബാദ് കേന്ദ്രീകരിച്ച ഒരു പ്രാദേശിക പാര്‍ട്ടിയായിരുന്നു മജ്‌ലിസ്. ദരിദ്രരുടെ പാര്‍ട്ടിയായ മജ്ലിസിനെ റിക്ഷാവാലാ കി ജമാഅത്ത് (റിക്ഷ വലിക്കാരുടെ പാര്‍ട്ടി) എന്നാണ് വിളിച്ചിരുന്നത്. ഈ വിളിപ്പേര് പാര്‍ട്ടിയോടുള്ള മധ്യ/ഉപരിവര്‍ഗത്തിന്റെ പുച്ഛവുംകൂടി പ്രതിഫലിപ്പിച്ചിരുന്നു. ഉപരിവര്‍ഗ/മധ്യവര്‍ഗ മുസ്‌ലിംകളുടെ വിശ്വാസം നേടിയെടുക്കാന്‍ പാര്‍ട്ടിക്കു എണ്‍പതുകളില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെയും ദലിത് ബഹുജന്‍ പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ചയുടെയും ഹിന്ദുഭൂരിപക്ഷവാദത്തിന്റെ പുതിയ ഘട്ടത്തിന്റെയും കാലം വരെ കാത്തിരിക്കേണ്ടി വന്നു (വിശദ വായനക്ക്: Suneetha, A., and M. A. Moid. 2019. 'Mediating Muslim Citizenship? AIMIM and its Letters.' Contemporary South Asia 27 (1): 11732) . 


ബി.ജെ.പിയുടെ ബി ടീം: ആരോപണത്തിന്റെ പശ്ചാത്തലം

1962ല്‍ എം.എല്‍.എയായ സലാഹുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി 1984ല്‍ ലോക്‌സഭയിലെത്തി. 2023ല്‍ തെലങ്കാന അസംബ്ലിയില്‍ ഏഴ് എം.എല്‍.എമാരുള്ള പാര്‍ട്ടിയായി. പഴയ വൈരങ്ങള്‍ മറന്ന് 2004ലും 2014ലും കേന്ദ്രത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്ക് പുറത്തുനിന്നു പിന്തുണ നല്‍കിയ ചരിത്രവും മജ്ലിസിനുണ്ട്. അസദുദ്ദീന്‍ ഉവൈസി എന്ന വ്യക്തി ഉയര്‍ന്നുവരുന്നത് 2004ലെ ഇന്ത്യന്‍ പാര്‍ലമെന്റ് രാഷ്ട്രീയത്തിലൂടെയാണ്. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭരണഘടന, നിയമം എന്നിവയിലുള്ള പരിജ്ഞാനവും ന്യൂനപക്ഷ രാഷ്ട്രീയവും സമന്വയിപ്പിച്ചു ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുസ്‌ലിം ന്യൂനപക്ഷ അവകാശങ്ങള്‍ക്കും ദലിത് പിന്നോക്ക അവകാശങ്ങള്‍ക്കും വേണ്ടിയുള്ള ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയതോടെ പുതിയൊരു രാഷ്ട്രീയശബ്ദമായി മജ്‌ലിസ് മാറി. ഒരു പ്രാദേശിക മുസ്‌ലിം ന്യൂനപക്ഷ പാര്‍ട്ടി എന്ന നിലയില്‍ സെപറേറ്റിസ്റ്റ് എന്ന മുദ്രയാണ് ആദ്യ കാലങ്ങളില്‍ മജ്‌ലിസ് ഏറ്റുവാങ്ങിയതെങ്കില്‍ 2014 നുശേഷം ബി.ജെ.പിയുടെ ബി ടീം എന്ന പുതിയ ആരോപണം ദേശീയ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയതോടെ ലഭിച്ചു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുനിസിപ്പല്‍, നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും പല സന്ദര്‍ഭങ്ങളിലും വിജയം നേടുകയും ചെയ്തതോടെ അത് ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു.

എന്നാല്‍, ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് തുടര്‍ന്നു പോന്നിരുന്ന ന്യൂനപക്ഷ വിരുദ്ധത തുറന്ന് കാട്ടുമ്പോള്‍ തന്നെ അസദുദ്ദീന്‍ ഉവൈസിയുടെ ഇടപെടലുകള്‍ പ്രതിപക്ഷ കക്ഷികളെ പ്രതിസന്ധിയിലാക്കി. വിശിഷ്യാ കോണ്‍ഗ്രസ് ഇതുവരെ പിന്തുടര്‍ന്ന ന്യൂനപക്ഷ പ്രാതിനിധ്യ വിരുദ്ധ നിലപാടുകള്‍ ഉവൈസി തുറന്നുകാട്ടിയതോടുകൂടി ദേശീയതലത്തില്‍ തന്നെ അദ്ദേഹത്തെ കുറിച്ചു വലിയ ചര്‍ച്ചകള്‍ വികസിച്ചു. ഹിന്ദുത്വ വിരുദ്ധത മാത്രമല്ല ന്യൂനപക്ഷ ദലിത് പിന്നാക്ക പ്രതിനിധാനവും ഒരേസമയം ഉന്നയിക്കാന്‍ ഉവൈസി ശ്രമമാരംഭിച്ചതോടെ പുതിയ ചര്‍ച്ചകള്‍ ആരംഭിച്ചു.

മുസ്‌ലിം ലീഗും മജിലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും അസദുദ്ദീന്‍ ഉവൈസിയെ കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും നിലനിന്നിരുന്നു. കേരളത്തിലെ മാധ്യമങ്ങളും അതില്‍ നിന്നും മുക്തമായിരുന്നില്ല. ദേശീയതലത്തില്‍ നോക്കുകയാണെങ്കില്‍ ഈ ലോക്‌സഭയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ മൂന്ന് എം.പിമാരും ഹൈദരാബാദില്‍ നിന്നും അസദുദ്ദീന്‍ ഉവൈസിയുമാണ് മുസ്‌ലിംകളെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ത്തന്നെ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെ കുറിച്ച് ഏറെ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയത് ബി.ജെ.പിയാണെങ്കില്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) എന്ന പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ കുറിച്ചു വിമര്‍ശനങ്ങളുയര്‍ത്തിയത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടിയാണ്.

ഇതിന്റെ ഭാഗമായാണ് അസദുദ്ദീന്‍ ഉവൈസിയെ കുറിച്ച് ബി.ജെ.പിയുടെ ബി ടീം എന്ന് പറയുന്ന ഒരു പ്രയോഗം വികസിച്ചത്. പലപ്പോഴും ഇന്‍ഡ്യ മുന്നണിയുടെ ഉത്തരേന്ത്യയിലെ ന്യൂനപക്ഷവിരുദ്ധ പ്രശ്‌നങ്ങളെ തുറന്നു കാട്ടുന്ന ഒരു പാര്‍ട്ടി എന്ന നിലക്ക്, കേരളത്തിലും തമിഴ്‌നാട്ടിലും മാത്രം കേന്ദ്രികരിക്കുന്ന മുസ്‌ലിം ലീഗിനെക്കാള്‍ കൂടുതല്‍ ശത്രുത മജ്‌ലിസിനോട് കോണ്‍ഗ്രസ്സിനുണ്ടായി. മാത്രമല്ല, മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍നിന്നാണ് മിക്കവാറും മുസ്‌ലിം സ്ഥാനാര്‍ഥികള്‍ വിജയിച്ചത് എന്നതും വാസ്തുതയാണ്. കോണ്‍ഗ്രസ്സിന്റെ ഇത്തരം ന്യൂനപക്ഷ മുസ്‌ലിം പ്രാതിനിധ്യത്തെ സംബന്ധിച്ച നിലപാടിലെ ഇരട്ടത്താപ്പ് ഉത്തരേന്ത്യയില്‍ തുറന്നുകാട്ടുന്നതു കൊണ്ടാണ് ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ലീഗിനെക്കാള്‍ വലിയൊരു പ്രശ്നമായി അസദുദ്ദീന്‍ ഉവൈസിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും കോണ്‍ഗ്രസ്സും ബി.ജെ.പിയും എതിര്‍ക്കുന്നത്. ബി.ജെ.പിയെ സംബന്ധിച്ച് ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തിന്റെ ഏക ദേശീയ ബദല്‍ എന്ന നിലക്ക് ഉവൈസി അവരുടെ ദേശീയവ്യവഹാരങ്ങള്‍ക്ക് ഒതുങ്ങാത്ത മുസ്‌ലിം ന്യൂനപക്ഷപ്രതിനിധാനമാണ്. മുസ്‌ലിംകളുടെ വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്നു അകറ്റുന്ന കക്ഷിയായി അസദുദ്ദീന്‍ ഉവൈസിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും കോണ്‍ഗ്രസ് കാണാനും തുടങ്ങി.

മുസ്‌ലിം ഐസൊലെഷനും കോണ്‍ഗ്രസും: ഒരു ചരിത്രം

കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ടു പദ്ധതിയനുസരിച്ച് രാജ്യത്തെ ബഹുവംഗ നിയോജക മണ്ഡലങ്ങളായി വിഭജിക്കുന്നു. ഓരോ നിയോജക മണ്ഡലത്തിലും ഏറ്റവും ചുരുങ്ങിയത് മൂന്ന് സീറ്റുകളെങ്കിലും ഉണ്ടായിരിക്കണമെന്നാണ് ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയില്‍ ഉണ്ടായിരുന്നത്. 1940 വരെ മുസ്‌ലിം ന്യൂനപക്ഷ പ്രാതിനിധ്യം ഭരണകൂടത്തില്‍ ഉറപ്പുവരുത്താന്‍ ഈ വ്യവസ്ഥ സഹായിച്ചു (ഹിലാല്‍ അഹമദ്, സിയാസി മുസ്‌ലിം: എ സ്റ്റോറി ഓഫ് പൊളിറ്റിക്കല്‍ ഇസ്‌ലാം ഇന്‍ ഇന്ത്യ, പെന്‍ഗ്വിന്‍, 2019) .

എന്നാല്‍, ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പോടെ പല നിയോജകമണ്ഡലങ്ങളിലായി സമ്മതിദായകര്‍ രേഖപ്പെടുത്തുന്ന മൊത്തം വോട്ടുകളുടെ അനുപാതത്തിനനുസരിച്ച് ജനപ്രതിനിധിസഭയിലെ ആകെയുള്ള സീറ്റുകള്‍ വിവിധ കക്ഷികള്‍ക്കായി വിഭജിക്കുന്ന തെരഞ്ഞെടുപ്പു രീതി ഇല്ലാതായി. പകരം ഓരോ ഏകാംഗ നിയോജകമണ്ഡലത്തില്‍നിന്നും ഏറ്റവുമധികം വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ഥിയെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുന്ന 'ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ് വോട്ടിംഗ്' വ്യവസ്ഥ നിലവില്‍വന്നു. ഒരു സീറ്റില്‍ കേവല ഭൂരിപക്ഷം നേടി ജയിക്കുന്ന സ്ഥാനാര്‍ഥി ഭൂരിപക്ഷത്തെയല്ല, ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ടു ചെയ്ത ന്യൂനപക്ഷത്തെയായിരിക്കും പ്രതിനിധാനം ചെയ്യുക. ഇതാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വ്യവസ്ഥ. എങ്കിലും ഓരോ മണ്ഡലത്തിലും ഭൂരിപക്ഷമുള്ള സാമുദായിക വിഭാഗങ്ങള്‍ ആര്‍ക്കാണ് കേവല ഭൂരിപക്ഷം ലഭിക്കുന്നതെന്ന് നിരന്തരം ഉറപ്പു വരുത്തി. ഈ സംവിധാനം ഏറെ സഹായിച്ചത് മതേതരരും ദേശീയരും ആയിരിക്കത്തന്നെ സമുദായ താല്‍പര്യം സംരക്ഷിക്കാന്‍ കഴിയുന്ന ഹിന്ദു സവര്‍ണ വിഭാഗങ്ങളുടെ രാഷ്ട്രീയത്തിനായിരുന്നു.

മുസ്‌ലിം ആനുപാതിക പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെ തകര്‍ച്ച ഏറ്റവും കൂടുതല്‍ സഹായിച്ചത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനെയാണ്. അതിന്റെ കാരണങ്ങള്‍ ചരിത്രപരമായിരുന്നു. ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ നഷ്ടപ്പെട്ട 1951 മുതലുള്ള ഒരു തെരഞ്ഞെടുപ്പിലും ഇന്ത്യന്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് തുല്യ പ്രാതിനിധ്യം ലഭിച്ചിച്ചിട്ടില്ല. കാരണം, ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ ഇല്ലായതോടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പ്രാതിനിധ്യം ഇല്ലാതായി.

ഈ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ മറ്റ് സാമൂഹിക വിഭാഗങ്ങളെപ്പോലെ രാജ്യത്തുടനീളമുള്ള നിയോജകമണ്ഡല തലങ്ങളില്‍ പ്രതിബദ്ധതയുള്ള വോട്ടര്‍മാരുടെ വിവിധ കമ്യൂണിറ്റികള്‍ രൂപീകരിച്ചു. എന്നിരുന്നാലും, മുസ്‌ലിം വോട്ടര്‍മാരെക്കുറിച്ചുള്ള പൊതുധാരണ മറ്റ് സാമൂഹിക വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. വളരെയധികം പ്രാദേശിക വൈവിധ്യങ്ങളുള്ള മുസ്‌ലിം വോട്ടര്‍മാരെ പ്രാദേശികവത്കരിച്ചു കാണുന്നതിനു പകരം, മുസ്‌ലിം വോട്ടിംഗിനെ ദേശീയ തലത്തില്‍ വ്യാഖ്യാനിച്ചു. അതിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ടായിരുന്നു (ഹിലാല്‍ അഹമദ്, സിയാസി മുസ്‌ലിം: എ സ്റ്റോറി ഓഫ് പൊളിറ്റിക്കല്‍ ഇസ്‌ലാം ഇന്‍ ഇന്ത്യ, പെന്‍ഗ്വിന്‍, 2019).

ഒന്നാമതായി, വിഭജനവും പാകിസ്ഥാന്‍ രൂപീകരണവും പോസ്റ്റ് കൊളോണിയല്‍ മുസ്‌ലിം സ്വത്വത്തില്‍ ദീര്‍ഘമായി നിലനില്‍ക്കുന്ന സ്വാധീനം സൃഷ്ടിച്ചു. രാഷ്ട്രീയ വിഘടനവാദത്തിനും രാജ്യത്തിന്റെ വിഭജനത്തിനുപോലും ഉത്തരവാദികളായി സാധാരണ മുസ്‌ലിംകള്‍ ചിത്രീകരിക്കപ്പെട്ടു (ഹിലാല്‍ അഹമദ്, സിയാസി മുസ്‌ലിം: എ സ്റ്റോറി ഓഫ് പൊളിറ്റിക്കല്‍ ഇസ്‌ലാം ഇന്‍ ഇന്ത്യ, പെന്‍ഗ്വിന്‍, 2019). വിഭജനത്തിനു ശേഷമുണ്ടായ അക്രമങ്ങള്‍ മുസ്‌ലിംകള്‍ക്ക് പൂര്‍ണ്ണ പൗരന്മാരായി പൊതുജീവിതത്തില്‍ പങ്കെടുക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കി. ദേശീയതയും ദേശക്കൂറും തെളിയിക്കാന്‍ അവരോട് പലപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഈ മുസ്‌ലിം വിരുദ്ധ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍, രാഷ്ട്രീയ പ്രക്രിയകളുടെ വിവിധ ഘട്ടങ്ങളില്‍ മുസ്‌ലിം പങ്കാളിത്തം ഏകതാനമായ, കൂട്ടായ സമൂഹ പ്രതികരണമായി കരുതപ്പെട്ടു.

രണ്ടാമതായി, വിഭജനത്തിന് തൊട്ടുപിന്നാലെ 'മുസ്‌ലിം ഒറ്റപ്പെടല്‍' (മുസ്‌ലിം ഐസൊലെഷന്‍) എന്നത് മുസ്‌ലിം രാഷ്ട്രീയത്തെ നിര്‍വചിക്കുന്ന രൂപകമായി മാറി (ഹിലാല്‍ അഹമദ്, സിയാസി മുസ്‌ലിം: എ സ്റ്റോറി ഓഫ് പൊളിറ്റിക്കല്‍ ഇസ്‌ലാം ഇന്‍ ഇന്ത്യ, പെന്‍ഗ്വിന്‍, 2019). മുസ്‌ലിംകളെ അഭിസംബോധന ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്റു പതിവായി ഈ വാക്ക് ഉപയോഗിച്ചിരുന്നു. മുസ്‌ലിംകളുടെ ജീവനും സ്വത്തും ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ സുരക്ഷിതമാണെന്ന് ഉറപ്പുനല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കളായ നെഹ്റുവും അബുല്‍ കലാം ആസാദും ഈ വ്യവഹാര മാതൃക ഉപയോഗിച്ചിരുന്നു.

മറുവശത്ത്, മുസ്‌ലിംകള്‍ തങ്ങളുടെ ഇസ്‌ലാമിക മനോഭാവം ഉപേക്ഷിച്ച് ഭാരതീയ മുസ്‌ലിംകളായി ദേശീയ മുഖ്യധാരയില്‍ പങ്കാളികളാകണമെന്ന വാദത്തിന് പരിഹാരമായി ഹിന്ദു വലതുപക്ഷവാദികള്‍ 'മുസ്‌ലിം ഒറ്റപ്പെടല്‍' ഉപയോഗിച്ചു. നേരിട്ടു രാഷ്ട്രീയം കൈകാര്യം ചെയ്യാത്ത മുസ്‌ലിം സമുദായ സംഘടനകളും ഭരണകൂടവുമായി വിലപേശാന്‍ 'മുസ്‌ലിം ഒറ്റപ്പെടല്‍' എന്ന രൂപകത്തെ ഉപയോഗിച്ചിരുന്നു. കോണ്‍ഗ്രസ്സാകട്ടെ ഒരു പാലമായി മുസ്‌ലിം ബഹുജനങ്ങളുടെ വോട്ടിനെ ഈ വ്യവസ്ഥയിലൂടെ സമാഹരിച്ചുകൊണ്ടിരുന്നു.

1950കളിലെ 'മുസ്‌ലിം ഒറ്റപ്പെടല്‍', 'മുസ്‌ലിം വോട്ട് ബാങ്ക്' എന്ന ആശയത്തിന് കാര്യമായ സംഭാവന നല്‍കി. പാകിസ്ഥാന്‍ രൂപീകൃതമായതിനുശേഷം ഇന്ത്യയിലെ മുസ്‌ലിംകള്‍ ഒറ്റപ്പെട്ടവരാണെന്ന് തോന്നുന്ന ഒരു പ്രതീതി സൃഷ്ടിച്ചതിനാല്‍ ശബ്ദമില്ലാത്ത സമുദായത്തിന് ശബ്ദം നല്‍കേണ്ടതുണ്ടായിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യത്തില്‍ രാഷ്ട്രീയ സംഘാടനം ഉപേക്ഷിക്കാന്‍ അവര്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രേരണയോടെ തീരുമാനിച്ചിരുന്നതിനാല്‍, പ്രാദേശിക തലത്തിലും ദേശീയ തലത്തിലും മുസ്‌ലിം സമുദായത്തിന്റെ നിയമപരമായ ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് എളുപ്പമായിരുന്നു. മുസ്‌ലിം സമുദായ സംഘടനകളുമായി നീക്കുപോക്ക് നടത്താന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്‌ലിംകളെ 'വോട്ടര്‍മാരുടെ ഒരു ദേശീയ സമൂഹം' എന്ന് അഭിസംബോധന ചെയ്യാന്‍ തുടങ്ങി. നിയോജക മണ്ഡലതലത്തില്‍ മുസ്‌ലിം സഖ്യങ്ങള്‍ രൂപീകരിക്കുന്നത് ദേശീയ പ്രവണതകളുടെ പ്രാദേശിക പ്രകടനമായും കരുതപ്പെട്ടു (ഹിലാല്‍ അഹമദ്, സിയാസി മുസ്‌ലിം: എ സ്റ്റോറി ഓഫ് പൊളിറ്റിക്കല്‍ ഇസ്‌ലാം ഇന്‍ ഇന്ത്യ, പെന്‍ഗ്വിന്‍, 2019).

അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി വിവിധ മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളെ വിജയിക്കാന്‍ സഹായിക്കുന്ന നിലപാട് എടുത്തുവെന്ന ആരോപണത്തില്‍ വസ്തുതാപരമായോ വിശകലനപരമായോ കഴമ്പില്ല എന്നാണ് ഇലക്ഷന്‍ രാഷ്ട്രീയ വിദഗ്ധനായ യോഗേന്ദ്ര യാദവ് തന്നെ പറയുന്നത്. കാരണം, ഒരു ജനാധിപത്യ പ്രക്രിയയില്‍ ഏത് മണ്ഡലത്തില്‍ ആര്‍ക്കും മത്സരിക്കാനും മറ്റു സ്ഥാനാര്‍ഥികളോ പാര്‍ട്ടികളോ ഉന്നയിക്കാത്ത വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും അവര്‍ക്ക് അവകാശം ഉണ്ടാവുക എന്നത് ഒരു ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണെന്നാണ് അദ്ദേഹം കരുതുന്നത്.

1967ല്‍ കോണ്‍ഗ്രസ് വ്യവസ്ഥ തകരുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവവികാസങ്ങളെ തുടര്‍ന്ന് രാജ്യം സ്ഥാപനപരമായ പ്രതിസന്ധികള്‍ നേരിട്ടിരുന്നുവെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട് (ഹിലാല്‍ അഹമദ്, സിയാസി മുസ്‌ലിം: എ സ്റ്റോറി ഓഫ് പൊളിറ്റിക്കല്‍ ഇസ്‌ലാം ഇന്‍ ഇന്ത്യ, പെന്‍ഗ്വിന്‍, 2019). ഈ പ്രതിസന്ധിയെ നേരിടാന്‍, പ്രത്യേകിച്ച് അതിന്റെ സ്ഥാപനപരമായ ആധിപത്യം പുനഃസ്ഥാപിക്കാന്‍, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍, മതത്തിന്റെയും ജാതിയുടെയും വിവാദപരവും തര്‍ക്കപരവുമായ വിഷയങ്ങളെ അസാധാരണമായ രീതിയില്‍ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. കൗതുകകരമെന്നു പറയട്ടെ, ജൈവികമായ സാമുദായിക സ്ഥാപനങ്ങളെ അവഗണിക്കുകയും ശക്തരായ ഏതാനും വ്യക്തികളെ വിവിധ മത-ജാതി സമുദായങ്ങളുടെ പ്രതിനിധികളായി ഭരണകൂടം അംഗീകരിക്കുകയും ചെയ്തു.

വഖഫ് സംരക്ഷണം, വ്യക്തി നിയമ സംരക്ഷണം, ഉറുദു ഭാഷ സംരക്ഷണം തുടങ്ങി ഏതാനും പ്രശ്നങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പോരാടുന്ന ഒരു വിഭാഗമായി മുസ്‌ലിംകള്‍ കാണപ്പെട്ടു. 1974 ഫെബ്രുവരി 14 ന് ഫത്തേഗഡില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ദിരാഗാന്ധി പറഞ്ഞത്: 'മുസ്‌ലിം ലീഗിന്റെ തന്ത്രങ്ങള്‍ ജനസംഘത്തെ മാത്രമേ സഹായിക്കൂ, മുസ്‌ലിംകളെയല്ല' എന്നാണ്. മുസ്‌ലിംകള്‍ മുസ്‌ലിം ലീഗിനോ മറ്റേതെങ്കിലും മുസ്‌ലിം പാര്‍ട്ടിക്കോ വോട്ട് ചെയ്താല്‍ മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കുകയും ത്രികോണ മത്സരത്തില്‍ ജനസംഘം വിജയിക്കുകയുംചെയ്യും. ഭാരതീയ ജനസംഘം പോലുള്ള ഹിന്ദു വര്‍ഗീയ ശക്തികള്‍ ശക്തിപ്പെടാന്‍ ഇത് കാരണമാവും. ജനസംഘത്തിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ പരാജയപ്പെടുത്താന്‍ എല്ലാ മുസ്‌ലിംകളും കോണ്‍ഗ്രസിന് വോട്ട് ചെയ്യണം എന്നതായിരുന്നു ഇന്ദിരാഗാന്ധിയുടെ ലളിതമായ പരിഹാരം (ഹിലാല്‍ അഹമദ്, സിയാസി മുസ്‌ലിം: എ സ്റ്റോറി ഓഫ് പൊളിറ്റിക്കല്‍ ഇസ്‌ലാം ഇന്‍ ഇന്ത്യ, പെന്‍ഗ്വിന്‍, 2019).

മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കുന്നതിനായി, ഇന്ദിരാഗാന്ധി പലപ്പോഴും ചില വ്യക്തികളായ മുസ്‌ലിം നേതാക്കളെ ഉപയോഗിച്ചു 'ഫത്‌വ രാഷ്ട്രീയം' പ്രോത്സാഹിപ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണയ്ക്കാന്‍ മുസ്‌ലിം നേതാക്കള്‍ പുറപ്പെടുവിച്ച പ്രസ്താവനയെ രാഷ്ട്രീയ ഫത്‌വകള്‍ എന്ന് വിളിക്കുന്നു. 1967 ല്‍ പ്രമുഖ ഇസ്‌ലാമിക സ്ഥാപനമായ ദയൂബന്ദ്, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ മുസ്‌ലിംകള്‍ക്ക് ഔദ്യോഗിക ഉപദേശം നല്‍കിയതോടെയാണ് ഇത് ആരംഭിച്ചത്. 1970 കളിലും 1980 കളിലും ഫത്‌വ രാഷ്ട്രീയത്തിന് നിയമസാധുത നല്‍കിയത് ജുമാ മസ്ജിദിന്റെ ഇമാമായ അബ്ദുല്ല ബുഖാരിയാണ്. 1977ല്‍ ജയപ്രകാശ് നാരായണെനെയും 1980, 1984 എന്നീ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിനെയും അദ്ദേഹം പിന്തുണച്ചു (ഹിലാല്‍ അഹമദ്, സിയാസി മുസ്‌ലിം: എ സ്റ്റോറി ഓഫ് പൊളിറ്റിക്കല്‍ ഇസ്‌ലാം ഇന്‍ ഇന്ത്യ, പെന്‍ഗ്വിന്‍, 2019).

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മുസ്‌ലിം പങ്കാളിത്തം പ്രാഥമികമായി തൊഴില്‍, വിദ്യാഭ്യാസം തുടങ്ങി പ്രാതിനിധ്യ ജനാധിപത്യ വിഷയങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. എന്നാല്‍, ഈ വസ്തുത തിരിച്ചറിയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്‍പര്യമില്ലായിരുന്നു. പകരം, അവര്‍ എകശിലാത്മകമായ ഒരു മുസ്‌ലിം കമ്യൂണിറ്റി എന്ന ദേശീയ ഭാവന ഉപയോഗപ്പെടുത്തി മുസ്‌ലിംകളെപ്പറ്റി സംസാരിക്കുകയും ഏതാനും ചില വ്യക്തികളിലൂടെ ഒരു ബ്രോക്കറേജ് രാഷ്ട്രീയം പരിചയപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസിലൂടെ ഒരു സമുദായം എന്ന നിലയില്‍ മുസ്‌ലിംകള്‍ ഉയര്‍ന്നു വന്നില്ല. പകരം ഏതാനും വ്യക്തികളുടെ സിമ്പോളിസം മാത്രമാണ് വികസിച്ചത്. സച്ചാര്‍ അനന്തര കാലത്തെ വികസന രാഷ്ട്രീയത്തിന്റെ ഭാഗമായി മുസ്‌ലിം രാഷ്ട്രീയത്തിന്റെ 1950-2000 കാലത്തെ മാതൃകകളെ വെല്ലുവിളിക്കുന്ന മുസ്‌ലിം കക്ഷിയായി ഓള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ ഉത്തരേന്ത്യയില്‍ ഉയര്‍ന്നുവന്നു. ചുരുങ്ങിയത് ആഖ്യാനത്തിന്റെ മേഖലയിലെങ്കിലും ഓള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ വ്യത്യസ്തമായ ഒരു മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ സ്വരമായി മാറി. ഇതാണ് കോണ്‍ഗ്രസും പരിവാരങ്ങളും ബി.ജെ.പിയുടെ ബി ടീം എന്ന ആരോപണത്തിലൂടെ മറികടക്കാന്‍ ശ്രമിക്കുന്നത്.

ബി.ജെ.പിയുടെ ബി ടീമും യോഗേന്ദ്ര യാദവിന്റെ വിശകലനവും

അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി വിവിധ മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളെ വിജയിക്കാന്‍ സഹായിക്കുന്ന നിലപാട് എടുത്തുവെന്ന ആരോപണത്തില്‍ വസ്തുതാപരമായോ വിശകലനപരമായോ കഴമ്പില്ല എന്നാണ് ഇലക്ഷന്‍ രാഷ്ട്രീയ വിദഗ്ധനായ യോഗേന്ദ്ര യാദവ് തന്നെ പറയുന്നത് (ദി പ്രിന്റ്, 18 നവംബര്‍ 2020). കാരണം, ഒരു ജനാധിപത്യ പ്രക്രിയയില്‍ ഏത് മണ്ഡലത്തില്‍ ആര്‍ക്കും മത്സരിക്കാനും മറ്റു സ്ഥാനാര്‍ഥികളോ പാര്‍ട്ടികളോ ഉന്നയിക്കാത്ത വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും അവര്‍ക്ക് അവകാശം ഉണ്ടാവുക എന്നത് ഒരു ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണെന്നാണ് അദ്ദേഹം കരുതുന്നത്. മുസ്‌ലിംകള്‍ക്ക് വിവിധ തരത്തിലുള്ള സാധ്യതകള്‍ ഉണ്ടാവുന്നത് ഒരു ഉയര്‍ന്ന ജനാധിപത്യ മാതൃകയായി യോഗേന്ദ്ര യാദവ് എടുത്ത് പറയുന്നു. ആ അര്‍ഥത്തില്‍ നോക്കുകയാണെങ്കില്‍ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി, ബി.ജെ.പിയുടെ ബി ടീം ആണെന്ന ആരോപണം യോഗേന്ദ്ര യാദവ് ആ ലേഖനത്തില്‍ തന്നെ തള്ളി കളയുന്നുണ്ട്.

എന്നാല്‍, യോഗേന്ദ്ര യാദവ് അസദുദ്ദീന്‍ ഉവൈസിയുടെ ഇടപെടുലുകളെ കുറിച്ചു പ്രസിദ്ധികരിച്ച ലേഖനം മറ്റൊരു വിമര്‍ശനം മുന്നോട്ടുവയ്ക്കുന്നു. മുസ്‌ലിംകള്‍ക്ക് മാത്രമായി, സിഖ്കള്‍ക്ക് മാത്രമായി, ക്രൈസ്തവര്‍ക്ക് മാത്രമായി ഒരു പാര്‍ട്ടി എന്നുള്ള സങ്കല്‍പം അടിസ്ഥാനപരമായി ജനാധിപത്യത്തിന് ദോഷമാണെന്നു അദ്ദേഹം കരുതുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്, ഉവൈസിയുടെ എ.ഐ.എം.ഐ.എം അതുപോലെ ശിരോമണി അകാലിദള്‍ എന്ന സിഖ് ന്യൂനപക്ഷ പാര്‍ട്ടി തുടങ്ങിയവ മാത്രമാണ് യഥാര്‍ഥത്തില്‍ മതേതര വിരുദ്ധ പാര്‍ട്ടികളായി യാദവ് ആ ലേഖനത്തില്‍ അടയാളപ്പെടുത്തുന്നത്. മറ്റൊരു ലേഖനത്തില്‍ അദ്ദേഹം കേരള കോണ്‍ഗ്രസുകളെ ക്രിസ്ത്യന്‍ പാര്‍ട്ടികളായി കണക്കാക്കുന്നു. കോണ്‍ഗ്രസിന്റെ സെക്കുലര്‍ വിരുദ്ധ നിലപാടായി അടയാളപ്പെടുത്തുന്നു.

യാദവിന്റെ വീക്ഷണ പ്രകാരം ഇത്തരം മതന്യൂനപക്ഷ പാര്‍ട്ടികള്‍ വളര്‍ന്നു വരുന്നത് ഹിന്ദു ഭൂരിപക്ഷ വാദത്തെ സഹായിക്കുകയാണ്. മുസ്‌ലിംകള്‍ക്ക് മാത്രമായി അല്ലെങ്കില്‍ മതന്യൂനപക്ഷങ്ങള്‍ക്കു മാത്രമായി ഒരു പാര്‍ട്ടി എന്നുള്ള സങ്കല്‍പമാണ് ജനാധിപത്യത്തിന് അപകടകരം. അതേസമയം ആ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് രണ്ടാമതൊരു പ്രശ്‌നമാണെന്നും അദ്ദേഹം വാദിക്കുന്നു. മാത്രമല്ല, ബി.ജെ.പിയുടെ ബി ടീം എന്ന വാദത്തിന് മുതല്‍ക്കൂട്ടായ തരത്തില്‍ വിവിധ മണ്ഡലങ്ങളില്‍ വോട്ട് വിഭജിക്കുന്നുവെന്നുള്ളത് ഒരു പ്രധാന പ്രശ്‌നമല്ലെന്നും യാദവ് പറയുന്നു.

ഷര്‍ജീല്‍ ഉസ്മാനിയുടെ ഇടപെടല്‍

യോഗേന്ദ്ര യാദവിന്റെ ലേഖനത്തിന് മറുപടിയായി മുസ്‌ലിം ആക്റ്റീവിസ്റ്റും ഗവേഷകനും ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ അടക്കപ്പെട്ട മുസ്‌ലിം യുവരാഷ്ട്രീയ പ്രവര്‍ത്തകനുമായ ഷര്‍ജീല്‍ ഉസ്മാനി എഴുതുകയുണ്ടായി (ദി പ്രിന്റ്, 21 നവംബര്‍ 2020). ആ ലേഖനത്തില്‍ ഷര്‍ജീല്‍ ഉസ്മാനി യോഗേന്ദ്ര യാദവിനോട് ചോദിക്കുന്ന മര്‍മ പ്രധാനമായ ചോദ്യം, എങ്ങനെയാണ് ഇന്ത്യയില്‍ ഹിന്ദു ഭൂരിപക്ഷ വാദമുള്ള പാര്‍ട്ടികള്‍, വിശിഷ്യാ ബ്രാഹ്മണ താല്‍പര്യങ്ങള്‍ എക്കാലവും സംരക്ഷിച്ചിട്ടുള്ള കോണ്‍ഗ്രസ്സായാലും, ഒരു സന്ദര്‍ഭത്തില്‍ യാദവ് തന്നെ അണിനിരന്നിട്ടുള്ള ബനിയ താല്‍പര്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആം ആദ്മി പാര്‍ട്ടി ആയാലും സെക്കുലറാവുന്നതെന്നതാണ്. മാത്രമല്ല, ആം ആദ്മി പാര്‍ട്ടിക്ക് ഒന്നാം മോദി സര്‍ക്കാരിന്റെ ട്രോജന്‍ കുതിരയായി പ്രവര്‍ത്തിച്ച ചരിത്രവുമുണ്ട്.

അതേപോലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് മതന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും അതിനുവേണ്ടി ഭരണഘടനപരമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന പാര്‍ട്ടികളെ എങ്ങനെയാണ് വര്‍ഗീയ പാര്‍ട്ടികളായി യോഗേന്ദ്ര യാദവ് മുദ്രകുത്തുന്നതെന്ന ചോദ്യവുമുണ്ട്.

യോഗേന്ദ്ര യാദവിന്റെ തന്നെ കാഴ്ച്ചപ്പാട് പ്രകാരം അസദുദ്ദീന്‍ ഉവൈസി ബി.ജെ.പിയുടെ ബി ടീം എന്നുള്ള വാദത്തിന് പാര്‍ലമെന്ററി ഇലക്ടറല്‍ ഡെമോക്രസിയുടെ യുക്തി പ്രകാരം നിലനില്‍പ്പില്ല. ഈ ഇലക്ഷനില്‍ കേരളത്തിലും ഇന്ത്യയിലും സമാനമായ പ്രചാരണങ്ങള്‍ ഉവൈസിക്കെതിരെ ഇലക്ഷന് മുന്നേ തന്നെ നിലവില്‍ വന്നെങ്കിലും ഇലക്ഷന് ശേഷം വോട്ടിങ്ങ് പറ്റേണ്‍ നോക്കിയപ്പോള്‍ അസദുദ്ദീന്‍ ഉവൈസി ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചതിനോ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചതിനോ യാതൊരുവിധ തെളിവുമില്ല.

മുസ്‌ലിം ന്യൂനപക്ഷ പ്രാതിനിധ്യം എന്ന ജനാധിപത്യ ആവശ്യം

തെരഞ്ഞെടുപ്പു മത്സരരംഗത്തുവരുന്ന മുസ്‌ലിം സാമൂഹ്യസംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും 'വര്‍ഗീയാ'രോപണങ്ങളിലൂടെ അപഹസിക്കുകയും ബി.ജെ.പിയുടെ ബി ടീമെന്ന് ആക്ഷേപിക്കുകയും ചെയ്യുമ്പോഴും മുസ്‌ലിംകള്‍ക്ക് തെരഞ്ഞെടുപ്പില്‍ ന്യായമായ പ്രാതിനിധ്യം നല്‍കുന്നതില്‍ ഇവര്‍ എല്ലായ്‌പ്പോഴും പിന്നിലാണെന്നാണ് കണക്കുകളില്‍ കാണുന്നത്.

ഇന്ത്യയില്‍ മുസ്‌ലിംകളുടെ എണ്ണം 200 ദശലക്ഷവും സിഖുകാര്‍ 23 ദശലക്ഷവും ക്രൈസ്തവര്‍ 22 ദശലക്ഷവുമാണ്. രാജ്യത്തെ മുസ്‌ലിം ജനസംഖ്യ ആകെ ജനസംഖ്യയുടെ 14 ശതമാനം വരും (2011 സെന്‍സസ്). 25 ശതമാനമെങ്കിലും മുസ്‌ലിംകളുള്ള 65 മണ്ഡലങ്ങളാണ് രാജ്യത്തുള്ളത്. പകുതിയോളം മുസ്‌ലിംകളുള്ള 14 മണ്ഡലങ്ങളുമുണ്ട്. ലക്ഷദ്വീപില്‍ 96.58 ശതമാനവും മുസ്‌ലിംകളാണ്. (ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ജൂണ്‍ 18, 2024)

വസ്തുത ഇതായിരിക്കെ 293 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ എന്‍.ഡി.എക്ക് മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ് വിഭാഗങ്ങളില്‍നിന്ന് ഒരു പ്രതിനിധി പോലുമില്ല. എന്‍.ഡി.എ എം.പിമാരില്‍ ആകെയുള്ളതിന്റെ 33.2 ശതമാനവും സവര്‍ണരാണ്. പട്ടികവര്‍ഗക്കാര്‍ 10.8 ശതമാനം, ഒ.ബി.സി 26.2 ശതമാനം, മറ്റു മധ്യവര്‍ത്തി ജാതികള്‍ 15.7 ശതമാനം, ദലിതര്‍ 13.3 ശതമാനം എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്. ഇന്‍ഡ്യ മുന്നണിക്കാകട്ടെ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ സവര്‍ണര്‍ 12.4 ശതമാനം, മധ്യവര്‍ത്തി ജാതികള്‍ 11.9 ശതമാനം, പിന്നാക്കക്കാര്‍ 30.7 ശതമാനം, ദലിതര്‍ 17.8 ശതമാനം, പട്ടികവര്‍ഗം 9.9 ശതമാനം, മുസ്‌ലിം 7.9 ശതമാനം, ക്രൈസ്തവര്‍ 3.5 ശതമാനം എന്നിങ്ങനെയാണ്. ബൗദ്ധര്‍ ഒരാള്‍ പോലുമില്ല.

ഇത്തവണത്തെ ലോക്‌സഭയില്‍ ആകെ മുസ്‌ലിം എം.പിമാരുടെ എണ്ണം 24 മാത്രമാണ്. ഇത് ആകെയുള്ളതിന്റെ 4.42 ശതമാനം വരും. കഴിഞ്ഞ തവണ ഇത് 26 എണ്ണമായിരുന്നു, അതായത് 4.79 ശതമാനം.

ഈ സാഹചര്യത്തിലാണ് മുസ്‌ലിംകളടക്കമുള്ള വിവിധ സാമൂഹികവിഭാഗങ്ങള്‍ സ്വന്തം കൂട്ടായ്മകളിലൂടെ പ്രാതിനിധ്യത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ആരായുന്നത്. ഇക്കാര്യത്തില്‍ മുസ്‌ലിംകളും ദലിതരും പിന്നാക്കക്കാരുമുണ്ട്. സവര്‍ണ വിഭാഗങ്ങള്‍ ആ സ്വത്വത്തിലൂടെ തിരിച്ചറിയപ്പെടാതെത്തന്നെ മറ്റിതര പാര്‍ട്ടികളിലൂടെ തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പാക്കുന്നതില്‍ വിജയിക്കുന്നു. ഇതര സമുദായങ്ങളുടെ ഈ ശ്രമങ്ങളാണ് ഇന്ത്യയില്‍ ചരിത്രപരമായിത്തന്നെ 'വര്‍ഗീയത' എന്ന പ്രത്യയശാസ്ത്ര ഫ്രെയിമിലൂടെ അപഹസിക്കുന്നത്.

പ്രശ്‌നം ഇസ്‌ലാമോഫോബിയ

മായാവതിയും പ്രകാശ് അംബേദ്ക്കറും ഉവൈസിയും മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചുവെന്ന ആരോപണത്തിന് എതിരായ ഏതാനും വസ്തുതകളാണ് ഇവിടെ എടുത്തുകാട്ടിയത്. യഥാര്‍ഥത്തില്‍ മറിച്ചുള്ള വസ്തുതകളും ഒരാള്‍ക്ക് കണ്ടെത്താനാവും. ആരോപണം പ്രത്യയശാസ്ത്രപരമാണെന്നാണ് അതിനര്‍ഥം. നിലവിലുള്ള ഇലക്ഷന്‍ വ്യവസ്ഥ പ്രകാരം പരസ്പരം മത്സരിക്കുന്ന ഏത് പാര്‍ട്ടിയും ഒന്നാമതെത്തുന്ന പാര്‍ട്ടിയുടെ വിജയത്തിന് കാരണമാവും. കാരണം, അവരൊക്കെ രണ്ടാമന്റെ സാധ്യതയെ കെടുത്തുന്നു. ഇന്ത്യയിലൊട്ടാകെ എടുത്താല്‍ മത/ജാതി/പ്രാദേശിക സൂചനയുള്ളതും ഇല്ലാത്തതുമായ ഇത്തരത്തിലുള്ള നിരവധി പാര്‍ട്ടികളെ നമുക്ക് കണ്ടെത്താം. എന്നാല്‍, ആ പാര്‍ട്ടികള്‍ക്കൊന്നും ഉവൈസിയുടെയും മായാവതിയുടെയും പാര്‍ട്ടികള്‍ നേരിടേണ്ടിവന്ന ആരോപണങ്ങള്‍ നേരിടേണ്ടിവന്നില്ല, വരാറുമില്ല. മുഖ്യധാരാ പാര്‍ട്ടികളോട് ചേര്‍ന്നു നില്‍ക്കുന്ന മതസൂചനകളുള്ള പാര്‍ട്ടികള്‍ക്കും അത് നേരിടേണ്ടിവരുന്നില്ല. ഉദാഹരണം മുസ്‌ലിം ലീഗുതന്നെ. ഉവൈസിയെക്കുറിച്ച് ബി ടീം ആരോപണം ഉന്നയിച്ച രാഹുല്‍ഗാന്ധി മത്സരിച്ചു ജയിച്ച വയനാട് മണ്ഡലം മുസ്‌ലിംലീഗിന്റെ ശക്തികേന്ദ്രമാണ്. അതിന്റെ ഭാഗമായി ചില സങ്കീര്‍ണതകളും നാം ഈ തെരഞ്ഞെടുപ്പിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലും കണ്ടു.

കേരളത്തിലാണെങ്കില്‍ മുസ്‌ലിം ലീഗിനും ഐ.ഐന്‍.എല്ലിനും മുന്നണി സമവാക്യത്തില്‍ വ്യക്തമായ ഇടമുണ്ട്. എന്നാല്‍, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി തുടങ്ങിയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് നില്‍ക്കുന്നതുകൊണ്ട് 'മതേതര'സംഘടനകളില്‍പ്പെട്ട സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ പിളരുമെന്നും അത് ബി.ജെ.പിക്ക് ഗുണകരമായി മാറുമെന്നും ആക്ഷേപിക്കപ്പെടാറുണ്ട്. മുന്നണി സംവിധാനത്തിന്റെ ഭാഗമല്ലാത്ത 2010നു മുമ്പ് ഐ.എന്‍.എല്‍, പി.ഡി.പി തുടങ്ങിയ പാര്‍ട്ടികള്‍ ഈ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. പിന്നീടത് മിക്കവാറും ഇല്ലാതായി. 'മുസ്‌ലിം വര്‍ഗീയത'യുമായി കൂട്ടുചേര്‍ന്നെന്ന ആരോപണം മുന്നണികള്‍ പരസ്പരം ഉന്നയിക്കാറുപോലുമുണ്ട്. പി.ഡി.പിക്കാരോ എസ്.ഡി.പി.ഐക്കാരോ വെല്‍ഫെയര്‍ പാര്‍ട്ടിക്കാരോ പിന്തുണച്ചാല്‍ അത് തങ്ങളെ തകര്‍ക്കാനാണെന്നുപോലും വാദിക്കപ്പെട്ടിട്ടുണ്ട്. 2018ല്‍ വെമ്പായം പഞ്ചായത്തില്‍ എസ്.ഡി.പി.ഐ ഇടതുപക്ഷത്തെ പിന്തുണച്ചപ്പോള്‍ അതു തങ്ങളെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദേശാഭിമാനി വാദിച്ചത് (ദേശാഭിമാനി, 2018, ജൂലൈ 4). എതിര്‍ത്താല്‍ ബി.ജെ.പിയെ വിജയിപ്പിക്കാനാണെന്നും ആരോപണമുയരും.

മുസ്‌ലിംകളെയും കീഴാളരെയും മുഖ്യധാരാ പാര്‍ട്ടികള്‍ പ്രാതിനിധ്യ അവകാശമുള്ള ജനവിഭാഗമായല്ല, കേവലം വോട്ട് ബാങ്കിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. അതിന്റെ സങ്കീര്‍ണതകള്‍ നാം മറ്റൊരു ഭാഗത്ത് ചര്‍ച്ച ചെയ്തിട്ടുണ്ട്. പാര്‍ശ്വവല്‍കൃത സാമൂഹികവിഭാഗങ്ങളുടെ രാഷ്ട്രീയ കര്‍തൃത്വനിരാസവും പ്രാതിനിധ്യ നിഷേധവുമാണ് ഈ ആരോപണങ്ങളുടെ കാതല്‍. ഇസ് ലാമോഫോബിയയുടെ രീതിശാസ്ത്രവും ഈ പ്രാതിനിധ്യ നിഷേധവും കര്‍തൃത്വനിരാസവും തന്നെയാണല്ലോ.

(റിസര്‍ച്ച് ഇന്‍പുറ്റ്സ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം)


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

Writers

Similar News