പച്ച-മഞ്ഞ-ഓറഞ്ച്-റെഡ് അലര്‍ട്ടുകള്‍ എന്താണ്; ജാഗ്രതകള്‍ ഇങ്ങനെ മതിയോ?
സമീപകാലത്തുണ്ടായ ചില പ്രകൃതിദുരന്തങ്ങള്‍ വഴിയുണ്ടായ സമാനതകളില്ലാത്ത ദുരനുഭവങ്ങള്‍ പരിശോധിക്കുമ്പോള്‍, ജാഗ്രതാ മുന്നറിയിപ്പുകള്‍ക്കാധാരമായ മാനദണ്ഡങ്ങള്‍, മുന്നറിയിപ്പ് നല്‍കപ്പെടുന്ന പ്രദേശങ്ങളിലെ സവിശേഷസാഹചര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുനര്‍നിര്‍ണ്ണയിക്കേണ്ടതെന്ന സന്ദേശമാണ് നല്‍കുന്നത്.
കാലാവസ്ഥാ ജാഗ്രതാമുന്നറിയിപ്പുകളില്‍ ചൂടിന്റെയും, മഴയുടെയും കാഠിന്യം സൂചിപ്പിക്കുന്നത് നിറങ്ങള്‍ കൊണ്ടാണ്.
മഴയുടെ കാര്യം തന്നെ എടുക്കാം.
2013 ജൂണില്‍ ഉത്തരാഖണ്ഡില്‍ ഉണ്ടായ തീവ്രമഴയും തുടര്‍ന്നുണ്ടായ അതിവിനാശകരമായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും/ഉരുള്‍പൊട്ടലിലും അനേകായിരങ്ങള്‍ മരിക്കുകയുണ്ടായി. ഈ ദുരന്തത്തിന് പിന്നാലെയാണ്, സംസ്ഥാനതലത്തില്‍ മഴയുടെ തീവ്രത നിര്‍ണയിക്കുന്നതിന് കളര്‍ കോഡുകള്‍ നല്‍കിത്തുടങ്ങിയത്. 2021 മുതല്‍, ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് കേരളത്തിലെ 14 ജില്ലകള്‍ക്കും അഘാതാധിഷ്ഠിത പ്രവചനം, അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പ്രവചനം എന്നിവ നല്‍കിവരുന്നു.
നേരിയ മഴ
ഒരു പ്രദേശത്ത് ലഭിക്കുന്ന മഴ 0.1 മില്ലിമീറ്റര്‍ മുതല്‍ 2.4 മി.മീ. വരെയാണെങ്കില്‍, തത്പ്രദേശത്ത്, 'വളരെ നേരിയ മഴ' യൊന്നു ചാറിപ്പോയി എന്നു മാത്രം കരുതിയാല്‍ മതി. 2.5 മി.മീറ്ററില്‍ത്താഴെ മഴ കിട്ടുന്ന ദിവസങ്ങളെ മഴദിനങ്ങളായി പരിഗണിക്കുകപോലുമില്ല. ഇനി, കിട്ടിയ മഴ 2.5 മുതല്‍ 15.5 മില്ലിമീറ്റര്‍ വരെയാണെന്നിരിക്കട്ടെ; 'നേരിയ മഴ'യാണ് കിട്ടിയതെന്ന് പറയാം. ഈ രണ്ടു വിഭാഗത്തില്‍പ്പെട്ട അറിയിപ്പുകളും മുന്നറിയിപ്പുകളുടെ വിഭാഗത്തില്‍ വരുന്നില്ല. ഇവയ്ക്ക് നിറവും നല്‍കിയിട്ടില്ല.
പച്ച ജാഗ്രത
15.6 മി.മീറ്ററോ, അതിലേറെയോ പെയ്യുന്ന മഴകളെയാണ് പല നിറങ്ങളടിച്ച് തിരിച്ചിരിക്കുന്നത്. 15.6 മി.മീ മുതല്‍ 64.4 മി.മീ വരെയുള്ള മഴപ്പെയ്ത്ത് 'മിതമായ മഴ' വിഭാഗത്തില്‍പ്പെടുന്നു. ഇത്തരം മഴയാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ നല്‍കുന്ന മുന്നറിയിപ്പാണ് 'പച്ച മുന്നറിയിപ്പ്'. മുന്നറിയിപ്പ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ മഴപ്പെയ്ത്ത് യാതൊരു ദോഷവും ഉണ്ടാക്കാത്തതിനാല്‍ മുന്നൊരുക്കങ്ങളൊന്നും സാധാരണഗതിയില്‍ ആവശ്യമില്ല.
മഞ്ഞ ജാഗ്രത
64.5 മി.മീറ്റര്‍ മുതല്‍ 115.5 മി.മീ വരെയാണ് മഴപ്പെയ്ത്ത് എങ്കില്‍ അത്തരം മഴ 'കനത്ത മഴ' എന്ന വിഭാഗത്തിലാണ് അറിയപ്പെടുക. ഇത്തരം വിഭാഗത്തില്‍ വരുന്ന മഴ ഏതെങ്കിലും ജില്ലയില്‍ മൊത്തമോ, അല്ലെങ്കില്‍ മിക്കവാറും ഭാഗങ്ങളിലോ പെയ്യാനുള്ള സാധ്യതയുണ്ടെങ്കില്‍ തത് പ്രദേശങ്ങളില്‍ പ്രഖ്യാപിക്കുന്ന ജാഗ്രതാ മുന്നറിയിപ്പാണ് 'മഞ്ഞ ജാഗ്രത'. കനത്തമഴ പ്രതീക്ഷിക്കാമെന്നതിനപ്പുറം പ്രത്യേകിച്ച് നടപടികളൊന്നും സ്വീകരിക്കേണ്ടതായ ആവശ്യം ഈ സാഹചര്യത്തിലും ഇല്ല.
ഓറഞ്ച് ജാഗ്രത
എന്നാല്‍, ഒരുപടികൂടികടന്ന് 'ഓറഞ്ച് ജാഗ്രത' യിലെത്തുമ്പോള്‍ കാര്യങ്ങള്‍ക്ക് കുറച്ചു കൂടി ഗൗരവസ്വഭാവം കൈവരുന്നു. 115.6 മി.മീറ്റര്‍ മുതല്‍ 204.4 മി.മീറ്റര്‍ വരെ പരിധിയിലുള്ള 'അതിശക്തമഴ' ഉണ്ടാവാനിടയുണ്ടെന്നാണ് ഈ ജാഗ്രതാനിര്‍ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. മലയോരമേഖകളിലും ഇടനാട്ടിലും താമസിക്കുന്നവര്‍ ഈ ജാഗ്രതാ നിര്‍ദേശം ലഭിക്കുന്ന പക്ഷം മഴ മൂലം അത്തരം പ്രദേശങ്ങളില്‍ ഉണ്ടാകാനിടയുള്ള ആപത് സാഹചര്യങ്ങള്‍ - അതായത്, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് എന്നിവയെ നേരിടുവാന്‍ സജ്ജരായിരിക്കുകയും വേണം.
ചുവപ്പ് ജാഗ്രത
204.4 മി.മീറ്ററില്‍ കൂടുതലായി ലഭിക്കുന്ന 'അതിതീവ്രമഴ' ഉണ്ടാവാനിടയുള്ള സാഹചര്യത്തെയാണ് 'ചുവപ്പ് ജാഗ്രത' സൂചിപ്പിക്കുന്നത്. ഇത്തരം ജാഗ്രതാസാഹചര്യങ്ങളില്‍ അപായ സാധ്യതകള്‍ വളരെ കൂടുതലാണ്. ചുവപ്പു ജാഗ്രതാ നിര്‍ദേശം ലഭിച്ചാല്‍ അപായ സാധ്യതയുള്ള മേഖലകളില്‍ നിന്ന് പ്രത്യേകിച്ച് മലയോര മേഖലകളില്‍ നിന്ന്, ജനങ്ങളെ ഒഴിപ്പിക്കാനും, ഇനി അഥവാ എവിടെയെങ്കിലും ദുരന്തങ്ങള്‍ ഉണ്ടായാല്‍ത്തന്നെ അവയെ അടിയന്തിരമായി നേരിടുവാനുമുള്ള നടപടിക്രമങ്ങള്‍ തയ്യാറാക്കി ഒരുങ്ങിയിരിക്കേണ്ടതുമാണ്. പൊതുജനങ്ങളുടെ സഹകരണം ഇത്തരം ഘട്ടങ്ങളില്‍ അത്യന്താപേക്ഷിതമാണ്.
ചൂടിന്റെ കാര്യത്തിലായാലും, മഴയുടെ കാര്യത്തിലായാലും, പച്ച മുതല്‍ ചുവപ്പ് വരെയുള്ള ഓരോ ജാഗ്രതാനിര്‍ദേശവും തീരുമാനിക്കപ്പെടുന്നത് മോഡലുകള്‍ ഉപയോഗിച്ചുള്ള അനുമാനിത അളവുകളുടെ അടിസ്ഥാനത്തിലാണ്. തീവ്രതയെ സൂചിപ്പിക്കുന്ന ഇത്തരം അളവുകള്‍ മാത്രമാണ് സ്വീകരിക്കപ്പെടേണ്ട ജാഗ്രതാ മുന്നറിയിപ്പിന് ആധാരമായ മാനദണ്ഡമായി നിലവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. മുന്നറിയിപ്പ് നല്‍കപ്പെടേണ്ട സ്ഥലങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, പ്രകൃതിദുരന്തങ്ങള്‍ക്ക് വഴിപ്പെടുവാന്‍ തത്പ്രദേശങ്ങള്‍ക്കുള്ള അധികസാധ്യതാ സാഹചര്യങ്ങള്‍, ദുരന്തവ്യാപ്തി എന്നീ ഘടകങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. എന്നാല്‍, സമീപകാലത്തുണ്ടായ ചില പ്രകൃതിദുരന്തങ്ങള്‍ വഴിയുണ്ടായ സമാനതകളില്ലാത്ത ദുരനുഭവങ്ങള്‍ പരിശോധിക്കുമ്പോള്‍, ജാഗ്രതാ മുന്നറിയിപ്പുകള്‍ക്കാധാരമായ മാനദണ്ഡങ്ങള്‍, മുന്നറിയിപ്പ് നല്‍കപ്പെടുന്ന പ്രദേശങ്ങളിലെ സവിശേഷസാഹചര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുനര്‍നിര്‍ണ്ണയിക്കേണ്ടതെന്ന സന്ദേശമാണ് നല്‍കുന്നത്.
മഴയും, ചൂടും, കാറ്റും കൂടുതല്‍ കൂടുതല്‍ ആപത്കാരികളായി വരുന്ന അവസ്ഥയ്ക്ക് കാലാവസ്ഥാവ്യതിയാനത്തെ മാത്രം പഴിപറയുന്നതില്‍ അര്‍ഥമില്ല. മനുഷ്യരുടെ ജീവിതശൈലീക്രമങ്ങള്‍, ഭൂവിനിയോഗ ക്രമത്തിലുണ്ടായ മാറ്റങ്ങള്‍ എന്നിവ അന്തരീക്ഷത്തിലും, ഭൗമഘടനയിലും ഘടനാപരമോ (structural), ഗുണപരമോ (functional) ആയ വ്യതിയാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അത്തരമൊരു പശ്ചാത്തലത്തിലാണ് പലപ്പോഴും കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങള്‍ക്ക് ആപത്കരമായ ഭാവപരിവര്‍ത്തനം സംഭവിക്കുന്നത്.
ഇക്കാര്യം വ്യക്തമാക്കുവാന്‍ കേരളത്തിലെ മലയോരങ്ങളുടെ കാര്യം തന്നെയെടുക്കാം. പതിറ്റാണ്ടുകളായി കേരളത്തിലെ പല മലയോര ഭൂമികകളും കൃഷി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുവേണ്ടി വന്‍തോതില്‍ ഘടനാമാറ്റത്തിന് വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൂടാതെ വനങ്ങളും വലിയൊരളവോളം ഇല്ലായ്മ ചെയ്യപ്പെട്ടുകഴിഞ്ഞു. വനമേഖലയുടെ വിസ്തൃതി, സാന്ദ്രത എന്നിവയിലുണ്ടായ കുറവ് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയുടെ ആവൃത്തിയും തീവ്രതയും വര്‍ധിപ്പിച്ചിട്ടുണ്ട്. സാന്ദ്രവനപ്രദേശങ്ങളില്‍ നിലത്ത് അടിഞ്ഞു കൂടുന്ന മരങ്ങളുടെ ഇലകളും മറ്റ് ജൈവവസ്തുക്കളും ഒരു സ്പോഞ്ച് പോലെ വര്‍ത്തിച്ചു വെള്ളത്തെ ഭൂമിയിലേക്ക് സാവധാനം ആഗിരണം ചെയ്യാനിടയാക്കുന്നു. മാത്രമല്ല, ഇടതൂര്‍ന്നവനങ്ങളിലെ വൃക്ഷങ്ങളില്‍ തടഞ്ഞ് താഴേക്ക് ഒഴുകുമ്പോള്‍ പെയ്ത്ത് വെള്ളത്തിന്റെ പ്രവാഹശക്തിയും കുറയുന്നു. ഇതുവഴി മണ്ണിടിച്ചിലിനുള്ള സാധ്യതയാണ് വലിയൊരളവോളം ചെറുത്തുനില്‍ക്കപ്പെടുന്നത്.
പ്രത്യേകിച്ച് മുന്നൊരുക്കങ്ങളൊന്നും ആവശ്യമില്ലാത്ത മഞ്ഞജാഗ്രതാ മുന്നറിയിപ്പ്, സ്വഭാവികഭൗമഘടന മാറ്റിമറിക്കപ്പെട്ട മലയോരങ്ങളെ സംബന്ധിച്ചിടത്തോളം ചിലപ്പോള്‍ ചുവപ്പു ജാഗ്രതാന്തരീക്ഷത്തിന് സമാനമായി മാരകമാവുന്നു. എന്നാലോ, തത്പ്രദേശങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ട മുന്നറിയിപ്പാകട്ടെ, മഞ്ഞ ജാഗ്രതയും! ഫലത്തില്‍, അതിതീവ്ര മഴവേളകള്‍ക്ക് സമാനമായ സംഭവവികാസങ്ങള്‍ ഉണ്ടായാല്‍പ്പോലും ചുവപ്പുജാഗ്രത പ്രഖ്യാപിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ ലഭിക്കുമായിരുന്ന മുന്‍കരുതലുകളും രക്ഷാപ്രവര്‍ത്തനങ്ങളും വെറും സാങ്കേതികമായൊരു നടപടിക്രമത്തിന്റെ പേരില്‍ തത്പ്രദേശത്തിന് ലഭിക്കാതെ വരുന്നു.
മലകളിലെ കുത്തനെയോ അകത്തോട്ടോ ചരിവുകളുള്ള ഭാഗങ്ങളാണ് ഉരുള്‍പൊട്ടലിന് എളുപ്പം വിധേയമാകുന്നത്. കേരളത്തിലെ മലനിരകളില്‍ സജീവമായ പാറമടകളുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ മലയിടിച്ചിലിന് കാരണമാകുന്നു. പാറമട പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ വച്ച് തകര്‍ത്ത് കരിങ്കല്ലെടുക്കുമ്പോള്‍ സ്വാഭാവികമായും പാറക്കെട്ടുകളില്‍ വിള്ളലുകള്‍ ഉണ്ടാകുന്നു. ഈ വിള്ളലുകളിലൂടെ മഴവെള്ളം ഇറങ്ങി പാറകള്‍ക്കിടയില്‍ സംഭരിക്കപ്പെടുന്നു. ഇപ്രകാരം പാറകള്‍ക്കിടയില്‍ സംഭരിക്കപ്പെടുന്ന ജലത്തിന്റെ സമ്മര്‍ദം അധികരിക്കുമ്പോള്‍ അത് ഉരുള്‍പൊട്ടലിന് വഴി തെളിയിക്കുന്നു. കൂടാതെ, പാറപൊട്ടിച്ചുണ്ടാകുന്ന വന്‍ ഗര്‍ത്തങ്ങളില്‍ മഴവെള്ളം സംഭരിക്കപ്പെട്ടും സമാനമായപ്രക്രിയ ആവര്‍ത്തിക്കപ്പെടാവുന്നതാണ്.
മലഞ്ചെരുവുകളെ തട്ടുതട്ടായിതിരിച്ച് കൃഷിയിറക്കുന്ന സമ്പ്രദായവും വ്യാപകമാവുകയാണ്. മലയുടെ സ്വാഭാവികമായ ചരിവ് ഇല്ലാതാവുന്നു എന്നതാണ് ഇതിലെ ഒന്നാമത്തെ പ്രശ്‌നം. രണ്ടാമത്തെ പ്രശ്‌നമാവട്ടെ, കൃഷിയിറക്കുവാന്‍ വേണ്ടി ഭൂമി ഉഴുതുമറിച്ച് ഒരുക്കുമ്പോള്‍ മലഞ്ചെരുവുകളിലെ ദൃഢമായ പ്രതലത്തിന് ഇളക്കം തട്ടുന്ന അവസ്ഥയുണ്ടാകുന്നു. ഈ രണ്ട് പ്രക്രിയകള്‍ വഴിയും പെയ്ത്തുവെള്ളം സുഗമമായി ഒഴുകിയിറങ്ങാതെ ധാരാളമായി ഭൂമിയിലേയ്ക്ക് ആഴ്ന്നിറങ്ങി സംഭരിക്കപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. മാത്രമല്ല, പാറകളുടെ ഇടയിലും, മലമടക്കുകളിലും വന്‍തോതില്‍ കെട്ടിനിര്‍ത്തപ്പെടുന്ന സാഹചര്യവും ഉണ്ടാവുന്നു. ഈസംഭരിത ജലത്തിന്റെ സമ്മര്‍ദം അധികരിക്കുമ്പോഴാണ് വന്‍പാറകള്‍ പൊട്ടിയടര്‍ന്ന് ഉരുള്‍പൊട്ടലും, മല വെള്ളപ്പാച്ചിലും സംഭവിക്കുന്നത്.
ഭൗമഘടന ഗണ്യമായ രീതിയില്‍ മാറ്റിമറിക്കപ്പെട്ട നിലവിലെ സാഹചര്യത്തില്‍ അതിതീവ്രമഴയ്ക്ക് മാത്രമല്ല, മലയോരങ്ങളില്‍പ്പെയ്യുന്ന ചെറിയ മഴയ്ക്കുപോലും ദുരന്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കാനാവും. അതിനാല്‍, കേവലം മഞ്ഞ ജാഗ്രതാ പരിധിയ്ക്കുള്ളില്‍വരുന്ന മഴപോലും നീണ്ടുനിന്നു പെയ്യുന്നപക്ഷം മലയോരമേഖലകളില്‍ അപകടാവസ്ഥ സംജാതമാകാം. എന്നു പറയുമ്പോള്‍, മറ്റുള്ള ഇടങ്ങളില്‍ പ്രത്യേകിച്ച് മുന്നൊരുക്കങ്ങളൊന്നും ആവശ്യമില്ലാത്ത മഞ്ഞജാഗ്രതാ മുന്നറിയിപ്പ് സ്വഭാവികഭൗമഘടന മാറ്റിമറിക്കപ്പെട്ട മലയോരങ്ങളെ സംബന്ധിച്ചിടത്തോളം ചിലപ്പോള്‍ ചുവപ്പു ജാഗ്രതാന്തരീക്ഷത്തിന് സമാനമായി മാരകമാവുന്നു. എന്നാലോ, തത്പ്രദേശങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ട മുന്നറിയിപ്പാകട്ടെ, മഞ്ഞ ജാഗ്രതയും! ഫലത്തില്‍, അതിതീവ്ര മഴവേളകള്‍ക്ക് സമാനമായ സംഭവവികാസങ്ങള്‍ ഉണ്ടായാല്‍പ്പോലും ചുവപ്പുജാഗ്രത പ്രഖ്യാപിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ ലഭിക്കുമായിരുന്ന മുന്‍കരുതലുകളും രക്ഷാപ്രവര്‍ത്തനങ്ങളും വെറും സാങ്കേതികമായൊരു നടപടിക്രമത്തിന്റെ പേരില്‍ തത്പ്രദേശത്തിന് ലഭിക്കാതെ വരുന്നു.
ഇനി മറ്റൊന്നുണ്ട് ..
ഒരു ജാഗ്രതാനിര്‍ദേശത്തിന് ആധാരമായ അനുമാനിത മഴപ്പെയ്ത്തിന്റെ ഉയര്‍ന്ന പരിധിയും, തീവ്രതയുടെ അടിസ്ഥാനത്തില്‍ അതിനു തൊട്ടുമേലേ വരുന്ന ജാഗ്രതാനിര്‍ദേശത്തിന്റെ ഏറ്റവും താഴ്ന്ന പരിധിയും തമ്മിലുള്ള അന്തരം വെറും 0.1 മി.മീറ്റര്‍ ആണ്. എന്നു പറയുമ്പോള്‍, പ്രത്യാഘാതങ്ങള്‍ ഏതാണ്ട് ഒരുപോലെ യാണെങ്കില്‍പ്പോലും വെറും 0.1 മി. മീറ്റര്‍ വ്യത്യാസം കൊണ്ടു മാത്രം ഒരു പ്രദേശത്തിന് കൂടിയ ലെവലിലുള്ള ജാഗ്രതാ പരിരക്ഷ നഷ്ടപ്പെട്ടേക്കാം. ഉദാഹരണത്തിന്, ഒരു പ്രദേശത്ത് 115.6 മുതല്‍ 204.4 മി.മീറ്റര്‍ വരെ പരിധിയിലുള്ള മഴപ്പെയ്ത്താണ് പ്രതീക്ഷിക്കുന്നതെങ്കില്‍ തത്പ്രദേശത്ത് ഓറഞ്ച് ജാഗ്രതയ്ക്ക് ബാധകമായ മുന്നൊരുക്കങ്ങള്‍ മാത്രം മതി. എന്നാല്‍, അനുമാനിത മഴപ്പെയ്ത്ത് 204.5 മി.മീറ്ററോ (വ്യത്യാസം 0.1 mm മാത്രം കൂടുതല്‍) അതിലേറെയോ ആണെന്നിരിക്കട്ടേ, ദുരന്താതിജീവന ക്രമീകരണങ്ങളുടെ മട്ടും വ്യാപ്തിയും ചുവപ്പു ജാഗ്രതാസാഹചര്യങ്ങള്‍ക്ക് അനുസൃതമായ തരത്തില്‍ കുറച്ചുകൂടി ശക്തമാവുന്നു. യഥാര്‍ഥത്തില്‍ ഓറഞ്ച് ജാഗ്രത നിര്‍ദേശ സാഹചര്യത്തിന്റെ ഉയര്‍ന്നപരിധിയില്‍ വരുന്ന മഴപ്പെയ്ത്തും, അതിനു തൊട്ടുമേലേയുള്ള ചുവപ്പ് ജാഗ്രതാപരിധിയില്‍ വരുന്ന മഴപ്പെയ്ത്തും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ മിക്കവാറും സമാനമായിരിക്കും. എന്നാല്‍, ജാഗ്രതാനിര്‍വചനത്തിന്റെ സാങ്കേതികതയില്‍ ഊന്നിനിന്നുകൊണ്ടു മാത്രം മുന്നൊരുക്കങ്ങള്‍ തീരുമാനിക്കപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍, ഒരു പക്ഷേ പ്രത്യാഘാത തീവ്രതയുടെ അടിസ്ഥാനത്തില്‍ ദുരന്തപ്രതിരോധ നടപടികള്‍ തീരുമാനിക്കപ്പെടുന്ന പക്ഷം ലഭിക്കുമായിരുന്ന പരിഗണനകളുടെ ആനുകൂല്യം ചില പ്രദേശങ്ങള്‍ക്ക് നഷ്ടമാകുന്നു എന്നതാണ് നിര്‍ഭാഗ്യകരം. അതിനാല്‍, ജാഗ്രതാ മുന്നറിയിപ്പുകള്‍ പ്രത്യാഘാതതീവ്രതയുടെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍വചിക്കപ്പെടുന്നതാണ് അഭികാമ്യം.
ജില്ലാടിസ്ഥാനത്തിലാണ് നിലവില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കപ്പെടുന്നത്. എന്നാല്‍, ഒരു ജില്ലയുടെ തന്നെ വിവിധ ഭാഗങ്ങളില്‍ ജാഗ്രതാനിര്‍ദേശത്തില്‍ നിന്നും ഏറെ വിഭിന്നമായ സ്ഥിതിഗതികളാണ് അനുഭവപ്പെടാറുള്ളത് എന്നൊരു ആക്ഷേപം ഈ സംവിധാനത്തിനുണ്ട്. അതിനാല്‍, ഒരു ജില്ലയെത്തന്നെ പല ഉപവിഭാഗങ്ങളായിത്തിരിച്ച് പ്രാദേശിക തലത്തില്‍ ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കുവാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ വിശ്വസനീയമായിരിക്കും; കൂടുതല്‍ ഫലപ്രദവുമായിരിക്കും. ചെറിയ പ്രദേശങ്ങളില്‍ നിന്നും വിപുലമായരീതിയില്‍ കൃത്യമായി കാലാവസ്ഥാവിവരങ്ങള്‍ ശേഖരിക്കുവാനും, മോഡലുകളുടെ സഹായത്തോടെ വിശകലനം ചെയ്ത് നിഗമനങ്ങള്‍ കൃത്യമായി യഥാസമയം പ്രസിദ്ധപ്പെടുത്തുന്നതിനുമുള്ള സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിക്കുന്നപക്ഷം ഇക്കാര്യം നടപ്പാക്കാവുന്നതാണ്. മാനുഷിക ഇടപെടലുകള്‍ വഴി സ്വാഭാവിക ഭൗമഘടനയില്‍ തിരുത്തലുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നിരിക്കെ മാറിയ കാലാവസ്ഥാസാഹചര്യങ്ങളോടൊപ്പം ഇക്കാര്യം കൂടി പരിഗണനയിലെടുത്തുകൊണ്ട് ജാഗ്രതാ മുന്നറിയിപ്പുകളുടെ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാകുന്നു.
2019 ആഗസ്റ്റ് മുതലാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് ജില്ലാ തലത്തിലും നഗര കേന്ദ്രീകൃതമായും കനത്ത മഴയ്ക്കുള്ള അഘാതാധിഷ്ഠിത പ്രവചനം നല്‍കിത്തുടങ്ങിയത്. മഴയുടെ തീവ്രതയെ അടിസ്ഥാനമാക്കി എടുക്കേണ്ട ആവശ്യമായ പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ഇത്തരം പ്രവചനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. കേരളത്തിലെ കാലാവസ്ഥയില്‍ വലിയതോതില്‍ മാറ്റങ്ങള്‍ ദ്ര്യശ്യമായിട്ടുണ്ട്. 2018 മുതല്‍ തുടങ്ങിയ അതിതീവ്ര കാലാവസ്ഥാപ്രഭാവങ്ങള്‍ (പ്രളയം/മിന്നല്‍ പ്രളയം, അസ്വാഭാവിക വരള്‍ച്ച, സൂര്യാതപം, സൂര്യാഘാതം, ഉഷ്ണതരംഗം, അസ്വാഭാവിക ആലിപ്പഴം പൊഴിച്ചില്‍, മിന്നല്‍ ചുഴലികള്‍, ഗസ്റ്റ് നാഡോ, ഗസ്റ്റ് വിന്‍ഡ്, പൊടിച്ചുഴലി, ഉരുള്‍പൊട്ടല്‍, താപവിസ്‌ഫോടനം, മേഘവിസ്ഫോടനം, കാലം തെറ്റിയുള്ള കനത്ത അസ്വാഭാവിക മഴ, അറബിക്കടലില്‍ രൂപം കൊള്ളുന്ന ശക്തിയേറിയ ചുഴലിവാതങ്ങള്‍) തുടങ്ങിയവ സമൂഹത്തിന്റെ എല്ലാ തട്ടുകളെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. കാലാവസ്ഥാമാറ്റത്തെ ചെറുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതോടൊപ്പം പ്രാധാന്യമുള്ളതാണ് പ്രാദേശികമായി ഇത്തരം മാറ്റങ്ങളോടൊപ്പം പൊരുത്തപ്പെട്ടു ജീവിക്കാന്‍ ജനങ്ങളെ പ്രാപ്തമാക്കുന്ന സംവിധാനങ്ങള്‍. നമ്മുടെ പരമ്പരാഗതമായ കാലാവസ്ഥ കഴിഞ്ഞ ഒരു ദശകത്തില്‍ പ്രവചനാതീതമായ നിലയിലേക്ക് മാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്.
അതിതീവ്രമഴയും (Extremely heavy rainfall), അസാധാരണമായ അതിതീവ്രമഴയും (Exceptionally heavy rainfall) മുന്‍കൂട്ടി പ്രവചിക്കുക ഏറെക്കുറെ അസാധ്യമാണ്. ഒരു പ്രദേശത്ത് ലഭിക്കുന്ന മൊത്തം മഴയുടെ അളവിനേക്കാള്‍ (Total accumulated rainfall) , ആ പ്രദേശത്ത് ലഭിച്ച മഴയുടെ തീവ്രതയും (Rainfall intensity /rate ) കൂടി അറിയേണ്ടതുണ്ട്. ഓരോ 15 മിനുട്ട് കൂടുമ്പോഴും ലഭിക്കുന്ന മഴയുടെ അളവ് നിരീക്ഷണവിധേയമാക്കുക വഴി മഴയുടെ ശക്തി എപ്രകാരമാണെന്ന് തിട്ടപ്പെടുത്താനാവും. ഒരു മണിക്കൂറിനുള്ളില്‍ 100 മില്ലീമീറ്റര്‍ മഴയോ അതില്‍ കൂടുതലോ കിട്ടുമ്പോഴാണ് അത് 'മേഘവിസ്ഫോടനം' (Cloud burst എന്ന ഗണത്തില്‍ വരുന്നത്. ഇക്കാര്യങ്ങള്‍ അറിയുന്നതിന് മഴയുടെ തീവ്രത അറിയേണ്ടതുണ്ട്. ചുരുങ്ങിയത് ഒരു കിലോമീറ്റര്‍ ഇടവിട്ട പരിധിയില്‍ മഴ രേഖപ്പെടുത്തുന്നതിന് ആട്ടോമാറ്റഡ് സംവിധാനങ്ങള്‍ (AWS/ARG) ആവശ്യമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടിയ അളവില്‍ മഴപെയ്യുന്ന വേളകള്‍ വര്‍ധിച്ചുവരികയാണെന്നത് യാഥാര്‍ഥ്യമാണ്. പഞ്ചായത്ത് തലത്തില്‍ ഇപ്രകാരം സ്ഥാപിക്കപ്പെടുന്ന മഴമാപിനികളില്‍ നിന്ന് തത്സമയ മഴ തീവ്രതയും അറിയാന്‍ കഴിയും. കാലാവസ്ഥാനിരീക്ഷണ സംവിധാനം പ്രാദേശിക ജനങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിക്കുന്നതും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് ഊര്‍ജമേകും. പ്രദേശത്തിന്റെ ഉരുള്‍പൊട്ടല്‍ സാധ്യത മാപ്പും, മഴയുടെ വിതരണതോതും, തീവ്രതയും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രവചനത്തിന് മുതല്‍ക്കൂട്ടാവും.
2018-ലുണ്ടായ ഉരുള്‍പൊട്ടലുകളുടെയും പ്രളയത്തിന്റെയും അനുഭവങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ബയോളജി എന്ന ഗവേഷണ സ്ഥാപനം കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ റഡാര്‍ ഗവേഷണ കേന്ദ്രവുമായി ചേര്‍ന്ന് രൂപം നല്‍കിയ ഇത്തരത്തിലുള്ള പ്രവര്‍ത്തനം മാതൃകാപരമാണ്. മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാവുന്ന മാതൃകയാണ്.
പ്രാദേശികതലത്തില്‍ മഴമാപിനികളുടെ എണ്ണംകൂട്ടുക, മഴപ്പെയ്ത്തിന്റെ തീവ്രത അറിയുന്നതിന് ഓട്ടോമാറ്റിക് മഴമാപിനികള്‍ സ്ഥാപിക്കുക, തത്സമയം മഴയും ഭൂതലവും നിരീക്ഷണം നടത്തുക എന്നിവ വഴി ലഭ്യമാകുന്ന സ്ഥിതിവിവരങ്ങള്‍ കേന്ദ്രീകൃത സംവിധാനം വഴി വിശകലം ചെയ്യുക എന്നതും പ്രധാനമാണ്. ഇത്തരം സംവിധാനങ്ങള്‍ മലയോര/ഇടനാട് മേഖലകളില്‍ ഒരുക്കേണ്ടതുണ്ട്.
മഴയളവ് എടുക്കുന്നതിനും താപനിലയുടെ കണക്കെടുക്കുന്നതിനും കാലാവസ്ഥാവകുപ്പിന് പരിമിതമായ നെറ്റ്വര്‍ക്ക് സംവിധാനങ്ങളേ ഹൈറേഞ്ചിലും മലമ്പ്രദേശങ്ങളിലും ഉള്ളു. അന്തരീക്ഷ താപനിലയുടെ നെറ്റ്‌വര്‍ക്ക് സ്റ്റേഷനുകളുടെ എണ്ണം സംസ്ഥാനത്ത് വളരെ ചുരുക്കമേയുള്ളു. അടിയന്തരസാഹചര്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ട്. മാത്രമല്ല, മറ്റ് അനുബന്ധ സ്ഥാപനങ്ങളും, ജനസമൂഹങ്ങളും തീവ്ര കാലാവസ്ഥാ സാഹചര്യങ്ങളില്‍ ഉണ്ടാകാവുന്ന പ്രതിസന്ധികളെ നേരിടാന്‍ തയ്യാറാകേണ്ടതുണ്ട്. മേല്‍സൂചിപ്പിച്ച രീതീയിലുള്ള പ്രവചനങ്ങള്‍ തീവ്ര കാലാവസ്ഥാ സാഹചര്യങ്ങളെ നേരിടാനും സംരക്ഷണ നടപടികള്‍ കൈക്കൊള്ളാനും ആഘാതങ്ങള്‍ ലഘൂകരിക്കാനും ജനങ്ങളെ സഹായിക്കും.