മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലുകളുടെ കാരണം തേടുമ്പോള്‍

പ്രളയം: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉല്‍പന്നമല്ല; ഉപോല്‍പന്നമാണ് - ലോകമനസാക്ഷിയെ ഞെട്ടിച്ച ദുരന്തത്തിന്റെ കാലാവസ്ഥ, പാരിസ്ഥിതിക അനുബന്ധ പ്രശ്‌നങ്ങളെ പരിശോധിക്കുന്നു.

Update: 2024-08-14 17:39 GMT
Advertising

വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ കനത്ത ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇതെഴുതുമ്പോള്‍ ഇതുവരെ 264 പേരുടെ മരണം. മരണക്കണക്ക് എത്രവരെയാകുമെന്ന് ഒരു തിട്ടവുമില്ല. ലോകമനസാക്ഷിയെ ഞെട്ടിച്ച ഈ ദുരന്തത്തിന്റെ കാലാവസ്ഥ, പാരിസ്ഥിതിക-അനുബന്ധ പ്രശ്‌നങ്ങളെ ചുരുക്കത്തില്‍ വിവരിക്കുകയാണിവിടെ.

മഴയുടെ രൂപഭാവങ്ങള്‍ മാറുന്നതെന്തുകൊണ്ട്?

ജൂണ്‍ ആദ്യം ആരംഭിച്ച് സെപ്റ്റംബര്‍ അവസാനം വരെ നീളുന്ന കാലവര്‍ഷക്കാലം, ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ തുലാവര്‍ഷക്കാലം, ഡിസംബര്‍-ജനുവരി മാസങ്ങളിലെ പൊതുവെചൂട് കുറഞ്ഞ കാലാവസ്ഥ, മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ലഭിക്കുന്ന വേനല്‍മഴ എന്നിങ്ങനെയാണ് കേരളത്തിലെ കാലാവസ്ഥ വിന്യാസം. സമതുലിതമായ മഴലഭ്യത, ചൂട് കുറഞ്ഞ കാലാവസ്ഥ എന്നിവ മൂലം സംസ്ഥാനത്തിന് ജലക്കമ്മി നേരിടേണ്ടിവരുന്ന അവസ്ഥ താരതമ്യേന വിരളമായിരുന്നുവെന്ന് തന്നെ പറയാം. 2024 ല്‍ മണ്‍സൂണ്‍ മേയ് 30ന് ആരംഭിച്ചു. ജൂണ്‍ മാസത്തില്‍ ലഭിക്കേണ്ട മഴയെക്കാള്‍ 25 ശതമാനം കുറവാണ് ലഭിച്ചത്. കാലവര്‍ഷം ആരംഭിച്ചതിനു ശേഷം ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് 29.7.24. ജൂലൈ 29 നാണ്. 118.5 മില്ലീ മീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. മധ്യ-വടക്കന്‍ ജില്ലകളില്‍ പലയിടത്തും ഇന്നലെ (29.7.24) അതിതീവ്രമഴ പെയ്തു. തോരാതെപെയ്ത പെരുമഴ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണമായി.

കഴിഞ്ഞ രണ്ടാഴ്ചയായി ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെ സജീവമായി നീണ്ടുകിടക്കുന്ന ന്യൂനമര്‍ദ്ദപാത്തി (Offshore trough) വടക്കന്‍ ജില്ലകളില്‍ മഴകനക്കുന്നതിന് ഒരു കാരണമായി. കഴിഞ്ഞ ഒരാഴ്ചയായി അതിതീവ്രമഴയുള്‍പ്പെടെ ശക്തമായ മഴയാണ് പെയ്തത്.

കവളപ്പാറയും പുത്തുമലയും മലയാളികളുടെ മനസ്സില്‍ നിന്ന് എളുപ്പം മാഞ്ഞുപോകുന്ന സ്ഥലനാമങ്ങളല്ല. ഈ പ്രദേശങ്ങള്‍ക്ക് ദൂരെയല്ലാതെയാണ് ഇപ്പോള്‍ ഉരുള്‍പൊട്ടിയ ചൂരല്‍മലയും മുണ്ടക്കൈയും. പൊതുവെ മണ്ണിടിച്ചില്‍ സാധ്യതയുള്ള അതീവപരിസ്ഥിതിലോല പ്രദേശമാണിത്. തുടര്‍ച്ചയായി പെയ്തതീവ്രമഴകള്‍ ഉരുള്‍ പൊട്ടലിലേക്ക് നയിച്ചു.

ഇപ്പോള്‍ കാലാവസ്ഥാ സാഹചര്യങ്ങള്‍ മാറി. അനുബന്ധമായി കേരളത്തിലെ മഴക്കാലത്തിലും പ്രകൃതമാറ്റങ്ങള്‍ ദൃശ്യമാകുന്നു. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി മഴപ്പെയ്ത്തിന്റെ പ്രകൃതം മാറി. ഒരു ഋതുവില്‍ കിട്ടേണ്ട മഴ ചിലപ്പോള്‍ ഒരൊറ്റ മാസം കൊണ്ട് ലഭിക്കുന്നു. ഒരു മാസം കൊണ്ട് കിട്ടേണ്ട മഴ ഒരാഴ്ച്ചക്കുള്ളില്‍ ലഭിക്കുന്നു; ഒരാഴ്ച കൊണ്ട് പെയ്യേണ്ട മഴ ഒരൊറ്റ ദിവസം കൊണ്ട് പെയ്യുന്നു. മറ്റുചിലപ്പോഴാകട്ടെ, ഒരു മണിക്കൂറുകൊണ്ട് ഒരു ദിവസത്തെ മഴ പെയ്തിറങ്ങുന്നു. പൊതുവെ പറഞ്ഞാല്‍, കാലാവര്‍ഷക്കാലത്ത് മൊത്തം ലഭിക്കേണ്ട മഴ ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിശക്തമായി പെയ്തൊഴിയുന്ന പ്രവണത വര്‍ധിക്കുന്നു.

റഡാര്‍ ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം കനത്ത മേഘാവരണമാണ് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ കാണപ്പെട്ടത്. അത് ഇത്തരമൊരു ദുരന്തത്തിലേക്കുള്ള ദുരിതപ്പെയ്ത്തായി മാറുമെന്ന് ആരും കണക്കാക്കിയില്ല; മുന്നറിയിപ്പും കൊടുത്തില്ല.

ഇത്തരം അതിതീവ്രമഴവേളകളെ 'മേഘവിസ്ഫോടനം'(Cloudburst) എന്ന നിര്‍വചനത്തില്‍ ഒതുക്കുവാന്‍ സാങ്കേതികാര്‍ഥത്തില്‍ കഴിയില്ല. എന്നാല്‍, സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മഴ, മേഘവിസ്‌ഫോടനം വഴി ലഭിക്കുന്ന മഴയുടെ അതേ പ്രകൃതം പ്രകടിപ്പിക്കുന്നവയാണ്. ഒരു ചെറിയ ഭൂപ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ (ഒരു മണിക്കൂറിനുള്ളില്‍ 100mm മഴ) 'കൂമ്പാര മഴമേഘങ്ങള്‍' എന്ന വിഭാഗത്തില്‍പ്പെട്ട മേഘങ്ങളില്‍ നിന്ന് ലഭിക്കുന്ന അതിശക്തമായ മഴയാണ് 'മേഘവിസ്‌ഫോടനം. എന്നാല്‍, മേഘവിസ്ഫോടനത്തിന് കാരണമാകുന്ന കൂമ്പാരമഴമേഘങ്ങള്‍ (Cumulonimbus) സാധാരണഗതിയില്‍ കാലവര്‍ഷക്കാലത്ത് രൂപം കൊള്ളാറില്ല.

ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷത്തില്‍ സംവഹനപ്രക്രിയയിലൂടെയാണ് 'കൂമ്പാരമേഘങ്ങള്‍' (Cumulus) ഉണ്ടാകുന്നത്. തുടര്‍ന്നും അനുകൂല സാഹചര്യങ്ങള്‍ ലഭ്യമാവുകയാണെങ്കില്‍ ഈ മേഘങ്ങള്‍ മുകളിലേക്ക് വികാസം പ്രാപിച്ച് ജലബാഷ്പ സമ്പന്നമായ കൂമ്പാരമഴമേഘങ്ങളായി ((Cumulonimbus- Cb) തീരുന്നു. ഇത്തരം മേഘങ്ങളില്‍ നിന്നാണ് ഇടിയോടു കൂടിയ മഴ ലഭിക്കുന്നത്. മേഘവിസ്ഫോടനത്തിന് ഉറവിടമാകുന്നതും ഈ വിഭാഗത്തില്‍പെട്ട മേഘങ്ങളാണ്. വേനല്‍ പിന്നിട്ട് മണ്‍സൂണ്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ഇത്തരം മേഘരൂപീകരണസാധ്യത ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍, ജൂലൈ - ആഗസ്റ്റ് മാസത്തിലും മഴയോടൊപ്പം ശക്തമായ ഇടിമുഴക്കം കേള്‍ക്കുന്നു എന്നതില്‍ നിന്ന് ഇത്തരം മേഘങ്ങളുടെ സാന്നിധ്യം കാലവര്‍ഷ മധ്യത്തിലും സംസ്ഥാനത്ത് നിലനില്‍ക്കുന്നുവോ എന്ന കാര്യം പരിശോധിക്കപ്പെടണം. ഒരു ദശകത്തിന് മുന്‍പ് അതിതീവ്രമഴ വേളകള്‍ സംസ്ഥാനത്ത് അപൂര്‍വമായിമാത്രമാണ് കാണപ്പെട്ടിരുന്നത്. ഇപ്പോള്‍, കഥമാറി. മണ്‍സൂണിലും തുലാമഴയിലും വേനല്‍ മഴയിലുമടക്കം ഇത്തരം മഴപ്പെയ്ത്തുകളുടെ ആവൃത്തിയും തീവ്രതയും ഏറെ വര്‍ധിച്ചു. 400 മില്ലീമീറ്ററിലും കൂടുതല്‍ മഴ 24 മണിക്കൂറില്‍ പെയ്യുന്ന സാഹചര്യങ്ങള്‍ക്കും നാം സാക്ഷ്യം വഹിച്ചു.

സംസ്ഥാനത്തിന്റെ ഹൈറേഞ്ച് മേഖലകളും താപനപ്രക്രിയക്ക് അടിപ്പെട്ടിരിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. കണ്ടും കേട്ടും അനുഭവിച്ചും പരിചയമില്ലാത്ത കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് നാം സാക്ഷ്യം വഹിക്കുകയാണ് ചെയ്യുന്നത്. താപനകാലത്ത്, കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളില്‍ മേഘങ്ങള്‍ക്കുണ്ടാകുന്ന അവസ്ഥാന്തരണമാണ് (Transformation) ഒരു പ്രധാന കാര്യം. മണ്‍സൂണ്‍ കാലത്ത് മഴ കനക്കുന്നതിന് കാരണമാകുന്ന ഘടകങ്ങളും സജീവമായി നിലനിന്നതും അതിതീവ്രമഴപ്പെയ്ത്തിന് കാരണമായി മാറി. റഡാര്‍ ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം കനത്ത മേഘാവരണമാണ് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ കാണപ്പെട്ടത്. അത് ഇത്തരമൊരു ദുരന്തത്തിലേക്കുള്ള ദുരിതപ്പെയ്ത്തായി മാറുമെന്ന് ആരും കണക്കാക്കിയില്ല; മുന്നറിയിപ്പും കൊടുത്തില്ല. വയനാട്ടില്‍ മലയോരമേഖലയില്‍ പെയ്ത മഴയുടെ കണക്ക് പട്ടികയില്‍ കൊടുക്കുന്നു. മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ പെയ്യുന്ന മഴയെയാണ് അതിതീവ്രമഴയായി പരിഗണിക്കുന്നത്.

പട്ടിക1 . വയനാട് ജില്ലയില്‍ ജൂണ്‍ 1 മുതല്‍ ജൂലൈ 30 വരെ കൂടുതല്‍ മഴ ലഭിച്ച മലയോര പ്രദേശങ്ങള്‍


പട്ടിക 2. വയനാട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 300 മില്ലീ മീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ച പ്രദേശങ്ങള്‍


അമിതമഴയ്ക്കു കാരണം കാലാവസ്ഥാവ്യതിയാനമോ?

കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളുടെ പ്രകടലക്ഷണം അന്തരീക്ഷ താപവര്‍ധനവാണ്. ചൂടേറുമ്പോള്‍ വായുവിന്റെ ഈര്‍പ്പഗ്രാഹക ശേഷി വര്‍ധിക്കുന്നു. അന്തരീക്ഷതാപനിലയില്‍ ഉണ്ടാകുന്ന ഓരോ ഡിഗ്രി സെന്റിഗ്രേഡ് വര്‍ധനവിനും വായുവിന്റെ ഈര്‍പ്പഗ്രാഹകശേഷി ഏഴ് ശതമാനം കണ്ട് വര്‍ധിപ്പിക്കുവാനാകും. ഈര്‍പ്പസമ്പന്നമായ വായുവില്‍ നിന്ന് രൂപംകൊള്ളുന്ന മേഘങ്ങള്‍ സ്വാഭാവികമായും ജലാംശം കൂടുതല്‍ ഉള്ളവയായിരിക്കും. അതായത്, ആഗോളതാപന സാഹചര്യങ്ങളില്‍ കൂടുതല്‍ അളവില്‍ ജലാംശമുള്ള മേഘങ്ങള്‍ രൂപീകരിക്കപ്പെടാനുള്ള സാധ്യത പ്രബലമാണ്.

ഒരു പക്ഷെ, സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന മണ്‍സൂണ്‍ മേഘങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നവയാകാനും മതി. അധിക ജലസാന്നിധ്യം മൂലം 'കനമേറിയ'ഇത്തരം മഴമേഘങ്ങളില്‍ നിന്നാവാം ഇപ്പോള്‍ ലഭിക്കുന്ന തരത്തിലുള്ള അതിതീവ്രമഴ ലഭിക്കുന്നതും. ഈ നിരീക്ഷണപ്രകാരം വരുംകാലങ്ങളിലും കാലാവര്‍ഷക്കാലത്ത് അതിതീവ്രമഴ ഏറുന്നതിനുള്ള സാധ്യതകള്‍ ശക്തമാകുന്നു.

കാലാവര്‍ഷമഴ അതിതീവ്രമാകാനുള്ള മറ്റൊരു നിര്‍ണ്ണായക ഘടകമാണ് ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദസാന്നിധ്യം. ന്യൂനമര്‍ദ്ദവ്യൂഹങ്ങള്‍ മണ്‍സൂണിന്റെ ഘടകമാണ്; മണ്‍സൂണിനെ പുഷ്ടിപ്പെടുത്തുന്ന പ്രധാനപ്പെട്ട ഘടകം. കാലാവര്‍ഷക്കാലത്ത് സാധാരണ ഗതിയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആറോളം ന്യൂനമര്‍ദവ്യൂഹങ്ങള്‍ രൂപം പ്രാപിക്കാറുണ്ട്. ഇവ കേരളത്തില്‍ ലഭിക്കുന്ന കാലാവര്‍ഷമഴയെ ശക്തിപ്പെടുത്തുന്നു. ചില വര്‍ഷങ്ങളില്‍ ഇപ്രകാരം ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളുടെ എണ്ണം പത്തില്‍ കൂടുതല്‍ ആകാറുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കാലവര്‍ഷം സാധാരണ ഗതിയില്‍ ലഭിച്ചിരുന്നപ്പോഴും ന്യൂനമര്‍ദ്ദ സാന്നിധ്യം വഴി കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമായിരുന്നു. എന്നാല്‍, കാലാവസ്ഥവ്യതിയാന സാഹചര്യങ്ങളില്‍ അതിതീവ്രസ്വഭാവമുള്ള മഴപ്പെയ്ത്തിന് സാധ്യതയേറുമ്പോള്‍ ഇത്തരം ന്യൂനമര്‍ദങ്ങളുടെ സാന്നിധ്യം മൂലം മഴ നീണ്ടുനിന്ന് പെയ്യുകയും അത് ഇപ്പോള്‍ സംഭവിക്കുന്നതുപോലെ പ്രളയ സാഹചര്യങ്ങള്‍ക്ക് വഴി തുറക്കുകയും ചെയ്യാം.

പ്രളയ കാരണം: അതിതീവ്രമഴകള്‍ മാത്രമോ?

അതിതീവ്രമഴയാണ് കേരളം അഭിമുഖീകരിയ്ക്കുന്ന പ്രളയത്തിന് ഒന്നാമത്തെ കാരണമെങ്കില്‍ രണ്ടാമത്തെ കാരണം മാറിയ ഭൂവിനിയോഗ ക്രമമാണ്. കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഭൂവിനിയോഗത്തില്‍ ഉണ്ടായ വ്യതിയാനം മൂലം, ജലസംഭരണം, ജലനിര്‍ഗമനം എന്നിവക്കുള്ള ഉപാധികള്‍ വലിയൊരളവില്‍ ഇല്ലാതാക്കിയിരിക്കുന്നു. മുന്‍ കാലങ്ങളില്‍ സംസ്ഥാനത്തുടനീളം ഉണ്ടായിരുന്ന തോടുകള്‍, കുളങ്ങള്‍ എന്നിവയിലും നെല്‍വയലുകളുടെ വിസ്തൃതിയിലും വന്‍ കുറവ് ഉണ്ടായിരിക്കുന്നു. 1950കളില്‍ എട്ട് ലക്ഷത്തോളം ഹെക്ടറിനടുത്ത് ഉണ്ടായിരുന്ന നെല്‍വയലുകളുടെ വിസ്തീര്‍ണ്ണം നിലവില്‍ ഏതാണ്ട് രണ്ട് ലക്ഷം ഹെക്ടറോളമായി ചുരുങ്ങിയിരിക്കുന്നു. മഴവെള്ളത്തെ വന്‍ തോതില്‍ സംഭരിച്ച് ഭൂഗര്‍ഭജലശേഖരത്തെ പരിപോഷിപ്പിച്ചിരുന്ന നെല്‍വയലുകളും മറ്റ് തണ്ണീര്‍ത്തടങ്ങളും വരള്‍ച്ചാ വേളകളില്‍ ജലസ്രോതസ്സുകള്‍ കൂടിയായിരുന്നു.

മഴക്കാലത്തെ അധികപ്പെയ്ത്ത് ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടായിരുന്ന ഈ ജലസംഭരണികള്‍ വെള്ളക്കെട്ടിനെയും പ്രളയസാധ്യതകളെയും വലിയൊരളവുവരെ നിയന്ത്രിച്ചിരുന്നു. ഇവയിലൂടെ സംഭരിക്കപ്പെട്ടിരുന്ന ജലശേഖരം ഭൂമിയില്‍ ഉണ്ടായിരുന്നത് കൊണ്ടാവാം അക്കാലങ്ങളില്‍ വരള്‍ച്ചാവേളകളെ കേരളത്തിന് അതിജീവിക്കാനായതും. എന്നാല്‍, ഇപ്പോള്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കാര്‍ഷികേതര ആവശ്യങ്ങക്കു വേണ്ടിയോ നഗരവത്കരണത്തിന് വേണ്ടിയോ നികത്തപ്പെട്ട സാഹചര്യത്തില്‍ അധികജലത്തെ ഉള്‍ക്കൊള്ളുവാനുള്ള സ്വാഭാവിക സംഭരണികള്‍ ഇല്ലാതാവുകയും അതിശക്തിയായി മഴ ലഭിക്കുന്ന സഹചര്യങ്ങളില്‍ ആദ്യപടിയായി വെള്ളക്കെട്ടിലേക്കും പിന്നീട് ജലനിരപ്പ് ദ്രുതഗതിയില്‍ ഉയര്‍ന്ന് പ്രളയസമാന സാഹചര്യങ്ങളിലേക്കും നീങ്ങുന്നു.

വ്യാപകമാകുന്ന നഗരവത്കരണം വെള്ളക്കെട്ട് രൂക്ഷമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നഗരങ്ങളിലെ ടാറിട്ട റോഡുകള്‍, കോണ്‍ക്രീറ്റ് നടപ്പാതകള്‍, വീടുകള്‍ക്ക് മുന്നിലുള്ള ടൈലുപാകിയ മുറ്റങ്ങള്‍ എന്നിവ ജലം ഭൂമിയിലേക്കിറങ്ങാന്‍ അനുവദിക്കുന്നവയല്ല. മാത്രമല്ല, നഗരങ്ങളിലെ ജല/ മലിനജല നിര്‍ഗമന സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയും ജലത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നു.

ജലനിര്‍ഗമനമാര്‍ഗങ്ങളുടെ അഭാവമാണ് വെള്ളക്കെട്ടിലേക്ക് വഴി തെളിയിക്കുന്ന മറ്റൊരു പ്രധാന കാരണം. തോടുകള്‍, ചാലുകള്‍, കനാലുകള്‍ എന്നിവ കേരളത്തിന്റെ നാട്ടിന്‍പുറങ്ങളില്‍ പ്രകൃത്യാഉണ്ടായിരുന്ന ജലനിര്‍ഗമനമാര്‍ഗങ്ങളായിരുന്നു. പരസ്പരബന്ധിതമായ തോടുകള്‍, കനാലുകള്‍ എന്നിവയിലൂടെ പെയ്ത്ത് വെള്ളം ഏറെക്കുറെ സുഗമമായി ഒഴുകി പുഴകളിലേക്കും കായലുകളിലേക്കും അവിടെ നിന്ന് കടലിലേക്കും എത്തിച്ചേരുമായിരുന്നു. കിഴക്കു നിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന സംസ്ഥാനത്തിന്റെ ഭൂപ്രകൃതിക്കും വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിന് സുപ്രധാന പങ്കുണ്ട്. എന്നാല്‍, തോടുകള്‍, കനാലുകള്‍ തുടങ്ങിയ സ്വാഭാവിക ജലനിര്‍ഗമന മാര്‍ഗങ്ങള്‍ ഇപ്പോള്‍ ഏറെക്കുറെനാമാവശേഷമായിക്കഴിഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ നിര്‍മിച്ച കൃത്രിമ ജലനിര്‍ഗമന മാര്‍ഗങ്ങള്‍, പ്രധാനറോഡുകളുടെ പാര്‍ശ്വങ്ങളിലുള്ള നിര്‍മിതചാലുകള്‍ എന്നിവ കാര്യക്ഷമമായ രീതിയില്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ചുരുങ്ങിയ പക്ഷം കനത്ത മഴ പെയ്യുമ്പോഴുള്ള വെള്ളക്കെട്ടെങ്കിലും ഒഴിവാക്കാമായിരുന്നു. എന്നാല്‍, ഇത്തരം ചാലുകളില്‍ പ്ലാസ്റ്റിക്, തുണി, മണ്ണ്, ഗാര്‍ഹിക മാലിന്യങ്ങള്‍ എന്നിവ അടിഞ്ഞു കൂടി ജലം സുഗമമായി ഒഴുകുവാനനുവദിക്കുന്നില്ല. വ്യാപകമാകുന്ന നഗരവത്കരണം വെള്ളക്കെട്ട് രൂക്ഷമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നഗരങ്ങളിലെ ടാറിട്ട റോഡുകള്‍, കോണ്‍ക്രീറ്റ് നടപ്പാതകള്‍, വീടുകള്‍ക്ക് മുന്നിലുള്ള ടൈലുപാകിയ മുറ്റങ്ങള്‍ എന്നിവ ജലം ഭൂമിയിലേക്കിറങ്ങാന്‍ അനുവദിക്കുന്നവയല്ല. മാത്രമല്ല, നഗരങ്ങളിലെ ജല/ മലിനജല നിര്‍ഗമന സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയും ജലത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നു.

അതിതീവ്രമഴ ലഭിക്കുവാനുള്ള പ്രവണത കാലാവസ്ഥാ വ്യതിയാന സാഹചര്യത്തില്‍ ഏറിവരുന്നുവെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ് എന്നിരിക്കെ അണക്കെട്ടുകളുടെ പരിപാലനവും വലിയ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണ്. കാരണം, വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്താല്‍ അണക്കെട്ടുകളുടെ സംഭരണ ശേഷി കഴിഞ്ഞുള്ള ജലം തീര്‍ച്ചയായും ഒഴുക്കിവിടേണ്ടിവരും. അണക്കെട്ടുകളുടെ താഴെ പുഴയോരങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷയെ ലക്ഷ്യമാക്കി അത്തരം സാഹചര്യങ്ങളില്‍ ഉപയുക്തമായേക്കാവുന്ന കൃത്യമായ 'ഫ്ളഡ് മാപ്പിംഗ്' ഉണ്ടാക്കേണ്ടതും പ്രദേശ നിവാസികളെ വിവരങ്ങള്‍ മുന്‍കൂട്ടി ധരിപ്പിക്കേണ്ടതും വളരെ ആവശ്യമാണ്. കാലവര്‍ഷമഴയുടെ പ്രകൃതം മാറിയ സാഹചര്യത്തില്‍ ഇക്കാര്യം പ്രഥമ പരിഗണനയര്‍ഹിക്കുന്നു.

ഉരുള്‍പൊട്ടലിനു കാരണം പാറമടകള്‍?

അതിതീവ്രമഴ മൂലം ഉണ്ടാകുന്ന പ്രളയത്തെപ്പോലെയോ ഒരു പക്ഷെ അതിനേക്കാള്‍ ഏറെയോ വിനാശകാരിയാണ് കനത്ത മഴക്കാലത്ത് ഉണ്ടാകുന്ന ഉരുള്‍പൊട്ടല്‍. മലകളിലെ പാറക്കെട്ടുകളിലോ മണ്ണിടുക്കുകളിലോ വന്‍തോതില്‍ ജലം ശേഖരിക്കപ്പെടുകയും ഇപ്രകാരം സംഭരിക്കപ്പെട്ട ജലത്തിന്റെ സമ്മര്‍ദം മൂലം മലയുടെ വലിയൊരു ഭാഗം ഒന്നാകെ ഇടിഞ്ഞ്, മണ്ണും ജലവും വന്‍പാറകളും മരങ്ങളുമടക്കം കുത്തിയൊലിച്ചുവന്ന് അതിന്റെ മാര്‍ഗത്തിലുള്ള സര്‍വ്വതിനേയും നശിപ്പിക്കുന്ന പ്രക്രിയയാണ് ഇത്.  


മലകളിലെ മരക്കുറ്റികള്‍ ദ്രവിച്ച് സൃഷ്ടിക്കപ്പെടുന്ന അളകള്‍ എന്നിവയിലൂടെയൊക്കെ മഴവെള്ളം ഇപ്രകാരം ആഴ്ന്നിറങ്ങാം. ഇപ്രകാരം ആഴ്ന്നിറങ്ങുന്ന വെള്ളം ഭൂഭൂമിയുടെ അന്തര്‍ഭാഗത്തുകൂടി ചാല്‍ രൂപത്തില്‍ ഒഴുകുന്നു. മണ്ണും മണ്ണിലടങ്ങിയിരിക്കുന്ന ജൈവാവശിഷ്ടങ്ങളും ഇത്തരം ഭൗമാന്തര്‍ഭാഗങ്ങളിലൂടെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വഹിക്കപ്പെടാം. 'സോയില്‍ പൈപ്പിംഗ് 'എന്നറിയപ്പെടുന്ന ഈ പ്രക്രിയ വഴി മണ്ണിനടിയില്‍ ഗര്‍ത്തങ്ങള്‍ രൂപീകരിക്കപ്പെടുന്നു. ഈ പ്രക്രിയയാണ് ഉരുള്‍ പൊട്ടല്‍/മണ്ണിടിച്ചില്‍ എന്നിവയുടെ ആദ്യപടി.

വനമേഖലയുടെ വിസ്തൃതി, സാന്ദ്രത എന്നിവയിലുണ്ടായ കുറവ് മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ എന്നിവയുടെ ആവൃത്തിയും തീവ്രതയും വര്‍ധിപ്പിച്ചിട്ടുണ്ട്. സാന്ദ്രവനപ്രദേശങ്ങളില്‍ നിലത്ത് അടിഞ്ഞു കൂടുന്ന മരങ്ങളുടെ ഇലകളും മറ്റ് ജൈവവസ്തുക്കളും ഒരു സ്പോഞ്ച് പോലെ വര്‍ത്തിച്ചു വെള്ളത്തെ ഭൂമിയിലേക്ക് ആഗിരണം ചെയ്യാനിടയാക്കുന്നു. മാത്രമല്ല, ഇടതൂര്‍ന്ന വനങ്ങളിലെ വൃക്ഷങ്ങളില്‍ തടഞ്ഞ് താഴേക്ക് ഒഴുകുന്ന പെയ്ത്ത് വെള്ളത്തിന്റെ പ്രവാഹ ശക്തിയും കുറയുന്നു. ഇതുവഴി മണ്ണിടിച്ചിലിനുള്ള സാധ്യത കുറയുന്നു.

മലകളിലെ കുത്തനെയോ അകത്തോട്ടോ ചരിവുകലുള്ള ഭാഗങ്ങളാണ് പെട്ടെന്ന് ഉരുള്‍ പൊട്ടലിന് വിധേയമാകുന്നത്. കേരളത്തിലെ മലനിരകളില്‍ സജീവമായ പാറമടകളുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ മലയിടിച്ചിലിന് കാരണമാകുന്നു. പാറമട പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ വച്ച് തകര്‍ത്ത് കരിങ്കല്ലെടുക്കുമ്പോള്‍ സ്വാഭാവികമായും പാറക്കെട്ടുകളില്‍ വിള്ളലുകള്‍ ഉണ്ടാകുന്നു. ഈ വിള്ളലുകളിലൂടെ മഴവെള്ളം ഇറങ്ങി പാറകള്‍ക്കിടയില്‍ സംഭരിക്കപ്പെടുന്നു. ഇപ്രകാരം പാറകള്‍ക്കിടയില്‍ സംഭരിക്കപ്പെടുന്ന ജലത്തിന്റെ സമ്മര്‍ദം അധികരിക്കുമ്പോള്‍ അത് ഉരുള്‍പൊട്ടലിന് വഴി തെളിയിക്കുന്നു. കൂടാതെ, പാറപൊട്ടിച്ചുണ്ടാകുന്ന വന്‍ ഗര്‍ത്തങ്ങളില്‍ മഴവെള്ളം സംഭരിക്കപ്പെട്ടും സമാനമായപ്രക്രിയ ആവര്‍ത്തിക്കപ്പെടാവുന്നതാണ്. മലയുടെ മുകളിലും മലഞ്ചെരുവുകളിലും ഭൂമി ഉഴുതുമറിച്ച് കൃഷി നടത്തുന്നതും ഉരുള്‍ പൊട്ടലിന് വഴി തെളിക്കും.

ഉരുള്‍പൊട്ടല്‍ പ്രവചനം സാധ്യമോ?

ഗുരുത്വാകര്‍ഷണത്തിന്റെ നേരിട്ടുള്ള സ്വാധീനത്തില്‍ ഒരു ചരിവിലൂടെ പാറ, ഭൂമി അല്ലെങ്കില്‍ അവശിഷ്ടങ്ങള്‍ പോലുള്ള വസ്തുക്കളുടെ വന്‍തോതിലുള്ള താഴോട്ടുള്ള ചലനമാണ് മണ്ണിടിച്ചില്‍ അഥവാ ഉരുള്‍പൊട്ടല്‍. അവ പെട്ടെന്നോ, സാവധാനത്തില്‍ ദീര്‍ഘകാലം കൊണ്ടോ സംഭവിക്കാം. ഒരു ചരിവില്‍ പ്രവര്‍ത്തിക്കുന്ന ഗുരുത്വാകര്‍ഷണ ശക്തി ഒരു ചരിവിന്റെ പ്രതിരോധ ശക്തിയെക്കാള്‍ കൂടുതലാകുമ്പോള്‍, ചരിവ് പരാജയപ്പെടുകയും ഉരുള്‍പൊട്ടല്‍ സംഭവിക്കുകയും ചെയ്യുന്നു.

മണ്ണിടിച്ചില്‍ സാധ്യതയുടെ അടിസ്ഥാനത്തില്‍ ഒരു പ്രദേശത്തെ മേഖലകളായി വിഭജിക്കുന്ന പ്രക്രിയയാണ് Landslide Hazard Zonation. ദുരന്തനിവാരണത്തിന്റെ നിര്‍ണായക ഘടകമാണിത്. മണ്ണിടിച്ചില്‍ അപകടങ്ങളുടെ സ്ഥലാത്മകവിതരണ ക്രമം മനസിലാക്കുന്നതിനും ജനങ്ങള്‍ക്കും അടിസ്ഥാനസൗകര്യങ്ങള്‍ക്കും മണ്ണിടിച്ചിലിന്റെ അപകടസാധ്യത, ആഘാതം എന്നിവ കുറയ്ക്കുന്നതിന് തീരുമാനങ്ങള്‍ എടുക്കുന്നതിനും നയരൂപകര്‍ത്താക്കള്‍, ആസൂത്രകര്‍, അടിയന്തര മാനേജ്‌മെന്റ് ഏജന്‍സികള്‍ എന്നിവരെ ഇത്തരം മാപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ വഴിതയ്യാറാക്കിയ ഭൂരേഖാചിതങ്ങള്‍ സഹായിക്കുന്നു. ഉരുള്‍പൊട്ടലിന്റെ കൃത്യമായ സമയവും സ്ഥലവും സംബന്ധിച്ച കൃത്യമായ പ്രവചനം വെല്ലുവിളിയാണെങ്കിലും, സാങ്കേതികവിദ്യയിലെ പുരോഗതിയും ഭൂമിശാസ്ത്രപരമായ പ്രക്രിയകളെക്കുറിച്ചുള്ള ധാരണയും അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയാനും മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാനും സാധിക്കും.

വനമേഖലയുടെ വിസ്തൃതി, സാന്ദ്രത എന്നിവയിലുണ്ടായ കുറവ് മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ എന്നിവയുടെ ആവൃത്തിയും തീവ്രതയും വര്‍ധിപ്പിച്ചിട്ടുണ്ട്. സാന്ദ്രവനപ്രദേശങ്ങളില്‍ നിലത്ത് അടിഞ്ഞു കൂടുന്ന മരങ്ങളുടെ ഇലകളും മറ്റ് ജൈവവസ്തുക്കളും ഒരു സ്പോഞ്ച് പോലെ വര്‍ത്തിച്ചു വെള്ളത്തെ ഭൂമിയിലേക്ക് ആഗിരണം ചെയ്യാനിടയാക്കുന്നു. മാത്രമല്ല, ഇടതൂര്‍ന്ന വനങ്ങളിലെ വൃക്ഷങ്ങളില്‍ തടഞ്ഞ് താഴേക്ക് ഒഴുകുന്ന പെയ്ത്ത് വെള്ളത്തിന്റെ പ്രവാഹ ശക്തിയും കുറയുന്നു. ഇതുവഴി മണ്ണിടിച്ചിലിനുള്ള സാധ്യത കുറയുന്നു.

19-ആം നൂറ്റാണ്ടിന്റെ മധ്യത്തില്‍ വനവിസ്തൃതി കേരളത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെ 70 ശതമാനത്തോളമായിരുന്നു. 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലിത് 50 ശതമാനമായി. നിലവില്‍ സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 24 ശതമാനം മാത്രമായി വനമേഖല കുറഞ്ഞിരിക്കുന്നു. വനനശീകരണ പ്രവര്‍ത്തനങ്ങള്‍ വന്‍ തോതില്‍ നടക്കുന്ന ഇടങ്ങളില്‍ ഉരുള്‍ പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും തീവ്രത കൂടുതലാണെന്ന് കാണാവുന്നതാണ്.

കാലാവസ്ഥയിലെ വ്യതിയാനം പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മാറിയ കാലാവസ്ഥ സാഹചര്യങ്ങളില്‍ കടുത്ത വരള്‍ച്ചാ വേളകള്‍, അതി തീവ്രമഴ ലഭിക്കുന്ന മഴദിവസങ്ങള്‍ എന്നിവ ഇനിയും ആവര്‍ത്തിച്ചുണ്ടാവും. ഇവയെ ഒഴിവാക്കാന്‍ നമുക്കാവില്ല, എന്നാല്‍, ഇവയുടെ ദുരന്ത പ്രത്യാഘാതങ്ങള്‍ നമുക്ക് ലഘൂകരിക്കാം; നമ്മുടെപ്രവര്‍ത്തന ശൈലികളില്‍, വീക്ഷണങ്ങളില്‍ മാറ്റം വരുത്തിയാല്‍ മാത്രം മതി. നഷ്ടപ്പെടുത്തിയ തണ്ണീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും പുനഃസൃഷ്ടിക്കുക പ്രായേണ അസാധ്യമാണ്. എന്നാല്‍, ഉള്ളവയെ സംരക്ഷിക്കുവാന്‍ നിയമങ്ങള്‍ ഉണ്ടാക്കുകയും അവയില്‍ വെള്ളം ചേര്‍ക്കാതെ കൃത്യമായി നടപ്പാക്കുകയും ചെയ്താല്‍ മാത്രംമതി.

കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളുടെ ഭാഗമായി അതിതീവ്രമഴ വേളകള്‍ (Extremely heavy rainfall events) സാധാരണമാകുന്നുവെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, പ്രളയസാഹചര്യങ്ങള്‍ പൂര്‍ണ്ണമായും കാലാവസ്ഥാ വ്യതിയാനത്തിന്റെ സൃഷ്ടിയെന്ന് പറയാനാകുമോ? തീര്‍ച്ചയായും ഇല്ല. ജലാധിക്യമുള്ള മഴവേളകള്‍ ഏറുമ്പോള്‍ അവ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുവാനും, ഒഴുകിപ്പോകുവാനുമുള്ള സാഹചര്യങ്ങളും അത്രകണ്ട് പരിപോഷിപ്പിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ വികലമായ വികസന-ആസൂത്രണപരിപാടികള്‍ അത്തരം സാഹചര്യങ്ങളെ പരിപോഷിപ്പിക്കുന്നവയോ ചുരുങ്ങിയപക്ഷം നിലനിര്‍ത്തുകയോ ചെയ്യുന്നവയല്ല എന്നത് പൊകട്ടെ; കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളെ തീര്‍ത്തും മുഖവിലക്കെടുക്കുകയോ ചെയ്യാത്തവിധത്തില്‍ അന്ധവും, ബധിരവും അശാസ്ത്രീയവുമാണ്. കാലാവസ്ഥാപരവും പരിസ്ഥിതിപരവുമായ സാക്ഷരതയുടെ സമന്വയത്തിലൂടെ മാത്രമേ സുസ്ഥിരപരിഹാരപരിപാടികള്‍ പ്രാപ്യമാവുകയുള്ളു.

ഗാഡ്ഗില്‍ ആയിരുന്നുവോ ശരി?

'ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ' എന്ന് പൊതുവേ അറിയപ്പെടുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി പഠനറിപ്പോര്‍ട്ട് ആയിരിക്കാം ഒരുപക്ഷേ ഇന്നോളം കാണാത്തത്ര ചര്‍ച്ചകള്‍ക്കും, വിവാദങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുള്ള ഒരു പരിസ്ഥിതിസംരക്ഷണ-വികസനറിപ്പോര്‍ട്ട്. വിമര്‍ശനങ്ങളിലേറെയും വസ്തുതകളെ മറച്ചു പിടിക്കുകയോ, വളച്ചൊടിക്കുകയോ മനഃപൂര്‍വ്വമോ അല്ലാതെയോ കാണാതെ പോവുകയോ ചെയ്തവയായിരുന്നു എന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരം. ഇക്കാരണങ്ങളാല്‍ പൊതുജനസമക്ഷം ഈ റിപ്പോര്‍ട്ട് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയോ, ആശയക്കുഴപ്പത്തിന്നിടയാക്കുകയോ ചെയ്തു. മാത്രമല്ല, റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുകപ്പോലും ചെയ്യാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണാജനകമാംവിധം ഉയര്‍ത്തിക്കാണിച്ച് ജനക്കൂട്ടങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെടുകയും ചെയ്തു. പരിസ്ഥിതിവിലോല മേഖലകള്‍ക്ക് അതിരുകള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ മാത്രമല്ല, ഓരോ മേഖലകളിലെയും പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ വരെ വ്യക്തവും ശക്തവുമായ ബഹുജനപങ്കാളിത്തം ഉണ്ടായിരിക്കേണ്ടതാണെന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആവര്‍ത്തിച്ച് നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇതിനു വിരുദ്ധമായി സമൂഹത്തിലെ ചില പ്രത്യേക തട്ടിലുള്ളവരെ മാത്രം കേന്ദ്രീകരിച്ചായിരുന്നു റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നേറിയത്.  


പ്രകൃതിയെ ഉള്‍ക്കൊള്ളാതെ പ്രവര്‍ത്തിക്കുന്നിടത്തോളം പ്രകൃതിദുരന്തങ്ങളില്‍ നിന്നും വിടുതല്‍ അസാധ്യമാണെന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിവരയിട്ടുപറയുന്നു. കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങള്‍ ഇത്തരം സാധ്യതകളെ കൂടുതല്‍ കൂടുതല്‍ പ്രബലമാക്കുക മാത്രമാണ് ചെയ്യുന്നത്. ഇതേ രീതിയില്‍ത്തന്നെ മുന്നോട്ടു പോകുവാനാണ് ഭാവമെങ്കില്‍ ഇന്നോളം നമുക്ക് അപരിചിതമായ പ്രകൃതിദുരന്തങ്ങള്‍ പോലും ഭാവിയില്‍ സര്‍വ്വസാധാരണമാകുന്ന അവസ്ഥയുണ്ടാകുമെന്നതില്‍ സംശയമില്ല. കാരണം, മുന്‍പൊന്നും കേട്ടുകേള്‍വി പോലുമില്ലാതിരുന്നത്ര വ്യാപ്തിയും, ഊറ്റവുമാണ് പ്രകൃതിദുരന്തങ്ങള്‍ക്കിപ്പോള്‍. പ്രകൃതിയെ ഹനിക്കാത്ത വിധത്തിലുള്ള വികസനപരിപാടികള്‍ ഇപ്പോഴും നമുക്ക് അപരിചിതമാണ്. അതുകൊണ്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നതും.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തികച്ചും ഏകപക്ഷീയമായി നിര്‍ദാഷിണ്യം നിരാകരിച്ചവരാണ് നമ്മള്‍. എന്നിട്ടും ഉരുള്‍പൊട്ടിയും, മലയിടിഞ്ഞും, മണ്ണൊലിച്ചും ആ റിപ്പോര്‍ട്ടിന്റെ ഓര്‍മപ്പെടുത്തലുകളും പുനര്‍വായനകളുമാവുകയാണ് ഈയിടെയായി നമ്മുടെ മഴക്കാലങ്ങള്‍. എന്തുകൊണ്ടാണങ്ങനെയെന്നു ചോദിച്ചാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയേറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മലനിരകളില്‍ ഇന്നും എന്നും ഒരു ശമനവും ഉണ്ടായിട്ടില്ല എന്നതുമാത്രമാണ് അതിന്റെ ഉത്തരം. പാഠങ്ങളില്‍ നിന്ന് ഒന്നും പഠിക്കാത്തവരാകുകയാണ് നമ്മള്‍. മലതുരന്നും, മട തുറന്നും, മരങ്ങള്‍ വെട്ടിയുമാണ് നമ്മുടെ വികസന സങ്കല്‍പ്പങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

'അറിയുവിന്‍, മുറിവേറ്റ ശൈലങ്ങള്‍ നമ്മള്‍ക്ക് 

വറുതിയും മൃതിയും വിധിക്കുമല്ലോ' എന്ന കവിവാക്യം തികച്ചും അന്വര്‍ഥമാവുകയാണോ!

(മുതിര്‍ന്ന കാലാവസ്ഥ ശാസ്ത്രജ്ഞനാണ് ലേഖകന്‍)

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. ഗോപകുമാര്‍ ചോലയില്‍

Scientist, Writer

Similar News