സംഘ്പരിവാറിനെ തോല്‍പിച്ച യൂട്യൂബര്‍മാര്‍

തെരഞ്ഞെടുപ്പുകളില്‍ സോഷ്യല്‍ മീഡിയ പ്രചാരണത്തിന് വലിയ പ്രാധാന്യവും സാധ്യതയുമുള്ള കാലമാണിത്. സാധാരണക്കാരില്‍ അതുണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. വികസിത രാജ്യങ്ങളില്‍ വളരെ നേരത്തെ തന്നെ ഇത് ആരംഭിച്ചിരുന്നു.

Update: 2024-07-10 15:30 GMT
Advertising

യൂട്യൂബ് വീഡിയോകള്‍ വളരെയേറെ സ്വാധീനം ഉണ്ടാക്കിയതാണ് പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് ഫലം പുറത്തുവന്നതിന് ശേഷം ബോധ്യമായിരിക്കുന്നു. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം തലവേദനയും പ്രതിസന്ധിയും ഉണ്ടാക്കിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമും യൂട്യൂബായിരിക്കും. ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുടെ നുണകള്‍ക്കൊന്നും യൂട്യൂബര്‍മാരുടെ വസ്തുതകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് വഴിപ്പെട്ട് വാര്‍ത്തകളെ തമസ്‌കരിക്കുകയും അസത്യങ്ങളും അര്‍ധസത്യങ്ങളും വെറുപ്പു പരത്താനായിപോലും ഉപയോഗിക്കുകയും ചെയ്യുന്ന കാലമാണിത്. ദേശീയ ചാനലുകള്‍ മോദി പ്രീതിക്കായി അത്തരത്തില്‍ ധാരാളം വാര്‍ത്തകളാണ് പടച്ചുവിട്ടത്.

ഹിന്ദുത്വ ഭരണകാലത്ത് ഇന്ത്യയിലെ മുഖ്യധാരാ ദേശീയ മാധ്യമങ്ങളുടെ നിലപാടുകള്‍ വളരെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. അത്തരത്തില്‍ ഏകപക്ഷീയമായി ഭരണകൂടങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യധാര മാധ്യമങ്ങള്‍ക്കുള്ള തിരിച്ചടികൂടിയാണ് ജനമനസ്സുകളില്‍ സ്വാധീനമുറപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍. കേന്ദ്രീകൃതമായ ഒരു എഡിറ്റിംഗ് സംവിധാനമില്ലാത്തതിനാല്‍ തന്നെ സ്വതന്ത്രമായ നിലപാടുകള്‍ പറയുന്നവര്‍ക്കുള്ള അവസരവും കൂടിയാണ് സോഷ്യല്‍ മീഡിയ തുറന്നു വെക്കുന്നത്. ഉത്തരേന്ത്യന്‍ ഹിന്ദി ബെല്‍റ്റില്‍ ധ്രുവ് റാഠിയും രവീഷ് കുമാറും മുഹമ്മദ് സുബൈറും ഹിന്ദുത്വ നുണകളേയും ഗൂഢാലോചനകളേയും അക്ഷരാര്‍ഥത്തില്‍ പൊളിച്ചടുക്കുകയായിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ഒരു ഘട്ടത്തിലും കേന്ദ്ര ഭരണകൂടത്തിനും അതിന്റെ രാഷ്ട്രീയ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. പ്രതിപക്ഷ കക്ഷികള്‍ക്കുപോലും കഴിയാതിരുന്നതാണ് യൂട്യൂബര്‍മാര്‍ ഉണ്ടാക്കിയ ചലനം. ഇതിന്റെ രാഷ്ട്രീയ ഗുണം പ്രതിപക്ഷത്തിന് കിട്ടിയതുകൊണ്ടാണ് ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെടാന്‍ കഴിഞ്ഞത്.

ഉത്തരേന്ത്യന്‍ ഹിന്ദി ബെല്‍റ്റില്‍ ധ്രുവ് റാഠിയും രവീഷ് കുമാറും മുഹമ്മദ് സുബൈറും ഹിന്ദുത്വ നുണകളേയും ഗൂഢാലോചനകളേയും അക്ഷരാര്‍ഥത്തില്‍ പൊളിച്ചടുക്കുകയായിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ഒരു ഘട്ടത്തിലും കേന്ദ്ര ഭരണകൂടത്തിനും അതിന്റെ രാഷ്ട്രീയ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. പ്രതിപക്ഷ കക്ഷികള്‍ക്കുപോലും കഴിയാതിരുന്നതാണ് യൂട്യൂബര്‍മാര്‍ ഉണ്ടാക്കിയ ചലനം.

നമ്മുടെ സാമൂഹത്തില്‍ പാര്‍ശ്വവത്കൃതരായവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ മുഖ്യധാര മാധ്യമങ്ങള്‍ പലപ്പോഴും തമസ്‌കരിക്കുകയാണ് പതിവ്. ജാതി ഒരു പ്രധാന ഘടകമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പ്രത്യേകിച്ചും. സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ അതെല്ലാം പുറം ലോകത്തെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ മധുവിന്റെയും പെരുമ്പാവൂരിലെ ജിഷയുടേയും കൊലപാതകങ്ങള്‍ അത്തരത്തില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതുകൊണ്ട് പുറം ലോകമറിഞ്ഞ കുറ്റകൃത്യങ്ങളായിരുന്നു. തുടര്‍ന്നാണ് മാധ്യമ രംഗത്തെ മുഖ്യധാരാക്കാര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ നിര്‍ബന്ധിതരായത്. ജിഷ കൊല ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യധാരാ മാധ്യമങ്ങളിലത് വാര്‍ത്തയാകുന്നതുതന്നെ. സോഷ്യല്‍ മീഡിയ സൃഷ്ടിച്ച ബഹിര്‍സ്ഫുരണങ്ങളുടെ റിഫ്‌ളക്ഷനായിരുന്നു അതിന് കാരണവും. പുറമ്പോക്ക് നിവാസിയായ ഒരു പെണ്‍കുട്ടിയുടെ ക്രൂര കൊലപാതകം ഒരു വാര്‍ത്ത പോലുമാക്കാത്തതാണ് പുരോഗമന കേരളത്തിലെ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തനം. 


സോഷ്യല്‍ മീഡിയയുടെ സ്വാധീനം കൊണ്ടുമാത്രം പേരില്‍പ്പോലും പരിണാമം സംഭവിച്ച ആളാണ് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍. ബീഫ് കഴിച്ചുവെന്നും അത് പുറംലോക വാര്‍ത്തയായപ്പോള്‍ ഉള്ളിക്കറിയായിരുന്നൂവെന്നുമുള്ള സുരേന്ദ്രന്റെ വിശദീകരണവും ഒരുമിച്ചാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. ഉള്ളിയെന്ന അപരനാമം അദ്ദേഹത്തില്‍ ചാര്‍ത്തപ്പെടുകയും ചെയ്തു.

തെരഞ്ഞെടുപ്പുകളില്‍ സോഷ്യല്‍ മീഡിയ പ്രചാരണത്തിന് വലിയ പ്രാധാന്യവും സാധ്യതയുമുള്ള കാലമാണിത്. സാധാരണക്കാരില്‍ അതുണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. വികസിത രാജ്യങ്ങളില്‍ വളരെ നേരത്തെ തന്നെ ഇത് ആരംഭിച്ചിരുന്നു. വ്യക്തികളുടെ ഡാറ്റായെന്ന സ്വകാര്യ വിവരങ്ങള്‍ക്ക് മാര്‍ക്കറ്റുണ്ടായത് അങ്ങനെയാണ്. മനുഷ്യരുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി കാര്യങ്ങള്‍ ക്രമീകരിക്കുന്ന കച്ചവടം കൂടി ഇതിന് പിന്നിലുണ്ട്.

നമ്മുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ നമ്മുടെ സോഷ്യല്‍ മീഡിയ പേജുകളിലെത്തിക്കാനും അതുവഴി കച്ചവടം നടത്താനുള്ള തന്ത്രം. അവിടെ നിന്നും അത് രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ക്ക് വിജയകരമായി വിനിയോഗിക്കാവുന്ന തരത്തിലേക്ക് വളരെയേറെ മുന്നോട്ടു പോയിരിക്കുന്നു. ജനാധിപത്യ പ്രക്രിയയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലത് വിദഗ്ധമായി തയ്യാറാക്കപ്പെടുന്നു. 2016 ലെ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് എതിരാളി ഹിലാരി ക്ലിന്റനായിരുന്നല്ലോ. ട്രംപിനുവേണ്ടി ബ്രിട്ടനിലെ ഒരു ഏജന്‍സി ഹിലാരിയുടെ ഡെമോക്രാറ്റിക്കുകാരെ ലക്ഷ്യം വച്ച് വളരെ ആസൂത്രിതമായി, ഡാറ്റാ കളക്ഷന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയ എഞ്ചിനിയറിംഗ് നടത്തിയതായി അന്നേ വാര്‍ത്തകളുണ്ടായിരുന്നു. വ്യക്തികളുടെ പേരും മേല്‍വിലാസവും ഇഷ്ടാനിഷ്ടങ്ങളും രാഷ്ടീയവുമൊക്കെ മനസ്സിലാക്കി അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്ന തന്ത്രം. അടിയുറച്ച ഡെമോക്രാറ്റുകള്‍ക്ക് നിരന്തരം ഹിലാരിയെക്കുറിച്ച് നെഗറ്റീവ് സന്ദേശങ്ങള്‍ അയക്കുന്നു. അവരുടെ ആത്മവിശ്വാസം കെടുത്തി വോട്ടു ചെയ്യിപ്പിക്കാതിരിക്കലായിരുന്നു തന്ത്രജ്ഞരുടെ ആദ്യ ലക്ഷ്യം. ഇടപെടല്‍ നടത്തിയാല്‍ മാറാന്‍ സാധ്യതയുള്ളവര്‍ക്ക്, അയഞ്ഞ മനസ്സുള്ളവര്‍ക്ക് ട്രംപ് അനുകൂല വാര്‍ത്തകളും വ്യാജവാര്‍ത്തകളും അയച്ച് അവരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ആശയക്കുഴപ്പത്തിലാക്കുക എന്നത് സാര്‍വ്വത്രികമായ ഒരു വലതുപക്ഷ നയമാണല്ലോ! 


ഗുജറാത്ത് കലാപ സമയത്ത് ഇന്ത്യയിലും വിദേശത്തുമുള്ള മാധ്യമങ്ങള്‍ വംശഹത്യ നേതാവെന്ന പരിവേഷം നല്‍കിയ നരേന്ദ്രമോദി ഒന്നര പതിറ്റാണ്ടിനിപ്പുറം ഉത്തമ നേതാവായും ദൈവത്തിന്റെ പ്രതിപുരുഷനായുമൊക്കെ വാഴ്ത്തപ്പെടുന്നതില്‍ മുഖ്യധാര മാധ്യമങ്ങള്‍ക്ക് മാത്രമല്ല പങ്ക്. ഐ.ടി സെല്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ നുണ പറയാന്‍ വേണ്ടി മാത്രം കുറെയാളുകള്‍ അമിത് മാളവ്യയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചതുകൊണ്ടുകൂടിയാണ്. ഈ വലതുപക്ഷ വംശീയ ഹിന്ദുത്വ പ്രചരണങ്ങള്‍ക്കെതിരെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തില്‍ ശക്തമായ ഒരു പ്രതിപ്രവര്‍ത്തനം ഇന്ത്യയിലിന്ന് നടക്കുന്നു. ആ ആക്ഷനാണ് യഥാര്‍ഥ ഇടതുപക്ഷം. മുഖ്യധാരയെന്ന വലതുവത്കരിക്കപ്പെട്ട

ഇടതുപക്ഷമല്ല, ഹിന്ദുത്വയുടെ സവര്‍ണ്ണതയേയും നുണകളേയും പൊള്ളത്തരങ്ങളെയും തുറന്നുകാട്ടുന്ന സോഷ്യല്‍ മീഡിയe ഇടതുപക്ഷം. ധ്രുവ് റാഠിയും രവീഷ് കുമാറും മുഹമ്മദ് സുബൈറുമൊക്കെ അതിന്റെ ദേശീയ മുഖങ്ങളാണ്. രാജ്യവ്യാപകമായി ഭരണകൂടങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയാത്ത ജനപക്ഷ മാധ്യമ പ്രവര്‍ത്തനമെന്ന ആ ചങ്ങലയുടെ കണ്ണികള്‍ ഇന്ത്യയിലെമ്പാടുമുണ്ട്. കര്‍ണ്ണാടകയിലത് 'എദ്ദളു കര്‍ണ്ണാടക' എന്ന സിവില്‍ മൂവ്‌മെന്റായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യന്‍ റിപ്പബ്‌ളിക്കിന്റെ പ്രതീക്ഷയാണ് സോഷ്യല്‍ മീഡിയയിലെ യഥാര്‍ഥ ഇടതുപക്ഷം.

സോഷ്യല്‍ മീഡിയ കൂടുതല്‍ ശക്തിപ്പെടുന്നത് ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. എല്ലാത്തരം സാധാരണക്കാരായ മനുഷ്യരിലേക്കും അത് എത്തിപ്പെടേണ്ടതുണ്ട്. അവര്‍ക്ക് അനുഭവഭേദ്യമായ സംവിധാനമായി അത് മാറണം. സ്‌കൂള്‍ വിദ്യാഭ്യാസം കുട്ടികളുടെ മൗലിക അവകാശമെന്നപോലെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പൗരന്റെ അവകാശമായി മാറണം. ആ ഉത്തരവാദിത്തം സര്‍ക്കാരില്‍ നിഷിപ്തമാകണം. എല്ലാവര്‍ക്കും ചെറിയ വിലയ്ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കാന്‍ കഴിയുന്ന രീതിയില്‍ സര്‍ക്കാരുകളുടെ വികസനനയം മാറണം. വിവര സാങ്കേതികവിദ്യ വരേണ്യര്‍ക്ക് മാത്രമായി പരിമിതപ്പെടാന്‍ പാടില്ല.

ചില വികസിത രാജ്യങ്ങളിലൊക്കെ ഉള്ളതുപോലെ ജനാധിപത്യപ്രക്രിയയും ഓണ്‍ലൈന്‍ സംവിധാനമായി മാറേണ്ടതുണ്ട്. വോട്ടവകാശം വിനിയോഗിക്കുന്നതിന് കൂടുതല്‍ പേര്‍ക്കത് പ്രേരണയാകും. നഗരവാസികളായ മധ്യവര്‍ത്തികളെപ്പോലെ ഉള്‍ഗ്രാമങ്ങളിലെ മനുഷ്യര്‍ക്കും ജനാധിപത്യ പ്രക്രിയയില്‍ പങ്കു ചേരുന്നതിനത് സഹായകരമാകും. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ എല്ലാ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളും കൂടുതലും അരങ്ങേറുന്നത് ഗ്രാമങ്ങളിലാണ്. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്നൊക്കെ ഗാന്ധി ആലങ്കാരികമായി പറഞ്ഞതാണ്. യഥാര്‍ഥ ഇന്ത്യന്‍ ഗ്രാമങ്ങള്‍ അങ്ങനെയൊന്നുമല്ല.

ജാതി വ്യവസ്ഥയും അയിത്തവും തൊട്ടുകൂടായ്മയും വര്‍ഗീയതയും സ്ത്രീവിരുദ്ധതയും അപരവിദ്വേഷവും മനുഷ്യാവകാശ നിഷേധങ്ങളും നിറഞ്ഞാടുന്ന ഇടങ്ങളാണവിടം. ഡോ. അംബേദ്കര്‍ പറഞ്ഞതുപോലെ അജ്ഞതയുടെയും ഇടുങ്ങിയ ചിന്തകളുടേയും വര്‍ഗീയതയുടേയും കേന്ദ്രങ്ങളാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍. അതുകൊണ്ട് ഗ്രാമങ്ങളെ എല്ലാ നിലയിലും നവീകരിക്കേണ്ടതുണ്ട്. സാര്‍വ്വത്രിക ഇന്റര്‍നെറ്റ് എന്ന ആശയം വിജ്ഞാനവും ജനാധിപത്യ ബോധവും ഗ്രാമങ്ങളിലേക്ക് പ്രവഹിപ്പിക്കുന്നതിന് സഹായകരമാകും.

മൈഗ്രന്റ് ലേബേഴ്‌സ് ധാരാളമുള്ള സംസ്ഥാനമാണ് നമ്മുടേത്. ഏതാണ്ട് നാല്‍പതു ലക്ഷം പേരുണ്ടാകുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. ഈ തൊഴിലാളികള്‍ മഹാഭൂരിപക്ഷവും ദലിത് - പിന്നോക്ക - മുസ്‌ലിം വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ദാരിദ്യം നിറഞ്ഞ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നാണവര്‍ വരുന്നത്. ജീവിതം കരുപിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കായി. ഇത്തരം ആളുകളില്‍ എത്ര പേര്‍ക്ക് തെരഞ്ഞെടുപ്പുപോലുള്ള ജനാധിപത്യ പ്രക്രിയകളില്‍ പങ്കെടുക്കാനാവും. സാമൂഹ്യമായി പാര്‍ശ്വവത്കൃതരായതുകൊണ്ടുതന്നെ, അവരെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കായിരിക്കും നഷ്ടവും. ഉദാഹരണത്തിന് അസമില്‍ നിന്നും ബിഹാറില്‍ നിന്നും ധാരാളം മുസ്‌ലിംകള്‍ കേരളത്തില്‍ മൈഗ്രന്റ് ലേബേഴ്‌സായിട്ടുണ്ട്. ബി.ജെ.പിയും മതേതര ചേരിയും നേരിട്ട് മത്സരിക്കുന്ന ഈ സംസ്ഥാനങ്ങളില്‍ ഇവരുടെ അസാന്നിദ്ധ്യത്തില്‍ ആര്‍ക്കായിരിക്കും വോട്ടു നഷ്ടമുണ്ടാക്കുകയെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഓണ്‍ലൈന്‍ വോട്ടിംഗ് ഇതിനൊരു പരിഹാരമായിരിക്കും.

പുതിയ കാലത്തെക്കുറിച്ചുള്ള സ്വപനങ്ങളും പ്രതീക്ഷകളും കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. സാങ്കേതിക വിദ്യയെ മാറ്റി നിര്‍ത്തി നമുക്കത് നടപ്പാക്കാന്‍ കഴിയില്ല. സോഷ്യല്‍ മീഡിയ ഒരു പരിധിവരെ ബഹിഷ്‌കൃതരായ മനുഷ്യരുടെ ഇടം കൂടിയാണ്. അവരുടെ ശബ്ദം പുറത്തെത്തിക്കാന്‍ കഴിയുന്ന ഇടം. അത്തരത്തില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും മനുഷ്യനിര്‍മിതമായ അനീതികള്‍ക്കും അസമത്വത്തിനുമെതിരായ ചേരിയെ സൃഷ്ടിക്കാനും വരും കാലത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബിജു ഗോവിന്ദ്

Writer

Similar News