ഹോള്‍ഡര്‍ ചതിച്ചു... ടിം ഡേവിഡ് ഷോക്കില്‍ രാജസ്ഥാന്‍ ഠിം! മുംബൈക്ക് ആവേശജയം

വാംഖഡെയില്‍ അവസാന ഓവര്‍ വരെ ആവേശംനിറഞ്ഞുനിന്ന മത്സരത്തില്‍ തുടര്‍ച്ചയായ മൂന്ന് പന്തുകളും സിക്സര്‍ പറത്തിയാണ് ടിം ഡേവിഡ് മുംബൈയെ വിജയത്തിലെത്തിച്ചത്.

Update: 2023-04-30 19:20 GMT

മുബൈയുടെ വിജയം ആഘോഷിക്കുന്ന ടിം ഡേവിഡും തിലക് വര്‍മയും

Advertising

യശസ്വി ജയ്സ്വാളിന്‍റെ സെഞ്ച്വറി പാഴായി. രാജസ്ഥാന്‍റെ ബാറ്റിങ് വെടിക്കെട്ടിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് മുംബൈക്ക് ആവേശ ജയം. വാംഖഡെയില്‍ അവസാന ഓവര്‍ വരെ ആവേശംനിറഞ്ഞുനിന്ന മത്സരത്തില്‍ തുടര്‍ച്ചയായ മൂന്ന് പന്തുകളും സിക്സര്‍ പറത്തിയാണ് ടിം ഡേവിഡ് മുംബൈയെ വിജയത്തിലെത്തിച്ചത്. 19.3 പന്തില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 213 റണ്‍സിന്‍റെ വിജയലക്ഷ്യം മുംബൈ മറികടന്നു.  

ഹോള്‍ഡര്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു മുംബൈക്ക് വേണ്ടത്. എല്ലാവരെയും അത്ഭുതപ്പെടുത്തി എറിഞ്ഞ ആദ്യ മൂന്ന് പന്തുകളും സിക്സറിന് പറത്തിയാണ് ടിം ഡേവിഡ് മുംബൈ ക്യാമ്പിനെ ആഘോഷത്തിലാഴ്ത്തിയത്. ഹോള്‍ഡറുടെ മൂന്ന് പന്തുകളും ഫുള്‍ടോസ് ആയിരുന്നു എന്നതാണ് രാജസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടിയായത്. 14 പന്തില്‍ 45 റണ്‍സെടുത്ത ടിം ഡേവിഡാണ് കളിയിലെ താരം. ടിം ഡേവിഡിനൊപ്പം അഞ്ചാം വിക്കറ്റില്‍ തിലക് വര്‍മയും(29) മികച്ച പ്രകടനം കാഴ്ചവെച്ചു. 

നേരത്തെ ഓപ്പണര്‍ രോഹിത് ശര്‍മയെ(3) തുടക്കത്തിലേ നഷ്ടപ്പെട്ട മുംബൈ കാമറൂണ്‍ ഗ്രീനിന്‍റെയും(44) ഇഷാന്‍ കിഷന്‍റെയും(28) പ്രകടനത്തിലൂടെയാണ് കളം പിടിക്കുന്നത്. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും(55) വെടിക്കെട്ട് ബാറ്റിങിലൂടെ ടീം സ്കോര്‍ ഉയര്‍ത്തി. ഒടുവില്‍ അവസാന ഓവറില്‍ മിന്നല്‍ ബാറ്റിങിലൂടെ ടിം ഡേവിഡും തിലക് വര്‍മയും മംബൈക്ക് ജയം സമ്മാനിച്ചു.

നേരത്തെ ഓപ്പണർ യശസ്വി ജയസ്വാളിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റന്‍ സ്‌കോർ കണ്ടെത്തിയിരുന്നു. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ 212  റൺസെടുത്തു. വെറും 62 പന്തിൽ നിന്ന് എട്ട് സിക്‌സുകളുടേയും 16 ഫോറുകളുടേയും അകമ്പടിയിലാണ് വാംഖഡേയിലെ മുംബൈ ഇന്ത്യന്‍സ് ആരാധകരെ സാക്ഷിയാക്കി ജയ്‌സ്വാള്‍  സെഞ്ച്വറി കുറിച്ചത്. 61 പന്തില്‍  124 നിന്ന് റണ്‍സെടുത്ത് ഇന്നിങ്സിലെ അവസാന ഓവറിലാണ് ജയ്സ്വാള്‍ പുറത്തായത്. 

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 72 റണ്‍സ് ചേര്‍ത്ത ശേഷം ജയ്സ്വാള്‍ ബട്‍ലര്‍ ജോഡി പിരിഞ്ഞു. 18 റണ്‍സായിരുന്നു ബട്‍ലറിന്‍റെ സമ്പാദ്യം. ക്യാപ്റ്റന്‍ സഞ്ജു സാംസണടക്കം പിന്നീട് ക്രീസിലെത്തിയ മറ്റു ബാറ്റര്‍മാര്‍ക്കൊന്നും വലിയ സ്കോറുകള്‍ കണ്ടെത്താനാവാതിരുന്നപ്പോഴും ഒരറ്റത്ത് തകര്‍പ്പനടികളുമായി കളംനിറഞ്ഞ ജയ്സ്വാളിന്‍റെ പോരാട്ട വീര്യമാണ് രാജസ്ഥാന്‍ സ്കോര്‍ 200 കടത്തിയത്. ഐ.പി.എല്ലില്‍ ജയ്സ്വാളിന്‍റെ ആദ്യ സെഞ്ച്വറിയാണിത്. സെഞ്ച്വറിയോടെ ഐ.പി.എല്‍ റണ്‍വേട്ടക്കാരില്‍ ജയ്സ്വാള്‍ ഒന്നാമതെത്തി. ഐ.പി.എല്ലില്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറിയാണിത്. സണ്‍റൈസേഴ്സ് താരം ഹാരി ബ്രൂക്കാണ് ഈ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ചത്. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഷെഫി ഷാജഹാന്‍

contributor

Similar News