കാന്‍റീന്‍ ഭക്ഷണത്തില്‍ പാറ്റയെ ഇട്ടതിന് രണ്ട് പേര്‍ പിടിയില്‍

Update: 2018-04-29 05:33 GMT
Editor : Sithara
കാന്‍റീന്‍ ഭക്ഷണത്തില്‍ പാറ്റയെ ഇട്ടതിന് രണ്ട് പേര്‍ പിടിയില്‍
Advertising

ഉച്ചഭക്ഷണത്തില്‍ പാറ്റയെ കണ്ടു എന്ന പേരില്‍ ഇവര്‍ ബഹളം വെയ്ക്കുകയായിരുന്നു. കാന്‍റീന്‍ ജീവനക്കാരെ ഭീഷണപ്പെടുത്തുകയും ഭക്ഷണം കഴിക്കരുതെന്ന് മറ്റുള്ളവരോട് പറയുകയും ചെയ്തു.

കര്‍ണാടക സര്‍ക്കാറിന്റെ ഇന്ദിര കാന്റീനിലെ ഭക്ഷണത്തില്‍ പാറ്റയെ ഇട്ട രണ്ട് പേര്‍ അറസ്റ്റില്‍. ഹേമന്ദ്, ദേവരാജ് എന്നീ ഓട്ടോ ഡ്രൈവര്‍മാരാണ് അറസ്റ്റിലായത്.

കാമാക്ഷിപാല്യയിലെ ഇന്ദിര കാന്റീനില്‍ വെള്ളിയാഴ്ചയാണ് ഹേമന്ദും ദേവരാജും മറ്റ് രണ്ട് സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനെത്തിയത്. തുടര്‍ന്ന് ചോറില്‍ പാറ്റയെ കണ്ടു എന്ന പേരില്‍ ഇവര്‍ ബഹളം വെയ്ക്കുകയായിരുന്നു. കാന്‍റീന്‍ ജീവനക്കാരെ ഭീഷണപ്പെടുത്തുകയും ഭക്ഷണം കഴിക്കരുതെന്ന് മറ്റുള്ളവരോട് പറയുകയും ചെയ്തു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കളളം പൊളിഞ്ഞു. പുറത്തുനിന്ന് കൊണ്ടുവന്ന പാറ്റയെ ഹേമന്ദ് ഭക്ഷണത്തില്‍ ഇടുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ടായിരുന്നു.

കാന്‍റീന്‍ ജീവനക്കാര്‍ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് ഹേമന്ദിനെയും ദേവരാജിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് ഇവര്‍ ഭക്ഷണത്തില്‍ പാറ്റയെ ഇട്ടതെന്ന് പൊലീസ് പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരല്ല ഇവരെന്നും പൊലീസ് ചോദ്യംചെയ്യലിന് ശേഷം പറഞ്ഞു.

ആഗസ്ത് 15നാണ് കര്‍ണാടക സര്‍ക്കാര്‍ അഭിമാന പദ്ധതിയായ ഇന്ദിര കാന്‍റീന്‍ തുടങ്ങിയത്. രാവിലത്തെ ഭക്ഷണം അഞ്ച് രൂപയ്ക്കും ഉച്ചഭക്ഷണം 10 രൂപയ്ക്കുമാണ് ഈ കാന്‍റീനുകളില്‍ നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ ബംഗളൂരുവില്‍ തുടങ്ങിയ പദ്ധതി 246 സ്ഥലങ്ങളിലേക്ക് പിന്നീട് വ്യാപിപ്പിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News