കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു നയവുമില്ല: പ്രതിപക്ഷ പാര്‍ട്ടികള്‍
ആകെയുള്ള നയം രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്
ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു നയവുമില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. ആകെയുള്ള നയം രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കശ്മീരിലേത് രാഷ്ട്രീയ പ്രശ്നമാണെന്ന് മനസ്സിലാക്കാതെ കേന്ദ്രം മൂന്നര വര്‍ഷം പാഴാക്കിയെന്നും ഗുലാംനബി പറഞ്ഞു.
കശ്മീര്‍ പ്രശ്നപരിഹാരത്തിന് വിഘടനവാദികളോടക്കം ചര്‍ച്ചക്ക് തയ്യാറാണെന്ന നിലപാട് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനായി രഹസ്യാന്വേഷണ വിഭാഗം മുന്‍ ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഗുലാം നബിയുടെ പ്രതികരണം.
കശ്മീരിലേത് രാഷ്ട്രീയ പ്രശ്നമാണ്. രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്. അക്കാര്യം അംഗീകരിക്കാതെ കേന്ദ്രം മൂന്നര വര്‍ഷം പാഴാക്കി. ഇക്കാലയളവില്‍ നഷ്ടമായ സൈനികരുടെയും ജനങ്ങളുടെയും ജീവന് കേന്ദ്രമാണ് ഉത്തരം പറയേണ്ടതെന്നും ഗുലാം നബി പറഞ്ഞു. അതിനിടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിച്ച കുറ്റത്തിന് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തലവന്‍ സലാഹുദ്ദീന്‍റെ മകന്‍ ശാഹിദ് യൂസുഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു.