മുംബൈ ബന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം

Update: 2018-05-07 14:45 GMT
Editor : Muhsina
മുംബൈ ബന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം
Advertising

ബന്ദ്ര ലോക്കല്‍ സ്റ്റേഷനിലാണ് തീപിടിത്തമുണ്ടായത്. സ്റ്റേഷനില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്..

മുംബൈയിലെ ബാന്ദ്ര ലോക്കല്‍ ട്രെയന്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ചേരിയില്‍ തീപിടിത്തം. റെയില്‍വെ സ്റ്റേഷന്റെ നടപ്പാതയിലേക്ക് തീ പടര്‍ന്നു പിടിച്ചെങ്കിലും വലിയ അപകടം ഒഴിവായി. തീപ്പിടിത്തത്തെ തുടര്‍ന്ന് ഹാര്‍ബര്‍ ലൈനിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തി. ചേരിയിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സ്റ്റേഷനോട് ചേര്‍ന്നുകിടക്കുന്ന ചേരിയില്‍ തീപടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയത്. തീ പിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ലഭ്യമാകുന്ന വിവരങ്ങളനുസരിച്ച് ആളപായമോ മറ്റ് അത്യാഹിതങ്ങളോ ഇല്ല. സ്റ്റേഷനില്‍ ഏറെ തിരക്കുള്ള പ്രദേശത്തേക്ക് തീ വ്യാപിച്ചത് ആശങ്കക്കിടയാക്കി. നടപ്പാതയുടെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ ഫോഴ്സ് ഉള്‍പ്പെടെ സ്ഥലത്തെത്തി കൃത്യമായി രക്ഷാപ്രവര്‍ത്തനം തുടങ്ങിയതിനാല്‍ വലിയ ദുരന്തം വഴിമാറി. പതിനാറ് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കൂടെ പ്രദേശവാസികളുടെ ശ്രമങ്ങളുമുണ്ടായി. തീ പടര്‍ന്നതിനെ തുടര്‍ന്ന് ചേരിയിലെ ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പ്രദേശമാകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. ഈ പുക ശ്വസിച്ച ചിലര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ചേരിക്ക് എതിര്‍ വശത്ത് സ്ഥിതിചെയ്യുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തീപ്പിടിത്തം ഉണ്ടായിരുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News