സൌന്ദര്യം മുതല്‍ സുരക്ഷാ ബങ്കര്‍ വരെ; ആര്‍എസ്എസിന്റെ തീരാത്ത ചാണക മഹിമകള്‍!
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഉത്പന്നമായി ഇനി മാറാന്‍ പോകുന്നത് മറ്റൊന്നുമല്ല, ചാണകമാണ്. എന്തിനേറെ പറയുന്നു, ഇനിയൊരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാവുമെങ്കില്‍ അത് ചാണകത്തിന് വേണ്ടിയാകുമായിരിക്കും..
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഉത്പന്നമായി ഇനി മാറാന്‍ പോകുന്നത് മറ്റൊന്നുമല്ല, ചാണകമാണ്. സൌന്ദര്യവര്‍ദ്ധനവിന് തുടങ്ങി സുരക്ഷാ ബങ്കര്‍ നിര്‍മ്മിക്കാന്‍ വരെ ഇനി ചാണകം ഉപയോഗിക്കാം. എന്തിനേറെ പറയുന്നു, ഇനിയൊരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാവുമെങ്കില്‍ അത് ചാണകത്തിന് വേണ്ടിയാകുമായിരിക്കും എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. അത്രക്കുണ്ട്, ആര്‍എസ്എസിന്റെ ചാണക മഹിമാ വാദങ്ങള്‍!
രാജ്യത്തെ ഒരു പ്രധാന രാഷ്ട്രീയ സംഘടനയായ ആര്‍എസ്എസ് ഈയിടെ ചാണകത്തെ കുറിച്ച് ഉന്നയിച്ച അവകാശവാദങ്ങള്‍ നിരവധിയാണ്. ആർഎസ്എസ് നേതാക്കളുടെ അഭിപ്രായപ്രകാരമുള്ള ചാണകത്തിന്റെ അത്ഭുത പ്രവൃത്തികളുടെ പട്ടിക കാണാം..
സുരക്ഷാ ബങ്കറുകളുടെ നിര്‍മ്മാണത്തിന്
പട്ടാളക്കാരുടെ സുരക്ഷക്കായുള്ള ബങ്കറുകള്‍ നിര്‍മ്മിക്കുവാന്‍ ചാണകം ഉപയോഗിക്കാമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഛണ്ഡീഗഢിൽ നടത്തിയ പ്രസംഗത്തിലാണ് ഇന്ദ്രേഷ് കുമാറിന്റെ വിചിത്ര പ്രസ്താവന. പശുവിന്റെ മാംസം വിഷമാണെന്നും ഗോമൂത്രത്തിൽ ക്യാന്‍സറിനെ പോലും ചികിത്സിക്കാവുന്ന മരുന്ന് ഉള്ളതായും അദ്ദേഹം അവകാശപ്പെട്ടു. നാഷണൽ സെക്യൂരിറ്റി അവെയര്‍നെസ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍.
ആര്‍മി ഇതൊക്കെ കേള്‍ക്കുന്നുണ്ടോ എന്നറിയില്ല!
പ്രകൃതിദത്തമായ സൌന്ദര്യത്തിന്
പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഭാരതീയ ഗോ ക്രാന്തി മഞ്ചിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടന്ന ക്യാംപയിനില്‍ ഉന്നയിക്കപ്പെട്ട അവകാശവാദം മറ്റൊന്നായിരുന്നു. ''കൃഷ്ണഭഗവാന് 120വയസുള്ളപ്പോള്‍ പോലും അദ്ദേഹത്തെ കാണാന്‍ ഒരു 12വയസുകാരനെ പോലെയേ തോന്നിയിരുന്നുള്ളൂ. കാരണം, അദ്ദേഹം ചാണകം കൊണ്ട് നിര്‍മ്മിച്ച സോപ്പായിരുന്നു ഉപയോഗിച്ചിരുന്നത്.''
അപ്പോള്‍ ഇനി മുതല്‍ സോപ്പ്, ടൂത്ത് പേസ്റ്റ്, ഹെയര്‍ ഓയില്‍, ഫേസ് വാഷ് തുടങ്ങി സകലവിധ സൌന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും നിര്‍മ്മാണത്തിന് പ്രമുഖ ബ്രാന്‍ഡുകള്‍ക്കെല്ലാം ചാണകത്തില്‍ നിന്നും ഒരു കൈ നോക്കാവുന്നതാണ്.
റേഡിയേഷനില്‍ നിന്നും സുരക്ഷ
ആര്‍എസ്എസിന്റെ അഖില ഭാരത ഗോ സേവ പ്രമുഖ് 76കാരനായ ശങ്കര്‍ ലാലിന്റെ കണ്ടെത്തല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മൊബൈല്‍ ഫോണിന്റെ ഒരു വശത്ത് ചാണകം തേച്ചാല്‍ ഫോണില്‍ നിന്നും വരുന്ന റേഡിയേഷനില്‍ നിന്നും രക്ഷ നേടാമെന്നതായിരുന്നു ആ കണ്ടെത്തല്‍.
''ഇത് ശുദ്ധമായ ചാണകമാണ്. ഞാനിത് സ്വന്തം ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് ഫോണിന്റെ റേഡിയേഷനില്‍ നിന്നും രക്ഷ നേടാനാണ്. ക്യാന്‍സറിനെ പോലും ചികിത്സിക്കാന്‍ ചാണകം കൊണ്ട് സാധിക്കുമെങ്കില്‍ പിന്നെയാണോ മൊബൈല്‍ ഫോണില്‍ നിന്നുള്ള മൈക്രോ തരംഗങ്ങള്‍?'' അദ്ദേഹം വ്യക്തമാക്കി.
പക്ഷേ ഒരു കാര്യം; ജഴ്സി അല്ലെങ്കിൽ ഹോൾസ്റ്റീൻ പോലുള്ള പാശ്ചാത്യ പശുക്കളുടെ ചാണകം പറ്റില്ല. തദ്ദേശ പശുക്കളിൽ നിന്നുള്ള ചാണകമാണ് ഫലം ചെയ്യുകയെന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ആറ്റം ബോംബിനെ നിര്‍വീര്യമാക്കാന്‍
മുസ്‍ലിം രാഷ്ട്രീയ മഞ്ച് പുറത്തുവിട്ട പുസ്തകം പറയുന്നത്, പശുക്കൾക്ക് ആറ്റം ബോംബുകളെ പോലും നിര്‍വീര്യമാക്കാന്‍ കഴിവുണ്ടെന്നാണ്. ഇന്ത്യൻ മുസ്‍ലിംകളെ ഗോമാംസം കഴിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു ആ ബുക്ക്ലെറ്റ്.
രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനാനിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഹിംഗോണിയ ഗോ പുനരധിവാസകേന്ദ്രത്തിൽ നടത്തിയ സന്ദർശന വേളയിൽ ചാണകത്തിന്റെ ശാസ്ത്രീയ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. ബോംബുകളെ പോലും നിര്‍വീര്യമാക്കാന്‍ കഴിയുന്ന ഒരു മാന്ത്രികത തന്നെ ചാണകത്തിനുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ചുമയ്ക്കും ജലദോഷത്തിനും
ചുമയ്ക്കും ജലദോഷത്തിനും ആശ്വാസം പകരുമെന്ന് മാത്രമല്ല, ചാണകത്തില്‍ വിറ്റാമിന്‍ ബിയും അടങ്ങിയിട്ടുണ്ടെന്നായിരുന്നു രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന.
വിറ്റാമിൻ ബിയുടെ കുറവ് പൊതു ബലഹീനതയ്ക്കും, ദുർബലമായ നാഡീ വ്യവസ്ഥയ്ക്കും, ഉറക്കമില്ലായ്മയ്ക്കും വഴി വെയ്ക്കും. എന്നാല്‍, ഇതെല്ലാം ഒരു വസ്തു ഉപയോഗിച്ച് സൌഖ്യമാക്കുവാൻ കഴിയും; ചാണകം കൊണ്ട്.
ഗര്‍ഭിണികള്‍ക്ക് സുഖപ്രസവത്തിന്
ചാണകം കൊണ്ട് മൊബൈല്‍ ഫോണിന്റെ റേഡിയേഷനില്‍ നിന്നും രക്ഷ നേടാമെന്ന് വിശ്വസിക്കുന്ന ആര്‍എസ്എസിന്റെ അഖില ഭാരത ഗോ സേവ പ്രമുഖ് മറ്റൊരു കാര്യം കൂടി വിശ്വസിക്കുന്നണ്ട്; "ഗർഭിണികൾക്ക് ഞങ്ങള്‍ ഗോമൂത്രവും പശുവിൻ ചാണകവും കഴിക്കാന്‍ കൊടുക്കുന്നു. ഇത് സുഖപ്രസവത്തിന് സഹായിക്കും." അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
മൃതദേഹം സംസ്കരിക്കുന്നതിന്
അടുത്തിടെ ആർഎസ്എസുമായി ബന്ധമുള്ള ഗോവിന് സേവ പരിവാർ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന് ഒരു പുതിയ ആശയം സമ്മാനിച്ചു.
വിറകിനേക്കാള്‍ താരതമ്യേന കുറഞ്ഞ മാലിന്യമാണ് ചാണകം പുറത്തുവിടുന്നതെന്നായിരുന്നു കണ്ടെത്തല്‍. ''കുറഞ്ഞ ഈർപ്പം കാരണം വിറകിനേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് ചാണകം കത്തും. ഒരു ചാണകക്കട്ടയില്‍ ഈർപ്പത്തിന്റെ അളവ് 5%ത്തോളം കുറവാണെങ്കില്‍, വിറകിൽ ഇത് ഏകദേശം 20% ആണ്." ഗോ സേവാ പരിവാറിന്റെ തലവൻ ലാൽ അഗർവാൾ പ്രമുഖ ദേശീയ ചാനലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചാണകത്തിന്റെ മഹിമാ വാദങ്ങള്‍ ഇനിയും നീളും. ആര്‍എസ്എസിന്റെയും മറ്റു പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കളെ ഉള്‍പ്പെടുത്തി ഒരു ശാസ്ത്രീയ സമിതിയെ തന്നെ കൂടുതല്‍ പരിശോധനകള്‍ക്കും കണ്ടെത്തലുകള്‍ക്കുമായി നിയോഗിക്കേണ്ടിയിരിക്കുന്നു.