'സിവില്‍ എന്‍ജിനീയര്‍മാരാണ് സിവില്‍ സര്‍വീസിന് അപേക്ഷിക്കേണ്ടത്' ബിജെപി ത്രിപുര മുഖ്യമന്ത്രി
നിരവധി തവണ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള ബിപ്ലബ് കുമാറിന്റെ ഏറ്റവും പുതിയ വിവാദ പ്രസ്താവനക്ക് സിവില്‍ എഞ്ചിനീയര്‍മാരാണ് ഇത്തവണ ഇരയായിരിക്കുന്നത്.
സിവില്‍ എന്‍ജിനീയര്‍മാരാണ് സിവില്‍ സര്‍വീസിന് അപേക്ഷിക്കേണ്ടതെന്ന് ബിജെപി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരേക്കാള്‍ സിവില്‍ എന്‍ജിനീയര്‍മാരാണ് ഇതിന് യോഗ്യരെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു. സിവിൽ സർവീസ് ദിന ആഘോഷങ്ങളുടെ ഭാഗമായി അഗർത്തലയിൽ ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ദേബ്.
നിരവധി തവണ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള ബിപ്ലബ് കുമാറിന്റെ ഏറ്റവും പുതിയ വിവാദ പ്രസ്താവനക്ക് സിവില്‍ എഞ്ചിനീയര്‍മാരാണ് ഇത്തവണ ഇരയായിരിക്കുന്നത്. ''ഒരു സിവിൽ എൻജിനീയര്‍ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസസ് (ഐഎഎസ്) ഓഫീസര്‍ ആവുകയാണെങ്കിൽ, നിർമാണ പദ്ധതികളിൽ നിർദേശങ്ങൾ നൽകാൻ അദ്ദേഹത്തിന് സാധിക്കും. മെക്കാനിക്കൽ എൻജിനീയർമാർക്ക് അതിന് കഴിയില്ല." ബിപ്ലബ് കുമാര്‍ പറഞ്ഞു.
അവിടം കൊണ്ടും തീര്‍ന്നില്ല, "മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ചശേഷം സിവിൽ സർവീസസ് തെരഞ്ഞെടുക്കരുത്. ഭരണനിർവ്വഹണത്തിനും സമൂഹം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിനുമായ അറിവും പരിചയവുമുള്ളത് സിവിൽ എൻജിനീയർമാര്‍ക്കാണ്. സിവിൽ എൻജിനീയറിങ് ആണ് അത്തരം അറിവ് നൽകുന്നത്." മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ മേഖലയെയും അദ്ദേഹം വെറുതെ വിട്ടില്ല. ഡോക്ടേഴ്സിനും തങ്ങളുടെ വൈദഗ്ധ്യങ്ങളെ സിവിൽ സർവീസ് പോസ്റ്റിൽ ഉപയോഗപ്പെടുത്താനാവും. ഒരാള്‍ ഡോക്ടറാണെങ്കിൽ, ആ അറിവ് ഉടനടി രോഗം ചികിത്സിക്കാൻ പ്രയോഗിക്കാവുന്നതാണ്." ബിപ്ലബ് കുമാര്‍ പറഞ്ഞു.
20 വർഷം മുമ്പത്തെ ഡയാന ഹെയ്ഡന്റെ മിസ്സ് വേൾഡ് കിരീടത്തെ വിമര്‍ശിച്ചും ഇതിന് മുമ്പ് ബിപ്ലബ് കുമാര്‍ വാര്‍ത്തയായിരുന്നു. ഐശ്വര്യ റായിയുമായി താരതമ്യം ചെയ്തായിരുന്നു ബിപ്ലബിന്റെ പരാമര്‍ശം. ലക്ഷ്മി, സരസ്വതി എന്നീ ദേവതകളെപ്പോലെയാവണം ഇന്ത്യൻ സൗന്ദര്യമെന്നും മിസ് വേൾഡ് കിരീടം നേടാൻ ഡയാന ഹെയ്ഡൻ യോഗ്യയല്ലെന്നുമായിരുന്നു പരാമര്‍ശം. അന്താരാഷ്ട്ര വിപണി ലക്ഷ്യം വെച്ചുള്ള മാര്‍ക്കറ്റിംങ് തന്ത്രമായിരുന്നു ഹെയ്ഡന്റെ കിരീട നേട്ടത്തിന് പിന്നിലെന്നും, എന്നാല്‍ ഇന്ത്യന്‍ വനിതയെ പ്രതിനിധാനം ചെയ്യുന്നതിനാൽ ഐശ്വര്യയുടെ വിജയത്തിന് അർഹതയുണ്ടെന്നും ബിപ്ലബ് പറയുകയുണ്ടായി. പ്രസ്താവന വിവാദമായതോടെ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്റർനെറ്റ് സാങ്കേതികവിദ്യ ഇന്ത്യക്ക് പുതിയതല്ലെന്നായിരുന്നു ബിപ്ലബിന്റെ മറ്റൊരു വിവാദ പ്രസ്താവന. മഹാഭാരത കാലഘട്ടത്തിൽ പോലും നിലനിന്നിരുന്ന ഒരു രീതിയായിരുന്നു ഈ സംവിധാനമെന്നും ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന്‍ കുരുക്ഷേത്ര യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരുന്നത് ഇതിന് സമാനമാണെന്നുമായിരുന്നു ബിപ്ലബ് കുമാറിന്റെ കണ്ടെത്തല്‍.