'മന്‍മോഹന്‍ സിങിന്റെ വിദേശയാത്രകള്‍ ആരും ശ്രദ്ധിച്ചില്ല; അല്ലാതെ മോദിയുടേത് കൂടുതലായിട്ടല്ല'

Update: 2018-06-03 02:22 GMT
Editor : Muhsina
'മന്‍മോഹന്‍ സിങിന്റെ വിദേശയാത്രകള്‍ ആരും ശ്രദ്ധിച്ചില്ല; അല്ലാതെ മോദിയുടേത് കൂടുതലായിട്ടല്ല'
Advertising

മോദിയുടെ യാത്രകള്‍ക്ക് ലഭിച്ച ജനശ്രദ്ധ മന്‍മോഹന്‍ സിങിന്റെ യാത്രകള്‍ക്ക് ലഭിക്കാതിരുന്നതാണ് തെറ്റിദ്ധാരണകള്‍ക്ക് കാരണമെന്ന് അമിത്ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ കുറച്ചൊന്നുമല്ല ആക്ഷേപങ്ങള്‍ക്ക് വഴിതെളിച്ചത്. മുന്‍ പ്രധാനമന്ത്രിമാരൊന്നും തന്നെ നടത്തിയിട്ടില്ലാത്ത വിധം മോദി വിദേശയാത്രകള്‍ നടത്തിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശം. എന്നാല്‍ മോദിയുടെ യാത്രകള്‍ക്ക് ലഭിച്ച ജനശ്രദ്ധ മന്‍മോഹന്‍ സിങിന്റെ യാത്രകള്‍ക്ക് ലഭിക്കാതിരുന്നതാണ് തെറ്റിദ്ധാരണകള്‍ക്ക് കാരണമെന്ന് ബിജെപി അഖിലേന്ത്യാ നേതാവ് അമിത്ഷാ. അല്ലാതെ മോദി കൂടുതല്‍ വിദേശയാത്ര ചെയ്തതല്ലെന്നുമാണ് ഷായുടെ വാദം.

''മന്‍മോഹന്‍ സിങ് സന്ദര്‍ശിച്ചതിനേക്കാള്‍ കുറവ് രാജ്യങ്ങളേ മോദി സന്ദര്‍ശിച്ചുള്ളൂ. എന്നാല്‍, വ്യത്യാസമിതാണ്. സിങ് പോയതും വന്നതുമൊന്നും ആരും ശ്രദ്ധിച്ചില്ല.'' അമിത്ഷാ പറഞ്ഞു. ഇതിന് രേഖകളുണ്ടെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത വിമര്‍ശങ്ങള്‍ നിലനില്‍ക്കെയാണ് മോദിക്ക് പിന്തുണയുമായി അമിത്ഷാ രംഗത്തെത്തിയിരിക്കുന്നത്. വിദേശയാത്രകള്‍ നടത്തി ലോകനേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് നടക്കുകയാണ് മോദിയെന്നാണ് പരക്കെയുള്ള ആക്ഷേപം. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഒഴിവാക്കി വിദേശകാര്യ മന്ത്രാലയം മോദി ഒറ്റക്ക് കൈകാര്യം ചെയ്യുകയാണെന്നും വിമര്‍ശമുണ്ട്.

പ്രധാനമന്ത്രിയായി ചുമതലയേറ്റ് 25മാസങ്ങള്‍ക്കുള്ളില്‍ 43രാജ്യങ്ങളിലേക്കായി 27വിദേശ പര്യടനങ്ങളാണ് മോദി നടത്തിയത്. എന്നാല്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ആഗോളതലത്തില്‍ സാമ്പത്തിക- രാഷ്ട്രീയ മേഖലകളിലെല്ലാം ഇന്ത്യക്ക് കൂടുതല്‍ ശക്തി പകരുന്നതാണെന്നാണ് മോദി അനുകൂലികളുടെ വാദം.

വിവാദങ്ങള്‍ക്കിടയില്‍ മോദിയുടെ അടുത്ത വിദേശ യാത്ര ഇസ്രായേലിലേക്കാണ്. രണ്ട് മാസത്തിനുള്ളില്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന മോദി ഈ വര്‍ഷം തന്നെ അമേരിക്കയും സന്ദര്‍ശിക്കും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News