ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകക്കെതിരെ എം.ജെ അക്ബര്‍ മാനനഷ്ടകേസ് നല്‍കി
ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാണ് കേസ് നല്‍കിയത്.
മി ടൂ ആരോപണം നേരിടുന്ന കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാണ് കേസ് നല്‍കിയത്. ആദ്യം ലൈംഗികാതിക്രമാരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകക്കെതിരെയാണ് കേസ് നല്‍കിയത്. വിദേശ വനിതയടക്കം നിരവധി സ്ത്രീകള്‍ മീ ടൂ കാമ്പയിനിലൂടെ എം.ജെ.അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു.
ആരോപണം ശക്തമായതിന് പിന്നാലെ എം.ജെ അക്ബര്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന വാര്‍ത്തകളും പരന്നു. എന്നാല്‍ മന്ത്രിസ്ഥാനം രാജിവെക്കാതെ നിയമനടപടികളിലേക്ക് കടക്കാന്‍ അക്ബര്‍ തീരുമാനിക്കുകയായിരുന്നു. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജിവെക്കുന്നത് മോദി മന്ത്രിസഭക്ക് കളങ്കമേല്‍ക്കുമെന്ന വിലയിരുത്തലുകളാണ് നിയമനടപടിയിലേക്കെത്തിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇങ്ങനെയൊരു ആരോപണം ഉയര്‍ന്നതിന് പിന്നിലെ താല്‍പര്യവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
ആഫ്രിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് ഞായറാഴ്ച തിരിച്ചെത്തിയ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച് വാര്‍ത്താകുറിപ്പിറക്കുകയായിരുന്നു.