അമ്മയുടെ ഗര്‍ഭപാത്രം സ്വീകരിച്ച് ഗര്‍ഭിണിയായ മകള്‍ക്ക് പെണ്‍കുഞ്ഞ്
രാജ്യത്തു തന്നെ ഇത് ആദ്യത്തെ സംഭവമാണെന്ന് പറയുന്നു മീനാക്ഷിയെ ചികിത്സിച്ച ഡോക്ടര്‍ നീത വര്‍തി.
ഒരു കുഞ്ഞിനെ ഉദരത്തില്‍ ചുമക്കാനുള്ള മകളുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കുകയായിരുന്നു ആ അമ്മ. അങ്ങനെ അമ്മയുടെ ഗർഭപാത്രം സ്വീകരിച്ച് ഗർഭിണിയായ മകൾക്ക് പെൺകുഞ്ഞ് പിറന്ന സന്തോഷത്തിലാണ് ഇന്ന് രാജ്യം.
ഗുജറാത്ത് വഡോദര സ്വദേശിനിയായ മീനാക്ഷി വലനാണ് രാജ്യത്തുതന്നെ ആദ്യമായി ഇത്തരമൊരു ശസ്ത്രക്രിയയിലൂടെ ഗർഭം ധരിച്ചതും ഈ വ്യാഴാഴ്ച കുഞ്ഞിന് ജന്മം നൽകിയതും.
ആദ്യഗര്‍ഭം അബോര്‍ഷനായതിനെ തുടര്‍ന്നാണ് 28 കാരിയായ മീനാക്ഷിക്ക് ഗര്‍ഭപാത്രം നഷ്ടമായത്. തുടര്‍ന്ന് സ്വന്തമായി ഒരു കുഞ്ഞെന്ന ആഗ്രഹത്താല്‍ 47കാരിയായ സ്വന്തം അമ്മയുടെ ഗർഭപാത്രം അവയവദാനത്തിലൂടെ സ്വീകരിക്കുകയായിരുന്നു അവള്‍. പൂനെ ഗാലക്സി കെയർ ആശുപത്രിയില്‍ കഴിഞ്ഞവർഷം മെയിലാണ് ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്.
തുടര്‍ന്ന് ഐ.വി.എഫ് ചികിത്സയിലൂടെയാണ് മീനാക്ഷി ഗര്‍ഭിണിയാകുന്നത്. ഗർഭിണിയായി ഏഴു മാസം പിന്നിട്ടശേഷം ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിന് 1.4 കിലോഗ്രാം തൂക്കമുണ്ട്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
രാജ്യത്തു തന്നെ ഇത് ആദ്യത്തെ സംഭവമാണെന്ന് പറയുന്നു മീനാക്ഷിയെ ചികിത്സിച്ച ഡോക്ടര്‍ നീത വര്‍തി. ഇത്തരത്തിലുള്ള ഒമ്പത് പ്രസവങ്ങള്‍ നേരത്തെ സ്വീഡനില്‍ നടന്നിട്ടുണ്ട്. അമേരിക്കയില്‍ രണ്ടെണ്ണവും. ഗര്‍ഭപാത്രം മാറ്റിവെച്ചതിന് ശേഷം ലോകത്ത് നടക്കുന്ന 12ാമത്തെ പ്രസവമാണ് മീനാക്ഷിയുടേതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.