സ്വന്തം പ്രായം പോലും കൃത്യമായി പറയാന്‍ ഈ സ്ത്രീകള്‍ക്കറിയില്ല;ബസ്തറിലെ ആദിവാസി ജീവിതം ഏറെ ദുസ്സഹം
കോടികളുടെ വികസനചിത്രം ഉയര്‍ത്തി കാണിക്കുന്ന സര്‍ക്കാര്‍ പെന്‍ഷന്‍ പോലും നല്കുന്നില്ല എന്ന് ആദിവാസി സ്ത്രീകള്‍ പറയുന്നു.
ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ബസ്തറിലെ ആദിവാസി ജീവിതം ഏറെ ദുസ്സഹം. കോടികളുടെ വികസനചിത്രം ഉയര്‍ത്തി കാണിക്കുന്ന സര്‍ക്കാര്‍ പെന്‍ഷന്‍ പോലും നല്കുന്നില്ല എന്ന് ആദിവാസി സ്ത്രീകള്‍ പറയുന്നു.
ഇത് നേതാനാള്‍ എന്ന ആദിവാസി ഗ്രാമം. ധ്രുവ എന്ന ആദിമ ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍. കാടിനെ ആശ്രയിക്കുന്ന ജനത. മരം കൊണ്ട് കെട്ടിയ വേലികള്‍ക്ക് പിന്നില്‍ ചെറിയ കൂരകള്‍. മോദി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ശൌചാലയ പദ്ധതികളെ കുറിച്ചൊന്നും ഇവര്‍ കേട്ടിട്ടു പോലുമില്ല. സ്വന്തം പ്രായം പോലും കൃത്യമായി പറയാനറിയാത്ത സ്ഥിതിയില്‍, ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് വാര്‍ധക്യ പെന്‍ഷന്‍ പോലും അന്യം. കൃഷിയും കന്നുകാലി വളര്‍ത്തലുമായി പുരുഷന്മാര്‍ കഴിയുന്നു.
31 ലധികം ആദിവാസി ഗോത്രങ്ങളുണ്ട് ബസ്തറടക്കമുള്ള ജില്ലകളില്‍. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനവിഭാഗം. 15 വര്‍ഷം മുന്‍പ് ബി.ജെ.പി അധികാരത്തിലേറുമ്പോള്‍ 37 ശതമാനമായിരുന്നു ചത്തീസ്ഗഢില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍. ഇന്നത് 41 ശതമാനമായി ഉയര്‍ന്നു.