റഷ്യയുടെ സ്ഫുട്നിക് വാക്സിന്‍ ഈ മാസം ഇന്ത്യയിലെത്തും
മെയ് ആദ്യവാരം വാക്സിന്‍ വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
റഷ്യയുടെ സ്ഫുട്നിക് വാക്സിന്‍റെ ആദ്യ ഡോസ് ഈ മാസം തന്നെ ഇന്ത്യയിലെത്തിക്കും. റഷ്യയിലെ ഇന്ത്യൻ അംബാസിഡർ ബാല വെങ്കിടേഷ് വർമയാണ് ഇക്കാര്യം അറിയിച്ചത്. അടുത്തമാസം വാക്സിൻ ഉത്പാദനം തുടങ്ങുമെന്നും ഒരു മാസം 50 മില്യൺ സ്ഫുട്നിക് വാക്സിനെങ്കിലും ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് ആദ്യവാരം വാക്സിന്‍ വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. തുടക്കത്തിൽ കുറച്ച് പേർക്കാവും വാക്സിൻ നൽകുക. പിന്നീട് ഘട്ടം ഘട്ടമായി ഇത് വർധിപ്പിക്കുമെന്നും ബാല വെങ്കിടേഷ് വർമ വ്യക്തമാക്കി.
60 രാജ്യങ്ങൾ ഇതുവരെ സ്ഫുട്നിക് വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്. കോവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തിയതോടെയാണ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാനുള്ള തീരുമാനം ഇന്ത്യ കൈക്കൊണ്ടത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ ബന്ധത്തിന് തുടക്കം കുറക്കുമെന്ന് റഷ്യൻ നയതന്ത്ര പ്രതിനിധി റോമൻ ബാബുഷ്കിൻ പറഞ്ഞിരുന്നു.