സാമൂഹിക അകലം പാലിക്കാത്ത ഒരു കോവിഡ് രോഗി 30 ദിവസം കൊണ്ട് 406 പേര്‍ക്ക് രോഗം പടര്‍ത്തുമെന്ന് കേന്ദ്രം
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കോവിഡിന്‍റെ രണ്ടാഘട്ടത്തിലും സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സാമൂഹിക അകലം കൃത്യമായി പാലിച്ചില്ലെങ്കില്‍ ഒരു കോവിഡ് രോഗിയില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് അസുഖം പകരുമെന്ന കണക്കാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും മാസ്‌ക് ശരിയായ വിധം ധരിക്കണമെന്നും കോവിഡ് വ്യാപനം തടയാന്‍ ഓരോരുത്തരും ജാഗരൂകരാകണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു.
ഒരു വാര്‍ത്താസമ്മേളനത്തിനിടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. വിവിധ സര്‍വകലാശാലകളുടെ പഠന റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചാണ് സാമൂഹിക അകലം കൃത്യമായി പാലിച്ചില്ലെങ്കില്‍ ഉണ്ടാവാനിടയുള്ള കോവിഡ് വ്യാപനത്തിന്‍റെ ദുരന്തം ജോയിന്‍റ് സെക്രട്ടറി ഓര്‍മ്മിപ്പിച്ചത്.
ഒരു കോവിഡ് രോഗി കൃത്യമായി സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ 30 ദിവസം കൊണ്ട് ശരാശരി 406 പേര്‍ക്കാണ് രോഗം പടര്‍ത്തുന്നത്. തന്‍റെ യാത്രകള്‍ രോഗി പകുതിയായി കുറച്ചാല്‍ തന്നെ അതേ 30 ദിവസത്തിനുള്ളില്‍ അത് വെറും 15 പേരായി കുറയുമെന്നും അദ്ദേഹം പറഞ്ഞു. സമ്പര്‍ക്കം 75 ശതമാനം കുറച്ചാല്‍ രോഗം പിടിപെടാന്‍ സാധ്യതയുള്ള ആളുകളുടെ എണ്ണം 30 ദിവസം കൊണ്ട് 2.5 ആകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരാളുമായി കുറഞ്ഞത് ആറടിയെങ്കിലും സാമൂഹിക അകലം പാലിക്കണം. മാസ്‌ക് ധരിച്ചില്ലെങ്കില്‍ രോഗം വരാനുള്ള സാധ്യത 90 ശതമാനമാണെന്നും ലാവ് അഗര്‍വാള്‍ വ്യക്തമാക്കുന്നു. രണ്ടുപേര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഒരാള്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ രോഗം പിടിപെടാനുള്ള സാധ്യത 30 ശതമാനമാണ്. കോവിഡ് രോഗിയും രോഗം ബാധിക്കാത്തയാളും മാസ്‌ക് ധരിച്ചാല്‍ രോഗം വരാനുള്ള സാധ്യത 1.5 ശതമാനം മാത്രമാണെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.