വൃദ്ധ ദമ്പതികളെ കഴുത്തറുത്തുകൊന്നു: മരുമകള്‍ അറസ്റ്റില്‍
സുഹൃത്ത് ഉള്‍പ്പെടെ രണ്ട് പേരുടെ സഹായത്തോടെയാണ് മോണിക്ക കൊലപാതകം നടത്തിയതെന്ന് പൊലീസ്
ഡല്‍ഹി: ഡൽഹിയിൽ വൃദ്ധ ദമ്പതികളെ മരുമകളും രണ്ട് കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്. 70 വയസ്സുള്ള ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ മോണിക്കയെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്ത് ഉള്‍പ്പെടെ രണ്ട് പേരുടെ സഹായത്തോടെയാണ് മോണിക്ക കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. രണ്ടു കൂട്ടുപ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
ഡല്‍ഹിയിലെ ഗോകുല്‍പുരിയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂൾ വൈസ് പ്രിൻസിപ്പലായി വിരമിച്ച രാധേശ്യാം വർമയും ഭാര്യ വീണയുമാണ് കൊല്ലപ്പെട്ടത്. രാധേശ്യാം വർമയും ഭാര്യയും താഴത്തെ നിലയിലും മോണിക്കയും ഭര്‍ത്താവും മകനും മുകളിലത്തെ നിലയിലുമാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി ഏഴു മണിയോടെ മോണിക്ക രണ്ടു പേരെ വീടിന്‍റെ ടെറസില്‍ ഒളിപ്പിച്ചെന്നും എല്ലാവരും ഉറങ്ങിയപ്പോള്‍ താഴത്തെ കിടപ്പുമുറിയിലെത്തി ദമ്പതികളെ കഴുത്തുഞെരിച്ചു കൊന്നുവെന്നുമാണ് പൊലീസ് പറയുന്നത്. മോണിക്കയുടെ ഭര്‍ത്താവ് പറയുന്നത് തിങ്കളാഴ്ച രാവിലെയാണ് മാതാപിതാക്കളെ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത് എന്നാണ്. മോണിക്കയുടെ ഭര്‍ത്താവിന് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് നിലവില്‍ വ്യക്തമല്ല.
സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്‍റെ നിലവിലെ നിഗമനം. വീട് വില്‍പ്പനയുടെ അഡ്വാന്‍സായി ലഭിച്ച നാലു ലക്ഷം രൂപ വീട്ടില്‍ നിന്ന് കാണാതായിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Summary- An elderly couple was allegedly murdered by their daughter-in-law and two of her associates in Delhi on Sunday, the police said.