കോവിഡ്മുക്തനായി; സിദ്ദീഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയെന്ന് യുപി സർക്കാർ
മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; മുഖത്ത് മുറിവേറ്റിരുന്നതായി റിപ്പോർട്ട്
യുഎപിഎ ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകനെ ആശുപത്രിയിൽനിന്ന് ജയിലിലേക്ക് മാറ്റിയതായി ഉത്തർപ്രദേശ് സർക്കാർ. കോവിഡ്മുക്തനായതിനെ തുടർന്നാണ് നടപടിയെന്നാണ് അറിയുന്നത്. കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് യുപി സർക്കാർ സുപ്രീംകോടതിക്ക് കൈമാറിയിട്ടുണ്ട്.
കാപ്പന് മികച്ച ചികിത്സ തേടി സമർപ്പിച്ച ഇടക്കാല ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കവെയാണ് യുപി സർക്കാർ ഇക്കാര്യം അറിയിച്ചത്. ഇന്നലെ ഹരജി പരിഗണിച്ച കോടതി മെഡിക്കൽ റിപ്പോർട്ട് ഇന്നു തന്നെ കൈമാറണമെന്ന് സർക്കാരിനോട് ഉത്തരവിട്ടിരുന്നു. കാപ്പന് മുറിവേറ്റിരുന്നു എന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, എങ്ങനെ മുറിവേറ്റു എന്ന കാര്യം വ്യക്തമല്ല. കാപ്പൻ നേരത്തെ സെല്ലിൽ കുഴഞ്ഞുവീണ് മുഖത്ത് പരിക്കേറ്റിരുന്നു. ഇപ്പോഴും ആ പരിക്ക് നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽനിന്ന് വ്യക്തമാകുന്നത്.
കോവിഡ് ബാധിച്ച് ആരോഗ്യനില ഗുരുതരമായ കാപ്പനെ ഉത്തർപ്രദേശിലെ മഥുര മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ കാപ്പന് മോശം പരിചരണമാണ് ലഭിക്കുന്നതെന്നും കട്ടിലിൽ കെട്ടിയിട്ട് ദിവസങ്ങളായി ഭക്ഷണം കഴിക്കാനോ കക്കൂസിൽ പോകാനോ അനുവദിക്കുന്നില്ലെന്നും കാപ്പന്റെ അഭിഭാഷകൻ വിൽസ് മാത്യുവും ഭാര്യയും ആരോപിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ കോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് അടിയന്തരമായി മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി യുപി സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. ഹേബിയസ് കോർപസ് ഹരജിയാണ് നിലവിൽ കോടതിയുടെ പരിഗണനയിലുള്ളത്. ഇതിന്റെ കൂടെ കാപ്പന് മികച്ച ചികിത്സ നൽകണമെന്ന കെയുഡബ്ല്യുജെയുടെ അടക്കമുള്ള ഇടക്കാല അപേക്ഷ കൂടി കോടതി പരിഗണിക്കുകയായിരുന്നു. ഹേബിയസ് കോർപസ് അപേക്ഷ നിലനിൽക്കില്ലെന്ന് കഴിഞ്ഞ ദിവസം സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചിരുന്നു.
അതേസമയം, കാപ്പനുമായി ഇതുവരെ വിഡിയോ കോൺഫറൻസ് വഴി സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ലെന്ന് ഭാര്യ റൈഹാനത്ത് പറഞ്ഞു. വിഡിയോ കോൺഫറൻസ് വഴി സംസാരിക്കാൻ ഇന്നലെ കോടതി അനുമതി നൽകിയിരുന്നു.