''പെട്രോൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനെ എന്ത് കൊണ്ട് എതിർത്തു?'' സംസ്ഥാന ധനമന്ത്രി പ്രതികരിക്കുന്നു
ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ പെട്രോൾ, മദ്യവിൽപനയിലൂടെ കിട്ടുന്ന വരുമാനത്തിൽ ഒരു വർഷം 8000 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാകും: മന്ത്രി കെ.എൻ ബാലഗോപാൽ
പെട്രോൾ, ഡീസൽ വില ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സിൽ (ജി.എസ്.ടി) ഉൾപ്പെടുത്തുന്നതിനെ എതിർക്കാൻ കേരളം മാത്രമല്ലെന്നും കോൺഗ്രസും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങളും ഉണ്ടായിരുന്നെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ''കടം+കടം= കേരളം'' പരമ്പരക്ക് ശേഷം മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു മന്ത്രി.
''ജി.എസ്.ടിയിൽപ്പെടുത്തിയാൽ പെട്രോളിനും ഡീസലിനും വിലകുറയുമെന്ന് പറയുന്നവരോട് ഞാൻ ചോദിക്കട്ടെ, ജി.എസ്.ടിയിൽപ്പെടുന്ന പാചകവാതകത്തിന് നിലവിൽ അഞ്ചു ശതമാനമാണ് നികുതി. എന്നാൽ 980 രൂപയോളമാണ് കേരളത്തിൽ വില. ഇതിൽ 45 രൂപ മാത്രമാണ് നികുതി. അഞ്ചാറു മാസം മുമ്പ് വരെ ഇത് 400 ഉം 500 ഉം ആയിരുന്നു. എന്ത് കൊണ്ടാണ് ഇത് നേരെ ഇരട്ടിയായത്. അന്തർദേശീയ മാർക്കറ്റിൽ പെട്രോളയത്തിന്റെ വില കൂടിയത് കൊണ്ടല്ല ഈ മാറ്റം. മറിച്ച് വില കൂട്ടിയത് കൊണ്ട് മാത്രമാണ്. അപ്പോൾ നികുതി അടിസ്ഥാനത്തിലല്ല, കേന്ദ്ര സർക്കാർ പ്രത്യേക ഡ്യൂട്ടിയും സെസ്സും ഏർപ്പെടുത്തിയാൽ നികുതിയല്ല ബാധകം. ഇങ്ങനെ വില കൂട്ടുന്ന സർക്കാറിന്റെ കയ്യിലേക്ക് ഈ അവകാശം കൂടി കൊടുക്കണോ? '' മന്ത്രി ചോദിച്ചു.
''പെട്രോളിന്റെയും ഡീസലിന്റെയും സെസ്സ് ഒഴിവാക്കണമെന്നാണ് കേരള സർക്കാറിന്റെ അഭിപ്രായം. 28 രൂപ ഡീസലിനും 26 രൂപ പെട്രോളിനും സെസ്സുണ്ട്. ഡീസലിന് നാലു രൂപ പ്രത്യേക അഗ്രികൾച്ചറൽ സെസ്സുമുണ്ട്. ഇത് പൂർണമായി കുറച്ചാൽ 65 രൂപയിൽ താഴെ വിലയേ ഡീസലിനുണ്ടാകൂ. പകുതി കുറച്ചാൽ 75 അല്ലെങ്കിൽ 80 രൂപയിൽ താഴെ കൊടുക്കാം. ഇത് ചെയ്യാൻ കേന്ദ്ര സർക്കാർ തയാറല്ല. അവരെ കോൺഗ്രസ് നേതാക്കൾ വിമർശിക്കുന്നുമില്ല.
ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ പെട്രോൾ, മദ്യവിൽപനയിലൂടെ കിട്ടുന്ന വരുമാനത്തിൽ ഒരു വർഷം 8000 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാകും. എൽ.ഡി.എഫിനെ തകർക്കാൻ ഈ അഭിപ്രായം പറഞ്ഞാൽ, ഭരണമുള്ളയിടത്ത് കോൺഗ്രസ് ഈ അഭിപ്രായത്തിനൊപ്പം നിൽക്കില്ല'' മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.