തോറ്റടീമിന്റെ ആരാധകർ ഫുട്‌ബോൾ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറി; ഇന്തോനേഷ്യയിൽ തിക്കിലും തിരക്കിലും പെട്ട് 127 മരണം
കാണികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
ജക്കാർത്ത: ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേർ മരിച്ചു. 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
ഫുട്‌ബോൾ മത്സരത്തിന് ശേഷം തോറ്റ ടീമിന്റെ ആരാധകർ മലംഗിലെ സ്‌റ്റേഡിയത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആയിരക്കണക്കിന് പേരാണ് സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയത്. ഇതോടെ ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾ മരിച്ചത്. പലരും ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് ഈസ്റ്റ് ജാവ പൊലീസ് മേധാവി നിക്കോ അഫിന്റ പറഞ്ഞതായി വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ദുരന്തത്തെ തുടർന്ന് ഇന്തോനേഷ്യൻ ടോപ്പ് ലീഗ് ബിആർഐ ലിഗ 1 ഗെയിമുകൾ ഒരാഴ്ചത്തേക്ക് നിർത്തിവച്ചതായും അന്വേഷണം ആരംഭിച്ചതായും ഇന്തോനേഷ്യയിലെ ഫുട്‌ബോൾ അസോസിയേഷൻ (പിഎസ്എസ്‌ഐ) അറിയിച്ചു. ഇന്തോനേഷ്യയിൽ ഫുട്‌ബോൾ മത്സരങ്ങൾക്കിടയിൽ മുമ്പും പ്രശ്നങ്ങൾ നടന്നിട്ടുണ്ട്. ക്ലബ്ബുകൾ തമ്മിലുള്ള ശക്തമായ മത്സരം പലപ്പോഴും ആരാധകർ തമ്മിലുള്ള അക്രമത്തിലേക്ക് നയിക്കാറുണ്ട്.