നാലാമനാകാനും മീറ്റ് റെക്കോർഡ് മറികടക്കണം; ജാവലിനില്‍ മിന്നുന്ന പ്രകടനം
ജൂനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ആദ്യ നാല് സ്ഥാനക്കാരും മീറ്റ് റെക്കോഡ് മറികടന്നു. കോതമംഗലം മാർ ബേസിലിലെ യാദവ് നരേഷാണ് ഈയിനത്തിൽ സ്വർണം നേടിയത്..
ജൂനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ആദ്യ നാല് സ്ഥാനക്കാരും മീറ്റ് റെക്കോഡ് മറികടന്നു. കോതമംഗലം മാർ ബേസിലിലെ യാദവ് നരേഷാണ് ഈയിനത്തിൽ സ്വർണം നേടിയത്. ഗുജറാത്തുകാരനായ യാദവ് നരേഷ് മൂന്ന് മാസം മുമ്പാണ് മാർ ബേസിലിലെത്തിയത്.
നാലാമനാകണമെങ്കിൽ പോലും മീറ്റ് റെക്കോർഡ് മറികടക്കുന്ന പ്രകടനം പുറത്തെടുക്കേണ്ട സ്ഥിതി. ഒന്നിനൊന്ന് മികച്ച പ്രകടനവുമായി താരങ്ങൾ. പ്രതിഭകളുടെ ധാരാളിത്തം കൊണ്ട് സമ്പന്നമായിരുന്നു ജുനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോ മത്സരം.
2014-ൽ ചെമ്പുചിറ സ്കൂളിലെ കിരൺ നാഥ് സ്ഥാപിച്ച 50.99 മീറ്ററിന്റെ റെക്കോഡാണ് നാല് താരങ്ങൾ അനായാസം മറികടന്നത്. 61.66 മീറ്റർ ദൂരത്തിലാണ് മാർ ബേസിലിന്റെ യാദവ് നരേഷ് സ്വർണം എറിഞ്ഞിട്ടത് . ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ യാദവ് നരേഷ് ഹൈദരാബാദ് യൂത്ത് മീറ്റിൽ വെച്ചാണ് മാർ ബേസിലിന്റെ പരിശീലക ഷിബി മാത്യൂസിനോട് കേരളത്തിൽ പരിശീലനത്തിന് അവസരം തേടിയത്. തുടർന്നാണ് പത്താം ക്ലാസ് വിദ്യാർഥിയായ യാദവ് നരേഷ് മാർ ബേസിലിന്റെ സ്വന്തം താരമായത്.
പരിശീലകയ്ക്ക് യാദവ് നരേഷിന്റെ പ്രകടനത്തിൽ തികഞ്ഞ സംതൃപ്തിയാണുള്ളത്. 57.3 മീറ്റർ എറിഞ്ഞ് എറണാകുളം മാതിരപ്പള്ളി സ്കൂളിലെ ജിബിൻ തോമസ് വെള്ളി നേടി. 53.1 മീറ്റർ ദൂര മെറിഞ്ഞ സെന്റ് ജോർജ് കോതമംഗലത്തിന്റെ അഖിൽ ശശിക്കാണ് വെങ്കലം.