കുട്ടിക്രിക്കറ്റില്‍ സൂര്യോദയം; സണ്‍റൈസേഴ്‍സിന് കന്നി കിരീടം
ഐപിഎല്‍ കലാശപ്പോരില്‍ വിരാട് കൊഹ്‍ലിയെന്ന ഭാഗ്യതാരത്തിനു അടിതെറ്റി. സ്വന്തം തട്ടകത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സ് കിതച്ചു വീണപ്പോള്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രിയിലും സൂര്യനുദിച്ചു.
ഐപിഎല്‍ കലാശപ്പോരില്‍ വിരാട് കൊഹ്‍ലിയെന്ന ഭാഗ്യതാരത്തിനു അടിതെറ്റി. സ്വന്തം തട്ടകത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സ് കിതച്ചു വീണപ്പോള്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രിയിലും സൂര്യനുദിക്കുകയായിരുന്നു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സിനെ എട്ടു റണ്‍സിന് കീഴടക്കി ഡേവിഡ് വാര്‍ണറെന്ന കൂറ്റനടിക്കാരന്റെ കളിക്കൂട്ടം കന്നി കിരീടത്തില്‍ മുത്തമിട്ടു. സണ്‍റൈസേഴ്‍സ് ഹൈദരാബാദിന്റെ ബോളര്‍മാര്‍ ബാംഗ്ലൂര്‍ ബാറ്റ്സ്‍മാന്‍മാരെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുകെട്ടി. ചുരുക്കം ചില പിഴവുകള്‍ ഒഴിച്ചാല്‍ ചോരാത്ത കൈകളുമായി ഫീല്‍ഡില്‍ നിറഞ്ഞ സണ്‍റൈസേഴ്‍സ് താരങ്ങള്‍ ബാംഗ്ലൂരിന്റെ റണ്ണൊഴുക്ക് അണകെട്ടി തടഞ്ഞു.
സണ്‍റൈസേഴ്‍സ് ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ കേവലം 8 റണ്‍സ് അകലെ പരാജയത്തിന് കീഴടങ്ങി. ഓപ്പണിങ് കൂട്ടുകെട്ടില്‍ 114 റണ്‍സ് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടും ബാംഗ്ലൂരിനെ നിര്‍ഭാഗ്യം തോല്‍വിയിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. 38 പന്തില്‍ നിന്നു എട്ടു സിക്സറിന്റെ അകമ്പടിയോടെ 76 റണ്‍സ് അടിച്ചുകൂട്ടിയ ക്രിസ് ഗെയ്‍ലും 35 പന്തില്‍ നിന്നു 54 റണ്‍സ് നേടിയ നായകന്‍ വിരാട് കൊഹ്‍ലിയും വീണതോടെ ബാംഗ്ലൂര്‍ സ്വന്തം പെട്ടിയിലായി കഴിഞ്ഞിരുന്നു. എബി ഡിവില്ലിയേഴ്‍സ് (5) രണ്ടക്കം കാണാതെ കളത്തിനു പുറത്തെത്തിയതോടെ അവസാന പ്രതീക്ഷ ലോകേഷ് രാഹുലിലും വാട്സനിലുമായി. എന്നാല്‍ ഇരുവരും 11 റണ്‍സ് മാത്രം സാമ്പാദ്യവുമായി കൂടാരം കയറി. അവസാന ഓവറുകളില്‍ വിജയപ്രതീക്ഷ തെളിച്ച് മലയാളി താരം സച്ചിന്‍ ബേബി പൊരുതിയെങ്കിലും വിധി മാറ്റിയെഴുതാനായില്ല. റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടിയ ഭുവനേശ്വര്‍ കുമാറാണ് സണ്‍റൈസേഴ്‍സിന്റെ വിജയവഴിയിലെ നിര്‍ണായക താരം. സണ്‍റൈസേഴ്‍സിനു വേണ്ടി ബെന്‍ കട്ടിങ് രണ്ടും സ്രാന്‍, മുസ്തഫിസുര്‍ റഹ്‍മാന്‍, ബിപുല്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‍ത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ സണ്‍റൈസേഴ്‍സ് ഹൈദരാബാദ് കൂറ്റന്‍ സ്‍കോര്‍ ഉയര്‍ത്തി. ഒരിക്കല്‍ കൂടി നായകന്‍ ഡേവിഡ് വാര്‍ണര്‍ പൊട്ടിത്തെറിച്ചപ്പോള്‍ സണ്‍റൈസേഴ്‍സിന്റെ ടോട്ടല്‍ 200 കടന്നു. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് സണ്‍റൈസേഴ്‌സ് അടിച്ചുകൂട്ടിയത്. നായകന്‍ ഡേവിഡ് വാര്‍ണറുടെയും യുവരാജ് സിങിന്റെയും ബെന്‍ കട്ടിങിന്റെയും തകര്‍പ്പന്‍ ബാറ്റിങാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അവസാന മൂന്ന് ഓവറില്‍ 52 റണ്‍സാണ് കൊഹ്‍ലിയുടെ ബോളര്‍മാര്‍ വഴങ്ങിയത്.
വാര്‍ണറും ധവാനും (28) ചേര്‍ന്ന് 63 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് നല്‍കി. തുടര്‍ന്നും തകര്‍ത്തടിച്ച വാര്‍ണര്‍ തീപ്പന്തം പോലെ കത്തിജ്വലിച്ചതോടെ പന്തുകള്‍ പലവട്ടം അതിര്‍ത്തി കടന്നു. 38 പന്തില്‍ 69 റണ്‍സുമായി സണ്‍റൈസേഴ്‌സിനെ നയിച്ച വാര്‍ണര്‍ അരവിന്ദിന്റെ പന്തില്‍ ഇഖ്‍ബാല്‍ അബ്ദുല്ലക്ക് പിടികൊടുത്ത് മടങ്ങിയെങ്കിലും പിന്നീടെത്തിയ യുവരാജ് 23 പന്തില്‍ 38 റണ്‍സ് അടിച്ചെടുത്ത് ഹൈദരാബാദ് സ്‌കോറിങിന് വേഗം നല്‍കി. അവസാന ഓവറുകളില്‍ പന്ത് തുടര്‍ച്ചയായി അതിര്‍ത്തി കടത്തിയ ബെന്‍ കട്ടിങിന്റെ വെടിക്കെട്ട് പ്രകടനം റോയല്‍ ചലഞ്ചേഴ്‌സിന്റെ നെഞ്ചിടിപ്പ് കൂട്ടി. 15 പന്തില്‍ നാലു സിക്‌സിന്റെയും മൂന്നു ബൗണ്ടറികളുടെയും അകമ്പടിയോടെ 39 റണ്‍സാണ് കട്ടിങ് അടിച്ചുകൂട്ടിയത്. അതിലൊരു സിക്സര്‍ സ്റ്റേഡിയത്തിനു പുറത്തായിരുന്നു വിശ്രമിച്ചത്. ബാംഗ്ലൂരിന് വേണ്ടി ക്രിസ് ജോര്‍ദാന്‍ മൂന്നു വിക്കറ്റും ശ്രീനാഥ് അരവിന്ദ് രണ്ടും ചാഹല്‍ ഒന്നും വിക്കറ്റ് നേടി.