എന്‍റെ നായകത്വത്തില്‍ സംഭവിച്ച പാളിച്ച, മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു, പൊട്ടിക്കരഞ്ഞ് സ്മിത്ത്
അവശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ ഇതോര്‍ത്ത് ഞാന്‍ ദുഖിക്കും, അതെനിക്കറിയാം. ലോകത്തിലെ മികച്ച കായിക വിനോദമാണ് ക്രിക്കറ്റ്. ക്രിക്കറ്റായിരുന്നു എന്‍റെ ജീവിത വായു. അത് അത്തരത്തില്‍ തന്നെ തുടരുമെന്നാണ് പ്രതീക്ഷ
ക്രിക്കറ്റ് തന്‍റെ ജീവിതമാണെന്നും പന്തില്‍ കൃത്രിമത്വം വരുത്താന്‍ ശ്രമിച്ച സംഭവത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്നും മുന്‍ ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത്. നേതൃത്വത്തിന് പറ്റിയ വീഴ്ചയായിരുന്നു അത്. എന്‍റെ നേതൃത്വത്തിന് പറ്റിയ പാളിച്ച. എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. ഞാനാണ് ഓസീസ് നായകന്‍. എന്‍റെ ചുമതലയിലായിരുന്നു ടീം. ശനിയാഴ്ചത്തെ സംഭവവികാസങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. ഞാനാകെ തകര്‍ന്ന അവസ്ഥയിലാണ് - പൊട്ടിക്കരഞ്ഞു കൊണ്ട് സ്മിത്ത് പറഞ്ഞു.
തന്‍റെ തെറ്റില്‍ നിന്നും അതുവഴി സംഭവിച്ച നാശത്തില്‍ നിന്നും മുക്തി നേടാന്‍ തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും സ്മിത്ത് പറഞ്ഞു. അവശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ ഇതോര്‍ത്ത് ഞാന്‍ ദുഖിക്കും, അതെനിക്കറിയാം. ലോകത്തിലെ മികച്ച കായിക വിനോദമാണ് ക്രിക്കറ്റ്. ക്രിക്കറ്റായിരുന്നു എന്‍റെ ജീവിത വായു. അത് അത്തരത്തില്‍ തന്നെ തുടരുമെന്നാണ് പ്രതീക്ഷ. അത്യന്തം വേദനാജനകമാണ്. എനിക്ക് വലിയ ദുഖമുണ്ട്. ആസ്ത്രേലിയന്‍ ജനതക്കും ക്രിക്കറ്റ് ആരാധകര്‍ക്കും ഞാന്‍ സമ്മാനിച്ച വേദനയില്‍ ഖേദം പ്രകടിപ്പിക്കുന്നു - വാര്‍ത്താസമ്മേളനത്തിനിടെ നിരവധി തവണ പൊട്ടിക്കരഞ്ഞ് സ്മിത്ത് പറഞ്ഞു.