28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിന്റെ സെമി പ്രവേശം
ബെല്‍ജിയത്തിന് പിറകെ രണ്ടാം സ്ഥാനക്കാരായി നോക്കൌട്ട് റൌണ്ടില്‍ എത്തിയ ഇംഗ്ലണ്ട് കൊളംബിയയേയും സ്വീഡനേയും മറികടന്നാണ് സെമിയിലേക്ക് മുന്നേറിയത്
ആധികാരികമായിട്ടായിരുന്നു ഇംഗ്ലണ്ടിന്റെ സെമി പ്രവേശം. ബെല്‍ജിയത്തിന് പിറകെ രണ്ടാം സ്ഥാനക്കാരായി നോക്കൌട്ട് റൌണ്ടില്‍ എത്തിയ ഇംഗ്ലണ്ട് കൊളംബിയയേയും സ്വീഡനേയും മറികടന്നാണ് സെമിയിലേക്ക് മുന്നേറിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിന് ആദ്യം എതിരായി വന്നത് തുണീഷ്യ.നായകന്‍ ഹാരി കെയ്ന്റെ ഇരട്ട ഗോള്‍ മികവില്‍ ഒന്നിനെതിരെ 2 ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.ഇന്‍ജുറി ടൈമില്‍ നേടിയ ഗോളാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. പാനമയായിരുന്നു അടുത്ത എതിരാളികള്‍..ഒരു ദയയും കൂടാതെ ഇംഗ്ലണ്ട് അവരെ തകര്‍ത്തു വിട്ടു. ഒന്നിനെതിരെ 6 ഗോളുകള്‍ക്കായിരുന്നു ജയം. ഹാരി കെയ്ന് ഹാട്രിക്,ജോണ്‍ സ്റ്റോണ്‍സിന് ഇരട്ട ഗോള്‍.പട്ടിക തികച്ച് ജെസെ ലിങ്കാര്‍ഡ്. മൂന്നാം അങ്കത്തില്‍ പക്ഷേ കളി മാറി. ബെല്‍ജിയത്തിനെതിരായ ബലാബലത്തില്‍ 8 മാറ്റങ്ങളുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് അടിപതറി. ഒരു ഗോളിന് ബെല്‍ജിയത്തോട് തോറ്റ് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍.
പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയുമായി വീറുറ്റ പോരാട്ടത്തിന്റെ വിധി നിര്‍ണയിച്ചത് പെനല്‍റ്റി ഷൂട്ടൌട്ട് .ഒറ്റ ഗോളില്‍ പ്രീക്വാര്‍ട്ടര്‍ കടക്കാമെന്ന് കരുതിയ ഇംഗ്ലണ്ടിന്റെ കണക്കു കൂട്ടല്‍ തെറ്റിച്ച് ഇന്‍ജുറി ടൈമില്‍ കൊളംബിയയുടെ ഗോള്‍. ഷൂട്ടൌട്ടില്‍ പക്ഷേ കൊളംബിയക്ക് പിഴച്ചു. അവരുടെ രണ്ട് ശ്രമങ്ങള്‍ ലക്ഷ്യം തെറ്റിയതോടെ ഇംഗ്ലണ്ടിന് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റ്. ക്വാര്‍ട്ടറില്‍ സ്വീഡനെതിരെ അധികം വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല ഇംഗ്ലണ്ടിന്. ഹാരി മഗ്യൂറിന്റേയും ഡാലി അലിയുടേയും ഗോളില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയം. ഒപ്പം 28 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സെമി പ്രവേശവും.