ചാമ്പ്യന്‍സ് ലീഗ്: ഇരട്ട ഗോളുമായി എംബാപ്പെ, പി.എസ്.ജിക്കും ചെല്‍സിക്കും ജയം

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യപാദ മത്സരത്തിൽ പിഎസ്ജിക്കും ചെൽസിക്കും ജയം. പി.എസ്.ജി ബയേൺ മ്യുണിക്കിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്.

Update: 2021-04-08 03:14 GMT
Advertising

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യപാദ മത്സരത്തിൽ പി.എസ്.ജിക്കും ചെൽസിക്കും ജയം. പി.എസ്.ജി ബയേൺ മ്യൂണിക്കിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. പിഎസ്ജിക്കായി സൂപ്പർ താരം കെലിയൻ എംബാപെ ഇരട്ട ഗോളുകള്‍ നേടി. അതേസമയം മറ്റൊരു മത്സരത്തിൽ പോർട്ടോക്കെതിരെ ചെൽസി മികച്ച ജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെൽസിയുടെ ജയം. മേസൻ മൗണ്ട്, ബെൻ ചില്‍വെല്‍ എന്നിവരാണ് ചെൽസിക്കായി ലക്ഷ്യം കണ്ടത്. രണ്ടാം പാദ മത്സരം ഈ മാസം 14 ന് നടക്കും.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ പരാജയത്തിന് കണക്കു തീർക്കാന്‍ തന്നെയായിരുന്നു പി.എസ്.ജിയുടെ വരവ്. പരിക്കേറ്റ ലെവൻഡോസ്കിയും ഗ്നാബറിയും ഇല്ലാത്ത ബയേൺ ശക്തരുമായിരുന്നില്ല. കളിയുടെ മൂന്നാം മിനുട്ടിൽ തന്നെ പി.എസ്.ജി മുന്നിൽ എത്തി. നെയ്മർ നല്‍കിയ പാസ് എംബാപ്പെ വലക്കുള്ളിലാക്കുകയായിരുന്നു. 28ാം മിനുറ്റില്‍ പി.എസ്.ജി ലീഡുയര്‍ത്തി. ക്യാപ്റ്റൻ മാർകിനസ് ആണ് ഗോള്‍ നേടിയത്. ഈ ഗോളിന് വഴിയൊരുക്കിയതും നെയ്മറായിരുന്നു. എന്നാല്‍ 37ാം മിനുട്ടിൽ ചൗപോമോടിങിന്റെ ഗോൾ ബയേണെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. വെറ്ററൻ താരം മുള്ളർ അറുപതാം മിനുട്ടിൽ ബയേണിന് സമനില ഗോള്‍ നല്‍കിയതിലൂടെ കളി ആവേശമായി. എന്നാല്‍ 68ാം മിനുറ്റില്‍ എംബാപ്പെ, തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ ലീഡും ടീമിനും വിജയവുമൊരുക്കി.

ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ചെൽസി പോർട്ടോയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ജോർജ്ജിഞ്ഞോയുടെ പാസിൽ നിന്ന് മേസൺ മൗണ്ടാണ് ചെൽസിക്ക് ഗോൾ നേടി കൊടുത്തത്. രണ്ടാം പകുതിയിലായിരുന്നു രണ്ടാം ഗോള്‍. 85ാം മിനുറ്റില്‍ ബെന്‍ ചില്‍വെലാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News