അഞ്ച് വിക്കറ്റുമായി ആർ.സി.ബിയുടെ വിജയശിൽപി; 33ാം വയസ്സിലും ആവേശമാണ് ആശ ശോഭന
വിഷാദത്തെയും പ്രതിസന്ധികളെയും മറികടന്നാണ് ഈ മലയാളി താരം നേട്ടങ്ങൾ സ്വന്തമാക്കുന്നത്
ആശ ശോഭനയുടെ ജീവിതം പോലെ തന്നെയായിരുന്നു വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഉത്തർ പ്രദേശ് വാരിയേഴ്സും തമ്മിലെ മത്സരം. കളി കൈവിട്ടെന്ന് തോന്നിത്തുടങ്ങിയ ഇടത്തുനിന്ന് ആവേശോജ്ജ്വലമായ ഉയിർത്തെഴുന്നേൽപ്പ്. കരിയറിന്റെ അവസാനകാലത്ത്, 33ാം വയസ്സിലാണ് അഞ്ച് വിക്കറ്റ് നേട്ടവുമായി ആശ നേട്ടങ്ങളിലേക്ക് നടന്നുകയറുന്നത്.
ത്രില്ലർ പോരാട്ടത്തിൽ രണ്ട് റൺസിനായിരുന്നു ബാംഗ്ലൂർ വനിതകളുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.പി വാരിയേഴ്സ് 16 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെന്ന മികച്ച നിലയിലായിരുന്നു. 24 പന്തിൽനിന്ന് 32 റൺസ് മാത്രമാണ് ഇനി വേണ്ടത്. ഏഴ് വിക്കറ്റും കൈയിലുണ്ട്. 31 റൺസുമായി ശ്വേത ശരാവതും 38 റൺസുമായി ആസ്ത്രേലിയൻ താരം ഗ്രേസ് ഹാരിസുമായിരുന്നു ക്രീസിൽ. രണ്ടും പേരും മിന്നും ഫോമിൽ.
ഈ സമയത്താണ് ക്യാപ്റ്റൻ സ്മൃതി മന്ദാന വീണ്ടും ആശക്ക് പന്ത് നൽകുന്നത്. ഓപണർ വൃദ്ധ ദിനേഷിനെയും തഹ്‍ലിയ മഗ്രാത്തിന്റെയും വിക്കറ്റുകൾ ഇതിനകം ആശ പിഴുതെറിഞ്ഞിരുന്നു.
17ാം ഓവറിലെ ആദ്യ പന്തിൽ തന്നെ യു.പി വാരിയേഴ്സ് താരം ശ്വേത ശരാവത്, മന്ദാനക്ക് ക്യാച്ച് നൽകി പുറത്തായി. നാലാമത്തെ പന്തിൽ ഗ്രേസ് ഹാരിസ് ക്ലീൻ ബൗൾഡ്. അവസാന പന്തിൽ കിരൺ നാവ്ഗ്രിറിനെയും ആശ കൂടാരം കയറ്റിയതോടെ മത്സരം ബാംഗ്ലൂരിന്റെ കൈപിടിയിലായി. നാല് ഓവറിൽ 22 റൺസ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരവും ആശയെ തേടിയെത്തി. കഴിഞ്ഞ സീസണിലും ആശ ബാംഗ്ലൂരിനായി അഞ്ച് വിക്കറ്റുകൾ നേടിയിരുന്നു.
തന്റെ വിക്കറ്റുകളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഹോം ഗ്രൗണ്ടിൽ ആദ്യ കളി ജയിച്ചതാണ് പ്രധാനമെന്നും മത്സരശേഷം ആശ പറഞ്ഞു. വിജയത്തിന്, പ്രത്യേകിച്ച് ചിന്നസ്വാമിയിൽ സംഭാവന നൽകിയതിൽ വളരെ സന്തോഷമുണ്ട്. സാഹചര്യം ഇതുപോലെയായിരിക്കുമെന്ന് അറിയാമായിരുന്നു. അതിനാൽ തന്നെ ഒരുപാട് ഗൃഹപാഠം ചെയ്തിരുന്നുവെന്നും ആശ വ്യക്തമാക്കി. കണ്ണീരോടെയാണ് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് അവർ ഏറ്റുവാങ്ങിയത്.
കൊടുങ്കാറ്റാകുന്ന താരം
‘കൊടുങ്കാറ്റാകുന്ന ക്രിക്കറ്റ് താരം’ - ലോകം കണ്ട മികച്ച വനിത താരമായ മിതാലി രാജ് മലയാളിയായ ആശ ശോഭനയെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്. ഇതിനപ്പുറം മറ്റൊരു വിശേഷണം ആശക്ക് ആവശ്യമില്ല. കൈവിരലുകളിൽ ഒളിപ്പിച്ചുവെച്ച ലെഗ് സ്പിൻ മാന്ത്രികതയിൽ ആരെയും കറക്കിവീഴ്ത്തുന്ന ബൗളിങ്. ശരവേഗത്തിൽ വരുന്ന പന്തുകളെ അനായാസം ബൗണ്ടറി കടത്തുന്ന ബാറ്റിങ്. പ്രായം 33 കഴിഞ്ഞെങ്കിലും ഒരു ഓൾറൗണ്ടറായി ക്രിക്കറ്റ് ഫീൽഡിൽ ആവേശമാണ് ആശ.
തിരുവനന്തപുരം ജില്ല ടീമിലൂടെ തുടങ്ങി ദേശീയ ടീമിന്‍റെ ഭാഗമായി മാറിയ താരം. ഒടുവിൽ ബാംഗ്ലൂരിന്റെ വിജയ ശിൽപിയിലെത്തി നിൽക്കുന്ന നേട്ടം. പ്രതിസന്ധികൾ നിറഞ്ഞ വഴികളിലൂടെ പന്തെറിഞ്ഞ് വിജയ പാതയൊരുക്കി പുതിയ ഇന്നിങ്സുകൾ കെട്ടിപ്പടുക്കുകയായണ് ഈ തിരുവനന്തപുരം സ്വദേശി.
ചെറുപ്പം മുതലേ ആശക്ക് ക്രിക്കറ്റൊരു പാഷനായിരുന്നു. അഞ്ചാം വയസ്സ് മുതൽ ടി.വിയിൽ കളി കാണാൻ തുടങ്ങി. ഷാർജ സ്റ്റേഡിയത്തിൽ ഷെയിൻ വോണിന്റെ ലെഗ് സ്പിൻ പന്തുകളെ ക്രീസ് വിട്ടിറങ്ങി അതിർത്തികടത്തുന്ന സച്ചിൻ ടെണ്ടുൽക്കറെ കണ്ടാണ് ആശക്ക് ക്രിക്കറ്റിനോട് ആശ തോന്നിയത്. കുടുംബത്തിൽ ആൺകുട്ടികളായിരുന്നു അധികവും. അവരുടെ കൂടെ കൂടിയാണ് കളി തുടങ്ങുന്നത്. പാൽ കവറിൽ പേപ്പർ നിറച്ച് റബർ ബാൻഡിട്ട് പന്താക്കിയാണ് അന്ന് കളിച്ചിരുന്നത്. ഇതിനിടയിലാണ് സ്കൂളിലെ പി.ടി അധ്യാപിക തങ്കമണി ജില്ല ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷനുള്ള കാര്യം പറയുന്നത്. അതിൽ പങ്കെടുത്തതോടെ തലവര മാറാൻ തുടങ്ങി.
തുടക്കക്കാലത്ത് വലിയ ബുദ്ധിമുട്ടുകളാണ് നേരിട്ടത്. പണം തന്നെയായിരുന്നു പ്രശ്നം. കളിക്കാൻ വില കൂടിയ ഉപകരണങ്ങൾ ആവശ്യമായിരുന്നു. പരിശീലനത്തിന് പോകാനും ഭക്ഷണത്തിനുമുള്ള ചെലവെല്ലാം പ്രയാസം സൃഷ്ടിച്ചു. അക്കാലത്ത് വുമൺസ് ക്രിക്കറ്റ് അസോസിയേഷൻ ബി.സി.സി.ഐയുടെ ഭാഗമായിരുന്നില്ല. അതിനാൽ കിറ്റെല്ലാം സ്വയം കണ്ടെത്തണം. ഓട്ടോ ഡ്രൈവറായ പിതാവ് ജോയിക്കും മാതാവ് ശോഭനക്കും ഇത് പലപ്പോഴും താങ്ങാനാവുമായിരുന്നില്ല. എങ്കിലും വീട്ടുകാർ കഷ്ടപ്പെട്ട് ഒപ്പം നിന്നപ്പോൾ ആശിച്ച കാര്യങ്ങൾ നേടിയെടുക്കാനായി. സഹോദരൻ അനൂപ് ജോയി വലിയൊരു ക്രിക്കറ്റ് ആരാധകനാണ്. തനിക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത സ്വപ്നങ്ങൾ സഹോദരിയിലൂടെ കൊണ്ടുവരാൻ അദ്ദേഹവും പ്രയത്നിച്ചു.
തുടക്കം ഫാസ്റ്റ് ബൗളറായിട്ട്
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ജില്ല ടീമിന്‍റെ സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തപ്പോഴാണ് പരിശീലകരായ ഷബീന ജേക്കബിനെയും ശ്രീകുമാർ സാറിനെയും പരിചയപ്പെടുന്നത്. ഇരുവർക്കും ആശയുടെ പ്രകടനം ഇഷ്ടമാവുകയും പ്രാക്ടീസ് തുടരാൻ നിർദേശിക്കുകയും ചെയ്തു. അത് വലിയൊരു വഴിത്തിരിവായി. പിന്നീട് ആരോൺ ജോർജ് തോമസിന് കീഴിലായി പരിശീലനം. വണ്ടിക്കൂലിക്കല്ലൊം ബുദ്ധിമുട്ടുമ്പോൾ പരിശീലകരടക്കമുള്ളവർ സഹായവുമായി എത്തി. പ്രതിസന്ധികാലത്ത് നല്ല ആളുകൾ കൂടെയുണ്ടായതിനാൽ ബുദ്ധിമുട്ടുകളെ ചിരിച്ചുകൊണ്ട് നേരിടാനും അത് ആസ്വദിക്കാനും സാധിച്ചു.
ആദ്യകാലത്ത് ഫാസ്റ്റ് ബൗളറായിരുന്നു ആശ. ഒരുദിവസം പരിശീലിച്ച് ക്ഷീണിച്ച സമയത്ത് വേഗത്തിൽ പന്തെറിയുന്നതിന് പകരം അടുത്തുനിന്ന് ലെഗ് സ്പിൻ എറിഞ്ഞു. കുട്ടിക്കാലത്ത് സുഹൃത്തുകൾക്കൊപ്പം സ്പിൻ എറിഞ്ഞതിന്‍റെ അനുഭവസമ്പത്തുണ്ടായിരുന്നു ആശക്ക്. കുത്തിത്തിരിഞ്ഞ് കറങ്ങുന്ന പന്ത് കോച്ച് ശ്രീകുമാർ കണ്ടു. സാർ വഴക്ക് പറയുമോ എന്ന് പേടിച്ചിരിക്കുമ്പോൾ അതിശയിപ്പിക്കുന്ന മറുപടിയാണ് ലഭിച്ചത്. ഇനി മുതൽ ഇങ്ങനെ എറിഞ്ഞാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ കമന്‍റ്.
തിരുവനന്തപുരം ജില്ല ടീമിൽ കളിക്കുമ്പോഴാണ് കേരള ടീമിലേക്ക് വിളിയെത്തുന്നത്. തുടർന്ന് സൗത്ത് സോൺ ടീം, ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ഗ്രീൻ എന്നിവക്കായി കളിച്ചു. 2009ൽ ഇന്ത്യ അണ്ടർ 19 ക്യാമ്പിൽ ഉൾപെട്ടു. 2012ൽ ഇന്ത്യൻ എ ടീമിന്‍റെ ഭാഗമായി ആസ്ട്രേലിയൻ ടീമിനെതിരെ സന്നാഹ മത്സരം കളിക്കുകയും ക്യാപ്റ്റൻ മെഗ് ലാനിങ്ങിന്‍റെ വിക്കറ്റ് നേടുകയും ചെയ്തു. ലെഗ് സ്പിൻ ഇതിഹാസം ഷെയിൻ വോണിന്‍റെ കോച്ച് ടെറി ജെന്നറിന്‍റെ കീഴിൽ പത്ത് ദിവസം പരിശീലനം നേടിയതും വലിയൊരു അനുഭവം തന്നെയായിരുന്നു.
2018ൽ ശ്രീലങ്കയിൽ ഫസ്റ്റ് ക്ലാസ് ഡിവിഷൻ ടീമായ ചിലോ മാരിയൻസ് ടീമിന്‍റെ ഭാഗമാകുകയും പ്ലയർ ഓഫ് ടൂർണമെന്‍റായി തെരഞ്ഞെടുക്കുകയും ചെയ്തു. അതേവർഷം വീണ്ടും ഇന്ത്യ എ ടീമിലെത്തുകയും ആസ്ട്രേലിയൻ പര്യടനത്തിൽ പങ്കെടുക്കുകയുമുണ്ടായി. പോണ്ടിച്ചേരി വനിത ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനവും വഹിച്ചു.
അപ്രതീക്ഷിതം, റെയിൽവേയിലെ ജോലി
2011ലാണ് ആശക്ക് ഇന്ത്യൻ റെയിൽവേയിൽ ജോലി ലഭിക്കുന്നത്. യാദൃശ്ചികമായിട്ടാണ് റെയിൽവേയുടെ ഭാഗമാകുന്നത്. വിശാഖപട്ടണത്ത് സൗത്ത് സോൺ മത്സരം നടക്കുന്ന സമയത്താണ് റെയിൽവേയുടെ ഓപൺ ട്രയൽസ് ഹൈദരാബാദിൽ വരുന്നത്. മത്സരശേഷം വിശാഖപട്ടണത്തുനിന്ന് രാത്രി തന്നെ വണ്ടി കയറി. ഔദ്യോഗികമായി അപേക്ഷിക്കാതെയും സർട്ടിഫിക്കറ്റുകളൊന്നും എടുക്കാതെയുമാണ് പോയത്. ട്രയൽസിന് നേതൃത്വം നൽകുന്ന നൂഷിൻ അൽ ഖദീർ, മിതാലി രാജ് എന്നിവരോട് ആശ വരുന്ന വിവരം പരിശീലകർ സൂചിപ്പിച്ചിരുന്നു. ട്രയൽസിൽ മികച്ച പ്രകടനം തന്നെ ആശക്ക് പുറത്തെടുക്കാനായി. അങ്ങനെ ക്രിക്കറ്റ് വഴി റെയിൽവേയിൽ ജോലി ലഭിച്ചു.
ആശ പല വർഷങ്ങളിലായി റെയിൽവേ ടീമുകൾക്ക് വേണ്ടി കളിച്ചു. മിതാലി രാജിന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ റെയിൽവേയിൽ കളിക്കാൻ സാധിച്ചതും വലിയ ഭാഗ്യമായി കാണുന്നു. അവരുടെ കൂടെ ഏറെനേരം ബാറ്റ് ചെയ്യാനും മികച്ച പാർട്ട്ണർഷിപ്പുകൾ പടുത്തുയർത്താനും സാധിച്ചു. ബാറ്റിങ്ങിനോടുള്ള ആശയുടെ മനോഭാവവും ശൈലിയുമെല്ലാം മാറ്റാനും അവർ ഏറെ സഹായിച്ചു. ജോലി കിട്ടുമ്പോൾ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയായിരുന്നു ആശ. ഹൈദരാബാദിലേക്ക് താമസം മാറിയതോടെ പഠിത്തം നിർത്തിയെങ്കിലും പിന്നീട് വിദൂര വിദ്യാഭ്യാസം വഴി ഡിഗ്രി നേടിയെടുത്തു.
ആർ.സി.ബിയിലേത് സെക്കൻഡ് ഇന്നിങ്സ്
2023ലാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐ.പി.എൽ) വനിത പതിപ്പായ വുമൺസ് പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം 10 ലക്ഷം രൂപക്ക് ലേലത്തിലൂടെ ആശയെ സ്വന്തമാക്കി. 32ാം വയസ്സിലാണ് ആർ.സി.ബിക്ക് വേണ്ടി ആദ്യമായി ജഴ്സിയണിയുന്നത്. അക്ഷരാർഥത്തിൽ ആശക്ക് അതൊരു രണ്ടാം ഇന്നിങ്സായിരുന്നു. വലിയൊരു ആരാധകവൃദ്ധത്തിന് മുന്നിൽ ആദ്യമായിട്ടായിരുന്നു ആശ പന്തെറിയുന്നത്. എല്ലാ കളികൾക്കും ആർ.സി.ബി ഫാൻസ് ഗാലറിയിൽ നിറഞ്ഞു. അവരുടെ ആരവങ്ങൾക്കിടയിൽ കളിക്കുക എന്നത് പ്രത്യേക വികാരം തന്നെയാണ്.
അഞ്ച് മത്സരങ്ങളിൽനിന്നായാണ് ആദ്യ സീസണിൽ അഞ്ച് വിക്കറ്റ് നേടിയത്. ടീമിലെ വിദേശ താരങ്ങളടക്കമുള്ളവരിൽനിന്ന് പുതിയ കാര്യങ്ങൾ പഠിക്കാനായി. അവരുടെ ജീവിതരീതികൾ, ആശയവിനിമയ ശൈലികൾ, സമ്മർദ്ദഘട്ടങ്ങളിൽ കളിക്കേണ്ട രീതി എന്നതെല്ലാം പുതിയ അനുഭവങ്ങളായിരുന്നു. അതിന് ഫലം കണ്ടുവെന്നതിനുള്ള തെളിവായിരുന്നു ശനിയാഴ്ചത്തെ യു.പി വാരിയേഴ്സിനെതിരായ മത്സരം.
പ്രതിസന്ധികൾ ഏറെ തരണം ചെയ്താണ് ആശ ക്രിക്കറ്റിന്‍റെ ഉയരങ്ങളിലേക്ക് എത്തുന്നത്. പ്രതിസന്ധികളെ സധൈര്യം നേരിടുകയാണ് ആശയുടെ ശൈലി. ഒരിക്കലും അതിൽനിന്ന് ഒഴിഞ്ഞുമാറുകയോ അവയെ മറികടക്കാൻ എളുപ്പവഴികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. സഹിച്ചും പോരാടിയും അതിനെ കീഴ്പ്പെടുത്തി.
2012ൽ ഇന്ത്യൻ ടീമിന്‍റെ ഭാഗമായപ്പോൾ ലോകത്തിലെ തന്നെ മികച്ച ലെഗ് സ്പിന്നറാകും എന്ന് പലരും പ്രവചിച്ചിരുന്നു. എന്നാൽ, അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിക്കാത്തത് സങ്കടപ്പെടുത്തി. ഇത് വിഷാദത്തിലേക്ക് നയിച്ചു. അപ്പോഴും ആശ പ്രതീക്ഷ കൈവിട്ടില്ല. അതിന് ഫലമുണ്ടായി. അംഗീകാരങ്ങൾ തേടിവന്നപ്പോൾ മനസ്സിൽ സന്തോഷം നിറഞ്ഞു. അതിൽ ഒടുവിലെത്തേതാണ് ശനിയാഴ്ചത്തെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം.