ഇത് ചരിത്രം; ആസ്‌ത്രേലിക്കെതിരെ വിക്കറ്റില്‍ സെഞ്ച്വറി തികച്ച് അശ്വിൻ
സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ മാത്രമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്
ന്യൂഡല്‍ഹി: 'ഓരോ മത്സരം കഴിയുമ്പോഴും അവർ ഓരോ നാഴികക്കല്ലുകൾ പിന്നിടുകയാണ്'. നാഗ്പൂർ ടെസ്റ്റിലെ വിജയത്തിന് ശേഷം ആർ അശ്വിനെ കുറിച്ചും രവീന്ദ്ര ജഡേജയെക്കുറിച്ചും ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞതിങ്ങനെയാണ്. രോഹിത് ശര്‍മയുടെ വാക്കുകളെ അന്വര്‍ഥമാക്കുന്ന പ്രകടനമായിരുന്നു ഇന്നും ഇന്ത്യയുടെ സ്പിൻ മാന്ത്രികര്‍ നടത്തിയത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി കങ്കാരുക്കളെ വരിഞ്ഞുമുറുക്കി.
ഇന്നത്തെ മൂന്ന് വിക്കറ്റ് നേട്ടത്തോടെ തന്‍റെ കരിയറിലെ വലിയൊരു നാഴികക്കല്ല് ആര്‍.അശ്വിന്‍ പിന്നിട്ടു. ആസ്ത്രേലിയക്കെതിരെ നൂറ് വിക്കറ്റ് നേട്ടം എന്ന റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. അലക്സ് കാരിയുടെ വിക്കറ്റ് നേടിയതോടെയാണ് അശ്വിന്‍ ഈ നേട്ടത്തിലെത്തിയത്. ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലേ മാത്രമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരം.
ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ ഓസീസ് ഏറ്റവുമധികം ഭയക്കുന്ന ബോളറാണ് ആര്‍ അശ്വിന്‍. നാഗ്പൂര്‍ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളില്‍ നിന്നുമായി എട്ട് വിക്കറ്റ് കീശയിലാക്കിയ അശ്വിന്‍ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഇതിനോടകം തന്നെ 11 വിക്കറ്റ് തന്‍റെ പേരില്‍ കുറിച്ചു കഴിഞ്ഞു.
തകര്‍ന്നടിഞ്ഞ് ഓസീസ്
ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ഒരിക്കല്‍ കൂടി തകര്‍ന്നടിഞ്ഞ് കങ്കാരുപ്പട. ബോര്‍ഡര്‍ ഗവാസ്‍കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഓസീസ് 263 റണ്‍സിന് കൂടാരം കയറി. നാഗ്പൂരില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച സ്പിന്‍ മാന്ത്രികരായ രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും ഒപ്പം മുഹമ്മദ് ഷമിയും ഫോം തുടര്‍ന്നപ്പോള്‍ ഓസീസ് ബാറ്റിങ് നിര ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീഴുകയായിരുന്നു. ഷമി നാല് വിക്കറ്റ് നേടിയപ്പോള്‍ അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നാഗ്പൂരിൽ നാണംകെട്ട ശേഷം നടത്തിയ ശക്തമായ ഗൃഹപാഠവും ആസ്‌ട്രേലിയയെ തുണച്ചില്ലെന്നാണ് ഡല്‍ഹിയിലെ പ്രകടനം തെളിയിച്ചത്. ഉസ്മാൻ ഖവാജ(81)യ്ക്കും പീറ്റർ ഹാൻഡ്‌സ്‌കോമ്പിനും (72) മാത്രമാണ് അൽപമെങ്കിലും ഇന്ത്യൻ ബൗളിങ്ങിനെ അതിജീവിക്കാനായത്. ആറു വിക്കറ്റ് നഷ്ടത്തിൽ 199 എന്ന നിലയിൽ തകർച്ച മുന്നിൽ കണ്ട ആസ്ത്രേലിയയെ വാലറ്റത്ത് ഹാന്‍ഡ്സ് കോമ്പും നായകന്‍ പാറ്റ് കമ്മിന്‍സും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്‍പ്പാണ് 250 കടക്കാന്‍ സഹായിച്ചത്.
ആദ്യദിനത്തെ ആദ്യമണിക്കൂറുകളിലെ പേസ് അപകടം ആസ്ട്രേലിയ അതിജീവിച്ചെങ്കിലും അക്കൗണ്ട് തുറക്കാൻ ഏറെ വിഷമിച്ച ഡേവിഡ് വാർണറെ പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് ആദ്യ ബ്രേക് ത്രൂ നൽകി. ഷമിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ശ്രീകാർ ഭരത് പിടിച്ചാണ് താരം പുറത്തായത്. തുടർന്ന് മൂന്നാം നമ്പറിലെത്തിയ മാർനസ് ലബുഷൈൻ ഓപണർ ഉസ്മാൻ ഖവാജയുമായി ചേർന്ന് കൂട്ടുകെട്ട് പടുക്കുന്നതു കണ്ടപ്പോൾ ആദ്യ ടെസ്റ്റിലെ ആസ്‌ട്രേലിയ അല്ല ഇതെന്നാണ് തോന്നിച്ചത്.
എന്നാൽ, വജ്രായുധങ്ങളുമായി അശ്വിൻ കാത്തിരിപ്പുണ്ടായിരുന്നു. ഒരേ ഓവറിൽ ലബുഷൈനെയും സൂപ്പർ താരം സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി അശ്വിൻ കങ്കാരുക്കൾക്ക് കനത്ത പ്രഹരം നൽകി. ലബുഷൈൻ 18 റൺസുമായി വിക്കറ്റിനു മുന്നിൽ കുരുങ്ങിയും സ്മിത്ത് ഡക്കായി കീപ്പർ ഭരതിന് ക്യാച്ച് നൽകിയുമാണ് മടങ്ങിയത്.
ആദ്യ ടെസ്റ്റിൽ പുറത്തിരുത്തിയതിന് ഓസീസ് മാനേജ്‌മെന്റ് ഏറെ പഴികേട്ട ട്രാവിസ് ഹെഡ് ഒരിക്കൽകൂടി രക്ഷകനാകുമെന്ന് പ്രതീക്ഷിച്ച ആരാധകർക്കും പിഴച്ചു. വെറും 12 റൺസുമായി ഷമിയുടെ പന്തിൽ കെ.എൽ രാഹുലിന് ക്യാച്ച് നൽകി ഹെഡ് മടങ്ങി. അധികം വൈകാതെ അലെക്‌സ് ക്യാരിയെ വിരാട് കോഹ്ലിയുടെ കൈയിലെത്തിച്ച് അശ്വിൻ വീണ്ടും ആസ്‌ട്രേലിയയ്ക്ക് തലവേദന സൃഷ്ടിച്ചു.
പിന്നീട് ഹാന്‍ഡ്സ് കോമ്പും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനം ആസ്ത്രേലിയക്ക് ചെറിയൊരു ആശ്വാസം നല്‍കി. ഒടുക്കം 33 റണ്‍സ് എടുത്ത കമ്മിന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ നിര്‍ണായക കൂട്ടുകെട്ട് തകര്‍ത്തു. പിന്നീടെത്തിയ ബാറ്റര്‍മാര്‍ക്കൊന്നും അതികം പിടിച്ചു നില്‍ക്കാനായില്ല. വാലറ്റക്കാരായെത്തിയ നതാന്‍ ലിയോണിന്‍റേയും കുന്‍മാന്‍റേയും കുറ്റി തെറിപ്പിച്ച് ഷമി ഓസീസിന്‍റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിച്ചു