'എല്ലാം ഓകെ': പരിക്കിൽ നിന്ന് മുക്തനായി സഞ്ജു വരുന്നു, ചർച്ചയായി ഫേസ്ബുക്ക്‌പോസ്റ്റ്
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിൽ പരിക്കേറ്റ താരത്തിന് പിന്നീടുള്ള മത്സരങ്ങളെല്ലാം നഷ്ടമായിരുന്നു
ബംഗളൂരു: പരിക്കിൽ നിന്ന് മുക്തനായി ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി താരം സഞ്ജു സാംസൺ. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിൽ പരിക്കേറ്റ താരത്തിന് പിന്നീടുള്ള മത്സരങ്ങളെല്ലാം നഷ്ടമായിരുന്നു. പരിക്ക് കണക്കിലെടുത്ത് ന്യൂസിലാൻഡിനെതിരായ പരമ്പരയിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലായിരുന്നു താരം. കഴിഞ്ഞ ദിവസം അവിടംവിട്ട് കൊച്ചിയിൽ പരിശീലനം ആരംഭിച്ചിരുന്നു.
കൊച്ചിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് താരം ഫിറ്റ്‌നസ് വീണ്ടെടുത്ത കാര്യം വ്യക്തമാക്കുന്നത്. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ താരത്തിന് അവസരം ലഭിക്കില്ലെങ്കിലും ആസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമാണ് സഞ്ജു ലക്ഷ്യമിടുന്നത്. ന്യൂസിലാൻഡിനെതിരെ രണ്ട് ടി20 മത്സരങ്ങളാണ് ബാക്കിയുള്ളത്. ശേഷമാണ് ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര. ഈ വർഷം ഏകദിന ലോകകപ്പ് മുന്നിൽനിൽക്കെ ലഭിക്കുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനാണ് സഞ്ജു ശ്രമിക്കുന്നത്.
ഏകദിന ടീം ഇപ്പോൾ ഏറെക്കുറെ സെറ്റാണ്. ശ്രീലങ്ക-ന്യൂസിലാൻഡ് ടീമുകൾക്കെതിരെ ഇന്ത്യ ആധികാരിക വിജയമാണ് സ്വന്തമാക്കിയിരുന്നത്. അതിനാൽ തന്നെ കഴിവ് തെളിയിച്ചെങ്കിൽ മാത്രമെ ഏകദിന ലോകകപ്പിൽ സഞ്ജുവിന് പ്രതീക്ഷയുള്ളൂ. അതേസമയം രഞ്ജിട്രോഫിയിൽ കേരളം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നുവെങ്കിൽ സഞ്ജുവിന് ആഭ്യന്തര ക്രിക്കറ്റിൽ ഒരു കൈനോക്കാമായിരുന്നു. എന്നാൽ പുതുച്ചേരിയോട് സമനില നേടി കേരളം ഈ സീസണിലെ രഞ്ജിട്രോഫി സാധ്യതകൾ അവസാനിപ്പിക്കുകയായിരുന്നു.
ഫിറ്റ്‌നസ് വീണ്ടെടുത്ത രവീന്ദ്ര ജഡേജ രഞ്ജിയിൽ സജീവമാണ്. ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ജഡേജയുടെ സ്ഥാനം ഉറപ്പാണ്. അതേസമയം ഏത് ഫോർമാറ്റിലും സഞ്ജു സ്ഥിരം സാന്നിധ്യമല്ല. എന്നാല്‍ ഋഷഭ് പന്ത് കളിക്കളത്തിലേക്ക് മടങ്ങിവരാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നിരിക്കെ സഞ്ജുവിന് അവസരങ്ങൾ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഏതായാലും സഞ്ജു ഇപ്പോൾ ഫോമിലാണ് എന്നത് ആശ്വാസമാണ്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിൽ വേഗത്തിൽ പുറത്തായെങ്കിലും താരം ഫോമിന് പുറത്തല്ല.