ഇന്നും കോഹ്‌ലി സച്ചിന്റെ റെക്കോർഡ് മറികടന്നു, ഇതാണ്...

സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറി റെക്കോർഡ് കോഹ്‌ലി മറികടക്കുമോയെന്നാണ് ഇന്ന് ആരാധകർ ഉറ്റുനോക്കിയിരുന്നത്

Update: 2023-11-02 16:42 GMT
Advertising

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറി റെക്കോർഡ് സൂപ്പർ താരം വിരാട് കോഹ്‌ലി മറികടക്കുമോയെന്നാണ് ഇന്ന് ആരാധകർ ഉറ്റുനോക്കിയിരുന്നത്. സച്ചിൻ ടെണ്ടുൽക്കർ തന്നെ ഗ്യാലറിയിലിരിക്കവേ 49-ാം ഏകദിന സെഞ്ച്വറിക്ക് ഏതാനും റൺസകലെ കോഹ്‌ലി(88) വീണു. പക്ഷേ ഇന്നത്തെ മത്സരത്തിലൂടെ മാസ്റ്റർ ബ്ലാസ്റ്ററുടെ മറ്റൊരു റെക്കോർഡ് താരം മറികടന്നു. ഏറ്റവും കൂടുതൽ കലണ്ടർ വർഷത്തിൽ ഏകദിനത്തിൽ ആയിരത്തിലേറെ റൺസെന്ന നേട്ടമാണ് കോഹ്‌ലി കയ്യിലാക്കിയത്. ഇതുവരെയായി എട്ട് കലണ്ടർ വർഷങ്ങളിലാണ് താരം ആയിരം റൺസ് ഏകദിനത്തിൽ നേടിയത്. 2011-14, 2017-19, 2023 എന്നീ വർഷങ്ങളിലാണ് കിംഗ് കോഹ്‌ലിയുടെ നേട്ടം. സച്ചിൻ ടെണ്ടുൽക്കർ ഏഴ് കലണ്ടർ വർഷങ്ങളിലാണ് ആയിരം റൺസ് ഏകദിനത്തിൽ അടിച്ചുകൂട്ടിയത്. 1994, 1996-98, 2000, 2003, 2007 എന്നീ വർഷങ്ങളിലായിരുന്നു സച്ചിൻ ഈ നേട്ടം കൈവരിച്ചത്.

ഏഷ്യയിൽ ഏറ്റവും വേഗത്തിൽ 8000 ഏകദിന റൺസ്, ശ്രീലങ്കയ്‌ക്കെതിരെ 4000 അന്താരാഷ്ട്ര റൺസ്, 2023 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസുള്ള രണ്ടാം താരം, ഓപ്പണറല്ലാതെ ലോകകപ്പിൽ കൂടുതൽ അർധസെഞ്ച്വറി എന്നീ റെക്കോർഡുകളും കോഹ്‌ലി നേടിയതായി ജോൺസ് ട്വീറ്റ് ചെയ്തു.

ഇന്ന് ആക്രമിച്ചുകളിച്ചിരുന്ന ഓപണർ ശുഭ്മൻ ഗില്ലും(92) വിരാട് കോഹ്‌ലിക്കൊപ്പം അർഹിച്ച സെഞ്ച്വറി നേടാനാകാതെ മടങ്ങിയിരുന്നു. ശ്രേയസ് അയ്യർ 82 റൺസെടുത്തും പുറത്തായി. ദിൽഷാൻ മധുശനകയാണ് രോഹിത് ശർമയടക്കം ആദ്യത്തെ നാലു താരങ്ങളെയും പറഞ്ഞയച്ചത്. എന്നാൽ മൂന്നുപേരുടെയും അർധസെഞ്ച്വറിയുടെ കരുത്തിൽ ശ്രീലങ്കയ്ക്കെതിരെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 357 റൺസാണ് ഇന്ത്യ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ ശ്രീലങ്ക 19.4 ഓവറിൽ 55 റൺസിന് ഓൾഔട്ടായി. ഇന്ത്യ 302 റൺസിന്റെ കൂറ്റൻ വിജയവും സ്വന്തമാക്കി.

Kohli broke Sachin Tendulkar's record today

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News