'സെഞ്ച്വറിക്ക് 90 റൺസ് അകലെ പന്ത് പുറത്ത്'; കനത്ത രോഷം, ഏറ്റെടുത്ത് ശശി തരൂരും
ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 16 പന്തുകളുടെ ആയുസെ പന്തിനുണ്ടായിരുന്നുള്ളൂ. നേടിയത് 10 റൺസ്.
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലും പരാജയപ്പെട്ട് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. 16 പന്തുകളുടെ ആയുസെ പന്തിനുണ്ടായിരുന്നുള്ളൂ. രണ്ട് ഫോറുൾപ്പെടെ നേടിയത് 10 റൺസ്. ഡാരിൽ മിച്ചലിനായിരുന്നു വിക്കറ്റ്. മോശം ഫോമിലൂടെയടാണ് പന്ത് കടന്നുപോകുന്നത്. എന്നിട്ടും നിരന്തരം അവസരം ലഭിക്കുന്നതാണ് വിമർശനത്തിന് ഇടയാക്കുന്നത്.
പ്രത്യേകിച്ചും സഞ്ജുവിനെപ്പോലെ ഒരു താരം പുറത്തിരിക്കുമ്പോൾ. പരമ്പരയിലെ ഒരൊറ്റ മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് അവസരം കൊടുത്തത്. ആദ്യ ഏകദിനത്തിലായിരുന്നു അവസരം. 38 റൺസ് നേടിയിരുന്നു. എന്നാൽ രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ പുറത്തിരുത്തി ദീപക് ഹൂഡക്ക് അവസരം കൊടുക്കുകയും ചെയ്തു. സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും രംഗത്ത് എത്തി.
'റിഷഭ് പന്ത് ഒരിക്കൽ കൂടി പരാജയപ്പെട്ടിരിക്കുന്നു, വൈറ്റ്‌ബോൾ ക്രിക്കറ്റിൽ നിന്ന് അദ്ദേഹത്തിന് ഇടവേള ആവശ്യമാണ്. സഞ്ജുവിന് വീണ്ടും അവസരം നിഷേധിച്ചിരിക്കുന്നു. മികച്ച ബാറ്ററാണെന്ന് തെളിയിക്കാന്‍ സഞ്ജുവിന് ഐ.പി.എല്ലിനായി കാത്തിരിക്കാം'- ഇങ്ങനെ പോകുന്നു ശശി തരൂരിന്റെ വാക്കുകൾ.
പന്തിന്റെ സമീപകാല പ്രകടനങ്ങൾ വിലയിരുത്തിയും വിശദീകരിച്ചും നിരവധി പോസ്റ്റുകളും ട്വീറ്റുകളും സമൂഹനമാധ്യമങ്ങളിൽ സജീവമാകുന്നുണ്ട്. സെഞ്ച്വറിക്ക് 90 റണ്‍സ് അകലെ പന്ത് വീണു എന്നായിരുന്നു രസകരമായൊരു കമന്റ്. അതേസമയം തഴയുമ്പോഴെല്ലാം സഞ്ജു ട്വിറ്ററിൽ ട്രെൻഡിങാവാറുണ്ട്. ജസ്റ്റിസ് ഫോർ സാംസൺ എന്ന ഹാഷ്ടാഗാണ് ഇപ്പോൾ സജവീമാകുന്നത്.
അതേസമയം ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 219 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 47.3 ഓവറിൽ 219 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ വാഷിങ്ടൺ സുന്ദറിന്റെ പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ശ്രേയസ് അയ്യർ 49 റൺസ് നേടി. ബാക്കിയുള്ളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ ആദം മിൽനെ. ഡാരിൽ മിച്ചൽ എന്നിവരാണ് ഇന്ത്യയെ എളുപ്പത്തിൽ മടക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസിലാൻഡാണ് മുന്നിൽ(1-0). രണ്ടാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു.