ഇളക്കം തട്ടാതെ സൂര്യകുമാർ യാദവ്, നേട്ടമുണ്ടാക്കി റിങ്കു സിങ്: പുതിയ ടി20 റാങ്ക് ഇങ്ങനെ...
ഇന്ത്യയുടെ പുത്തൻ ഫിനിഷർ റിങ്കു സിങിന്റെ റാങ്കിങാണ് ശ്രദ്ധേയം. 46 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ റിങ്കു, 59ാം സ്ഥാനത്ത് എത്തി
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലെ അർധ സെഞ്ച്വറിക്ക് പിന്നാലെ ടി20 റാങ്കിങിലെ ഒന്നാം സ്ഥാനം ഭദ്രമാക്കി ഇന്ത്യന്‍ നായകൻ സൂര്യകുമാർ യാദവ്. രണ്ടാം സ്ഥാനത്തുള്ള പാകിസ്താന്റെ മുഹമ്മദ് റിസ്‌വാനെക്കാൾ ഏറെ മുന്നിലാണ് സൂര്യകുമാര്‍ യാദവ്.
സൂര്യകുമാർ യാദവിന് 865 ഉം മുഹമ്മദ് റിസ്‌വാന് 787 പോയിന്റും ആണുള്ളത്. 36 പന്തുകളിൽ നിന്ന് 56 റൺസാണ് രണ്ടാം ടി20യിൽ സൂര്യകുമാർ യാദവ് നേടിയത്. ഇന്ത്യയുടെ പുത്തൻ ഫിനിഷർ റിങ്കു സിങിന്റെ റാങ്കിങാണ് ശ്രദ്ധേയം. 46 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ റിങ്കു, 59ാം സ്ഥാനത്ത് എത്തി. രണ്ടാം ടി20യിൽ 39 പന്തുകളിൽ നിന്ന് 68 റൺസാണ് റിങ്കു അടിച്ചെടുത്തത്. ആസ്‌ട്രേലിയക്കെതിരായ പരമ്പരയിലും റിങ്കു ഫോമിലായിരുന്നു.
ഇതുവരെ കളിച്ച പതിനൊന്ന് ടി20 മത്സരങ്ങളിൽ നിന്ന് 82.66 ആവറേജും 183.70 ആണ് റിങ്കുവിന്റെ സ്‌ട്രൈക്ക് റൈറ്റ്. അതേസമയം ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം സ്ഥാനം മെച്ചപ്പെടുത്തി. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താൻ മാർക്രമിനായി. ബംഗ്ലാദേശിന്റെ ശാക്കിബ് അൽ ഹസനാണ് ഒന്നാം സ്ഥാനത്ത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരം നഷ്ടമായെങ്കിലും ബൗളർമാരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം തുടരുകയാണ് രവി ബിഷ്ണോയി. തുല്യ പോയിന്റുമായി റാഷിദ് ഖാനും ഒന്നാം സ്ഥാനത്താണ്. അതേസമയം മികവ് തുടർന്ന ദക്ഷിണാഫ്രിക്കയുടെ തബ്രിസ് ഷംസി, രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 10ൽ എത്തി.
അതേസമയം പരമ്പരയിലെ മൂന്നാം ടി20 മത്സരം ഇന്ന് ജൊഹന്നാസ്ബർഗിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. രണ്ടാം മത്സരത്തിലും മഴ കളിച്ചു, എന്നാൽ ദക്ഷിണാഫ്രിക്ക വിജയിക്കുകയും ചെയ്തു. മൂന്നാം മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സമനിലയിൽ ആക്കാം. അല്ലെങ്കിൽ 2-0ത്തിന് പരമ്പര ദക്ഷിണാഫ്രിക്ക കൊണ്ടുപോകും.