അവസാന മിനിറ്റിലെ ഗോളിൽ ടീം ജയിച്ചു; ആഘോഷത്തിനിടെ പരിശീലകൻ മരിച്ചു
ഹൃദയാഘാതമാണ് മരണ കാരണം. താരങ്ങൾക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു
അവസാന മിനിറ്റിലെ ഗോളിൽ ടീം ജയിച്ചത് ആഘോഷിക്കുന്നതിനിടെ ഈജിപ്ഷ്യൻ പരിശീലകൻ മരിച്ചു. ഈജിപ്തിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ അൽ മജീദിന്റെ പരിശീലകൻ ആദം അൽ സെൽദാറാണ് വിജയാഘോഷത്തിനിടെ മരിച്ചത്. 53 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. താരങ്ങൾക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആദം പരിശീലിപ്പിക്കുന്ന അൽ മജീദ് ഫുട്‌ബോൾ ക്ലബ് അൽ സാർക്കയുമായി ഏറ്റുമുട്ടിയിരുന്നു. ഗോൾരഹിത സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 92-ാം മിനിറ്റിൽ ആദം പരിശീലിപ്പിക്കുന്ന ടീം വിജയഗോൾ കുറിച്ചു. അപ്രതീക്ഷിത വിജയത്തിന്റെ ആഹ്ലാദത്തിൽ സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കുന്നതിനിടെ അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെട്ടു. അബോധാവസ്ഥയിലായതോടെ ടീം ഡോക്ടർമാർ ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
കളത്തിൽ സജീവമായിരുന്ന കാലത്ത് ഒന്നാം ഡിവിഷൻ ക്ലബ്ബായ അൽ ഇസ്മയീലിയുടെ താരമായിരുന്നു ആദം അൽ സെൽദാർ. 1990കളിൽ അൽ ഇസ്മയീലിക്കു കളിച്ചിട്ടുള്ള ആദം, ടീമിനൊപ്പം ഈജിപ്ഷ്യൻ പ്രിമിയർ ലീഗും ഈജിപ്ത് കപ്പ് കിരീടവും നേടി. അൽ ഇസ്മയീലിയിൽനിന്ന് അൽ ഷാർക്കിയയിലേക്കു പോയ അദ്ദേഹം, കുറച്ചുനാൾ അവിടെ തുടർന്ന ശേഷം പരിശീലക ജോലിയിലേക്കു തിരിഞ്ഞു. ലിബിയയിലെ അൽ ഇത്തിഹാദ് ക്ലബ്ബിനേയും തുടർന്ന് അൽ ഇസ്മയീലി ക്ലബ്ബിനേയും പരിശീലിപ്പിച്ചിട്ടുണ്ട്.