ദേവേന്ദ്ര ജജാരിയയ്ക്ക് വെള്ളി, സുന്ദർ സിങ്ങിന് വെങ്കലം; പാരാലിംപിക്‌സിൽ ഇന്ത്യൻ മെഡൽകൊയ്ത്ത്

അവനി ലേഖരയുടെ സ്വർണനേട്ടമടക്കം ഇന്ന് ഇന്ത്യയുടെ നാലാം മെഡല്‍നേട്ടമാണിത്; ടോക്യോ പാരാലിംപിക്‌സിൽ ഏഴാമത്തെ മെഡലും

Update: 2021-08-30 06:59 GMT
Editor : Shaheer | By : Web Desk
Advertising

ടോക്യോ പാരാലിംപിക്‌സിൽ തുടർച്ചയായി രണ്ടാംദിനവും ഇന്ത്യയുടെ മെഡൽക്കൊയ്ത്ത്. പുരുഷ ജാവലിൻ ത്രോയിൽ ദേവേന്ദ്ര ജജാരിയയ്ക്ക് വെള്ളി. സുന്ദർ സിങ് ഗുർജാർ വെങ്കലവും നേടി. അവനി ലേഖരയുടെ സ്വർണനേട്ടമടക്കം ഇന്ന് ഇന്ത്യയുടെ നാലാം മെഡലാണിത്; ടോക്യോ പാരാലിംപിക്‌സിൽ ഏഴാമത്തെ മെഡലും. ഒരു പാരാലിംപിക്‌സിൽ രാജ്യത്തിന്റെ ഏറ്റവും മികച്ച മെഡൽനേട്ടം കൂടിയാണിത്.

2004, 2017 പാരാലിംപിക്‌സുകളിൽ സ്വർണ മെഡൽ ജേതാവായ ദേവേന്ദ്ര ജജാരിയയ്ക്ക് ഇത്തവണ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സ്വന്തം ലോക റെക്കോർഡ് തിരുത്തിയാണ് ജജാരിയയുടെ വെള്ളിനേട്ടം. 64.35 മീറ്റർ ദൂരത്തിലാണ് ദേവേന്ദ്ര ജാവലിൻ എറിഞ്ഞത്. 2016ലെ റിയോ ഒൡപിക്‌സിൽ ദേവേന്ദ്ര തന്നെ കുറിച്ച 63.97 ദൂരമായിരുന്നു ഇതുവരെ ലോക റെക്കോർഡ്.

അതേസമയം, 2017 ലോക ചാംപ്യൻഷിപ്പിലെ മെഡൽ ജേതാവ് സുന്ദർ സിങ് ഗുർജാർ 64.07 മീറ്റർ ദൂരത്തോടെ ജജാരിയയ്ക്ക് തൊട്ടുപിറകെ മൂന്നാം സ്ഥാനത്തെത്തി. പാരാലിംപിക്‌സിൽ സുന്ദർ സിങ്ങിന്റെ അരങ്ങേറ്റമായിരുന്നു ഇന്ന്. ശ്രീലങ്കയുടെ ദിനേശ് പ്രിയന്തയാണ് 67.79 എന്ന റെക്കോർഡ് ദൂരത്തിൽ സ്വർണം നേടിയത്.

ഇന്ന് രാവിലെ 10 മീറ്റർ വനിതാ എയർറൈഫിളിൽ അവനി ലേഖര ലോക റെക്കോർഡോടെ(249.6) സ്വർണമണിഞ്ഞിരുന്നു. പാരാലിംപിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അവനി. 19 വയസ് മാത്രമുള്ള അവനി ലേഖരയുടെ ആദ്യ പാരാലിംപിക്സാണിത്. പുരുഷൻമാരുടെ ഡിസ്‌കസ് ത്രോയിൽ ഇന്ന് യോഗേഷ് കത്തൂണിയ വെള്ളിയും നേടിയിരുന്നു. സീസണിലെ തന്റെ മികച്ച ദൂരമായ 44.38 മീറ്റർ ദൂരത്തിലാണ് കത്തൂണിയയുടെ നേട്ടം.

കഴിഞ്ഞ ദിവസം മൂന്ന് മെഡലും ഇന്ത്യ നേടിയിരുന്നു. ടേബിൾ ടെന്നീസ് വിഭാഗത്തിലിറങ്ങിയ ഭവാനി ബെൻ പട്ടേലാണ് ഇന്ത്യൻ മെഡൽകൊയ്ത്തിന് തുടക്കമിട്ടത്. തൊട്ടുപിറകെ പുരുഷ ഹൈജംപിൽ നിഷാദ് കുമാർ വെള്ളിയും ഡിസ്‌കസ് ത്രോയിൽ വിനോദ് കുമാർ വെങ്കലവും നേടി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News