നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍... ഇംപാക്ട് പ്ലെയറില്‍ നിന്ന് ഫൈനല്‍ ഇലവനിലേക്ക്; ഇത് ധ്രുവ് ജുറേല്‍ ഇംപാക്ട്

ഇന്ന് ഡല്‍ഹിക്കെതിരായ മത്സരത്തില്‍ അഞ്ചാമനായെത്തിയ ധ്രുവ് ജുറേല്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിയാണ് തന്‍റെ കോണ്‍ഫിഡന്‍സ് ലെവല്‍ എന്താണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത്.

Update: 2023-04-08 13:00 GMT
Advertising

കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംപാക്ട് പ്ലെയറായി എത്തി ആരാധകരെയൊന്നാകെ ഞെട്ടിച്ച ധ്രുവ് ജുറേലിനെ ഇന്ന് ആദ്യ ഇലവനില്‍ തന്നെ ഇറക്കാനായിരുന്നു രാജസ്ഥാന്‍റെ തീരുമാനം. അതിന്‍റെ ഫലമോ, നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍. ടീം തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം പതിന്മടങ്ങായി കാക്കുകയാണ് ഈ 22 കാരന്‍. ഉത്തര്‍പ്രദേശില്‍ നിന്നെത്തി പറയത്തക്ക ആഭ്യന്തര മത്സരങ്ങളുടെ പരിചയസമ്പത്തും ട്രാക്ക് റെക്കോര്‍ഡുമൊന്നുമില്ലാത്ത പയ്യന്‍ രണ്ടേ രണ്ട് മത്സരങ്ങള്‍ കൊണ്ടുതന്നെ രാജസ്ഥാന്‍ റോയല്‍സിന്‍ ഗുഡ് ബുക്കില്‍ കയറിപ്പറ്റിയിരിക്കുകയാണ്. 

ഇന്ന് ഡല്‍ഹിക്കെതിരായ മത്സരത്തില്‍ അഞ്ചാമനായെത്തിയ ധ്രുവ് ജുറേല്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിയാണ് തന്‍റെ കോണ്‍ഫിഡന്‍സ് ലെവല്‍ എന്താണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന് വിജയലക്ഷ്യം ഏറെക്കുറെ അപ്രാപ്യം എന്ന് തോന്നിക്കുന്ന സമയത്താണ് ധ്രുവ് ഇംപാക്ട് പ്ലെയറായി ക്രീസിലെത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ രാജസ്ഥാന് 30 പന്തില്‍ 74 റണ്‍സ് വേണം എന്ന അവസ്ഥയില്‍. മത്സരഫലത്തില്‍ മാറ്റമൊന്നുമുണ്ടായില്ല, രാജസ്ഥാന്‍ തോറ്റു... പക്ഷേ ലക്ഷ്യത്തിന് അഞ്ച് റണ്‍സ് മാത്രമകലെയാണ് രാജസ്ഥാന്‍ വീണതെന്ന് മനസിലാക്കുമ്പോഴാണ് ധ്രുവ്  ആ മത്സരത്തില്‍ എത്രത്തോളം ഇംപാക്ട് സൃഷ്ടിച്ചൂ എന്ന് മനസിലാകൂ.

15 പന്തില്‍ മൂന്ന് ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെ 32 റണ്‍സാണ് ധ്രുവ് അന്ന് അടിച്ചെടുത്തത്. അതും 213 റണ്‍സ് സ്ട്രൈക് റേറ്റില്‍. രാജസ്ഥാനെ സംബന്ധിച്ച് ഈ സീസണില്‍ ഡെത്ത് ഓവറുകളിലും ഫിനിഷര്‍ റോളിലുമെല്ലാം ഇനിയയാള്‍ സ്ഥിരം പേരുകാരനായിരിക്കും എന്ന് ഉറപ്പാണ്. ജെയ്സണ്‍ ഹോള്‍ഡറിനെപ്പോലെ പരിചയസമ്പന്നനായ ഒരു താരമുള്ളപ്പോള്‍ മൂന്ന് ടി20 മത്സരങ്ങളുടെ മാത്രം പരിചയമുള്ള ധ്രുവ് ജുറേലിനെ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഇറക്കിവിടുന്നത് കണ്ട് അന്ന് പലരും നെറ്റിചുളിച്ചുകാണണം. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മത്സരം കഴിഞ്ഞപ്പോള്‍ ധ്രുവ് ഫേവറൈറ്റുകളുടെ ലിസ്റ്റില്‍ ഇടംപിടിച്ചു.

ഇതോടെ അടുത്ത മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിനെപ്പോലെ ഒരുപാട് ഐ.പി.എല്‍ മത്സരങ്ങറളുടെ പരിചയസമ്പത്തുള്ള താരത്തെത്തന്നെ ഡഗൌട്ടിലിരുത്തി ധ്രുവിനെ പ്ലേയിങ് ഇലവനില്‍ ഇറക്കാനും രാജസ്ഥാന്‍ തീരുമാനിച്ചു. ടീമിന്‍റെ വിശ്വാസം കാക്കുന്ന പ്രകടനമാണ ്ധ്രുവ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. താന്‍ കളിക്കുന്ന പൊസിഷനേക്കുറിച്ച് നന്നായി ധാരണയുള്ള താരമാണ് അദ്ദേഹം. ഇന്നത്തെ മത്സരം തന്നെയെടുത്താല്‍ അവസാന ഓവറുകളിലാണ് ധ്രുവ് ക്രീസിലെത്തുന്നത്. കളിച്ചത് മൂന്നേ മൂന്ന് പന്തുകളും. നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിയ ധ്രുവ് മൂന്ന് പന്തില്‍ എട്ട് റണ്‍സ് സ്കോര്‍ ചെയ്തു. മിഡില്‍ ഓവറുകളില്‍ റണ്‍റേറ്റ് ഗ്രാഫ് താഴേക്ക് പോകുന്ന രാജസ്ഥാന്‍റെ സ്ഥിരം ശൈലിക്കുള്ള മറുമരുന്ന് കൂടിയാണ് ധ്രുവ് ജുറേല്‍. കുച്ച് ബിഹാര്‍ ട്രോഫിയിലും ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരം കൂടിയാണ് ധ്രുവ് ജുറേല്‍.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - ഷെഫി ഷാജഹാന്‍

contributor

Similar News