'സഞ്ജുവിന് ഈഗോ'; രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം

'ഈ കളി ഇനിയും തുടർന്നാൽ മികച്ച പ്രതിഭകൾ പുറത്തിരിക്കുന്നുണ്ട് എന്ന കാര്യം മറക്കരുത്'

Update: 2025-02-04 09:01 GMT
സഞ്ജുവിന് ഈഗോ; രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം
AddThis Website Tools
Advertising

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മോശം ഫോമിനെ തുടർന്ന് മലയാളി താരം സഞ്ജു സാംസണെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഈഗോയാണ് സഞ്ജുവിന്റെ തുടർപരാജയങ്ങളുടെ കാരണമെന്ന് ശ്രീകാന്ത് പറഞ്ഞു.

'അഞ്ചാം തവണയും സഞ്ജു ഒരേ രീതിയില്‍ വീണു. ഒരേ പോലുള്ള ഷോട്ടുകൾ അയാൾ തുടരെ കളിച്ചുകൊണ്ടിരിക്കുന്നു. സഞ്ജു  തന്റെ ഈഗോ കാണിക്കാനാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നത് എന്നെനിക്ക് തോന്നുന്നു. ഒരേ ഷോട്ടിന് ശ്രമിച്ച് ഒന്നിലധികം തവണ പരാജയപ്പെടുമ്പോഴും, ഇല്ല എനിക്കതിന് കഴിയുമെന്ന അമിതാത്മവിശ്വാസം കാണിച്ച് അയാൾ സ്വയം കുഴിക്കുന്ന കുഴിയില്‍ വീഴുന്നു. സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫി ടീമിലെടുക്കാത്തതിൽ എനിക്കും നിരാശയുണ്ടായിരുന്നു. എന്നാല്‍ ഈ കളി ഇനിയും സഞ്ജു തുടർന്നാൽ മികച്ച പ്രതിഭകൾ പുറത്തിരിക്കുന്നുണ്ട് എന്ന കാര്യം മറക്കരുത്. സഞ്ജു മോശം ഫോം തുടരുകയാണെങ്കിൽ യശസ്വി ജയ്‌സ്വാൾ ആ സ്ഥാനത്ത് ഇടംപിടിക്കുമെന്ന് എനിക്കുറപ്പിച്ച് പറയാനാവും.

ഈഡൻ ഗാർഡനിൽ 26, ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ 5, രാജ്കോട്ടിൽ 3, പുനെയിൽ 1, മുംബൈ വാംഖഡെയിൽ 16 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്കോറുകൾ.  ആകാശ് ചോപ്ര, അമ്പാട്ടി റായുഡു തുടങ്ങി മുന്‍ ഇന്ത്യന്‍ താരങ്ങളില്‍ പലരും വലിയ വിമർശനങ്ങളാണ് സഞ്ജുവിനെതിരെ ഉയര്‍ത്തിയത്. അതേ സമയം കെവിൻ പീറ്റേഴ്സണും സഞ്ജയ് മഞ്ഞരേക്കറും സഞ്ജുവിനോട് അൽപ്പം ദയകാട്ടി.

മഞ്ജരേക്കർ പറഞ്ഞതിങ്ങനെ: ‘‘ഒരു ട്വന്റി 20 ബാറ്ററെ പരിഗണിക്കുമ്പോൾ അയാൾ ടീമിനെ എങ്ങനെ സ്വാധീനിക്കു​മെന്നും  എന്ത് സംഭാവന നൽകുമെന്നും പരിഗണിക്കണം. സഞ്ജു നന്നായി കളിക്കുമ്പോൾ ഉജ്ജ്വലമായി സെഞ്ച്വറി നേടുകയും ടീം വിന്നിങ് പൊസിഷനിൽ എത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത്തരം താരങ്ങൾ പരാജയപ്പെടുമ്പോൾ അതിനെയും അംഗീകരിക്കണം. കാരണം ഇത്തരത്തിലുള്ള ടി 20 ബാറ്റർമാർ ഇതുപോലെ പരാജയപ്പെടാൻ സാധ്യതയേറെയാണ്. സ്വന്തം നേട്ടത്തിന് വേണ്ടി കളിക്കാത്ത റിസ്കെടുക്കുന്നവർക്ക് ഇങ്ങനെ സംഭവിക്കും. ഒരു ഇന്നിങ്സ് കൊണ്ടുതന്നെ അദ്ദേഹത്തിന് ഫോമിലേക്ക് തിരിച്ചെത്താനാകും- സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സൺ അടക്കമുള്ളവരും ഇതേ വാദക്കാരനാണ്. ആദ്യ മൂന്നുമത്സരങ്ങളിൽ പരാജയപ്പെട്ടതിന് പിന്നാലെ പീറ്റേഴ്സൺ സഞ്ജുവിനെക്കുറിച്ച് പറഞ്ഞതിനെ ‘‘ അവൻ ഷോർട്ട് ബോൾ നന്നായി കളിക്കും. ഒരു ബാറ്ററെന്ന നിലയിൽ അവനെ എനിക്കിഷ്ടമാണ്. മൂന്നുതവണ പരാജയപ്പെട്ടെന്ന് കരുതി അവനെ ഞാൻ ചോദ്യം ചെയ്യുന്നില്ല. പോയ സൗത്താഫ്രിക്കൻ സീരീസിൽ അവൻ ചെയ്തത് നാം കണ്ടതാണ്. ഷോട്ടുകൾ കളിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഫ്രീ േഫ്ലാവിങ് ബാറ്റാണ് അദ്ദേഹം. ആറുമാസമൊക്കെ തുടർച്ചയായി പരാജയപ്പെട്ടാൽ മാത്രമേ അവന്റെ ടെക്നിക്കിനെ ഞാൻ ചോദ്യം ചെയ്യു. സഞ്ജു വരും മത്സരങ്ങളിൽ സ്കോർ ചെയ്യുക തന്നെ ചെയ്യും’’ -പീറ്റേഴ്സൺ പറഞ്ഞു.

എന്തായാലും സഞ്ജുവിന് സന്തോഷിക്കാനുള്ള ഒരു കാര്യം കൂടിയുണ്ട്. ഗംഭീർ സഞ്ജുവിലുള്ള വിശ്വാസം തുടരമെന്ന് ഇന്നലെ മത്സരശേഷം പറഞ്ഞിട്ടുണ്ട്. തങ്ങളുദ്ദേശിക്കുന്ന ആശയമുൾകൊണ്ട് കളിക്കുന്നവരെ പിന്തുണക്കുമെന്നാണ് ഗംഭീറിന്റെ നിലപാട്. തീർച്ചയായും കോച്ചിന്റെ ബലത്തിൽ കൂടിയാണ് സഞ്ജു കളിക്കുന്നത് എന്ന് വ്യക്തം. അല്ലെങ്കിൽ ആദ്യ നാല് മത്സരങ്ങളും പരാജയപ്പെട്ടതിന് ശേഷം അഞ്ചാം മത്സരത്തിലും ആദ്യ പന്ത് സിക്സറടിക്കാനുള്ള ധൈര്യം അദ്ദേഹം കാണിക്കില്ല.

എന്തായാലും ഇനി ഇന്ത്യക്ക് അടുത്തൊന്നും ട്വന്റി 20 മത്സരങ്ങളില്ല. ഓഗസ്റ്റിൽ ബംഗ്ലദേശിനെതിരെയാണ് ഇനി അടുത്ത ട്വന്റി 20 ഷെഡ്യൂൾ. അതിനിടയിൽ അരങ്ങേറുന്ന ഐപിഎൽ അടക്കമുള്ളവ സഞ്ജുവിന് നിർണായകമാകും. യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ അടക്കമുള്ളവർ പുറത്തിരിക്കുമ്പോൾ സഞ്ജുവിന് മികച്ച പ്രകടനം നടത്തുകയല്ലാതെ ടീമിൽ നിൽക്കാൻ മറ്റൊരു മാർഗവുമില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News