അർജന്റീന ഗോൾകീപ്പർ എമി മാർട്ടിനസ് ഇന്ന് ഇന്ത്യയിൽ
ബംഗ്ലാദേശിൽ നിന്ന് കൊൽക്കത്തയിലെത്തുന്ന താരം ജൂലൈ 4, 5 തിയ്യതികളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കും.
കൊൽക്കത്ത: അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിച്ച ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഇന്ത്യയിലേക്ക്. ദക്ഷിണേഷ്യൻ പര്യടനത്തിന്റെ ഭാഗമായാണ് ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവായ മാർട്ടിനസ് ഇന്ത്യയിൽ വരുന്നത്. ഇന്ന് വൈകിട്ടോടെ കൊൽക്കത്തയിലെത്തുന്ന താരം ജൂലൈ 4, 5 തിയ്യതികളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കും.
സ്‌പോർട്‌സ് പ്രമോട്ടറും ബിസിനസ് കൺസൾട്ടന്റുമായ സതാദ്രു ദത്തയാണ് കൊൽക്കത്തയിലേക്കുള്ള മാർട്ടിനസിന്റെ യാത്രയ്ക്കു പിന്നിൽ. നേരത്തെ പെലെ, ഡീഗോ മറഡോണ, കഫു തുടങ്ങിയ പ്രമുഖരെയും ഇദ്ദേഹം ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്.
പര്യടനത്തിന്റെ ഭാഗമായി മാർട്ടിനസ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ഇന്ന് രാവിലെ എത്തി. താരത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഔദ്യോഗിക വസതിയിൽ സ്വീകരിച്ചു. തന്റെ കൈയൊപ്പ് ചാർത്തിയ അർജന്റീന ജഴ്‌സി മാർട്ടിനസ് ഷെയ്ഖ് ഹസീനയ്ക്ക് സമ്മാനിച്ചു.
കൊൽക്കത്തയിലെത്തുന്ന താരം നാളെ കൊൽക്കത്ത പൊലീസ് ഫ്രൻഡ്ഷിപ്പ് കപ്പ് ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന. കൊൽക്കത്ത പൊലീസ് ടീമിലെയും മോഹൻ ബഗാനിലെയും വെറ്ററൻ താരങ്ങൾ തമ്മിലാണ് മോഹൻ ബഗാൻ ഗ്രൗണ്ടിൽ ഫ്രൻഡ്ഷിപ്പ് കപ്പ് മത്സരം അരങ്ങേറുന്നത്.