ഇതിഹാസങ്ങൾക്ക് മുകളിൽ ഹാളണ്ട്; പ്രീമിയർ ലീഗിലെ സർവകാല റെക്കോർഡ് മറികടന്നു
വെറും 22 വയസ് മാത്രം പ്രായമുള്ള ഹാളണ്ട് ഇങ്ങനെ പോയാൽ ചുരുങ്ങിയ കാലം കൊണ്ട് പ്രീമിയർ ലീഗിലെ പലറെക്കോർഡുകളും പഴങ്കഥയാക്കുമെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്
യൂറോപ്പ്യൻ ഫുട്‌ബോളിൽ നിലവിലെ ഗോളടി യന്ത്രം ആരാണെന്ന ചോദ്യത്തിന് ഫുട്‌ബോൾ ആരാധകർക്ക് ഒറ്റ ഉത്തരമേയുള്ളൂ. എർലിങ് ബ്രോട്ട് ഹാളണ്ട്.സീസണിൽ സിറ്റിക്കായി ഹാളണ്ട് ഗോളടിക്കാത്ത കളികൾ വിരലില്ലെണ്ണാവുന്നവയാണ്.
കഴിഞ്ഞ ദിവസ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ്ഹാം യുണൈറ്റഡിനെ തകർത്തെറിഞ്ഞ മത്സരത്തിലും ഹാളണ്ട് എന്ന ഗ്വാർഡിയോളയുടെ പീരങ്കി ശബ്ദിച്ചു. ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എക്കാലത്തേയും വലിയൊരു റെക്കോർഡ് ഹാളണ്ട് തന്റെ പേരിൽ കുറിച്ചു.
പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോൾനേടുന്ന താരമെന്ന റെക്കോർഡാണ് താരം തന്റെ പേരിലാക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇതുവരെ ഹാളണ്ട് 35 തവണയാണ് വലകുലുക്കിയത്. ഫുട്‌ബോൾ ഇതിഹാസങ്ങളായിരുന്ന അലൻ ഷിയറിന്റേയും ആന്റികോളിന്റേയും റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 42 മത്സരങ്ങളിൽ നിന്നാണ് ഇരുവരും 34 ഗോളുകൾ കണ്ടെത്തിയതെങ്കിൽ വെറും 33 മത്സരങ്ങൾ കൊണ്ട് തന്നെ ഹാളണ്ട് ഈ റെക്കോർഡ് പഴങ്കഥയാക്കി. പ്രീമിയര്‍ ലീഗില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ അടുത്തൊന്നും ആര്‍ക്കും തകര്‍ക്കാനാവാത്തൊരു ഗോളടി റെക്കോര്‍ഡ് ഹാളണ്ട് തന്‍റെ പേരിലാക്കുമെന്നുറപ്പാണ്.
യുവഫ ചാമ്പ്യൻസ് ലീഗിലും ഹാളണ്ട് തന്നെയാണ് ഈ സീസണിലെ ടോപ് സ്‌കോറർ. 12 ഗോളുകളാണ് ഹാളണ്ട് സെമിക്ക് മുന്നേ അടിച്ചു കൂട്ടിയത്. വെറും 22 വയസ് മാത്രം പ്രായമുള്ള താരം ഇങ്ങനെ പോയാൽ ചുരുങ്ങിയ കാലം കൊണ്ട് പ്രീമിയർ ലീഗിലെ പലറെക്കോർഡുകളും പഴങ്കഥയാക്കുമെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.