ഇത്തിഹാദില്‍ ഹാളണ്ടിന്‍റെ ഗോളടിമേളം; തരിപ്പണമായി ലെപ്‍സിഗ്
ആർ.ബി. ലെപ്‍സിഗിനെ ഗോൾമഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടറിൽ
മാഞ്ചസ്‍റ്റര്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിൽ ആർ.ബി. ലെപ്‍സിഗിനെ ഗോൾമഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ. രണ്ടാംപാദ പ്രീക്വാർട്ടറിൽ എതിരില്ലാത്ത ഏഴ് ഗോളിനാണ് സിറ്റിയുടെ ജയം. സിറ്റിക്കായി സൂപ്പര്‍ താരം ഏർലിങ് ഹാളണ്ട് അഞ്ച് തവണ വലകുലുക്കി.
മത്സരത്തിന്റെ 22ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി ഗോൾവലയിലെത്തിച്ചാണ് ഹാളണ്ട് തന്റെ ഗോൾവേട്ടയാരംഭിച്ചത്. ആ ഗോൾ വീണ് കൃത്യം രണ്ട് മിനിറ്റ് പിന്നിടും മുമ്പേ രണ്ടാം ഗോളുമെത്തി. ഇക്കുറി ഒരു മനോഹര ഹെഡ്ഡർ. കെവിൻ ഡിബ്രൂയിൻ ഗോൾവലയെ ലക്ഷ്യമാക്കി അടിച്ച പന്ത് പോസ്റ്റിൽ തട്ടി തിരിച്ച് വന്നു. പോസ്റ്റിന് മുന്നിൽ ആരും മാർക്ക് ചെയ്യാതെ നിന്നിരുന്ന ഹാളണ്ട് വലകുലുക്കി. കളി ആദ്യ പകുതി പിന്നിടും മുമ്പേ ഹാളണ്ട് തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ ഗോൾമുഖത്തുണ്ടായൊരു കൂട്ടപ്പൊരിച്ചിലിനിടെയായിരുന്നു താരത്തിന്റെ മൂന്നാം ഗോൾ പിറന്നത്.
രണ്ടാം പകുതിയാരംഭിച്ച് രണ്ട് മിനിറ്റ് പിന്നിടും മുമ്പേ ഇൽകേ ഗുന്ദോകൻ ലെപ്‌സിഗ് വലകുലുക്കി. പെനാൽട്ടി ബോക്‌സിന് വെളിയിൽ നിന്ന് പന്ത് പിടിച്ചെടുത്ത് രണ്ട് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് നേടിയ മനോഹര ഗോൾ. 52ാം മിനിറ്റിൽ വീണ്ടും ഹാളണ്ട് ലെപ്‌സിഗ് വലകുലുക്കി. ആ ഗോൾ വീണ് അഞ്ച് മിനിറ്റ് പിന്നിടും മുമ്പേ തന്റെ അഞ്ചാം ഗോളും താരം വലയിലാക്കി. ഒടുക്കം കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ പെനാൽട്ടി ബോക്‌സിന് വെളിയിൽ നിന്ന് നേടിയൊരു മനോഹര ഗോളിലൂടെ കെവിൻ ഡിബ്രൂയിൻ ലെപ്‌സിഗ് വധം പൂർത്തിയാക്കി.
മറ്റൊരു മത്സരത്തിൽ എഫ്.സി. പോർട്ടോയെ മറികടന്ന് ഇന്റർ മിലാനും ക്വാർട്ടറിൽ കടന്നു. രണ്ടാംപാദം ഗോൾ രഹിതസമനിലയിൽ പിരിഞ്ഞെങ്കിലും ആദ്യപാദത്തിലെ ജയമാണ് ഇന്ററിനെ തുണച്ചത്. ഇന്ന് നടക്കുന്ന പ്രീക്വാർട്ടറിൽ നിലവിലെ ചാംപ്യൻമാരായ റയൽ മാഡ്രിഡ് ഇംഗ്ലീഷ് കരുത്തരായ ലിവർപൂളിനെയും നാപോളി - എൻഡ്രിച്ച് ഫ്രാങ്ഫർട്ടിനെയും നേരിടും