ആവേശം അവസാന പന്തോളം; മുംബൈയെ തകര്‍ത്ത് ഗുജറാത്ത്

ഗുജറാത്തിന്‍റെ ജയം ആറ് റണ്‍സിന്

Update: 2024-03-24 18:16 GMT
Advertising

അഹ്മദാബാദ്: അവസാന ഓവർ വരെ ആവേശം അലയടിച്ച പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ ആറ് റൺസിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്ത് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്ക് 162 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരു ഘട്ടത്തിൽ അനായാസം വിജയം കൈപ്പിടിയിലൊതുക്കുമെന്ന് തോന്നിച്ച മുംബൈയെ ഗുജറാത്ത് ബോളർമാർ അവസാന ഓവറുകളിൽ വരിഞ്ഞു മുറുക്കുകയായിരുന്നു.

അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ 19 റൺസ് വേണമായിരുന്നു. ഉമേഷ് യാദവെറിഞ്ഞ ഓവറിലെ ആദ്യ പന്ത് സിക്‌സും രണ്ടാം പന്ത് ഫോറും പറത്തി ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി. എന്നാൽ പാണ്ഡ്യയെ തൊട്ടടുത്ത പന്തിൽ രാഹുല്‍ തെവാട്ടിയയുടെ കയ്യിലെത്തിച്ച് ഉമേഷ് യാദവ് ഗുജറാത്തിനെ കളിയിലേക്ക് തിരിച്ച് കൊണ്ടുവന്നു. അടുത്ത പന്തില്‍  പിയൂഷ്  ചൗളയും പുറത്തായതോടെ മുംബൈയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

ഇംപാക്ട് പ്ലെയറുടെ റോളിലെത്തിയ ഡെവാൾഡ് ബ്രെവിസിന്റേയും ഓപ്പണർ രോഹിത് ശർമയുടേയും തകർപ്പൻ പ്രകടനങ്ങള്‍ മുംബൈയെ രക്ഷിച്ചില്ല. രോഹിത് ശർമ 29 പന്തിൽ ഏഴ് ഫോറിന്റേയും ഒരു സിക്‌സിന്റേയും അകമ്പടിയിൽ 43 റൺസെടുത്തപ്പോൾ ബ്രെവിസ് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 46 റൺസെടുത്തു.  നേരത്തേ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് തെളിയും മുമ്പേ ഇഷാൻ കിഷനെ ആദ്യ ഓവറിൽ തന്നെ സംപൂജ്യനായി മടക്കി അസ്മത്തുല്ലാ ഒമർ സായി മുംബെ ഞെട്ടിച്ചിരുന്നു.

എന്നാൽ നമൻ ദീറിനെ കൂട്ടുപിടിച്ച് രോഹിത് മുംബൈ സ്‌കോർ ബോർഡ് ചലിപ്പിച്ചു. മൂന്നാം ഓവറിൽ നമൻദീറിനയും പുറത്താക്കി ഒമർസായി മുംബൈക്ക് അടുത്ത പ്രഹരമേൽപ്പിച്ചു. പിന്നീടാണ് മുംബൈ ഇന്നിങ്‌സിൽ ഏറെ നിർണായകമായ ബ്രെവിസ് രോഹിത് കൂട്ടുകെട്ട് പിറന്നത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 77 റൺസാണ് സ്‌കോർബോർഡിൽ ചേർത്തത്. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ തിലക് വര്‍മയുടെ ഇന്നിങ്സ് 25 റണ്‍സിലൊതുങ്ങി. മറ്റ് ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും വലിയ സംഭാവനകള്‍ നല്‍കാനായില്ല. ഗുജറാത്തിനായി മോഹിത് ശര്‍മ, ഒമര്‍സായി, ഉമേഷ് യാദവ് , സ്പെന്‍സര്‍ ജോണ്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News