റിവോൾഡോയുടെ കള്ളക്കരച്ചിലും അഭിനയവും; 2002 ലോകകപ്പിലെ വിവാദ വീഡിയോ
ബ്രസീൽ 2-1 ന് മുന്നിൽ നിൽക്കെ അധികസമയത്തായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഖത്തറിൽ കാൽപന്ത് കളിയുടെ വിസിൽ മുഴങ്ങാൻ ഇനി മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മുൻ ലോകകപ്പുകളിലെ രസകരമായ നിമിഷങ്ങൾ കായികപ്രേമികളെ വീണ്ടും ഓർമിപ്പിക്കുകയാണ് ഫിഫ. ഗോളുകളും നാടകീയ മുഹൂർത്തങ്ങളും അടങ്ങുന്ന വീഡേയോകളാണ് ഫിഫ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം പങ്കുവെച്ചത്. 2002 ലോകകപ്പിലെ ബ്രസീൽ- തുർക്കി ഗ്രൂപ്പ് പോരാട്ടത്തിൽ ഏറെ ചർച്ചകൾക്ക് വഴി വച്ച സംഭവത്തിന്റെ വീഡിയോ ആയിരുന്നു അത്. കാലിൽ പന്ത് കൊണ്ട് ബ്രസീൽ താരം റിവാൾഡൊ മുഖം പൊത്തി വീഴുന്നതാണ് വീഡിയോയിലുള്ളത്.
ബ്രസീൽ 2-1 ന് മുന്നിൽ നിൽക്കെ അധികസമയത്തായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ബ്രസീലിന് അനുകൂലമായി റഫറി കോർണർ വിധിച്ചു. കോർണറെടുക്കാൻ തയാറായത് റിവാൽഡൊയായിരുന്നു. എന്നാൽ തുർക്കി താരം ഹക്കാൻ ഉൻസാൽ അൽപ്പം ശക്തിയോടെ പന്ത് കിക്ക് ചെയ്താണ് റിവാൾഡൊയ്ക്ക് നൽകിയത്. പന്ത് ചെന്ന് കൊണ്ടത് റിവാൾഡൊയുടെ കാലിലും. എന്നാൽ ഇത് റിവാൾഡൊ ശരിക്കും മുതലാക്കി. പന്ത് ശരീരത്തിൽ കൊണ്ട നിമിഷം തന്നെ റിവാൾഡൊ മുഖത്തേക്ക് കൈവച്ച് മൈതാനത്തേക്ക് മറിഞ്ഞു വീണു. വേദനകൊണ്ട് പുളയും വിധമുള്ള താരത്തിന്റെ വീഴ്ചയും വീഡിയോയിൽ കാണാം.
എന്നാൽ തുർക്കി താരത്തിന്റെ ആ കിക്കിന് ടീം വലിയ വില കൊടുക്കേണ്ടി വന്നു. റിവോൾഡോ നിലത്തു വീണതോടെ ഇരു ടീമുകളും വാക്കേറ്റത്തിലായി. അവസാനം ഹാക്കാന് റഫറി റെഡ് കാർഡ് നൽകി. റൊണാൾഡോയും റിവാൾഡോയുമായിരുന്നു അന്ന് ബ്രസീലിനായി സ്‌കോർ ചെയ്തത്.