പണമില്ല, ഹൈദരാബാദ് എഫ്.സിയിൽ കളിക്കാരുടെ കൊഴിഞ്ഞുപോക്ക്; പരിശീലകൻ ടീം വിട്ടു

കരാർ അവസാനിപ്പിച്ച് ടീം വിടാൻ അനുവാദം ചോദിച്ച് നിരവധി താരങ്ങളും രംഗത്തുണ്ട്.

Update: 2024-01-02 11:38 GMT
Editor : rishad | By : Web Desk
Advertising

ഹൈദരാബാദ്: 2021-22 ഐ.എസ്.എൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയെ അലട്ടി സാമ്പത്തിക പ്രതിസന്ധി. താരങ്ങൾക്ക് ശമ്പളം കൊടുക്കാൻ കഴിയാതെ വന്നതോടെ പലരും ടീ വിടാനൊരുങ്ങുകയാണ്. പരിശീലകൻ കോണർ നെസ്റ്ററാണ് അവസാനമായി ടീം വിട്ടത്.

വിദേശ താരങ്ങളായ ജൊനാഥൻ മോയ, ഫിലിപ്പെ അമോറിം, ഒസ്വാൾഡോ എന്നിവർ നേരത്തെ തന്നെ ടീ വിട്ടു. താങ്‌ബോയ് സിങ്‌തോയാണ് നിലവിൻ ടീമിനെ പരിശീലിപ്പിക്കുന്നത്. കരാർ അവസാനിപ്പിച്ച് ടീം വിടാൻ അനുവാദം ചോദിച്ച് നിരവധി താരങ്ങളും രംഗത്തുണ്ട്. കോണർ നെസ്റ്റ ടീംവിട്ട കാര്യം താരങ്ങൾ അറിഞ്ഞത് വാട്‌സ്ആപ്പ് വഴിയാണെന്ന റിപ്പോർട്ടുകളും സജീവം. ക്ലബ്ബിന്റെ മറ്റു ജീവനക്കാരും ശമ്പളമില്ലാത്ത വലയുകയാണ്.

ഒരു ജീവനക്കാരന്റെ ഭാര്യക്കുള്ള ശസ്ത്രക്രിയാ തുക താരങ്ങൾ പിരിവെടുത്താണ് നൽകിയത്. ചില ദിവസങ്ങളിൽ ജീവനക്കാർക്കുള്ള ഭക്ഷണംപോലും താരങ്ങളാണ് ഒരുക്കിക്കൊടുത്തത്. ഓരോ താരങ്ങൾക്കും നിശ്ചിത തീയതിക്കുള്ളിൽ പ്രതിഫലം നൽകാമെന്നു വാഗ്ദാനം ചെയ്താണ് ടീം മുന്നോട്ടുപോകുന്നതെന്നാണ് വിവരം.

ദിവസവും 30 മിനിറ്റു മുതൽ 40 മിനിറ്റുവരെയാണ് ഹൈദരാബാദ് എഫ്.സി താരങ്ങൾ പരമാവധി പരിശീലിക്കുന്നത്. മികച്ച പ്രകടനം നടത്തിയിട്ടും പ്രധാന താരങ്ങളിൽ പലരെയും ഒരു കാരണവുമില്ലാതെ പ്ലേയിങ് ഇലവനിൽ നിന്നു മാറ്റി നിര്‍ത്തിയതായും പരാതി ഉയര്‍ന്നിരുന്നു. 

എവേ മത്സരത്തിനായി ജംഷഡ്പൂരിലെത്തിയപ്പോൾ താമസിച്ച ഹോട്ടലിന്റെ ബിൽ ഹൈദരാബാദ് എഫ്സി അടച്ചില്ലെന്നു കഴിഞ്ഞ ദിവസം പരാതി ഉയർന്നിരുന്നു. തുടർന്ന് ഹോട്ടൽ അധികൃതർ ക്ലബ്ബിനെതിരെ പൊലീസിൽ പരാതി കൊടുത്ത സംഭവും അരങ്ങേറി. അതേസമയം പതിനൊന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയിന്റ് ടേബിളിൽ ഏറ്റവും അടിയിലാണ് ഹൈദരാബാദ് എഫ്.സി. ഒരൊറ്റ വിജയവും ഇതുവരെ നേടാനായില്ല.

ഏഴ് മത്സരങ്ങൾ തോറ്റപ്പോൾ നാലെണ്ണം സമനിലയിൽ എത്തി. സമനില കൊണ്ട് കിട്ടിയ വെറും നാല് പോയിന്റ് മാത്രമാണ് ഹൈദരബാദിന്റെ അക്കൗണ്ടിലുള്ളത്. 26 പോയിന്റുമായി കേരള ബ്ലാസ്റ്റേ്‌സാണ് ഒന്നാം സ്ഥാനത്ത്. അതേസമയം ഗള്‍ഫിലെ ഒരു ടീം ഹൈദരാബാദ് എഫ്.സിയില്‍ നിക്ഷേപം ഇറക്കാന്‍ താത്പര്യപ്പെട്ടതായും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News