'വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു'; പി.എസ്.ജി താരം അഷ്‌റഫ് ഹകീമിക്കെതിരെ അന്വേഷണം

ഹകീമി ബുക്ക് ചെയ്ത 'യൂബർ' കാറിലാണ് യുവതി താരത്തിന്റെ വീട്ടിലെത്തിയത്

Update: 2023-02-28 04:25 GMT
Editor : Shaheer | By : Web Desk
Advertising

പാരിസ്: ലോകകപ്പിൽ മൊറോക്കോയുടെ മിന്നും താരം അഷ്‌റഫ് ഹക്കീമി പീഡനക്കുരുക്കിൽ. വീട്ടിലേക്ക് വിളിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഫ്രഞ്ച് പൊലീസ് പി.എസ്.ജി പ്രതിരോധ താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു.

ഈ മാസം 25ന് ഫ്രഞ്ച് നഗരമായ ബുലോയ്‌നിലുള്ള ഹകീമിയുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നതെന്നാണ് റിപ്പോർട്ട്. കുടുംബം വീട്ടിലില്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ഫ്രഞ്ച് മാധ്യമമായ 'ലെ പാരിസിയൻ' പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. യുവതി തടഞ്ഞിട്ടും ചുണ്ടിലും രഹസ്യഭാഗങ്ങളിലും ചുംബിച്ചതായാണ് വെളിപ്പെടുത്തൽ.

സംഭവത്തിൽ പരാതി നൽകാൻ യുവതി കൂട്ടാക്കിയിട്ടില്ല. എന്നാൽ, സ്റ്റേഷനിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പീഡിപ്പിക്കപ്പെട്ടു എന്ന വിവരം മാത്രമാണ് യുവതി പൊലീസിനു നൽകിയത്. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടർ സ്വമേധയാ നിയമനടപടികൾ ആരംഭിക്കുകയായിരുന്നു.

ഇൻസ്റ്റഗ്രാം വഴി ഇരുവരും തമ്മിൽ സൗഹൃദമുണ്ടെന്ന് സ്പാനിഷ് മാധ്യമമായ 'മാഴ്‌സ' റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജനുവരി 16നാണ് ഇരുവരും ഇൻസ്റ്റയിൽ സുഹൃത്തുക്കളാകുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും ആദ്യമായി നേരിൽകാണുന്നത്. ഹകീമി ബുക്ക് ചെയ്ത 'യൂബർ' കാറിലാണ് യുവതി താരത്തിന്റെ വീട്ടിലെത്തിയതെന്ന് 'മാഴ്‌സ' റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിനു പിന്നാലെ വീട്ടിൽനിന്ന് ഇറങ്ങിയ പെൺകുട്ടി സുഹൃത്തിന് മെസേജ് അയക്കുകയായിരുന്നു. തുടർന്ന് സുഹൃത്ത് എത്തിയാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് ഞായറാഴ്ച പൊലീസ് സ്റ്റേഷനിലെത്തി സംഭവത്തെക്കുറിച്ച് മൊഴി നൽകുകകയായിരുന്നു.

സംഭവത്തിൽ താരവും പി.എസ്.ജിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. കുറ്റം തെളിഞ്ഞാൻ ഹകീമിയുടെ കരിയറിൽ കനത്ത തിരിച്ചടിയാകുമെന്നുറപ്പാണ്. ഞായറാഴ്ച ചിരവൈരികളായ മാഴ്‌സെയ്‌ക്കെതിരായ മത്സരത്തിൽ ഹകീമി കളിച്ചിരുന്നില്ല. പേശീവലിവിനെ തുടർന്നാണ് താരം ഇറങ്ങാതിരുന്നതെന്നാണ് റിപ്പോർട്ട്.

Summary: PSG's Moroccan defender Achraf Hakimi is under investigation for alleged sexual assault: Reports

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News