ഷൂട്ടൗട്ടില്‍ ഞാൻ ശാന്തനായിരുന്നു, എല്ലാം ഞങ്ങൾ ആഗ്രഹിച്ചതുപോലെ നടന്നു: എമിലിയാനോ മാര്‍ട്ടിനസ്

'ഞാൻ സ്വപ്നം കണ്ടത് നേടി. എനിക്കിപ്പോള്‍ വാക്കുകളില്ല'

Update: 2022-12-19 05:02 GMT
Advertising

അര്‍ജന്‍റീന ലോകകിരീടം ചൂടിയത് ദൈവകല്‍പ്പിതമെന്ന് ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. ഷൂട്ടൗട്ടില്‍ താൻ ശാന്തനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എക്സ്ട്രാ ടൈമിലും സമനിലയില്‍ കലാശിച്ച അര്‍ജന്‍റീന - ഫ്രാന്‍സ് പോരാട്ടത്തിലെ വിജയിയെ തീരുമാനിച്ചത് ഷൂട്ടൗട്ടാണ്.

"വളരെ സങ്കീർണമായ ഒരു മത്സരമായിരുന്നു. ഫ്രാന്‍സ് കളിയിൽ സമനിലയിലേക്ക് മടങ്ങിയെത്തി. കഷ്ടപ്പെടുക എന്നത് ഞങ്ങളുടെ വിധിയായിരുന്നു. ഞാൻ സ്വപ്നം കണ്ടതെല്ലാം കൈവരിച്ചു. എനിക്കിപ്പോള്‍ വാക്കുകളില്ല. പെനാൽറ്റി ഷൂട്ടൗട്ടില്‍ ഞാൻ ശാന്തനായിരുന്നു. എല്ലാം ഞങ്ങൾ ആഗ്രഹിച്ചതുപോലെ നടന്നു"- എമിലിയാനോ മാര്‍ട്ടിനസ് പറഞ്ഞു. ഈ വിജയം തന്‍റെ കുടുംബത്തിന് സമര്‍പ്പിക്കുന്നുവെന്നും എമിലിയാനോ വ്യക്തമാക്കി.

1992 സെപ്റ്റംബര്‍ 2ന് അര്‍ജന്‍റീനയിലെ മാര്‍ഡല്‍ പ്ലാറ്റയിലാണ് എമിയുടെ ജനനം. നീണ്ട പട്ടിണിക്കാലങ്ങളോട് പടവെട്ടിയാണ് കാല്‍പ്പന്തിന്‍റെ ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്. 2008ൽ അർജന്റീന ക്ലബായ ഇൻഡിപെൻഡന്റയിൽ യൂത്ത് കരിയർ ആരംഭിച്ച എമി രണ്ട് വര്‍ഷം കൊണ്ട് തന്നെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പല വമ്പന്‍ ക്ലബ്ബുകളുടേയും ശ്രദ്ധ പിടിച്ചു പറ്റി. 16 വയസുള്ള എമിയെ അർജന്റീന അണ്ടർ 17 ടീമില്‍ കളിക്കുന്ന കാലത്താണ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്‌സണൽ തങ്ങളുടെ തട്ടകത്തിലെത്തിക്കുന്നത്. പിന്നീടങ്ങോട്ട് എമിക്ക് കാത്തിരിപ്പുകളുടെ കാലമായിരുന്നു.

അര്‍ജന്‍റീന ദേശീയ ടീമില്‍ 2011ലാണ് എമി ഇടം പിടിക്കുന്നത്. എന്നാല്‍ ദേശീയ ടീമില്‍ തന്‍റെ അരങ്ങേറ്റത്തിനായിഒരു പതിറ്റാണ്ട് കാലം കാത്തിരിക്കേണ്ടി വന്നു. 2021 ജൂണിൽ ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലാണ് അർജൻറീനക്കായി മാർട്ടിനസ് ആദ്യമായി ഗോൾവല കാക്കുന്നത്. പിന്നീടങ്ങോട്ട് ലയണല്‍ സ്കലോണിയുടെ വിശ്വസ്തനായ കാവല്‍ക്കാരനാണ് എമി.

എതിരാളികള്‍ക്ക് തകര്‍ക്കാനാകാത്ത വന്മതിലായി അര്‍ജന്‍റീനയുടെ ഗോള്‍വലക്ക് മുന്നില്‍ എമി നിലയുറപ്പിച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ലോകകപ്പിന് തൊട്ട് മുമ്പ് വരെ അര്‍ജന്‍റീന നടത്തിയ അപരാജിതമായ കുതിപ്പിന് പിന്നിലെ പ്രധാന ചാലകശക്തികളൊന്ന് എമിയായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഗോള്‍ഡന്‍ ഗ്ലൗവ്‌ സ്വന്തമാക്കിയതും എമിലിയാനോ മാര്‍ട്ടിനസാണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News