മെക്‌സിക്കൻ തിരമാലയിൽ മുങ്ങുമോ അർജന്റീന; ചരിത്രം എന്തു പറയുന്നു?
ഗോളുകൾ അധികം അടിക്കുകയോ വഴങ്ങുകയോ ചെയ്യാത്ത മെക്‌സിക്കോ അർജന്റീനയ്ക്ക് വെല്ലുവിളി ഉയർത്തും
ദോഹ: ഖത്തർ ലോകകപ്പിൽ പോളണ്ട്, മെക്‌സിക്കോ, സൗദി അറേബ്യ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് സിയിലാണ് ലയണൽ മെസ്സിയുടെ അർജന്റീന. കോപ്പ അമേരിക്കയിൽ ചിരവൈരികളായ ബ്രസീലിനെ തകർത്ത ആത്മവിശ്വാസവുമായാണ് അർജന്റീന ലോകഫുട്‌ബോളിന്റെ പെരുങ്കളിയാട്ടത്തിനെത്തുന്നത്. അടുത്ത ലോകകപ്പിൽ ഉണ്ടാവുമോ എന്നുറപ്പില്ലാത്ത ഇതിഹാസ താരം ലയണൽ മെസ്സിക്കു വേണ്ടി അർജന്റീന വിശ്വകിരീടം ഉയർത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
നവംബർ 22ന് ഏഷ്യൻ ശക്തികളായ സൗദി അറേബ്യയുമായാണ് അർജന്റീനയുടെ ആദ്യ മത്സരം. രണ്ടാം മത്സരം മെക്‌സിക്കോയുമായി നവംബർ 26നും മൂന്നാം മത്സരം നവംബർ മുപ്പതിന് പോളണ്ടുമായായും. റാങ്കിങ്ങിൽ ഏറെ താഴെ നിൽക്കുന്ന സൗദിയെ മറികടക്കുക അർജന്റീനയ്ക്ക് വെല്ലുവിളിയാകില്ല. എന്നാൽ മെക്‌സിക്കോയും പോളണ്ടും കടക്കുക മെസ്സിയുടെ സംഘത്തിന് അത്രയെളുപ്പമാകില്ല എന്നാണ് വിലയിരുത്തൽ.
ഗോളുകൾ അധികം അടിക്കുകയോ വഴങ്ങുകയോ ചെയ്യാത്ത മെക്‌സിക്കോ ആകും അർജന്റീനയ്ക്ക് ഗ്രൂപ്പില്‍ വലിയ വെല്ലുവിളി ഉയർത്തുക. തുടർച്ചയായ എട്ടാമത്തെ ലോകകപ്പിനാണ് വടക്കേ അമേരിക്കൻ ടീമെത്തുന്നത്. വോൾവ്‌സ് സ്‌ട്രൈക്കർ റൗൾ ജിമെനസ്, അത്‌ലറ്റികോ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ഹെക്ടർ ഹെരേര തുടങ്ങിയവരാണ് ടീമിന്റെ ശക്തി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കുറവ് ഗോളുകൾ വഴങ്ങിയ ടീം കൂടിയാണ് മെക്‌സിക്കോ. ഫിഫ റാങ്കിങ്ങിൽ നിലവിൽ ഒമ്പതാം സ്ഥാനത്താണ്. കോൺകാഫ് മേഖലയിൽ ഒന്നാം സ്ഥാനത്തും.
ഗ്രൂപ്പ് ഘട്ടത്തിൽ ഇതിനു മുമ്പ് രണ്ടു തവണ അർജന്റീനയും മെക്‌സിക്കോയും ഏറ്റുമുട്ടിയിട്ടുണ്ട്. 2006ലും 2010ലും. ആദ്യ തവണ ഒന്നിനെതിരെ രണ്ടു ഗോളിനും രണ്ടാം തവണ ഒന്നിനെതിരെ മൂന്നു ഗോളിനും അർജന്റീന വിജയം കണ്ടു. 2006ൽ മാക്‌സി റോഡിഗ്രസ് നേടിയ തകർപ്പൻ ഗോൾ ഇപ്പോഴും ആരാധകരുടെ മനസ്സിലുണ്ട്. ഇപ്പോഴത്തെ കോച്ച് ലയണൽ സ്‌കലോണി ആ ടീമിൽ അർജന്റീനൻ സംഘത്തിലുണ്ടായിരുന്നു.